Skip to content

chithrodayamflashnews.com

Asnap 1409

കടലോര ഗ്രാമത്തിലെ വറുതിയോട് മല്ലിട്ട ബാല്യം; ആദ്യ കമ്പ്യൂട്ടർ വാങ്ങി നൽകിയത് സുഹൃത്തുക്കൾ; ചേർത്തലയിൽ ഐടി കമ്പനി തുടങ്ങിയപ്പോൾ നെറ്റി ചുളിച്ചവരെ അമ്പരപ്പിച്ച മിടുമിടുക്ക്; ജി 20യിലും തരംഗമായി ടെക്ജൻഷ്യ; താരമായി ജോയ് സെബാസ്റ്റ്

ന്യൂഡൽഹി: ഒരാൾ ഹിന്ദിയിൽ സംസാരിക്കുമ്പോൾ മലയാളിക്ക് തത്സമയം മലയാളത്തിലും കർണാടകയിൽ നിന്നുള്ളയാൾക്ക് കന്നഡയിലും കേൾക്കാൻ കഴിയുന്ന സോഫ്റ്റ് വെയർ. ജി20 വേദിയിൽ സാങ്കേതികവിദ്യ കൈയടി നേടി. ഇതിന് പിന്നിൽ ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യനാണ്. പ്രമുഖ വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമുകളായ സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയവയ്ക്കു ബദലായി ഔദ്യോഗിക തലത്തിൽ ഇനി വികൺസോൾ കൊണ്ടു വന്ന മലയാളിയുടെ പുതിയ സംഭാവന.

ജോയിയുടെ ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് തയാറാക്കിയ ‘ഭാരത് വിസി ഭാഷിണി ട്രാൻസ്‌ലേഷൻ’ സേവനമാണ് ഐടി മന്ത്രാലയം ജി20 വേദിയിൽ പ്രദർശിപ്പിച്ചത്. ജി20 രാജ്യങ്ങളിലെ ഭാഷകൾ പരസ്പരം തത്സമയം പരിഭാഷപ്പെടുത്താൻ കൂടി കഴിയുന്ന സോഫ്റ്റ് വെയർ. കേന്ദ്രസർക്കാരിന്റെ കീഴിലെ എഐ അധിഷ്ഠിത ഭാഷാ സാങ്കേതികവിദ്യയായ ഭാഷിണി ഉപയോഗിച്ചാണു സംവിധാനം വികസിപ്പിച്ചത്. തദ്ദേശ വിഡിയോ കോൺഫറൻസിങ് സംവിധാനമായ ‘ഭാരത്‌വിസി’ വികസിപ്പിച്ചതും ടെക്ജൻഷ്യയാണ്. ടെക്ജൻഷ്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണ് ആലപ്പുഴ പൂങ്കാവ് സ്വദേശി ജോയ് സെബാസ്റ്റ്യൻ.

സൂമിനും ഗൂഗിൾ മീറ്റിനും ബദലായി ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാരൻ തയ്യാറാക്കിയ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ആപ്പായ വി കൺസോളിന് ജന്മം നൽകിയ മലയാളിയാണ് ജോയി. ആലപ്പുഴക്കാരൻ ജോയിയിലൂടെ പിറവിയെടുത്ത വി കൺസോൾ ആപ്പ് വഴിയാണ് കേന്ദ്രസർക്കാരിന്റെ സ്ഥാപനങ്ങളിൽ വിഡിയോ കോൺഫറൻസിങ് സംവിധാനം നടക്കുന്നത്. ലോക്ഡൗൺ കാലത്തു കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനം മലയാളിയായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് ഇനി ഉയരങ്ങളിലേക്ക് പറപറക്കും.

പത്ത് വർഷത്തോളം ഈ മേഖലയിൽ ജോയ് സെബാസ്റ്റ്യനും സംഘവും നടത്തിയ ഗവേഷണത്തിന്റെ ഫലമായിരുന്നു വികൺസോൾ. 2009 മുതൽ ചേർത്തല ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടെക് ജെൻഷ്യ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാട് പള്ളിക്കത്തയ്യിൽ മത്സ്യത്തൊഴിലാളിയായിരുന്ന സെബാസ്റ്റ്യന്റെയും മേരിയുടെയും മകൻ. ഭാര്യ: ലിൻസി ജോർജ്. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിലെ അദ്ധ്യാപിക.

ജോയ് സെബാസ്റ്റ്യനും സുഹൃത്ത് ടോണി തോമസും ചേർന്ന് 2009 ൽ ആരംഭിച്ച ‘ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ്’ എന്ന കമ്പനി പിന്നീട് ചേർത്തല ഇൻഫോപാർക്കിലേക്കു മാറുകയായിരുന്നു.

