Skip to content

chithrodayamflashnews.com

November 29, 2026 4:03 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

EVENING NEWS

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനുള്ള വഴി കൂടുതല്‍ തെളിഞ്ഞു.സത്യപ്രതിജ്ഞ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു.ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാം.സ്റ്റാന്റിംഗ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ ഉപദേശം തേടിയത്.ഗവര്‍ണര്‍ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും. ഗവര്‍ണറുടെ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് സര്‍ക്കാര്‍.ഭരണഘടനയെ വിമര്‍ശിച്ച്‌ ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസംഗം.വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീന്‍ ചിറ്റ് കിട്ടിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങങിയത്.. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത് കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനില്‍ക്കില്ലെന്നുമുള്ള നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതില്‍ മറ്റ് പ്രശ്നങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്‍റെ തിരിച്ച്‌ വരവ്.മറ്റന്നാള്‍ വൈകീട്ട് ഗവര്‍ണര്‍ തിരിച്ചെത്തും. നേരത്തെ കൈകാര്യം ചെയ്തിരുന്ന സാംസ്കാരികം ഫിഷറീസ് യുവജനക്ഷേമ വകുപ്പുകള്‍ തന്നെ സജി ചെറിയാന് കിട്ടും. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് പുനര്‍ വിന്യസിച്ച സ്റ്റാഫുകളേയും തിരിച്ച്‌ നല്‍കും.


പുതുവത്സരാഘോഷത്തിന്‍റെ സമാപനം കുറിച്ച്‌ കാര്‍ണിവല്‍ റാലി ഇന്ന് ഫോര്‍ട്ട് കൊച്ചിയില്‍ നടക്കും.വൈകിട്ട് പരേഡ് മൈതാനത്ത് നടക്കുന്ന റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര് പങ്കെടുക്കും.കലാരൂപങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന റാലിയില്‍ നിശ്ചല ദൃശ്യങ്ങളുടെ അവതരണവുമുണ്ടാവും. ഭീമന്‍ പാപ്പാഞ്ഞി കത്തിച്ച്‌ ഇന്നലെ രാത്രി പുതുവര്‍ഷത്തെ ഫോര്‍ട്ടു കൊച്ചി വരവേറ്റിരുന്നു.

▪️ ആടിയും പാടിയും ആര്‍ത്തുല്ലസിച്ചുമാണ് കേരളം പുതുവര്‍ഷത്തെ വരവേറ്റത്. കനത്ത സുരക്ഷയിലായിരുന്നു കൊച്ചിയിലെ ആഘോഷം. കടപ്പുറമായിരുന്നു കോഴിക്കോടിന്റെ ആഹ്ലാദകേന്ദ്രം. കോവളത്ത് പുതുവത്സരമാഘോഷിക്കാന്‍ സ്വദേശികളും വിദേശികളുമായി നൂറുകണക്കിനാളുകളാണെത്തിയത്. ആഘോഷത്തിനിടയില്‍ ലഹരി പതയുന്നുണ്ടോയെന്നറിയാന്‍ കര്‍ശന പരിശോധനയുമുണ്ടായിരുന്നു. നേരത്തെ ഹിറ്റ്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഹോട്ടലുകളില്‍ മഫ്തിയില്‍ സംഘം പരിശോധന നടത്തി. ലഹരി ഉപയോഗമുണ്ടോ എന്നതിനൊപ്പം സ്ത്രീകള്‍ക്ക് എതിരെ അക്രമങ്ങള്‍ നടന്നോ എന്നും സംഘം പരിശോധിച്ചു.

▪️ തൃശ്ശൂരും പുത്തനാണ്ടിനെ ആമോദത്തോടെ വരവേറ്റു. ഷോപ്പിങ്ങ് ഫെസ്റ്റിനോടനുബന്ധിച്ച്‌ വിവിധ പരിപാടികളാണ് നഗരത്തില്‍ ഒരുക്കിയത്.
തേക്കിന്‍കാട് മൈതാനിയില്‍ ചെമ്മീനും തൈക്കുടം ബ്രിഡ്ജും പാട്ടുത്സവം തന്നെ നടത്തി. നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു പൊലീസ്.

▪️ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടില്ലെങ്കിലും കോഴിക്കോട് കടപ്പുറത്തായിരുന്നു പുതുവത്സരാഘോഷം. സുരക്ഷാകാരണങ്ങളാല്‍ കര്‍ശന പോലീസ് നിരീക്ഷണത്തിലായിരുന്നു ബീച്ചും നഗരപ്രദേശവും. വൈകിട്ട് ആറുമണിയോടെ തന്നെ ബീച്ചിലേക്കുള്ള പ്രവേശനത്തിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.ഒരുതരത്തിലുള്ള ആഘോഷവും പാടില്ലെന്ന് നിര്‍ദേശത്തെ വലിയ വിമര്‍ശനതോടെ ആണ് കോഴിക്കോട്ടുകാര്‍ സ്വീകരിച്ചത്. 12.30 വരെ ബീച്ചില്‍ വലിയ തോതില്‍ ഉള്ള ജനക്കൂട്ടം ഉണ്ടായിരുന്നു.

