ഇടുക്കി ചീനിക്കുഴിയിൽ നടന്ന ഈ സംഭവം കേരളത്തെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു.
സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് ഈ സംഭവത്തിലേക്ക് നയിച്ചത്.വർഷങ്ങൾക്ക് മുൻപ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരിടത്ത് താമസം മാറ്റിയിരുന്ന ഹമീദ് പിന്നീട് തിരികെ വീട്ടിലെത്തുകയും സ്വത്തുക്കൾ തിരികെ ആവശ്യപ്പെടുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ഹമീദും മകൻ ഫൈസലും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു.
ഇതാണ് സ്വന്തം മകനെയും ഭാര്യയെയും അവരുടെ രണ്ട് മക്കളുടെയും കൊലപാതകത്തിലേക്ക് ഹമീദിനെ നയിച്ചത്.
കൊലപാതകം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ ഹമീദ് ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. തർക്കവിഷയമായ ഭൂമിയുടെ ആധാരവും കൈവശമുണ്ടായിരുന്ന 1,20,000 രൂപയും സുരക്ഷിതമായി സ്വന്തം സഹോദരന്റെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ഹമീദ് കൃത്യത്തിനായി ഇറങ്ങിയത്.
പത്തിലേറെ പെട്രോൾ കുപ്പികൾ ഇയാൾ ശേഖരിച്ചു ഒളിപ്പിച്ചു വെച്ചിരുന്നു.

മകനും കുടുംബവും ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഹമീദ് അതിക്രൂരമായ ഈ കൃത്യം നടപ്പാക്കിയത്. ആർക്കും രക്ഷപ്പെടാൻ കഴിയാത്തവിധം മുൻകരുതലുകൾ ഇയാൾ സ്വീകരിച്ചിരുന്നു.
അവർ കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടി, തീ പിടിച്ചാൽ അണയ്ക്കുന്നത് തടയാനായി വീടിന്റെ വാട്ടർ ടാങ്കിലെ വെള്ളം മുഴുവൻ നേരത്തെ തന്നെ തുറന്നുവിട്ടിരുന്നു.
കിണറിലെ കപ്പിയും കയറും വരെ ഇയാൾ ഊരി മാറ്റിയിരുന്നു… തുടർന്ന് ജനലിലൂടെ മുറിക്കുള്ളിലേക്ക് പെട്രോൾ ഒഴിക്കുകയും തീയിടുകയും ചെയ്തു
മുറിയിൽ തീ പടർന്നതോടെ ഫൈസലും ഭാര്യയും രണ്ടു മക്കളും ശുചിമുറിക്കുള്ളിൽ കയറി കതകടച്ചു. തീയണയ്ക്കാൻ ടാപ്പ് തുറന്നെങ്കിലും അതിൽ വെള്ളമില്ലായിരുന്നു.
തീ പടരുന്നതിനിടെ ഇളയ കുട്ടി അസ്ന അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. രാഹുൽ ഓടിയെത്തിയെങ്കിലും ഹമീദ് വീണ്ടും പെട്രോൾ കുപ്പികൾ മുറിയിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഒടുവിൽ നാലുപേരും ആ ശുചിമുറിയിൽ വെന്തു മരിച്ചു. രണ്ട് മക്കളെയും നെഞ്ചോട് ചേർത്തുപിടിച്ച നിലയിലായിരുന്നു ഫൈസലിന്റെ മൃതദേഹം കിടന്നിരുന്നത്….

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായാണ് കോടതി ഇതിനെ പരിഗണിച്ചത്. പ്രായാധിക്യം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ചെയ്ത കുറ്റത്തിന്റെ ക്രൂരത കണക്കിലെടുത്ത് കേവലം 80 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട ഈ കേസിൽ പ്രതിയായ ഹമീദിന് 82ആം വയസ്സിൽ കോടതി വധശിക്ഷ വിധിച്ചു.
No Comment.