Skip to content

chithrodayamflashnews.com

June 14, 2026 4:39 pm
Asnap 1409

വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച്‌ പ്രണയം നടിച്ച്‌ വഞ്ചിച്ച മലയാളിയായ കാമുകനെ തേടി കേരളത്തിലെത്തിയ വിദേശ വനിത ജീവനൊടുക്കാൻ ശ്രമിച്ചു.

തിരുവനന്തപുരം: താൻ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച്‌ പ്രണയം നടിച്ച്‌ വഞ്ചിച്ച മലയാളിയായ കാമുകനെ തേടി കേരളത്തിലെത്തിയ വിദേശ വനിത ജീവനൊടുക്കാൻ ശ്രമിച്ചു.

ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് തിരുവനന്തപുരത്ത് വെച്ച്‌ അമ്പതിലധികം പാരസെറ്റമോള്‍ ഗുളികകള്‍ കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കഠിനംകുളം സ്വദേശിയായ നജീം എന്ന യുവാവിനെ അന്വേഷിച്ചാണ് യുവതി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിയത്. എന്നാല്‍ നജീമോ അയാളുടെ കുടുംബാംഗങ്ങളോ യുവതിയെ കാണാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

അബുദാബിയിലെ ഒരു മാളില്‍ ഒരുമിച്ച്‌ ജോലി ചെയ്യുന്നതിനിടയിലാണ് നജീമും ശ്രീലങ്കൻ സ്വദേശിനിയും പ്രണയത്തിലാകുന്നത്. യുവതി ഗർഭിണിയായതോടെ മൂന്ന് മക്കളുടെ പിതാവും വിവാഹിതനുമായ നജീം വിവരം പുറത്തറിയാതിരിക്കാൻ നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. നജീമിനെ തേടി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യുവതി ആദ്യമായി കേരളത്തില്‍ എത്തുന്നത്. അന്ന് നജീം ഇവരെ പോത്തൻകോട്ടെ ഒരു വാടകവീട്ടില്‍ താമസിപ്പിക്കുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ നിർബന്ധപൂർവ്വം ഗർഭഛിദ്രം നടത്തുകയും ചെയ്തു. താൻ പിന്നീട് ശ്രീലങ്കയിലെത്തി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ നജീം ഇവരെ നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.

ശ്രീലങ്കയിലെത്തിയ ശേഷം നജീം ഫോണ്‍ എടുക്കാതെയും ബന്ധപ്പെടാതെയും ആയതോടെ യുവതി വീണ്ടും അബുദാബിയിലേക്ക് തിരിച്ചുപോയി. അവിടെവെച്ചും നജീമിനെ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തില്‍ ഇവർ വീണ്ടും തിരുവനന്തപുരത്ത് എത്തി. അന്ന് പൊലീസ് ഇടപെട്ട് യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്നും മടങ്ങിയ യുവതി നജീമിനെ കണ്ടെത്തണമെന്ന ഉറപ്പോടെ കഴിഞ്ഞദിവസം വീണ്ടും തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

ഇതിനിടെ നജീമിനെ കാണാൻ ശ്രമിച്ച വിദേശ വനിതയ്ക്കെതിരെ നജീമിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. നജീമിനെ കാണാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും യുവാവ് കടുത്ത ചതിയാണ് ചെയ്തതെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ യുവതി മാനസികമായി തകർന്നു. ഇന്ന് രാവിലെ 9 മണിക്ക് ശ്രീലങ്കയിലേക്ക് തിരികെ പോകാനിരിക്കെയാണ് യുവതി താമസസ്ഥലത്ത് വെച്ച്‌ അമ്പതിലധികം പാരസെറ്റമോള്‍ ഗുളികകള്‍ ഒന്നിച്ച്‌ കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6