വറുതിയുടെ ബാല്യത്തിൽനിന്ന് വളർന്നു

ആലപ്പുഴയിലെ പാതിരാപ്പള്ളിയിൽ ചെട്ടികാട് എന്ന ഗ്രാമത്തിലാണ് ജോയ് സെബാസ്റ്റ്യന്റെ വീട്. മത്സ്യത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും ഗ്രാമമാണ് ചെട്ടികാട്. വറുതിയുടെ കരയിലായിരുന്നു ജോയിയുടെ ബാല്യം. മത്സ്യത്തൊഴിലാളിയായ പിതാവായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോയിയുടെ മൂത്ത സഹോദരൻ ജോബും പഠിക്കാൻ മിടുക്കനായിരുന്നു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും കാറും കോളും നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും പഠിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീന്താൻ യാതൊന്നും ജോബിനും ജോയിക്കും തടസമായില്ല. അന്നേ ചെട്ടിക്കാട്ടുകാർ പറയുമായിരുന്നു; ജോബും ജോയിയും തീരത്തിന്റെ അഭിമാനമാകുമെന്ന്.

പക്ഷേ, അപ്രതീക്ഷിതമായൊരു ദുരന്തം ആ കൊച്ചുവീട്ടിലേക്ക് കടന്നു വന്നു. എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്ന ജോബ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. വലിയ ആഘാതമായിരുന്നു ജോബിന്റെ അകാല വിയോഗം ആ കുടുംബത്തിനും നാടിനും സൃഷ്ടിച്ചത്. പഠന മികവിൽ ജോയിയേക്കാളും മുന്നിലായിരുന്നു ജോബ്. എല്ലാവരുടെയും പ്രതീക്ഷകളും കാത്തിരുപ്പുകളും വിഫലമാക്കി ജോബ് പോയി. സഹോദരൻ ജോയിയുടെ ജീവിതത്തിൽ വലിയ താങ്ങായിരുന്നു. അത് നഷ്ടമായെങ്കിലും തളർന്നിരിക്കാൻ കഴിയുമായിരുന്നില്ല. കുടുംബത്തിന്റെ പ്രതീക്ഷ തന്നിലാണെന്നറിയാമായിരുന്നു ജോയിക്ക്.

പഠനം മുന്നോട്ടുകൊണ്ടു പോകാൻ വെല്ലുവിളികളേറെ തരണം ചെയ്യണമായിരുന്നു. പിതാവിന്റെ വരുമാനം ഒന്നിനുമൊന്നിനും തികയില്ലെന്നറിയാവുന്ന ജോയി, ട്യൂഷൻ സെന്ററുകളിലും വീടുകളിലും കുട്ടികളെ പഠിപ്പിക്കാൻ പോയി. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് വിദ്യാഭ്യാസം മുന്നോട്ടു പോയി. സർക്കാർ സ്‌കൂളുകളിൽ നിന്നും പഠിച്ചു വളർന്ന ജോയിയുടെ ചിന്തകളിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറിംഗിന്റെ സാധ്യതകൾ ആവേശം കൊള്ളിക്കുമ്പോൾ, കമ്പ്യൂട്ടർ വ്യാപകമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. തീരത്തു നിന്ന് ജോയ് ടികെഎം എഞ്ചിനീയറിങ് കോളേജിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് പഠിക്കാൻ പോകുമ്പോൾ, അതിനെക്കുറിച്ചൊന്നും അത്ര ബോധ്യമില്ലായിരുന്നുവെങ്കിലും ചെട്ടികാട് ഗ്രാമത്തിന്റെ പ്രതീക്ഷകൾ വാനോളമായിരുന്നു.