▪️ ബഹളങ്ങളില്‍ നിന്ന് മാറി പുതുവത്സരമാഘോഷിക്കാന്‍ വയനാട്ടിലെത്തിയത്. ആയിരകണക്കിന് സഞ്ചാരികള്‍. ഹോട്ടലുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചാണ് ജില്ലയില്‍ ആഘോഷ പരിപാടികള്‍ ഏറെയും നടന്നത്. സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ ചുരത്തില്‍ ഉള്‍പ്പെടെ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പോലീസുകാരെ പലമേഖലകളിലും വിന്യസിച്ചു. വരും ദിവസങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ ജില്ലയിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ലഹരിക്കടത്ത് സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എക്സൈസും പൊലീസും സംയുക്തമായി കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

▪️ ശബരിമല സന്നിധാനത്തും പുതുവത്സരം ആഘോഷിച്ചു. കര്‍പ്പൂരം തെളിച്ചും തീര്‍ത്ഥാടകര്‍ക്ക് മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. അയ്യപ്പ സേവാ സംഘതിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം.

സിപിഎം മതത്തിന് എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വിശ്വാസവിരുദ്ധമായി ഒന്നും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടന്നും അദ്ദേഹം പറഞ്ഞു.

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.ശ്യാംലാലിനെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡിജിപി പറഞ്ഞു. ശ്യാംലാലാണ് തട്ടിപ്പിന്റെ കിംഗ് പിന്‍ എന്ന് ഡിജിപി പറയുന്നു. ടൈറ്റാനിയത്തിലെ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയുടെ സഹപാഠിയാണ് ശ്യാംലാല്‍. ശ്യാംലാലിന്റെ ഫോര്‍ച്യൂണര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു എന്നും ഡിജിപി പറയുന്നു.

സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവര്‍ത്തിച്ച്‌ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ പോരാട്ടം തുടരും.മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗവണ്മെന്‍റുകളുടെ തെറ്റായ നയങ്ങള്‍ ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത -സമുദായിക സംഘടനകള്‍ക്കുണ്ട്. ജാതിയുടെയും മതത്തിന്‍റേയും രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനിയമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം, സാമ്പത്തിക സംവരണ വിഷയത്തില്‍ സുപ്രിം കോടതി വിധിയെ എന്‍ എസ് എസ് സ്വാഗതം ചെയ്തു. രണ്ട് പ്രമേയങ്ങള്‍ പ്രതിനിധി സമ്മേളനം പാസ്സാക്കി.

പുതുവര്‍ഷാഘോഷത്തിനിടെ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖില്‍ രാജേന്ദ്രനെയാണ് (26) കാണാതായത്.രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും തെരച്ചില്‍ നടത്തുകയാണ്.

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച്‌ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് യുവാക്കള്‍ മരിച്ചു.പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്സ്‌ എന്നിവരാണ് മരിച്ചത്. തലവടിയില്‍ വെച്ച്‌ എതിരെ വന്ന ഡിസിആര്‍ബി ഡിവൈഎസ്‍പിയുടെ ജീപ്പ് ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.പിന്നീട് സമീപത്തെ ഒരു വീടിന്റെ മതിലിലേക്കും ജീപ്പ് ഇടിച്ചുകയറി. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡിവൈഎസ്‍പിയെ വീട്ടില്‍ വിട്ട ശേഷം തിരികെ വരികയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചില്‍ നവവല്‍സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവാക്കള്‍.

പുതുവര്‍ഷ ദിനത്തില്‍ ഇടുക്കിക്ക് നൊമ്പരമായി വാഹനാപകടം. മലപ്പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനം തിങ്കള്‍കാടിന് സമീപം മറിഞ്ഞ് ഒരാള്‍ മരിച്ചു.വളാഞ്ചേരി സ്വദേശി മിന്‍ഹാജ് ആണ് മരിച്ചത്. 43 പേ‍ക്ക് പരുക്കേറ്റ്. പുലര്‍ച്ചെ ഒന്നരയോടെ മൈലാടും പാറ അടിമാലി പാതയില്‍ തിങ്കള്‍ക്കാടിന് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്. തിരൂര്‍ റീജ്യണല്‍ ഐടിഐയിലെ വിദ്യാ‍ര്‍ത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഇവര്‍ തിരൂരിലുള്ള ക്ലബ്ബിന്‍റെ പേരിലാണ് വിനോദ യാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാലും രാമക്കല്‍മേടും സന്ദശിച്ച്‌ സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.ബസിലുണ്ടായിരുന്ന 43 പേ‍ര്‍ക്കും പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സാരമായി പരുക്കേറ്റ 11 പേരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഇടുക്കി എസ് പി, വി യു കുര്യാക്കോസ്, ജില്ലാ കളക്ടര്‍ ഷിബ ജോര്‍ജ്ജ് എന്നിവര്‍ നേരിട്ടെത്തി രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ഡ്രൈവറുടെ റോഡ് പരിചയക്കുറവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും ക്രാഷ് ബാരിയറുകളില്ലാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി തവണ പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

