കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ്സിന്റെ മുന്‍വശത്തെ ചില്ല് യുവതി അടിച്ചുതകര്‍ത്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ബസ് ജീവനക്കാര്‍ രംഗത്ത്. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താത്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാണ് യുവതി അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, തനിക്ക് അടിയന്തരമായി ടോയ്ലറ്റില്‍ പോകേണ്ടതിനാലാണ് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന യുവതിയുടെ വിശദീകരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് ബസ്സിലെ കണ്ടക്ടറായ ടി. എസ്. സമദ് വ്യക്തമാക്കി.
കട്ടപ്പനയില്‍ നിന്നും മാനന്തവാടി വഴി പുല്‍പ്പള്ളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ്സിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കോട്ടക്കലില്‍ നിന്നാണ് ഈ യുവതി ബസ്സില്‍ കയറിയത്. തുടര്‍ന്ന് സ്റ്റോപ്പില്ലാത്ത ലുലു മാളിന് സമീപം ബസ് നിര്‍ത്തണമെന്നും തനിക്ക് ഇറങ്ങണമെന്നും യുവതി ആവശ്യപ്പെടുകയായിരുന്നു. സ്റ്റോപ്പില്ലാത്തതിനാല്‍ അവിടെ ബസ് നിര്‍ത്താന്‍ കഴിയില്ലെന്നും, മാനുഷിക പരിഗണന വച്ച് തൊട്ടടുത്തുള്ള മിംസിന്റെ ഭാഗത്ത് ഇറക്കിവിടാമെന്നും ഡ്രൈവര്‍ അഷ്‌റഫും കണ്ടക്ടറും കരുതി . എന്നാല്‍ ഇതിനിടെ പ്രകോപിതയായ യുവതി ഡ്രൈവര്‍ക്ക് സമീപമുള്ള വലിയ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ, തനിക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് യുവതി സോഷ്യല്‍ മീഡിയയിലൂടെ വിശദീകരിച്ചിരുന്നു. എന്നാല്‍ യുവതി തങ്ങളോട് അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടേയില്ലെന്ന് കണ്ടക്ടര്‍ സമദ് പറഞ്ഞു. ‘യുവതി ബഹളം വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എടുത്ത വീഡിയോ ബസ്സിലുണ്ടായിരുന്നവര്‍ പകര്‍ത്തിയിട്ടുണ്ട്. അതിലെങ്ങും ടോയ്ലറ്റില്‍ പോകണം എന്ന് അവര്‍ പറയുന്നില്ല. യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി മിന്നല്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള ഏത് കെ.എസ്.ആര്‍.ടി.സി ബസ്സും എവിടെ വേണമെങ്കിലും നിര്‍ത്തണമെന്ന് കൃത്യമായ നിയമമുണ്ട്. അങ്ങനെയൊരു ആവശ്യമായിരുന്നെങ്കില്‍ ഏതെങ്കിലും പെട്രോള്‍ പമ്പിന് മുന്നിലോ സൗകര്യപ്രദമായ സ്ഥലത്തോ വണ്ടി നിര്‍ത്തിക്കൊടുക്കുമായിരുന്നു’ എന്നും കണ്ടക്ടര്‍ വ്യക്തമാക്കി. ബസ് പിന്നീട് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴും തുടര്‍ന്ന് പോലീസുകാര്‍ വന്ന് ഇവരെ ജീപ്പില്‍ കയറ്റി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴും യുവതി ടോയ്ലറ്റില്‍ പോകാനുള്ള യാതൊരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അക്രമം ന്യായീകരിക്കാന്‍ വേണ്ടി പിന്നീട് യുവതി കെട്ടിച്ചമച്ച കഥയാണിതെന്നാണ് ജീവനക്കാരുടെ വാദം.
അക്രമത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച യുവതിയുടെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തുകയും ബസ്സിനുണ്ടായ നാശനഷ്ടത്തിന് പിഴയായി 28,000 രൂപ ഒടുക്കുകയും ചെയ്തു. പണം അടച്ചുതീര്‍ത്തതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ വിട്ടയച്ചത്. യുവതി ഒരു ഇടതുപക്ഷ നേതാവിന്റെ ഭാര്യയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം യുവതിയുടെ അക്രമം കാരണംvzone news കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട് – മാനന്തവാടി ട്രിപ്പും തിരിച്ചുള്ള പുല്‍പ്പള്ളി – കട്ടപ്പന ട്രിപ്പും മുടങ്ങുകയും കോര്‍പ്പറേഷന് വലിയ നഷ്ടം സംഭവിക്കുകയും ചെയ്തു. പിറ്റേ ദിവസമാണ് ബസ്സിന്റെ തകര്‍ന്ന ചില്ല് മാറ്റിസ്ഥാപിച്ചത്. യാത്രക്കാര്‍ക്ക് എന്തെങ്കിലും അടിയന്തര സഹായമോ പ്രാഥമിക ആവശ്യങ്ങളോ ഉണ്ടെങ്കില്‍ അത് കൃത്യമായി ജീവനക്കാരെ ബോധ്യപ്പെടുത്തിയാല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എപ്പോഴും സഹായിക്കാന്‍ തയ്യാറാണെന്നും കണ്ടക്ടര്‍ ഓര്‍മ്മിപ്പിച്ചു.
No Comment.