Skip to content

chithrodayamflashnews.com

വാശികൊണ്ടയക്ഷരങ്ങൾ

അലീഷ മാഹിൻ

ചിലപ്പോഴൊക്കെയും
വാശിപിടിച്ച് കരയുന്ന
കുഞ്ഞിനെപോലെയാകുന്നുണ്ട് മനസ്സ് ..

മനക്കോട്ടകൾക്കൊടുവിൽ ചിലതിനൊക്കെയും
കെട്ടുകഥകളുടെ അർത്ഥം
പോലുമില്ലായിരുന്നുവെന്ന് തിരിച്ചറിയുമ്പോൾ
ഇരുണ്ട വനത്തിനുള്ളിൽ വഴിയറിയാതെയലയുന്ന
ഒരാളെപോലെ തനിയെ നിൽക്കേണ്ടി വരുന്നുണ്ട്..

മുഷിഞ്ഞത് മാറ്റിയുടുക്കുന്ന ലാഘവത്തോടെ
വേണ്ടെന്ന് വെക്കുന്ന വരികളിൽ
ഇനിയും പറഞ്ഞാൽ തീരാത്തത്ര
കാര്യങ്ങളുണ്ടായിരുന്നുവെന്ന
പരാതി കേൾക്കുന്നുണ്ട് ..

അക്ഷരങ്ങളിൽ സത്യമെന്നതെപ്പോഴും
കള്ളമായിരുന്നു!!!

അഭിനയങ്ങൾക്കൊടുവിൽ എത്രയോ
ചിരിയും കരച്ചിലുകളുമാണ്
അവസരം കിട്ടുന്നതനുസരിച്ച്
മാഞ്ഞു പോകുന്നത് ..

കണ്ണുകളിറുക്കിയടച്ചും ഉറക്കത്തെ തേടിയപ്പോൾ
ചീറ്റിയടുക്കുന്ന സർപ്പത്തെ മുതൽ
ചെളിക്കൂനകളിൽ ഉപേക്ഷിക്കപ്പെട്ട് ഉറുമ്പരിച്ച
ജന്മങ്ങളെ വരെയും കണ്മുന്നിൽ തെളിയുന്നു ..
അതിൽ പക കത്തി ജ്വലിക്കുന്ന
കണ്ണുകളിപ്പോഴും ചുവന്നു തിളങ്ങുന്നുണ്ട് ..
ഇനിയുമെന്തേ ഞങ്ങളെ വരികളാക്കിയില്ല
എന്ന് തേടിക്കൊണ്ട്….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6