Skip to content

chithrodayamflashnews.com

November 30, 2026 3:01 am

അറിയാത്ത അകക്കാഴ്ചകൾ…

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ



അരുതുകൾക്കപ്പുറം ആകാശകോട്ടകൾ തീർക്കുന്നതും
അതിരുകൾക്കപ്പുറം സ്നേഹം പങ്കിടുന്നതും ആത്മാവിന്റെ ബലിയർപ്പണമാണ്….

അകലങ്ങളിലെ സ്നേഹം അടുത്തു വരുമ്പോഴും
അടുത്തു നിൽക്കുന്ന സ്നേഹം അകലങ്ങളിലേയ്ക്ക് പോകുമ്പോഴും അവിശ്വാസത്തിന്റെ കണികകളുടെ വിത്തുകൾ പാകിയവർ
അകലെയിരുന്നു
ചിരിക്കുന്നുണ്ടാകും…
അവരുടെ കുതന്ത്രങ്ങളുടെ അകക്കാഴ്ചകളറിയാതെ
അകപ്പെട്ടുപോയ ഇരകളെയോർത്ത്…
അടുത്ത ഊഴവും കാത്ത്….

പകവീട്ടലിന്റെ പടക്കളത്തിൽ
പാതി മുറിഞ്ഞുപോയ ആയുധമേന്തിയവനും പലനാൾകൊണ്ടു നേടിയ
ആത്മ വിശ്വാസത്താൽ നിരായുധനായും വിജയം വരിക്കാനാവും…

മനസ്സിന്റെ വിഹ്വലതയിൽ മൗനത്തിനു ചിറകു മുളയ്ക്കുമ്പോൾ, ഇഷ്ടങ്ങൾ നഷ്ടങ്ങളാകുമ്പോൾ, ഇരുൾമൂടിയ വത്മീകങ്ങളിലേക്ക് ചേക്കേറാൻ
മോഹം ചുരമാന്തും…

അമ്മയുടെ ഗർഭപാത്രത്തിൽ പത്തുമാസം കിടന്ന സുരക്ഷിതത്വം
വീണ്ടും അനാവരണം ചെയ്യപ്പെടും…
ഒന്നിനെയുമോർത്ത്
വ്യസനിക്കാതെ,
കഷ്ടപ്പാടിന്റെയും കർത്തവ്യത്തിന്റെയും കാണാച്ചരടുകളില്ലാത്ത മറ്റൊരു ലോകം..
കാപട്യത്തിന്റെ പുകമറയ്ക്കപ്പുറം,
കാലത്തിന്റെ നിയോഗങ്ങളെ പുൽകാൻ,
മനസ്സിനെ പ്രാപ്തമാക്കേണ്ട നിമിഷങ്ങൾ…

വിശ്വാസത്തിനുമേൽ അവിശ്വാസത്തിന്റെ എണ്ണപ്പാടകൾ വീണതോ..? വീഴ്ത്തിയതോ?
അകലങ്ങളിൽ രാക്കിളിയുടെ പാട്ടിന് ഒരു തേങ്ങലിന്റെ ഇടർച്ചയുണ്ടോ…?
അതിലെന്റെ ശബ്ദവും ഞാനറിയാതെ ചേർന്നു പോയോ…?

സ്വസ്തി ചൊല്ലി പിരിയുവാൻ മനസ്സ് തിടുക്കം കൂട്ടുന്നു…
ഒടുക്കത്തെ പാട്ടും നാവിൻതുമ്പിൽ ശ്രുതി തേടുന്നു….

എഴുതിക്കൂട്ടിയ അക്ഷരങ്ങൾ
പുസ്തകമായി വെളിച്ചം കാണാൻ കൊതിച്ചിരുന്നു.,..
പക്ഷേ…
അക്ഷരങ്ങൾ ശലഭങ്ങളായി
ചില പുസ്തകത്താളുകളിൽ മാത്രം
പാറിക്കളിക്കാൻ നിയോഗം….

അക്ഷരങ്ങൾ വിരിച്ച പാതകളിൽ
പണ്ടേ തുടങ്ങിയ യാത്രകളിൽ, അടുത്തറിഞ്ഞവരും അകന്നുപോയവരും അനേകം.,.
അശാന്തിയുടെ ചക്രവാളങ്ങളിൽ ശാന്തിയുടെ ഒരുപിടി പൂക്കൾ വിതറിയവർ…
ശാന്തിയുടെ വിളനിലത്തിലേക്കു ചേർന്നുനിന്ന്, അശാന്തിയുടെ വിത്തെറിഞ്ഞവർ…
അകലെയിരുന്നു ചിരിക്കുന്നുണ്ടാകാം, ചതിയുടെ,സ്വാർത്ഥതയുടെ
കിരീടവുമണിഞ്ഞ് നാളേക്കുള്ള ഇരയേയും കാത്ത്,
കെണിയിൽ വീഴ്ത്താൻ….

ചുരം കടന്നുപോയ കാറ്റും പറഞ്ഞുപോയതൊന്നും മാത്രം,
ഗതികേടിന്റെ നിമിഷങ്ങളിൽ,
നിയോഗങ്ങൾ നിന്നെയും കുറ്റക്കാരനാക്കാം…
അതുകൊണ്ടുതന്നെ തെരുവോരത്തിൽ തുണിവിരിച്ചിരിക്കാൻ നാവു പൊന്തിച്ചുള്ള അസ്ത്രം
നിന്റെ കാതിൽ വീണിരിക്കാം….
പക്ഷേ….
നിന്നിലെ നിന്നെ എനിക്കറിയാം…
കാറ്റൊന്നുകൂടി വലംവച്ചെന്നെ
തഴുകിയകന്നു പോയോ…?

മൗനത്തിന്റെ അകത്തളങ്ങളിൽ അറിയാതെ ഒരു തേങ്ങൽ മുളപൊട്ടി…
“എങ്കിലും നീയും.…?”

പദവിന്യാസങ്ങളുടെ പാതകല്പനകളിൽ കവിയുടെ തൂലിക നിഴൽചിത്രങ്ങൾ തേടുമ്പോൾ, കണ്ണുടരുകളിൽ ഇരുൾക്കാഴ്ചകൾ നിരത്തി
താഴേക്ക് ഇറ്റിറ്റുവീണ കണ്ണീരിന്,
ഗതകാല സ്മരണകളുടെ
ചൂടും ചൂരും ഉണ്ടായിരുന്നു…
നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിരുന്നു…

അകലെ ഒരു പക്ഷിയുടെ തേങ്ങൽ അലകളുയർത്തുന്നു…
അതിലെന്റെ നോവുകളുടെ, കുറുകലും
ഇഴചേർന്നിരുന്നു…

എന്റെ വത്മീകത്തിന്റെ
മറവാതിൽ
മെല്ലെ തുറക്കപ്പെടുന്നു…
തമസ്സിന്റെ കൂട്ടിൽ തപസ്സിന്റെ നേർത്തെ മൗനം
എന്നെ പൊതിയുന്നു…
ഉള്ളിൽ തപിച്ചിരുന്ന മനസ്സ് ശാന്തമായ് മൊഴിയുന്നു…
സ്വസ്തി… സ്വസ്തി…

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6