പ്ലസ് ടു വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി പ്രിയദര്‍ശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്.ചേകാടി പുഴയില്‍ വെച്ചാണ് അപകടമുണ്ടായത്. അലക്കുന്നതിനിടെ പുഴയിലേക്ക് കാല്‍വഴുതി വീണെന്നാണ് വിവരം. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കനററി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദിത്യ.

ഇടുക്കി വണ്ണപ്പുറത്തിന് സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയില്‍ യുവാവിനെ കൊക്കയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.പോത്താനിക്കാട് സ്വദേശി ജീമോന്‍ കല്ലുങ്കല്‍ (35) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചരക്ക് ബൈക്കുമായി വീട്ടില്‍ നിന്ന് കോട്ടപ്പാറയിലെ സൂര്യോദയം കാണാനെന്ന് പറഞ്ഞാണ് ജീമോന്‍ വീട്ടില്‍നിന്നിറങ്ങിയത്. ഉച്ച കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.യുവാവിന് വേണ്ടി പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലില്‍ യുവാവിനെ പറയിടുക്കില്‍കണ്ടെത്തി. വടം ഉപയോഗിച്ചാണ് രക്ഷ പ്രവര്‍ത്തകര്‍ പറയിടുക്കില്‍ ഇറങ്ങിയത്.

മേപ്പാടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്.വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. പ്രതി രൂപേഷിനെ മേപ്പാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. മേപ്പാടി കര്‍പ്പൂരക്കാട് റോഡരികില്‍ വെച്ചാണ് മുര്‍ഷിദിന് കുത്തേറ്റത്.പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കര്‍പ്പൂരക്കാടുള്ള കടയ്ക്ക് സമീപം യുവാക്കള്‍ കൂട്ടംകൂടിയിരുന്നു. ഇവിടെ എത്തിയ പ്രതി രൂപേഷ് യുവാക്കളില്‍ ഒരാളുടെ ബൈക്കിന്‍റെ താക്കോല്‍ വാങ്ങി വലിച്ചെറിഞ്ഞു. മദ്യ ലഹരിയില്‍ പിന്നീട് യുവാക്കളുമായി വാക്ക് തര്‍ക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മുര്‍ഷിദും നിഷാദും വിഷയത്തില്‍ ഇടപെട്ടപാടെ പ്രതി ഇരുവരെയും കത്തി കൊണ്ട് കുത്തുകയായിരുന്നു.

കാസര്‍ഗോഡ് ചെര്‍ക്കളയില്‍ സ്വകാര്യ ബസ് തട്ടി നാലു വയസുകാരന്‍ മരിച്ചു. സീതാംഗോളി മുഗു റോഡിലെ ആഷിക് ആണ് മരിച്ചത്.സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ അച്ഛനമ്മമാര്‍ക്കൊപ്പം നില്‍ക്കുമ്പോഴായിരുന്നു അപകടം. അമ്മക്ക് നിസ്സാര പരിക്കേറ്റു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസ് തട്ടിയാണ് അപകടം.

കോഴിക്കോട് കക്കട്ടിലിനടുത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കക്കട്ടില്‍ മണ്ണിയൂര്‍ താഴെ നെടുവിലക്കണ്ടി ഷിബുവിന്‍റെ ഭാര്യ വിസ്മയ(25) എട്ട് മാസം പ്രായമുളള പെണ്‍കുഞ്ഞ് എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍‍ന്ന് മൃതദേഹങ്ങള്‍ കുറ്റ്യാടി ഗവ.ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി.

പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസ് അപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്.ഇന്നു രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം. കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്ന കെ.എല്‍ 11. എ എം.7929 നമ്പര്‍ ഫാത്തിമാസ് ബസ്സാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ തത്ക്ഷണം ശ്യാമള മരണമടഞ്ഞു. മൃതദേഹം ചതഞ്ഞരഞ്ഞു. കൊയിലാണ്ടി പോലീസ് നടപടികള്‍ സ്വീകരിച്ചു. രാഘവന്‍ ഭര്‍ത്താവും രാജേഷ് മകനുമാണ്.

