Skip to content

chithrodayamflashnews.com

Asnap 1409

തിരൂർ ബസ് സ്റ്റാൻഡിൽ നടന്ന കൊലപാതകക്കേസിലെ പ്രതി അറസ്റ്റിൽ; ഉപദ്രവിച്ചതിലുള്ള പക തീർക്കൽ എത്തിച്ചത് കൊലപാതകത്തിലേക്ക്…!!!

തിരൂർ: തിരൂർ ബസ് സ്റ്റാൻഡിൽ നടന്ന കൊലപാതകക്കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് കള്ളക്കുറിശി വില്ലുപുരം സ്വദേശി മുബാറക്കാണ് (കണ്ണൻ ഭായ് – 43) അറസ്റ്റിലായത്. പറവണ്ണ പള്ളാത്ത് ആദമാണ് (43) കൊല്ലപ്പെട്ടത്. തിരൂർ ബസ് സ്റ്റാൻഡിനോടു ചേർന്ന തുണിക്കടയുടെ വരാന്തയിൽ തിങ്കളാഴ്ച രാവിലെയാണ് ആദമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചോരയൊലിച്ചു കിടന്നിരുന്ന മൃതദേഹത്തിനു സമീപം ഒരു ചെങ്കല്ലും കണ്ടെത്തിയിരുന്നു.

ഉപദ്രവിച്ചതിലുള്ള പക തീർക്കാൻ മുബാറക്, ബസ് സ്റ്റാൻഡിനോടു ചേർന്നു കൂട്ടിയിട്ടിരുന്ന കല്ലുകളിൽനിന്ന് ഒരെണ്ണം എടുത്ത് ആദം ഉറങ്ങുന്ന സമയം തലയിൽ കൊണ്ടിടുകയായിരുന്നു. ഈ കല്ലെടുത്ത് ആദമിന്റെ നെഞ്ചിലും ഇട്ടു. തുടർന്നു മരണം ഉറപ്പിച്ചതോടെ വില്ലുപുരത്തെ ഭാര്യയുടെ വീട്ടിലേക്കു പോയി. പൊലീസ് സംഘം സിസിടിവികളും ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളെ വില്ലുപുരത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂരിലെത്തിച്ച പ്രതിയെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി.

രക്ഷപ്പെട്ടെന്ന് കരുതി; പിന്നാലെകൂടി പൊലീസ്;

‘നാൻ ഇൻട്ര് വേലൈയ്ക്കു വരവില്ലൈ’ വാർപ്പു ജോലി നൽകുന്ന കരാറുകാരനോടു ഫോണിൽ ഇതും പറഞ്ഞു തമിഴ്നാട്ടിലെ വില്ലുപുരമെന്ന ഗ്രാമത്തിലേക്കു സുരക്ഷിതനായി കടന്നപ്പോൾ മുബാറക് ഒട്ടും കരുതിയിട്ടുണ്ടാവില്ല പിന്നാലെ പൊലീസ് തന്നെ തേടി വരുന്നുണ്ടെന്ന്. ആദം മരിച്ചെന്ന് ഉറപ്പു വരുത്തിയതോടെ മുബാറക് ആദ്യം കോഴിക്കോട്ടേക്കു വണ്ടി കയറി.

അവിടെവച്ച് ഒന്നുകൂടി കരാറുകാരനെ വിളിച്ച് തിരൂരിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നു ചോദിച്ചു. ആദം കൊല്ലപ്പെട്ട വാർത്ത പരന്നെന്നു മനസ്സിലാക്കിയതോടെ കോയമ്പത്തൂർ പാസഞ്ചറിൽ കയറി നാട്ടിലേക്കു രക്ഷപ്പെട്ടു. ഇനി താൻ സുരക്ഷിതനാണെന്നായിരുന്നു മുബാറക് കരുതിയത്. എന്നാൽ കൊല അറിഞ്ഞ നിമിഷം മുതൽ പൊലീസ് പണി തുടങ്ങിയിരുന്നു.

സിസിടിവിയിൽനിന്ന് വിവരം കിട്ടാതായതോടെ ആദമുമായി പ്രശ്നമുണ്ടായിരുന്ന 50 പേരടക്കം നൂറോളം പേരെ ചോദ്യം ചെയ്തു. ഇതിൽ മുബാറക്കുമായാണ് അവസാനം പ്രശ്നമുണ്ടായതെന്നു പൊലീസ് മനസ്സിലാക്കി. ഇതിനിടെ, വരാന്തകളിൽ രാത്രി ഉറങ്ങിയിരുന്ന 3 പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്നു മുബാറക് വല്ലപ്പോഴും ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും കിട്ടി. ഇയാളുടെ ക്വാർട്ടേഴ്സിൽ അന്വേഷിച്ചു ചെന്ന പൊലീസ് ക്വാർട്ടേഴ്സ് പൂട്ടിക്കിടക്കുന്നതാണു കണ്ടത്.

