Skip to content

chithrodayamflashnews.com

ഇനിയാകെ വിൽക്കാൻ

അലീഷ മാഹിൻ

കവിത


അക്ഷരങ്ങളെ ചന്തയിൽ
കൊണ്ടു പോയി വിൽക്കണം,,
മക്കൾ അത്താഴ പട്ടിണിയിലാണ്..

ആപത്ത് കാലത്ത് കൂടെ നിന്നയൊരുത്തിയുണ്ട്,,
ഗതികേടിനെ ചൊല്ലിയകന്നിട്ടും
ഒരു താലി മതിയെന്ന് പറഞ്ഞു കരഞ്ഞതവളായിരുന്നു..
കറുത്ത ചരടിൽ കൊരുത്തിട്ട കെട്ടുതാലിയും ഒടുക്കമിന്നലെയവൾ അഴിച്ചു തന്നിട്ടുണ്ട്.
ഉസ്മാന്റെ ഉമിത്തീയിൽ എന്റെ നെഞ്ചുരുക്കി ഊതിക്കാച്ചിയ പൊന്നിപ്പോൾ
വറീതിന്റെ ഇരുമ്പ് പെട്ടിക്കുള്ളിൽ
അടച്ചു വെച്ചിട്ടുണ്ട്…

കൃഷ്ണേട്ടന്റെ ചായക്കടയിലെ ചൂട് പരിപ്പുവടയ്ക്കാണ്
മക്കൾക്കിന്ന് പൂതി.
നാലണ കയ്യിലില്ലാതെ ഞാനീ നാൽക്കവലയിൽ വട്ടം കറങ്ങുകയാണ്.
അന്തമില്ലാതെയോടിയിട്ടും
അരയറ്റം കൂട്ടിമുട്ടുന്നില്ല,
അന്തിക്കരി തികയുന്നുമില്ല..

അഞ്ചു നിമിഷം ഉമ്മറത്തിണ്ണയിൽ വെറുതെ മുകളിലോട്ട് നോക്കി കിടക്കുമ്പോൾ
കഴുക്കോലിലെ ആണി വരെ
പള്ളിലിച്ചു കാട്ടുന്നു.
ചാരിക്കിടക്കാൻ അച്ഛൻ തന്ന ചാരു കസേര വരെ വിറ്റു തുലച്ചവന്റെ ഗതികേടിനെ കളിയാക്കുന്നതാവണം,,
ഞാനുമൊന്ന് ചിരിച്ചു കൊടുത്തിട്ടുണ്ട്…

ഇനിയാകെ വിൽക്കാൻ ബാക്കിയുള്ളത് അക്ഷരങ്ങളെയാണ്…
ഇനിയിന്നതിനെയും കിട്ടുന്ന
കാശിനു വിറ്റു കളയണം.
മക്കൾ അത്താഴ പട്ടിണിയിലാണ്,,
അവരുടെ അരപ്രാണനെങ്കിലും
മിച്ചം പിടിച്ചില്ലെങ്കിൽ ഞാനെവിടുത്തെയച്ഛനാണ്??..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6