തിരുവനന്തപുരം വര്‍ക്കലയില്‍ പുതുവത്സര ആഘോഷത്തിനായെത്തിയ ബെംഗളൂരു സ്വദേശിയായ യുവാവ് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് മരിച്ചു.33 വയസുള്ള അരൂപ് ഡെ ആണ് മരിച്ചത്. ഓടയം ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. മത്സ്യത്തൊഴിലാളികളും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ കരക്കെത്തിച്ചെങ്കിലും വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് അരൂപ് വര്‍ക്കലയില്‍ എത്തിയത്.

ആലപ്പുഴയില്‍ സമാന്തര ബൈപാസ് നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി രാജ്കുമാര്‍ ശര്‍മ (22) ആണ് മരിച്ചത്.

സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും.സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം. ലഘുലേഖകളും വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുന്‍നിര്‍ത്തിയാണ് ഗൃഹസന്ദര്‍ശനം. സര്‍ക്കാരിനെ കുറിച്ച്‌ ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കള്‍ കേള്‍ക്കും.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.വര്‍ക്കല സ്വദേശിയായ അല്‍ അമീനാണ് അറസ്റ്റിലായത്. പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ പ്രതി കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

ഇരുപതോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയില്‍. അടൂര്‍ കള്ളിക്കാട് സ്വദേശി തുളസീധരനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഒന്നര മാസം മുമ്പ് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ തുളസീധരന്‍ പിള്ള നിലമേല്‍ ഭാഗത്തു വാടകവീട്ടില്‍ താമസിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്.പകല്‍ സമയം ഓട്ടോയില്‍ കറങ്ങി നടന്ന് വീടുകള്‍ നോക്കി വെക്കുന്ന പ്രതി രാത്രിയിലെത്തി മോഷണം നടത്തുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി കടക്കല്‍ സ്വദേശി സുരേന്ദ്രന്റെ വീട്ടില്‍ എത്തിയ മോഷ്ട്ടാവ് റബ്ബര്‍ ഷീറ്റുകളും ചാക്കില്‍ സൂക്ഷിച്ചിരുന്ന ഒട്ടുകറയും ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു പോയി.സുരേന്ദ്രന്റ പരാതിയില്‍ കേസെടുത്ത കടക്കല്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതിയിലേക്ക് എത്തിയത്. അടൂരിലെ വീട്ടില്‍ നിന്ന് തുളസീധരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് തുളസീധരന്റെ പേരില്‍ 20 കേസുകള്‍ ഉള്ളത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സജ്ജമായി.

മേപ്പാടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്.വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. പ്രതി രൂപേഷിനെ മേപ്പാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. മേപ്പാടി കര്‍പ്പൂരക്കാട് റോഡരികില്‍ വെച്ചാണ് മുര്‍ഷിദിന് കുത്തേറ്റത്.പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കര്‍പ്പൂരക്കാടുള്ള കടക്ക് സമീപം യുവാക്കള്‍ കൂട്ടംകൂടിയിരുന്നു. ഇവിടെ എത്തിയ പ്രതി രൂപേഷ് യുവാക്കളില്‍ ഒരാളുടെ ബൈക്കിന്‍റെ താക്കോല്‍ വാങ്ങി വലിച്ചെറിഞ്ഞു. മദ്യ ലഹരിയില്‍ പിന്നീട് യുവാക്കളുമായി വാക്ക് തര്‍ക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മുര്‍ഷിദും നിഷാദും വിഷയത്തില്‍ ഇടപെട്ടപാടെ പ്രതി ഇരുവരെയും കത്തി കൊണ്ട് കുത്തുകയായിരുന്നു.

ആദായനികുതി ആനുകൂല്യങ്ങള്‍ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍.പുതുക്കിയ നിരക്കുകള്‍ ജനുവരി 1 മുതല്‍ നിലവില്‍ വരും. ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ എന്നാല്‍

ആറ്റിങ്ങല്‍ ഇളമ്പ സര്‍ക്കാര്‍ സ്കൂളിലെ എന്‍എസ്‌എസ്, എസ്‍പിസി ക്യാന്പില്‍ പങ്കെടുത്ത 13 വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ.ആറ്റിങ്ങല്‍ ഗവണ്മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദിയും വയറുവേദനയുമായി വിദ്യാര്‍ത്ഥിനികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് ഇന്ന് കോഴിക്കോട് എത്തും. പാലക്കാട് നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വര്‍ണക്കപ്പ് രാമനാട്ടുകരയില്‍ വച്ച്‌ സംഘാടക സമിതി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങും. സ്വര്‍ണ്ണക്കപ്പുമായുള്ള ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച്‌മൂന്നുമണിയോടെ മുതലക്കുളം മൈതാനത്ത് എത്തും.ഇവിടെ വെച്ച്‌ സ്വര്‍ണ്ണക്കപ്പ് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും, വി ശിവന്‍കുട്ടിയും ചേര്‍ന്ന്‌ഏറ്റുവാങ്ങും. പിന്നീട് തുറന്ന ജീപ്പില്‍ മാനാഞ്ചിറ ചുറ്റും. നാലുമണി മുതല്‍ ആറുമണി വരെ സ്വര്‍ണ്ണക്കപ്പ് മാനാഞ്ചിറ സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കും

