മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ (19) അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസ്സ് തികയുന്നതിന് മുൻപ് മദ്യപിച്ചതിന് അബ്കാരി നിയമത്തിലെ 15എ വകുപ്പ് പ്രകാരമാണ് ആലുവ എക്സൈസ് റേഞ്ച് കേസെടുത്ത് നടപടി സ്വീകരിച്ചത്.
അപകടക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സുഹൈൽ, നോട്ടീസ് പ്രകാരം എക്സൈസ് ഓഫീസിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനും അറസ്റ്റ് നടപടികൾക്കും ശേഷം ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 36 ദിവസത്തെ തടവിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് സുഹൈൽ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്.
ബാറുകളിലെ പരിശോധനയും തെളിവുകളും
അപകടദിവസം സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടിയോളം മദ്യം ഉണ്ടായിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ 10-ന് സുഹൈലും സുഹൃത്ത് നിനവും കൊച്ചിയിലെ വിവിധ ബാറുകളിൽ എത്തി മദ്യപിച്ചതായി കണ്ടെത്തി. കടവന്ത്രയിലെയും പാലാരിവട്ടത്തിന് സമീപമുള്ളതുമായ ബാറുകളിലാണ് ഇവർ എത്തിയത്.
ഒരു ബാറിൽ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ മദ്യപാന ബില്ല് സുഹൈലിന് വന്നിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. 23 വയസ്സ് കഴിഞ്ഞയാളാണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ബാറിൽ നിന്ന് മദ്യം വാങ്ങിയത്. ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും എക്സൈസ് സംഘം തെളിവായി ശേഖരിച്ചിട്ടുണ്ട്.

കേസിന്റെ പശ്ചാത്തലം
കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യപിച്ച് അമിതവേഗതയിൽ സുഹൈൽ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേരാണ് മരിച്ചത്.
സംഭവത്തിൽ സുഹൈലിനെതിരെ നരഹത്യാ കുറ്റവും, കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്കെതിരെ പ്രേരണാക്കുറ്റവുമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
No Comment.