
ഇവിടെ നാമുണരണം….
ഇവിടെ നാം ഉയരണം..
ജനനിതൻ സുസ്ഥിരഭാവിയെ ഓർത്തിടേണം…
പുഴകൾ തരുക്കൾ പൂവാടികൾ…
ഏറെ സമൃദ്ധമാം വയലേലകൾ…
മാമക ചിത്തത്തിലുണർവിന്റെ വിസ്മയക്കാഴ്ചകളൊരുക്കിയ മാമലകൾ…
കറ്റക്കതിരുവിളഞ്ഞു നില്ക്കും
ഏറെ വിശാലമാം പാടങ്ങളും
എല്ലാം വിസ്മൃതിയിലാണ്ടു
പോകുന്നൊരു –
സങ്കടക്കാഴ്ചകളല്ലോ നിത്യം….
പൊന്നോണ നാളിന്റെ പുണ്യം പകരാൻ
പത്തായം നിറയെ നെല്ലുമില്ല.
പച്ചക്കറികൾക്കും
പലവ്യഞ്ജനങ്ങൾക്കും മറ്റുള്ള നാടിനെ ആശ്രയിച്ചീടണം..
എല്ലാം നമുക്കിന്ന് അന്യമായി,
ഈ നാടിൻ സമൃദ്ധികൾ അന്യമായി….
പുഴകൾ നശിച്ചു തോടുകൾ നശിച്ചു നീർച്ചോലയില്ല… അരുവികളില്ല….
പഴമയുടെ സംസ്കൃതിയിൽ തുടികൊട്ടിപ്പാടുന്ന
പാണന്റെ പാട്ടിന്റെ നന്മയുമില്ല….
ശ്രുതി ശുദ്ധ സംഗീതം പൊഴിക്കും
പൂങ്കുയിൽ പാടുന്ന പാട്ടുമില്ല….
വള്ളിപ്പടർപ്പുകൾ ഊയലാടുന്നോരു കാവുകൾ ദൂരേ
പോയ്‌മറഞ്ഞു…
കെട്ടിപ്പടുക്കുന്നു മണിമന്ദിരങ്ങൾ
മണ്ണിൻ വിശുദ്ധിയെ മാനിച്ചിടാതെ…
വൃക്ഷലതാദികൾ വെട്ടിനശിപ്പിച്ചു… കാടുകൾ മരുഭൂമിയാക്കി മാറ്റുന്നു…
ഇന്നലെയൊരു പുഴ ഇവിടെയൊഴുകി, സമ്പൽസമൃദ്ധിക്കു
മാറ്റുകൂട്ടി….
ഇന്നു ഞാൻ നോക്കുമ്പോൾ കാണുന്ന കാഴ്ച
എത്ര വിചിത്രം അത്ഭുതം തന്നെ.,..!!!!
പുഴയില്ലവിടെ മണൽപ്പുറം മാത്രം…
തോടിൻ വലിപ്പത്തിലല്പം
നീരൊഴുക്കും…
നാളെയതു പിന്നെയും വറ്റിവരണ്ടേക്കാം
ഒരു പുഴകൂടി നമുക്കന്യമാകും….
മലനിരകൾ വെട്ടി നിരപ്പാക്കിയും വയലുകൾ മണ്ണിട്ടുമൂടി നിരത്തിയും
സൗദങ്ങളേറെ
കെട്ടി ഉയർത്തുമ്പോൾ,
അറിയാതെ പോകുന്നു നാമൊരു സത്യം
നമ്മുടെ നാശവും ദൂരെയല്ല…!!!
ചപ്പുചവറുകൾ മാലിന്യക്കൂമ്പാരം
ദുർഗന്ധമേറെ പരത്തുന്ന ചുറ്റിലും…
രോഗങ്ങളേറെ പരത്തുവാൻ മണ്ണിൽ
കീടങ്ങളേറെ പെരുകുന്നു നിത്യവും…
നാടിൻ സമൃദ്ധിയെ സ്വപ്നവും കണ്ടു നാം
ഇനിയെത്ര ദൂരം പോയിടേണം…?
ഒട്ടും മറക്കല്ലേ നമ്മളീ നാടിന്റെ
പൈതൃക സ്വത്വം മറന്നിടല്ലേ…?
സ്വപ്നമല്ല…
മയക്കമല്ല….
ഇവിടെ വേണ്ടത്.
നാടുണരണം നന്മ നിറയേണം…
സന്തോഷം സാർ… സ്നേഹം 🙏🥰