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെതിരായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി.സി പി എം ഭീഷണിക്ക് വഴങ്ങി പോലീസ് നട്ടെല്ല് പണയം വെച്ചതിനാലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നല്‍കി വാഴിക്കുന്ന കാഴ്ച കേരളത്തിന് കാണേണ്ടി വരുന്നത്. ഈ കേസ് അട്ടിമറിക്കാന്‍ ഭരണതലത്തിലും സി പി എം നേതൃതലത്തിലും വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.പ്രത്യക്ഷത്തില്‍ തെളിവുകളുണ്ടായിട്ടും സജി ചെറിയാനെതിരെ തെളിവില്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്യമാണ്. തെളിവുകള്‍ കോടതിയിലെത്താതെ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുകയാണ് സര്‍ക്കാരും പൊലീസും. ഭരണഘടനയെ പരിഹസിച്ചും അപമാനിച്ചും സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ഇന്നും പൊതുസമൂഹത്തിന് മുന്നില്‍ തെളിവായി അവശേഷിക്കുന്നു. അവ കണ്ടെത്തി, സാക്ഷിമൊഴികളുടെ പിന്‍ബലത്തില്‍ ഭരണഘടനാ വിരുദ്ധത പ്രസംഗിച്ച വ്യക്തിയെ നീതിന്യായ കോടതിക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിന് പകരം ആഭ്യന്തരമന്ത്രിയുടെ തിട്ടൂരം പേറുന്ന അടിമകളായാണ് പൊലീസ് പ്രവര്‍ത്തിച്ചത്. സിപിഎം നേതാക്കള്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവൃത്തികളുടെയും കാവലാളായി പ്രവര്‍ത്തിക്കേണ്ട നാണംകെട്ട സേനയായി കേരള പൊലീസ് അധപതിച്ചു. സജി ചെറിയാനെ ഏതുവിധേനെയും സംരക്ഷിച്ച്‌ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള വഴികളാണ് പോലീസ് തേടിയത്.

ദേശീയം

കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിന്‍റെ ഭാഗമായി ചൈനയുള്‍പ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്ന് മുതല്‍ നിര്‍ബന്ധം.ചൈന, ജപാന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്ലാന്‍ഡ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിബന്ധന ബാധകം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇതിനിടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്ര ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡിസംബര്‍ 22ന് പ്രധാന്മന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയോ എന്ന് യോഗം വിലയിരുത്തി.

കൊലപാതകം ചെയ്യുന്ന രീതി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.’എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞ് പഠിച്ച ശേഷമാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗാസിയാബാദിലെ മോദിനഗര്‍ സ്വദേശി വികാസ് ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ സോണിയയാണ് കൊല്ലപ്പെട്ടത്. ഗൂഗിളില്‍ തിരഞ്ഞതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. വികാസിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹാപൂര്‍ എസ്പി ദീപക് ഭുകാര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ഇരുവരും വഴക്കായി. തര്‍ക്കം കൊലപാതകത്തിലാണ് കലാശിച്ചത്. വെള്ളിയാഴ്ച ഹാപൂരിനടുത്ത് ദേശീയപാതയില്‍ സോണിയ കൊള്ളയടിക്കപ്പെട്ടുവെന്നാണ് വികാസ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വികാസ് പറഞ്ഞത് പൊലീസ് വിശ്വസിച്ചില്ല. സംഭവസ്ഥലത്തെത്തിയ പൊലീസ് സോണിയയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാനായി വികാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗൂഗിളില്‍ എങ്ങനെ ഒരാളെ കൊല്ലാമെന്നും എവിടെ നിന്ന് തോക്ക് ലഭിക്കുമെന്നും ഇയാള്‍ ഫോണില്‍ സെര്‍ച്ച്‌ ചെയ്തിരുന്നു. ഫ്ലിപ്കാര്‍ട്ട് വഴി വിഷം വാങ്ങാനും ഇയാള്‍ ശ്രമിച്ചിരുന്നു.

കര്‍ണാടകയില്‍ 21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് തള്ളിവിട്ടതിന് അച്ഛനമ്മമാരടക്കം നാല് പേര്‍ അറസ്റ്റില്‍.യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാന്‍ നിര്‍ബന്ധിച്ചത് എന്നാണ് ഇവരുടെ വിശദീകരണം.കൊപ്പാള ജില്ലയിലെ ചിലവ്ഗഡി എന്ന സ്ഥലത്തെ ഹൂളിഗമെ എന്ന ക്ഷേത്രത്തിലാണ് ഇവര്‍ 21കാരിയായ മകളെ ദേവദാസിയാക്കിയിരിക്കുന്നത്.യുവതി മുനീറാബാദ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. ദേവദാസി സമ്പ്രദായം 1984 മുതല്‍ നിയമവിരുദ്ധമാണ്.

