Skip to content

chithrodayamflashnews.com

October 24, 2026 6:23 pm

നാണയക്കിലുക്കങ്ങൾ

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഓർമ്മയിലോരോ വിഷുവും
മുന്നോടിയായി
വന്നീടും നേരത്തിങ്കെൽ
മനസ്സിൽ നിറയും
നാണയക്കിലുക്കങ്ങൾ
ഒരു നൂറു സ്വപ്നങ്ങൾ വെറുതേയതു നെയ്യാറുണ്ട്….

മേടമാസപ്പുലരിയിൽ
കത്തിച്ചുവെച്ചോരാ
എഴുതിരി നിലവിളക്കിനുമുന്നിൽ
കമനീയ കൃഷ്ണരൂപം
മികവേറും കർണ്ണികാരം
പിന്നെ- കണിവെള്ളരി
മറ്റും ഫലങ്ങൾ…
വാൽക്കണ്ണാടി
സ്വർണ്ണാഭരണം,
വെറ്റില നാണയം ചേർത്തുള്ളോരു ദക്ഷിണയും…
ആഹാ…
കാണിക്കാഴ്ചയ്ക്കിനിവേറെയെന്തുവേണം…?

കൺനിറയെ കണി കണ്ടു,
മനതാരിൽ വന്ദിച്ചു…
ഉള്ളിൽനിറയുന്നപ്പോഴും
ആശകൾതൻ തെരോട്ടം,
കൈനിറയെകിട്ടുന്ന
വിഷുക്കൈനീട്ടത്തിൻ
സ്വപ്നങ്ങൾ മാത്രമല്ലോ,
മറ്റെന്തു ചിന്തിക്കാൻ…

ബന്ധുക്കൾ സ്വന്തക്കാർ
അയൽപ്പത്തെ
ചേട്ടന്മാർ ചേച്ചിമാർ
എല്ലാരും സ്നേഹത്താൽ
നൽകീടും കൈനീട്ടം,
ചിരിയോടെ വാങ്ങുമ്പോൾ
കൺ നിറയും
പൂത്തിരി വെട്ടം…
എന്തോരു സന്തോഷം,
മനസ്സു നിറയ്ക്കും
സന്തോഷം…

മിഠായി വാങ്ങേണം,
പലഹാരം വാങ്ങേണം,
കുഞ്ഞനുജത്തിക്കൊരുടുപ്പും വാങ്ങേണം…
അച്ഛന്റെ കൈയിൽ നൽകേണമൊരിത്തിരി പങ്ക്
അമ്മയ്ക്കും നൽകേണം
ഉമ്മയൊരെണ്ണം വാങ്ങേണം…
കൂട്ടുകാരെ കാണേണം,
കലപില കുസൃതികൾ
കൂടേണം…

പട്ടിണികൊണ്ടുവളർന്നൊരു കാലം
സ്വപ്നങ്ങൾക്കൊട്ടു
പഞ്ഞവുമില്ല…
കാലാമതെത്ര കടന്നേപോയി
വിഷുവും വന്നു പലവട്ടം…

ഇന്നോരോ വിഷുവും
എത്തും നേരം,
കൈനീട്ടം നൽകാനായി
തുട്ടുകൾതേടി നടപ്പൂ ഞാൻ,
ഉണ്ണികൾക്കെല്ലാം
കൈനീട്ടം നൽകീടാനായി.
ഒടുവിൽ കിട്ടും ഒരുപിടി നാണയം
ചിരിയും തൂകി മടിയിലിരിക്കും
നാളെ കൈനീട്ടത്തിന്
കൈമാറാൻ….

ഇന്നലെയും
വന്നേപോയ്‌
വിഷു…
കമ്പിത്തിരി കത്തിച്ചില്ല
മത്താപ്പ് കത്തിച്ചില്ല…
അയൽവീട്ടിൽ നിന്നും കേട്ടോരു
പടക്കത്തിൻ മുഴങ്ങും ശബ്ദം
ആവോളം കേട്ടൂ വെറുതെ,
ചിരിയൊന്നൂറി ചുണ്ടിൽ…

പോയീടാം നാളെ ശനിദശയെല്ലാം
വന്നീടാം നൽക്കാലം….
മടി നിറയെ പണമായാൽ
ചിലവാക്കാം
ഇഷ്ടത്താൽ….
കണ്ണൊന്നു തുളുമ്പിയോ
കഷ്ടം
കൈയാലേ തുടച്ചീടാം…
സന്തോഷം കൊള്ളേണം
നാളെ വിഷുവല്ലോ
ചിരിക്കേണം…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6