
ഞാനൊരു പരിവര്‍ത്തനത്തിന്റെ
ഘട്ടത്തിലാണ്.
ഇടതും വലതും പിമ്പും മുമ്പും
മാറുന്ന കാറ്റുപോലെയൊപ്പമുണ്ട്.
ചിലരെ നോവിച്ചും
ചിലരെ പിണക്കിയും
ചിലരെ ഒഴിവാക്കിയും
ചിലരെ നഷ്ടപ്പെടുത്തിയും
ഞാന്‍ മാത്രം നേരിടുന്ന
ഒരു പരിവര്‍ത്തനം.
ഞാന്‍ ഒരിരുള്‍ വഴിയുടെ
ഏതോ ദിശയില്‍ തനിച്ചാണ്.
ഇവിടെ ഞാന്‍ പലതും മറക്കും
ഇവിടെ ഞാന്‍ പലതും ഓര്‍ക്കും
ചിലരെ കൂടെ കൂട്ടിയും
ചിലരെ സ്‌നേഹിച്ചും
ചിലരെ ബഹുമാനിച്ചും
ചിലരെ പരിഗണിച്ചും
ഞാന്‍ മാത്രം സഞ്ചരിക്കുന്ന
ഒരു പരിവര്‍ത്തനം.
ഞാന്‍ ഒരേകാന്തയാത്രയുടെ
തുടക്കത്തിലോ ഒടുക്കത്തിലോ
സഞ്ചരിക്കുന്നു.
ഇവിടെ ഞാനെന്റെ മോഹങ്ങളെ
ഇവിടെ ഞാനെന്റെ സ്വപ്നങ്ങളെ
ഇവിടെ ഞാനെന്റെ പ്രണയത്തെ,
പ്രേമത്തെ ആര്‍ക്കോ വേണ്ടി
ഒഴിവാക്കുകയാണ്
ഞാനൊരു മോഹവലയത്തിന്റെ
ഏതോ നൂലില്‍ കുരുങ്ങി പിടയുന്നുണ്ട്.
ഞാനെന്റെ ബന്ധങ്ങളെ
ഞാനെന്റെ സ്വന്തങ്ങളെ
ഞാനെന്റെ സൗഹൃദങ്ങളെ
ഒരു കടലാസ് വള്ളത്തില്‍
ഒഴുക്കി കളഞ്ഞിരുന്നു.
ഞാനൊരു പരിണാമത്തിന്റെ
ഏതോ ഘട്ടത്തിന്റെ ഒടുവിലാണ്.
ഇവിടെ എനിക്കിനി
സുഖങ്ങളുടെ പിന്തുണയോ
രുചിയുടെ ചിറകുകളോയില്ല.
ഇവിടെ ഞാന്‍
വാക്കിനാലും നോക്കിനാലും
പലരെയും നോവിച്ചു വേദനിക്കുന്നു.
ഒരു പരിണാമത്തിന്റെ
പൂമൊട്ടു വിടരുന്നതുവരെയും
ഈ വേദനയുടെ ഭാരത്തിനുള്ളില്‍
ശബ്ദമില്ലാതെ തേങ്ങും.
കാഴ്ചക്കാരുടെ കണ്ണുകളില്‍
അവര്‍ എന്റെ സന്തോഷം മാത്രം
കാണും.
അവരുടെ മനസ്സിനെ
മുറിവേല്പിച്ച മുനയെന്റെ
ഹൃദയത്തിന്റെ ആയിരം
വാതിലുകള്‍ തകര്‍ത്തിരുന്നു.
അതൊരു കടങ്കഥയായി
പരിണമിക്കും.
ഇവിടെ
എന്റെ പരിവര്‍ത്തനത്തിന്റെ
നിയമങ്ങളും നിബന്ധനകളും
ആരോ എഴുതി മായ്ക്കാത്ത
ഇരുണ്ട പ്രതലത്തില്‍
ഒപ്പം വരച്ചു ചേര്‍ത്തതാണ്.
ചുറ്റും ഉള്ളതെല്ലാം
പരിണാമം സംഭവിച്ചു
കൊണ്ടിരിക്കുമ്പോഴും
ഞാനെന്ന എന്നിലെ
പരിവര്‍ത്തനം മാത്രം
നാടെങ്ങും ചര്‍ച്ചയാകും.
അവരുടെ ഉള്ളമറിയാത്ത
ഒരു രഹസ്യത്തിന്റെ മറ
ഞാനായി മാറ്റി തരാം.
ഇവിടെ ഞാനല്ല.
മറിച്ചോരോ ജീവനും
പരിവര്‍ത്തനത്തിന്റെ
കൂടാരത്തിലാണ്.
അവരറിയാതെ അവരിലൂടെ
ഞാന്‍ പരിവര്‍ത്തനപ്പെടുകയാണ്.
മാറ്റത്തിനൊപ്പം
അവരെന്നെ കൂടെ കൂട്ടിയതാണ്.
വിശ്രമം നല്‍കാതെ
മാറ്റം ഉള്‍കൊള്ളാന്‍
ഏതോ മുഖങ്ങള്‍ എന്നെ
ചട്ടം കെട്ടുകയാണ്.
ദാഹിക്കുന്ന ഉടലിന്റെ ചിന്തകളെ
കത്തിച്ചു കളയുകയാണ്.
ഉടലിനൊപ്പം വെന്തുപ്പോയ
മനസ്സിന്റെ മാംസവും,
ജാലകച്ചില്ലുകളുടെ തരിമണികളും
എന്നെ ചുഴിഞ്ഞു
നോക്കുകയാണ്.
ഞാന്‍ എന്ന പരിണാമവസ്തുവില്‍
ജീവന്റെ അംശമില്ലെന്നും
ആയിരം നൂറ്റാണ്ടുകളുടെ,
പഴക്കമുള്ള ചിന്തകളുടെ,
പൂപ്പല്‍ പിടിച്ച
ചിതല്‍ തിന്നു തീരാത്ത
താളിയോലകളുടെ കൂട്ടമാണ്
ഞാന്‍ എന്നും
അവര്‍ പറയുന്നു.
ഇവിടെ പരിവര്‍ത്തനം
വെറും വാക്കല്ല
അനേകവര്‍ഷങ്ങളുടെ
ചിന്തകള്‍ ഒഴിയാത്ത
ഒരു വീഞ്ഞിന്‍ നിറകുടമാണ്.
ഇനിയൊരു തിരനോട്ടവും സാധ്യമല്ല
ഇനിയൊരു തിരിഞ്ഞു നോട്ടവും സാധ്യമല്ല
ഇനിയൊരു മടക്കയാത്രയും സാധ്യമല്ല
ഇനിയെല്ലാം അസാധ്യമാണ്.
സാധ്യതകളുടെ
ഒടുവിലത്തെ കണ്ണിയും
പരിണാമത്തിന്റെ
പൂര്‍ണതയ്ക്കുവേണ്ടി
ഞാന്‍ മുറിച്ചു മാറ്റി.
വീണ്ടും ചേര്‍ക്കാതിരിക്കാന്‍
ഞാനതില്‍ തീക്കനല്‍ വിതറി.
കനല്‍ കെടുത്താതെയിരിക്കാന്‍
അവസാനതുള്ളി ജലവും
ഞാന്‍ കുടിച്ചു തീര്‍ത്തു.
ശ്വാസത്തെയും
ഞാന്‍ പിടിച്ചു നിര്‍ത്തി.
ഇവിടെ നിന്നും
ഇനിയൊന്നു മുതല്‍
മടക്കത്തിന്റെ
നാടകം തുടങ്ങണം.

No Comment.