മെക്‌സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ നടന്ന 2026 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോയ്ക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് മെക്‌സിക്കോ ടൂർണമെന്റിൽ വിജയത്തോടെ തുടക്കമിട്ടത്. രണ്ട് ഗോളുകൾക്കും മൂന്ന് റെഡ് കാർഡുകൾക്കും സാക്ഷിയായ മത്സരം ആവേശവും നാടകീയതയും നിറഞ്ഞതായിരുന്നു.,
കളിയുടെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസ് മെക്‌സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത എറിക് ലിറ പന്ത് തട്ടിയെടുത്ത് മുന്നോട്ടെത്തിച്ചതോടെ അവസരം ലഭിച്ച ക്വിനോനെസ് ശക്തമായ ഷോട്ടിലൂടെ ലോകകപ്പിലെ ആദ്യ ഗോൾ സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത മെക്‌സിക്കോ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. നാലാം മിനിറ്റിൽ റൗൾ ഹിമെനെസിന്റെ ശ്രമം ഗോൾകീപ്പർ റോൺവെൻ വില്യംസ് തടഞ്ഞു. പിന്നീട് 42-ാം മിനിറ്റിൽ ക്വിനോനെസിന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.
രണ്ടാം പകുതിയിലും ആക്രമണത്തിന്റെ താളം കൈവിടാതിരുന്ന മെക്‌സിക്കോയ്ക്ക് 67-ാം മിനിറ്റിൽ രണ്ടാം ഗോൾ ലഭിച്ചു. അൽവാരാഡോയുടെ കൃത്യമായ ക്രോസിൽ നിന്ന് ഹെഡറിലൂടെ റൗൾ ഹിമെനെസ് വലകുലുക്കിയതോടെ മെക്‌സിക്കോയുടെ ജയം ഏറെക്കുറെ ഉറപ്പായി.
ഇതിനിടെ മത്സരത്തിലെ ആദ്യ റെഡ് കാർഡ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. വ്യക്തമായ ഗോളവസരം തടഞ്ഞതിന് യായ സിത്തോളെയെ റഫറി പുറത്താക്കി. പിന്നീട് 84-ാം മിനിറ്റിൽ അൽവാരാഡോയ്‌ക്കെതിരായ കടുത്ത ഫൗളിനെ തുടർന്ന് തെംബ സാനെയും റെഡ് കാർഡ് കണ്ടതോടെ ദക്ഷിണാഫ്രിക്ക ഒമ്പത് പേരായി ചുരുങ്ങി.
ഇഞ്ചുറി ടൈമിൽ മെക്‌സിക്കോ താരം സെസാർ മൊണ്ടെസിനും ചുവപ്പ് കാർഡ് ലഭിച്ചതോടെ മത്സരത്തിലെ റെഡ് കാർഡുകളുടെ എണ്ണം മൂന്നായി. എങ്കിലും അവസാന വിസിൽ മുഴങ്ങുമ്പോൾ ആതിഥേയരുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ തന്നെ തുടർന്നു.
ആദ്യ മത്സരത്തിൽ തന്നെ കരുത്ത് തെളിയിച്ച മെക്‌സിക്കോ, സ്വന്തം കാണികൾക്ക് മുന്നിൽ ലോകകപ്പിന്റെ സ്വപ്നതുടക്കമാണ് സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയാകട്ടെ ആക്രമണത്തിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ പോലും കഴിയാതെ നിരാശാജനകമായ തോൽവിയോടെയാണ് ടൂർണമെന്റിന് തുടക്കമിട്ടത്
No Comment.