അന്താരാഷ്ട്രീയം

പ്രതീക്ഷകള്‍ നിറഞ്ഞ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. 2022 ന് യാത്ര പറഞ്ഞ് ആഘോഷങ്ങളോടെ 2023 നെ സ്വീകരിച്ചിരിക്കുകയാണ് ലോകം മുഴുവന്‍.ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ് ലോകം 2023നെ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വമ്ബന്‍ ആഘോഷം നടന്നത്. ലഹരി ഉപയോഗം തടയാന്‍ കര്‍ശന നിരീക്ഷണവുമുണ്ട്.പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപില്‍ ലോകം പുതുവര്‍ഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ടോംഗ, സമോവ ദ്വീപുകളിലും നവവര്‍ഷമെത്തി. നാലരയോടെ ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് 2023 -നെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റത് ന്യൂസിലന്‍ഡാണ്.ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് നഗരം 2023-നെ എതിരേറ്റു. ഹാര്‍ബര്‍ ബ്രിഡ്ജ് അടക്കമുള്ള പ്രധാന ഇടങ്ങള്‍ എല്ലാം തന്നെ ദീപാലങ്കാരങ്ങളാല്‍ അലംകൃതമായിരുന്നു. സിഡ്‌നിയും ഏറെ വര്‍ണാഭമായി പുതുവര്‍ഷത്തെ വരവേറ്റു. ഹാര്‍ബര്‍ ബ്രിഡ്ജിലും ഓപ്പെറ ഹൌസ് പരിസരങ്ങളിലുമായി നടന്ന വെടിക്കെട്ടിന് പത്ത് ലക്ഷത്തോളം പേര്‍ സാക്ഷിയായി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറരയോടെ പുതുവത്സരം

ഒരു മാസം മുമ്പ് വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. മലപ്പുറം മഞ്ചേരി ആശുപത്രിപടി സ്വദേശിയും ഇപ്പോള്‍ മുള്ളമ്പാറ ശാന്തിഗ്രാമില്‍ കിതാടിയില്‍ വീട്ടില്‍ താമസക്കാരനുമായ അബൂബക്കര്‍ ഹുസൈന്‍ (58) റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്.

കായികം, സിനിമ

മോഹന്‍ലാല്‍ ഒറ്റയ്‍ക്ക് സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ‘എലോണ്‍’.നീണ്ട കാലത്തിനു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്നതിനാലും പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു. ഒരു പരീക്ഷണ ചിത്രമാണെന്നാണ് സൂചന. ‘എലോണ്‍’ എങ്ങനെയുള്ള സിനിമയായിരിക്കും എന്ന് വ്യക്തമാക്കുന്ന ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.കൊവിഡ് കാലത്തെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘എലോണ്‍’. മോഹന്‍ലാല്‍ മാത്രമാണ് സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ശബ്‍ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാ്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്.

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് സമനില കുരുക്ക്. എസ്പാനിയോളാണ് ബാഴ്സലോണയെ സമനിലയില്‍ തളച്ചത്.2022ലെ അവസാന മത്സരത്തില്‍ ഏഴാം മിനിറ്റില്‍ തന്നെ എഫ് സി ബാഴ്സലോണ മുന്നിലെത്തി. മാ‍ര്‍കോസ് അലോന്‍സോയായിരുന്നു സ്കോറര്‍. എന്നാല്‍ പിന്നീട് ലീഡുയര്‍ത്താനുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി ബാഴ്സലോണ പാഴാക്കി.രണ്ടാംപകുതിയില്‍ കളി പരുക്കനായി. എഴുപത്തിമൂന്നാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഹൊസേലു എസ്പാനിയോളിന്‍റെ സമനില നേടി. ബോക്സില്‍ ഹൊസേലുവിനെ അലണ്‍സോ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഹൊസേലും ടെര്‍സ്റ്റെഗനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.