ഇതിനിടെ ഫോൺ ലൊക്കേഷൻ പരിശോധിച്ച പൊലീസ് കൊല നടന്ന സ്ഥലത്ത് ഇയാളുടെ ഫോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. കൂടാതെ നിലവിൽ പോകുന്ന വഴിയും മനസ്സിലാക്കി. ഇതോടെ ഒരു സംഘം പൊലീസ് ഈ വഴിയേ മുബാറക്കിനു പിന്നാലെ തിരിച്ചു. ഇതിനിടെ മറ്റൊരു സംഘം പൊലീസ് ബവ്റിജസ് ഷോപ്പിലെ സിസിടിവി പരിശോധിച്ചിരുന്നു. ഇതിൽ മുബാറക്കും ആദവും സംസാരിക്കുന്നതിന്റെ വിഡിയോ ലഭിച്ചു. ഇതു വില്ലുപുരത്തേക്കു പോയ പൊലീസിന് അയച്ചു കൊടുക്കുകയും ഇതിൽ നോക്കി ആളെ മനസ്സിലാക്കിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പക വളർന്ന് കൊലപാതകത്തിലേക്ക്;

ലഹരിയിൽ നുരഞ്ഞുപൊന്തിയ പകയാണ് തിരൂർ ബസ് സ്റ്റാൻഡിലെ കൊലപാതകത്തിനു കാരണമായത്. ഇതുമായി ബന്ധപ്പെട്ട കഥകളെല്ലാം ചെന്നെത്തുന്നതു ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങളിലാണ്. തമിഴ്നാട് വില്ലുപുരം സ്വദേശിയായ മുബാറക് തിരൂരിൽ വിവിധയിടങ്ങളിൽ വാർപ്പു ജോലിക്കു പോകുന്നയാളാണ്. സ്ഥിരമായി മദ്യപിക്കുകയും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യും. എന്നാൽ വാർപ്പു പണിയിൽ നിന്നുള്ള വരുമാനം മദ്യമടക്കമുള്ള ലഹരി വാങ്ങാൻ തികയാറില്ല. ഇതിനു വഴിയായി പണി കഴിഞ്ഞു വരുന്ന സമയം ബവ്റിജസിൽ വരിനിന്ന് മറ്റുള്ളവർക്കു മദ്യം വാങ്ങി നൽകും. തരക്കേടില്ലാത്ത കമ്മിഷനാണ് ഇതുവഴി ലഭിച്ചിരുന്നത്. എന്നാൽ ഈ കമ്മിഷനിൽനിന്ന് ആദമിനും പങ്കു കൊടുക്കേണ്ടി വന്നിരുന്നു.

ഗുണ്ടാപിരിവിനു സമാനമായി ആദം ഇത്തരത്തിൽ പലരിൽനിന്നും കമ്മിഷൻ വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ടും മറ്റും ആദം മുബാറക്കിനെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ആദവുമായി നേരിട്ടു എതിരിടാൻ സാധിക്കാത്തതിനാൽ മുബാറക് ഇതെല്ലാം മനസ്സിൽ സൂക്ഷിച്ചു. കൊല നടന്ന ദിവസവും ആദം മുബാറക്കിനെ മർദിച്ചിരുന്നു. തിരൂർ മാവുംകുന്നിൽ ക്വാർട്ടേഴ്സുണ്ടെങ്കിലും മുബാറക് മിക്ക ദിവസവും മദ്യപിച്ചു ബസ് സ്റ്റാൻഡിനോടു ചേർന്ന വരാന്തകളിലാണു കിടന്നിരുന്നത്. ആദവും ഇവിടെ ഏതെങ്കിലും വരാന്തകളിൽ കിടക്കും. ഞായറാഴ്ച രാത്രിയും മദ്യപിച്ചു കിടന്ന മുബാറക് ഒന്നരയോടെ വെള്ളം കുടിക്കാൻ എഴുന്നേറ്റു. ആദം മദ്യപിച്ചു കടയുടെ വരാന്തയിൽ കിടക്കുന്നത് കണ്ടു. ലഹരിയുടെ ബലത്തിൽ ആ സമയം മുതലാക്കി പക തീർക്കാൻ മുബാറക് തീരുമാനിക്കുകയായിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6