Skip to content

chithrodayamflashnews.com

November 30, 2026 3:12 am

EVENING NEWS

തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ഖത്തര്‍ എയര്‍വേയ്സ് ഡ്രീംലൈനര്‍ സര്‍വീസ് തുടങ്ങി
ബിസിനസ്‌ ക്ലാസ്സിൽ മാത്രം ‌22 സീറ്റുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് ഡ്രീംലൈനെർ സർവീസ് നടത്തുക.

തിരുവനന്തപുരം: ഖത്തർ എയർവേയ്സ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി. നിലവിൽ സർവീസ് നടത്തുന്ന എ – 320 വിമാനത്തിനു പകരമാണ് ആഴ്‌ചയിൽ രണ്ട് ദിവസം ബി – 787 സീരീസിലുള്ള ഡ്രീംലൈനെർ വിമാനം സർവീസ് നടത്തുക. ഡ്രീംലൈനറിന്റെ വരവോടെ സീറ്റുകളുടെ എണ്ണം എ – 320നെ അപേക്ഷിച്ച് 160ല്‍ നിന്ന് 254 ആയി വർധിക്കും. 
ബിസിനസ്‌ ക്ലാസ്സിൽ മാത്രം ‌22 സീറ്റുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് ഡ്രീംലൈനെർ സർവീസ് നടത്തുക. മറ്റ് അഞ്ച് ദിവസങ്ങളിൽ എ – 320 വിമാനം ഉപയോഗിച്ചുള്ള സർവീസ് ഇപ്പോഴുള്ളതു പോലെ തുടരും. വെള്ളിയാഴ്ച രാവിലെ രണ്ട് മണിക്ക് എത്തിയ ആദ്യ ഡ്രീംലൈനെർ വിമാനത്തെ തിരുവനന്തപുരം  വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. ഡ്രീംലൈനിന്റെ വരവോടെ ഗൾഫിലേക്കും യൂറോപ്പ്, യു.എസ് ഉൾപ്പെടെയുള്ള മേഖലകളിലേക്കും തിരുവനന്തപുരത്തു നിന്ന് കൂടുതൽ യാത്രമാസൗകര്യം ഒരുങ്ങും.

കോഴിക്കോട് അധ്യാപകന്റെ ക്രൂരമർദ്ദനം; വിദ്യാർത്ഥിക്ക് പരിക്ക്, പൊലീസ് കേസെടുത്തു
ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അധ്യാപകൻ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു

കോഴിക്കോട്: അധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകൻ കമറുദ്ദീൻ  മർദ്ദിച്ചന്നാണ് പരാതി. മാഹിന്റെ പിതാവ് പോലീസിൽ പരാതി നൽകി. ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അധ്യാപകൻ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.


സ്വവർഗ വിവാഹം നിയമപരമാക്കുന്ന ഹർജി;കേന്ദ്ര സര്‍ക്കാരിന്‌ സുപ്രിം കോടതിയുടെ നോട്ടീസ്

സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്ര സര്‍ക്കാരിന്‌ സുപ്രീം കോടതി നോട്ടീസ് അയച്ചു.ആറാഴ്ചയ്ക്കുള്ളിൽ പ്രതികരണം അറിയിക്കാനാണ് കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകിയത്.ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിൽ നിലനിൽക്കുന്ന സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും സുപ്രീം കോടതിയിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു. വിഷയത്തിൽ അടുത്ത മാസം പതിനഞ്ചിന് സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.ഈ വർഷം മാർച്ച് പതിമൂന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകൾ അടക്കം സുപ്രിം കോടതിയിലേക്ക് മാറ്റിയത്.
ഒരേ ചോദ്യവുമായി ബന്ധപ്പെട്ട് ദില്ലി, കേരളം, ഗുജറാത്ത് ഹൈക്കോടതികളിൽ നിരവധി ഹർജികൾ കെട്ടിക്കിടക്കുന്നുണ്ട്. അതു കൊണ്ട് ഹൈക്കോടതികളിൽ നിന്നും എല്ലാ റിട്ട് ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റാൻ തങ്ങൾ നിർദ്ദേശിക്കുന്നു എന്നായിരുന്നു ബെഞ്ചിൻ്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചത്.ജസ്‌റ്റിസ് പി എസ് നരസിംഹ, ജസ്‌റ്റിസ് ജെ ബി പർദിവാല എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
158 വർഷം പഴക്കമുള്ള കൊളോണിയൽ കാലം മുതൽ നിലനിന്നു വന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 സുപ്രിം കോടതി റദ്ദാക്കിയിരുന്നു.നവ്‌തേജ് സിംഗ് ജോഹർ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2018 സെപ്റ്റംബർ 6 നായിരുന്നു സ്വവര്‍ഗ ലൈംഗികത കുറ്റമല്ല എന്ന ചരിത്ര വിധി.ലൈംഗിക ആഭിമുഖ്യം ജൻമനാ ഉണ്ടാകുന്നതാണ്.ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുത് ഒരാളുടെ ലൈംഗികത. പരമ്പരാഗത കാഴ്ചപ്പാടുകള്‍ അവസാനിപ്പിച്ച് വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നായിരുന്നു സ്വവർഗ ലൈംഗികത കുറ്റകരമാക്കിക്കൊണ്ടുള്ള 377 വകുപ്പ് റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞത്
തുല്യതയ്ക്കും അന്തസ്സിനുമുള്ള ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുന്നു എന്ന കാരണത്താലാണ് വകുപ്പ് 377 റദ്ദാക്കിയത്.
ഒരേ രാജ്യത്തുള്ളവർക്ക് വിവാഹം കഴിക്കാം, ഒരേ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം, ഒരേ കുടുംബത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം. പക്ഷേ ഒരേ ലിംഗത്തിൽപ്പെട്ടവർക്കു മാത്രം വിവാഹം കഴിക്കാൻ സാധിക്കില്ല എന്ന് സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്രസർക്കാർ ദില്ലി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്കും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന വാദമുയർത്തിയാണ് കേന്ദ്രസർക്കാർ സ്വവർഗ വിവാഹത്തെ എതിർക്കുന്നത്.