പുതുവര്‍ഷത്തിലും കായികപ്രേമികളെ കാത്തിരിക്കുന്നത് ആവേശഭരിതമായ ദിനങ്ങളും മത്സരങ്ങളും.ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാവുമ്പോള്‍ ഏഷ്യന്‍ ഗെയിംസും ഈവര്‍ഷം അരങ്ങേറും. ജനുവരി 13 മുതല്‍ ഇന്ത്യ വേദിയാവുന്ന ഹോക്കി ലോകകപ്പാണ് കായികലോകത്തെ ആദ്യത്തെ ആവേശപ്പോരാട്ടം.
ജനുവരി പതിനാറിന് തുടങ്ങുന്ന ഓസ്ട്രേലിയന്‍ ഓപ്പണോടെയാണ് ടെന്നിസ് ലോകം സജീവമാവുക.വിലക്കിനും പുറത്താക്കലിനുംശേഷം നൊവാക് ജോക്കോവിച്ച്‌ ഓസ്ട്രേലിയയില്‍ കളിക്കാനെത്തുന്നു എന്നതാണ് ഓസ്ട്രേലിയന്‍ ഓപ്പണെ ശ്രദ്ധേയമാക്കുന്നത്. ഗ്രാന്‍സ്ലാം കിരീട നേട്ടത്തില്‍ ജോക്കോ റോജര്‍ ഫെഡററെ മറികടക്കുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്നു.
ജനുവരിയില്‍ തുടങ്ങുന്ന അണ്ടര്‍-19 വനിതാ ടി20 ലോകകപ്പും പിനനാലെ ഫെബ്രുവരി പത്തുമുതല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പുമാണ് ക്രിക്കറ്റിലെ ആവേശപ്പൂരത്തിന് തിരികൊളുത്തുക. ഫെബ്രുവരിയില്‍ ഓസ്ട്രേലിയന്‍ ടീം നാലു ടെസ്റ്റുകളുടെ പരമ്പരക്കായി ഇന്ത്യയിലെത്തും. പിന്നാലെ മാര്‍ച്ചില്‍ വനിതാ ഐപിഎല്ലും ഏപ്രിലില്‍ പുരുഷ ഐപിഎല്ലും തുടങ്ങും.
മാ‍ര്‍ച്ച്‌ അഞ്ച് മുതല്‍ ഫോര്‍മുല വണ്ണിന് ഫ്ലാഗ് ഓഫാവുമ്പോള്‍ ജൂണ്‍ പത്തിനാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. ജൂണില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പോരാട്ടം നടക്കും. ഇതിന് മുന്നോടിയായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടില്‍ നടക്കും. ഓസ്ട്രേലിയ ഫൈനലുറപ്പിച്ചപ്പോള്‍ ഇന്ത്യ ഫൈനലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഫ വനിതാ ലോകകപ്പ് ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 20 വരെ നടക്കും. ഓഗസ്റ്റ് 19 മുതല്‍ 27 വരെ ബുഡാപെസ്റ്റില്‍ ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കും. സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ ആതിഥേയരാവുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് നടക്കും.കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം മാറ്റിവച്ച ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ ചൈനയില്‍ നടക്കും. ചൈനയിലെ കൊവിഡ് ഭീതി ഒഴിയാത്തതിനാല്‍ ഏഷ്യാഡ് ഇത്തവണയും ആശങ്കയുടെ ട്രാക്കിലാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യ വേദിയാവും. യൂറോപ്പിലെയടക്കം വിവിധ ഫുട്ബോള്‍ ലീഗുകളും ഐ എസ് എല്ലും ഐ ലീഗുമെല്ലാം ആരാധകര്‍ക്കായി കാത്തുവക്കുന്നത് ത്രസിപ്പിക്കുന്ന നിമിഷങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദിലീപ്- തമന്ന കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ബാന്ദ്ര’.രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഈ അവസരത്തില്‍ പുതുവത്സര പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ഡാന്‍സ് സ്റ്റില്ലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററിലെ നടി ആരാണ് എന്നുള്ളത് വെളിപ്പെടുത്തിയിട്ടില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടതിന്‍റെ ആവേശത്തിലാണ് ഏഷ്യയിലെ ഫുട്ബോള്‍ ആരാധകര്‍.റൊണാള്‍ഡോയുടെ വരവ് സൗദിക്കൊപ്പം ഏഷ്യന്‍ ഫുട്ബോളിനെയും ലോക ശ്രദ്ധയില്‍ എത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. 2025വരെയാണ് അല്‍-നസറുമായി 37കാരനായ റൊണാള്‍ഡോ കരാറൊപ്പിട്ടിരിക്കുന്നത്.സൗദി പ്രഫഷണല്‍ ലീഗില്‍(എസ്‌പിഎല്‍) മികച്ച റെക്കോര്‍ഡുള്ള ക്ലബ്ബാണ് 1955ല്‍ രൂപീകരിക്കപ്പെട്ട അല്‍-നസര്‍ ഫുട്ബോള്‍ ക്ലബ്ബ്. സൗദി തലസ്ഥാനമായ റിയാദാണ് ക്ലബ്ബിന്‍റെ ആസ്ഥാനം. 25000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് അല്‍-നസറിന്‍റെ ഹോം ഗ്രൗണ്ടായ മര്‍സൂര്‍ പാര്‍ക്ക്. മഞ്ഞയും നീലയും കലര്‍ന്നതാണ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി. ലീഗില്‍ ഇതുവരെ 9 തവണ കിരീടം നേടിയിട്ടുള്ള അല്‍-നസര്‍ 2018-2019 സീസണിലാണ് അവസാനം കീരിടം നേടിയത്. ഈ സീസണില്‍ 10 മത്സരങ്ങള്‍ വിജയിച്ച അല്‍-ഷബാബിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അല്‍-നസര്‍.