കംമ്പ്യൂട്ടർ വാങ്ങാൻ പോലും പണമില്ലാത്ത കാലം

എം.സി.എ.യ്ക്ക് പഠിക്കുന്ന കാലം. ഹോസ്റ്റലിലെ 12 സുഹൃത്തുക്കൾചേർന്ന് പഠിക്കാനായി പിരിവിട്ട് രണ്ട് കമ്പ്യൂട്ടറുകൾ വാങ്ങി. സാമ്പത്തിക പ്രയാസമുള്ളതിനാൽ ജോയിയോട് അവർ പിരിവുചോദിച്ചുമില്ല. ചോദിച്ചാൽത്തന്നെ കൊടുക്കാനുമില്ല. പിരിവ് നൽകിയില്ലെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിൽ കൂടുതൽ സമയവും കമ്പ്യൂട്ടർ ഉപയോഗിച്ചത് ജോയിതന്നെ. കോഴ്സുകഴിഞ്ഞ് ജോയി വീട്ടിലേക്കുമടങ്ങി. പിന്നീട് കൂട്ടുകാർ ആ കമ്പ്യൂട്ടറുകൾ ജോയിയുടെ വീട്ടിലെത്തിച്ച് പറഞ്ഞു: ”നിനക്കൊരു ജോലികിട്ടുന്നതുവരെ, ഈ കമ്പ്യൂട്ടറിനെ വരുമാനമാക്കണം. ഇതുകൊണ്ട് ഒരു കമ്പ്യൂട്ടർ സെന്റർ തുടങ്ങണം.” വീട്ടിലെ സ്ഥിതി മനസ്സിലാക്കി കൂട്ടുകാർ നൽകിയ ആ കമ്പ്യൂട്ടറായിരുന്നു ജോയിയുടെ ജീവിതത്തിലെ ആദ്യനിക്ഷേപം, ആദ്യസംരംഭവും.ഇതിനിടെ പി.എസ്.സി. പരീക്ഷയെഴുതി. കോടതിയിൽ എൽ.ഡി. ക്ലാർക്കായി ജോലി ലഭിച്ചെങ്കിലും ജോയിയുടെ ലക്ഷ്യം ഐ.ടി.മാത്രമായിരുന്നു.

അവനീർ എന്ന കമ്പനിയിലായിരുന്നു തുടക്കം. 2000-ത്തിൽ ഓഡിയോ കോൺഫറൻസിനുള്ള സംവിധാനമാണ് കമ്പനി ചെയ്തുകൊണ്ടിരുന്നത്. സാമ്പത്തികപ്രശ്നംമൂലം 2006-ൽ കമ്പനി പൂട്ടി. എന്നാലും ആ കമ്പനിയുടെ ഉടമസ്ഥന്റെ ആവശ്യപ്രകാരം സ്വതന്ത്രമായി അവർക്കുവേണ്ടി ജോലിചെയ്തു. 2009-ൽ ടോണി തോമസ് എന്ന സുഹൃത്തുമായി ചേർന്ന് തുടങ്ങിയ കമ്പനിയാണ് ഇപ്പോൾ ലോകമറിയപ്പെടുന്ന ടെക്ജെൻഷ്യയായി മാറിയത്. ഈ കമ്പനി 2009 മുതൽ വീഡിയോ കോൺഫറൻസ് സംവിധാനം ചെയ്തുതുടങ്ങി. അന്നുമുതലേ യുഎസിലെയും യൂറോപ്പിലെയും പല കമ്പനികൾക്കായും വീഡിയോ കോൺഫറൻസ് സംവിധാനമൊരുക്കി നൽകി. ഓർഡറുകൾ ലഭിച്ചിരുന്നെങ്കിലും വരുമാനം കാര്യമായി ഇല്ലായിരുന്നു. ചിലപ്പോൾ മാസങ്ങളോളം ജീവനക്കാർക്ക് ശമ്പളംപോലും കൊടുക്കാൻ സാധിച്ചില്ല. എന്നാൽ, പതിയെപ്പതിയെ കമ്പനി വളർന്നു.

സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലാണ് ജോയി പഠിച്ചത്. അതിനാൽ ഐടി രംഗത്ത് ആദ്യഘട്ടത്തിൽ പല പരീക്ഷകളിലും ജയിച്ചെങ്കിലും അഭിമുഖത്തിനെത്തിയപ്പോൾ പരാജയപ്പെട്ടു. ഇംഗ്ലീഷുതന്നെയായിരുന്നു പ്രശ്നം. എന്നാൽ, അതിനെയെല്ലാം നിശ്ചയദാർഢ്യംകൊണ്ട് കീഴടക്കി. ആ പാഠത്തിൽനിന്ന്, വിദ്യാഭ്യാസയോഗ്യതയല്ല കഴിവാണ് മുഖ്യമെന്ന് ജോയി പറയുന്നു. ആദ്യമൊക്കെ കമ്പനിയിൽ ജോലിക്ക് ആളെക്കിട്ടാത്ത അവസ്ഥ. വൻനഗരമല്ലാത്ത ചേർത്തലയിലേക്ക് വരാൻ ആളുകൾ മടിച്ചു. വന്നവരിലധികവും നാട്ടിൻപുറത്തുകാർ. അവരെ ജോലിക്കെടുത്തു. കഴിവുമാത്രമാണ് നോക്കിയത്. അങ്ങനെ അതൊരു തനിനാടൻ ഐ.ടി. കമ്പനിയായി മാറി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6