ചാന്‍സലര്‍ ബില്ലില്‍ സ്വയം തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് അയക്കുന്നതാണ് ഉചിതമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം.

രാജ്ഭവന്‍ ലീഗല്‍ അഡൈ്വസറാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപദേശം നല്കിയത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു.

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാര്‍ശകളില്‍ നാളെ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കൊളിജീയം നല്‍കിയ 104 ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനം വൈകുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.

യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി.

തിരുവനന്തപുരത്തെ ബിജു കുമാര്‍, തൃശൂരിലെ വി ആര്‍ ജയദേവന്‍, എറണാകുളത്തെ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡപ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.

സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ കാട്ടാനയുടെ വിളയാട്ടം.

നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ നഗരത്തിലെത്തി കാല്‍നടയാത്രക്കാരനായ സുബൈര്‍ കുട്ടിയെ ആക്രമിച്ചു. തുമ്പിക്കൈകൊണ്ട് അടിയേറ്റ് കൈവരിക്കപ്പുറത്തേക്കു വീണതിനാലാണ് കൂടുതല്‍ ആക്രമണം ഉണ്ടാകാതിരുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോടതി ഉത്തരവു വഴി പങ്കെടുത്തവരുടെ ഫലം തടഞ്ഞു.

94 മത്സരഫലങ്ങളാണ് കലോത്സവ സംഘാടകര്‍ തടഞ്ഞത്. ഇവരുടെ ഫലം പ്രഖ്യാപിച്ചാലും അത് ജില്ലകളുടെയോ സ്‌കൂളിന്റെയോ പോയന്റില്‍ ഉള്‍പ്പെടില്ലെന്ന് സംഘാടകര്‍ പറയുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് വഴി വന്ന അപ്പീലുകള്‍ക്ക് ഈ തടസമില്ല.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക അനുവദിക്കാന്‍ ധനവകുപ്പ്

തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയില്ല. വിവാദമായ സാഹചര്യത്തില്‍ പുനപരിശോധന നടത്തിയേക്കും. അതേസമയം കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ആര്‍ വി രാജേഷിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവുണ്ട്.

കടക്കെണിയില്‍ കുടുങ്ങിയ കുടുംബം ജീവനൊടുക്കി.

തിരുവനന്തപുരം കഠിനംകുളത്ത് പടിഞ്ഞാറ്റ് മുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണു തീ കൊളുത്തി മരിച്ചത്. രമേശന്‍ ഇന്നലെയാണ് ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയത്. 12 ലക്ഷം രൂപ വായ്പയെടുത്ത കുടുംബത്തിന് 40 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് പോലീസ്.

സിപിഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളന പോസ്റ്ററില്‍ ബേനസീര്‍ ഭൂട്ടോയുടെ ചിത്രം.

പാകിസ്ഥാന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ബേനസീര്‍ ഭൂട്ടോക്ക് ഒമ്പത് സര്‍വകലാശാലകള്‍ ഓണററി ഡോകടറേറ്റ് നല്‍കിയെന്ന വരികളുമായാണ് പോസ്റ്റര്‍. പോസ്റ്ററിനെതിരേ പരക്കേ വിമര്‍ശനം ഉയര്‍ന്നു. ‘ഇന്ത്യയ്ക്കൊരു കുത്തും തീവ്രവാദികളുടെ വോട്ടും’ എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

കണ്ണൂരില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ രണ്ട് പേരെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

. കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ ഡയറക്ടറും തൃശൂര്‍ സ്വദേശിയുമായ ഗഫൂര്‍, സഹസ്ഥാപനമായ ‘എനി ടൈം മണി’യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി എന്നിവരെയാണ് പിടികൂടിയത്. നിക്ഷേപ തുകയോ പലിശയോ കൊടുക്കാതെ സ്ഥാപനം പൂട്ടി മുങ്ങിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീനില്‍നിന്ന് ഒരു കിലോ സ്വര്‍ണം പോലീസ് പിടികൂടി.