സൗദി അറേബ്യന്‍ ക്ലബ് അല്‍-നസറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകും.റൊണാള്‍ഡോയ്ക്ക് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാലാണിത്. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ റൊണാള്‍ഡോ കുറ്റക്കാരനെന്ന്കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് കളിയില്‍ വിലക്കേര്‍പ്പെടുത്തിയത്.നവംബറില്‍ എവര്‍ട്ടണെതിരായ മത്സരശേഷം മടങ്ങവെ സെല്‍ഫിയെടുക്കാനായി ഫോണ്‍ നീട്ടി ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാള്‍ഡോക്ക് വിലക്കും 50000 പൗണ്ട് പിഴയും എഫ് എ(ഫുട്ബോള്‍ അസോസിയേഷന്‍) ചുമത്തിയത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു റൊണാള്‍ഡയുടെ രോഷപ്രകടനം.പ്രീമിയര്‍ ലീഗ് വിട്ട് മറ്റെവിടേക്കെങ്കിലും മാറിയാലും വിലക്ക് ബാധകമാണെന്ന് എഫ് എവ്യക്തമാക്കിയിരുന്നു. ലോകകപ്പില്‍ വിലക്ക് ബാധകമായിരുന്നില്ല. ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അല്‍ നസറിന്‍റെ മത്സരങ്ങള്‍ റൊണാള്‍ഡോക്ക് നഷ്ടമാവും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ ആയിരിക്കും റൊണാള്‍ഡോയുടെ അരങ്ങേറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനിടെ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി ജനുവരി മധ്യത്തോടെ സൗദിയില്‍ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അല്‍-നസര്‍, അല്‍-ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ഇലവനുമായി പി എസ് ജി രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ റൊണാള്‍ഡോയും മെസിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാനാവും. എന്നാല്‍ എഫ് എ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മത്സരങ്ങളെ ബാധിക്കുമോ എന്ന് വ്യക്തമല്ല.ലീഗില്‍ ഇതുവരെ 9 തവണ കിരീടം നേടിയിട്ടുള്ള അല്‍-നസര്‍ 2018-2019 സീസണിലാണ് അവസാനം കീരിടം നേടിയത്. ഈ സീസണില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍-ഷബാബിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അല്‍-നസര്‍.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ആധികാരിക ജയവുമായി ലോക ടെസ്റ്റ് ചാമ്പ്യന്‍പ്പില്‍ ഓസ്ട്രേലിയ ഫൈനല്‍ ബര്‍ത്തുറപ്പിച്ചപ്പോള്‍ രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സമനില വഴങ്ങിയ ന്യൂസിലന്‍ഡും പാക്കിസ്ഥാനും ഫൈനലിലെത്താതെ പുറത്തായി.ഇതോടെ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ ഉയരുകയും ചെയ്തു. ഓസ്ട്രേലിയ ഉള്‍പ്പെടെ നാലു ടീമുകള്‍ക്കാണ് ഇനി ഫൈനല്‍ സാധ്യതയുള്ളത്. ഇന്ത്യക്കും ഓസ്ട്രേലിയക്കും ഒപ്പം ദക്ഷിണാഫ്രിക്കും ശ്രീലങ്കക്കും ഇപ്പോഴും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബന്‍’.ഇപ്പോഴിതാ ‘മലൈക്കോട്ടൈ വാലിബനി’ല്‍ തമിഴിലെ സൂപ്പര്‍ താരം എത്തുന്നുവെന്ന ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.2023ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ അതിഥി വേഷത്തിലാകും കമല്‍ ഹാസന്‍ എത്തുക. 2009ല്‍ പുറത്തിറങ്ങിയ ‘ഉന്നൈ പോലൊരുവന്‍’ എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.

ചിരഞ്‍ജീവി നായകനാകുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ‘വാള്‍ട്ടര്‍ വീരയ്യ’ എന്ന പുതിയ ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.തകര്‍പ്പന്‍ ഡാന്‍സ് നമ്പറുകള്‍ ഉണ്ടെന്ന് വ്യക്തമാകുന്ന ഗാന രംഗത്ത് ചിരഞ്‍ജീവിക്കൊപ്പം രവി തേജയുമുണ്ട്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ ജനുവരി 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

തൃഷ നായികയായ ചിത്രം ‘രാങ്കി’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാങ്കി’ സംവിധാനം ചെയ്‍തത്.മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്’. മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്ന ചിത്രമായ ‘രാങ്കി’യിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.വിവേക എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സി സത്യയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6