59 ലക്ഷം രൂപ വിലയുള്ള സ്വര്‍ണം മിശ്രിത രൂപത്തില്‍ ക്യാപ്സൂളുകളിലാക്കി ശരീരത്തിനകത്ത് ഒളിച്ചുകടത്തുകയായിരുന്നു.

പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി രാജിവച്ചു.

കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ ഗ്രൂപ്പിലായിരുന്ന രാധ പഞ്ചായത്ത് അംഗത്വവും രാജിവച്ചു. എ.വി ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസില്‍ തുടരുമെന്ന് രാധാ മുരളി പറഞ്ഞു.

പൂവാറില്‍ വീട്ടമ്മയ്ക്കെതിരെ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച മുന്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.

വിഴിഞ്ഞം ടൗണ്‍ഷിപ്പില്‍ മുഹമ്മദ് ഷാഫി (24) ആണ് അറസ്റ്റിലായത്. മറ്റൊരു സ്ത്രീയെകൊണ്ട് വിളിപ്പിച്ച് വ്യാജ ശബ്ദ സന്ദേശം നിര്‍മ്മിക്കുകയും ഫോണിലെ കാള്‍ ഹിസ്റ്ററിയില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പരും പേരും വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനാണ് മുഹമ്മദ് ഷാഫി പിടിയിലായത്.

ഹൈവേയില്‍ തോക്കു ചൂണ്ടി കാര്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

മണ്ണാര്‍ക്കാട് കാഞ്ഞിരംകുന്നം കച്ചേരിപ്പറമ്പ് ചെറുമലയില്‍ വീട്ടില്‍ മുഹമ്മദ് മുഹ്സിന്‍ (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ പതിമൂന്നു പേര്‍ അറസ്റ്റിലായി. മാര്‍ച്ച് 31 ന് പൊന്നാനി സ്വദേശി സജീറിനെയും കാറുമാണ് തട്ടിക്കൊണ്ടുപോയത്.

മന്ത്രവാദി ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി.

മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്‌മണ്യനെയാണ് അറസ്റ്റു ചെയ്തത്.

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്

. പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനിടയിലാണ് യുവതി മരിച്ചത്. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നെന്നും പൊലീസ് പറഞ്ഞു.

കാപ്പ ചുമത്തിയതിനു പിറകേ ഒളിവില്‍ പോയ പ്രതിയെ മാരാരിക്കുളം പൊലീസ് പിടികൂടി.

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൂഥര്‍ സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുഞ്ചിരി അനൂപ് എന്ന അനൂപിനെ(26) കര്‍ണാടകയില്‍നിന്നാണു പിടികൂടിയത്.

വാഹനമിടിച്ച് തെരുവ് നായ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കാനാവില്ലെന്നു ബോംബെ ഹൈക്കോടതി.

ബൈക്ക് ഇടിച്ചു നായ ചത്തെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിക്കെതിരേ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് ഇരുപതിനായിരം രൂപ ഈടാക്കി വിദ്യാര്‍ത്ഥിക്കു നല്‍കണമെന്നും കോടതി. പാര്‍ട്ട് ടൈം ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മാനസ് ഗോഡ് ബോലെ (20) ക്കെതിരായ എഫ്ഐആര്‍ കോടതി റദ്ദാക്കി. ഒരു നായപ്രേമിയുടെ പരാതിയിലാണ് പോലീസ് വിദ്യാര്‍ത്ഥിക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ഡല്‍ഹി കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം.

നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേതിനു മുമ്പു നടത്തിയതിനെതിരെ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പത്തു പേരുടെ സത്യപ്രതിജ്ഞ ആദ്യം നടത്തിയതാണ് ബഹളത്തിന് ഇടയാക്കിയത്.

അനസ്തേഷ്യ സ്വയം കുത്തിവച്ച് വനിതാ ഡോക്ടര്‍ ജീവനൊടുക്കി.

ഭോപ്പാലിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ 24 കാരിയായ ആകാന്‍ഷ മഹേശ്വരിയാണ് ഇങ്ങനെ ജീവനൊടുക്കിയത്.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഗൃഹനാഥന്‍ ഭാര്യയും മക്കളും അടക്കം കുടുംബത്തിലെ ഏഴു പേരെ വെടിവച്ച് കൊന്നശേഷം ആത്മഹത്യ ചെയ്തു

. അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതിനു പിറകേയാണ് 42 കാരനായ മൈക്കല്‍ ഹെയ്റ്റ് കൂട്ടക്കൊല ചെയ്തത്.

തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്ന സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങി.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. ഇന്നല 160 രൂപ കുറഞ്ഞിരുന്നു. ഇതോടെ സംസ്ഥാന വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40000 ലേക്ക് താഴ്ന്നു. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വര്‍ണവില ഉയര്‍ന്നത്. വിപണിയില്‍ ഇന്നത്തെ വില 40,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. രണ്ട് ദിവസമായി 65 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5090 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4205 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വെള്ളിയുടെ വില ഇടിയുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ വിപണിയിലെ വില 74 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി എ14 5ജി അവതരിപ്പിച്ചു.

പുതിയ ഫോണ്‍ യുഎസിലാണ് അവതരിപ്പിച്ചത്. 2023 ല്‍ ലോഞ്ച് ചെയ്യുന്ന സാംസങ്ങിന്റെ ആദ്യത്തെ സ്മാര്‍ട് ഫോണാണിത്. മീഡിയടെക് ഡൈമന്‍സിറ്റി 700 ആണ് പ്രോസസര്‍. പുതിയ ഹാന്‍ഡ്സെറ്റ് വൈകാതെ തന്നെ ഇന്ത്യയിലും എത്തുമെന്നാണ് കരുതുന്നത്. 64 ജിബി സ്റ്റോറേജ് പതിപ്പിന് യുഎസിലെ വില 199.99 ഡോളര്‍ ( ഏകദേശം 16,500 രൂപ) ആണ്. സില്‍വര്‍, മെറൂണ്‍, ബ്ലാക്ക്, ഗ്രീന്‍ നിറങ്ങളിലാണ് ഗ്യാലക്‌സി എ14 5ജി എത്തുന്നത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5.0 ലാണ് ഗ്യാലക്‌സി എ14 5ജി പ്രവര്‍ത്തിക്കുന്നത്. 90ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് പിഎല്‍എസ് എല്‍സിഡി ഡിസ്പ്ലേയാണ് ഹാന്‍ഡ്സെറ്റിന്റെ സവിശേഷത. 4ജിബി റാമിനൊപ്പം ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 700 ആണ് പ്രോസസര്‍. 13 മെഗാപിക്സലിന്റേതാണ് സെല്‍ഫി ഷൂട്ടര്‍. ഡിസ്പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ്-സ്റ്റൈല്‍ നോച്ചും ഉണ്ട്. 15വാട്ട് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന അടുത്ത ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മിണ്ടിയും പറഞ്ഞും’ എന്നാണ് പേരിട്ടിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടു. ‘നീയേ നെഞ്ചില്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരിയാണ്. സൂരജ് എസ് കുറുപ്പ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മൃദുല വാര്യര്‍ക്കൊപ്പം ഗാനം ആലപിച്ചിരിക്കുന്നതും സൂരജ് ആണ്. ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിക്കുമൊപ്പം ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാര്‍വ്വതി, ഗീതി സംഗീത, സോഹന്‍ സീനുലാല്‍, ആര്‍ ജെ മുരുകന്‍, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആര്‍ ജെ വിജിത, ശിവ ഹരിഹരന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനൊപ്പം മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ എല്‍എംഎല്‍ ജനുവരി 11 മുതല്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.

ഈ ഓട്ടോ എക്‌സ്‌പോയില്‍ എല്‍എംഎല്ലിന്റെ ഏറ്റവും വലിയ ആകര്‍ഷണം വരാനിരിക്കുന്ന സ്റ്റാര്‍ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും. മൂണ്‍ഷോട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഓറിയോണ്‍ ഇലക്ട്രിക് ബൈക്കും ഉള്‍പ്പെടെ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായിട്ടാണ് എല്‍എംഎല്‍ വിപണിയിലേക്ക് തിരിച്ചെത്തിയത്. ഈ വര്‍ഷം തന്നെ കമ്പനിക്ക് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ സാധിക്കും. പൂര്‍ണ്ണമായും ഡിജിറ്റല്‍ സ്‌ക്രീന്‍, നീക്കം ചെയ്യാവുന്ന ബാറ്ററി, ടയര്‍ മര്‍ദ്ദം നിരീക്ഷണം, 1.10 മുതല്‍ 1.30 ലക്ഷം വരെയാണ് വില എന്നിവയാണ് വാഹനത്തിന്റെ സവിശേഷത. സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു. എല്‍എംഎല്ലിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം. ഇപ്പോള്‍ ബുക്കിംഗിനായി തുക ചെലവഴിക്കേണ്ടതില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6