ഗാസാസിറ്റി: ഹമാസുകാരെ ലക്ഷ്യമിട്ട് വ്യാഴാഴ്ചയും അല്‍ശിഫ ആശുപത്രിയില്‍ തിരച്ചിലും ഉപരോധവും ശക്തമാക്കി ഇസ്രയേല്‍ സൈന്യം. ചികിത്സാ ഉപകരണങ്ങളും ശസ്ത്രക്രിയാവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടവും പൂര്‍ണമായും തകര്‍ത്തു. അല്‍ശിഫയുടെ കെട്ടിടസമുച്ചയം ഭാഗികമായി തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഗികള്‍, ഡോക്ടര്‍മാര്‍, അഭയാര്‍ഥികള്‍ തുടങ്ങി ഇരുനൂറോളം പേരെ കണ്ണുമൂടിക്കെട്ടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ചോദ്യംചെയ്യാനാണോ ബന്ദികളാക്കാനാണോ കൊണ്ടുപോയതെന്നകാര്യം വ്യക്തമല്ല. ഡയാലിസിസ് രോഗികളുടെ വാര്‍ഡ്, എക്സറേ മുറി, ഫാര്‍മസി എന്നിവയും സൈന്യം പിടിച്ചെടുത്തു. അല്ശിഫയുമായുള്ള ആശയവിനിമയം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് ഗാസയിലെ ആശുപത്രികളുടെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സകൂത് പറഞ്ഞു.ബുധനാഴ്ച, 30 പേരെ കണ്ണുകെട്ടി വിവസ്ത്രരാക്കി ചോദ്യംചെയ്തിരുന്നു. മരുന്നുസംഭരണശാലയും തകര്‍ത്തു. വാര്‍ഡുകളില്‍ ഇരച്ചെത്തിയ ഇസ്രയേല്‍ സൈനികര്‍ ചോദ്യംചെയ്യുന്നതിനായി 16 വയസ്സിനു മുകളിലുള്ളവരോട് കൈപൊക്കാനാവശ്യപ്പെടുകയും ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹകരിക്കാത്തവരെ വെടിവെച്ചിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ആശുപത്രിയുടെ നിലവറകളിലെല്ലാം ഹമാസുകാര്‍ക്കായി അരിച്ചുപെറുക്കി. കെട്ടിടത്തിനകത്ത് പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനോട് കീഴടങ്ങാനാവശ്യപ്പെട്ടു. അല്‍ശിഫയിലെ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ സൈനിക മേജര്‍ ജനറല്‍ യാരോണ്‍ ഫിങ്കല്‍മാന്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണവും മരുന്നുകളുമായി സേനാംഗങ്ങള്‍ ആശുപത്രിയിലെത്തുന്നതിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു.
22 ഏക്കറുള്ള ആശുപത്രിവളപ്പില്‍ യുദ്ധടാങ്കുകളുമായി ദിവസങ്ങളായി നിലയുറപ്പിച്ച സൈന്യം ബുധനാഴ്ചയാണ് ആശുപത്രിക്കകത്തേക്ക് പ്രവേശിച്ചത്. കവാടത്തിലുണ്ടായിരുന്ന നാല് ഹമാസ് അംഗങ്ങളെ വധിച്ചാണ് നൂറിലധികം സൈനികര്‍ അകത്തെത്തിയത്. ആശുപത്രിയില്‍ 2300-ഓളം പേരുണ്ടെന്നാണ് യു.എന്നിന്റെ കണക്ക്. 650-ലേറെപ്പേര്‍ രോഗികളാണ്.മാനുഷിക ഇടവേള പ്രഖ്യാപിക്കണം; പ്രമേയം പാസാക്കി യു.എന്‍. രക്ഷാസമിതി
യു.എന്‍.: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായിത്തുടരവേ ഗാസയില്‍ മാനുഷിക ഇടവേള പ്രഖ്യാപിക്കണമെന്ന അടിയന്തരപ്രമേയം യു.എന്‍. രക്ഷാസമിതി അംഗീകരിച്ചു. 15 അംഗസമിതിയില്‍ മാള്‍ട്ട കൊണ്ടുവന്ന പ്രമേയം മൂന്നിനെതിരേ 12 വോട്ടുകള്‍ക്കാണ് പാസായത്. യു.എസ്., ബ്രിട്ടന്, റഷ്യ എന്നീ രാജ്യങ്ങള്‍ വിട്ടുനിന്നു. പ്രമേയം ഇസ്രയേല്‍ തള്ളി.
യുദ്ധമാരംഭിച്ചശേഷം രക്ഷാസമിതി അംഗീകരിക്കുന്ന ആദ്യ പ്രമേയമാണിത്. ഗാസയിലെ സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമുറപ്പാക്കുക, മനുഷ്യരെ കവചമാക്കുന്നത് നിര്‍ത്തുക, ഉപാധികളില്ലാതെ എത്രയുംപെട്ടെന്ന് ബന്ദികളെ വിട്ടയക്കുക എന്നിവ ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇരുകക്ഷികളോടും അന്താരാഷ്ട്ര മാനുഷികനിയമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തെ പ്രമേയം അപലപിക്കാത്തതിനാലാണ് യു.എസും ബ്രിട്ടനും വിട്ടുനിന്നത്. വെടിനിര്‍ത്തല്‍ ആവശ്യം ഉന്നയിക്കാത്തതിനാല്‍ റഷ്യയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഗാസയില്‍ മാനുഷിക ഇടവേള പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് രക്ഷാസമിതിയില്‍ അവതരിപ്പിച്ച നാലുപ്രമേയങ്ങളും കടുത്ത അഭിപ്രായഭിന്നതയെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. യു.എസ്. കൊണ്ടുവന്ന പ്രമേയം റഷ്യയും ബ്രസീല്‍ കൊണ്ടുവന്നത് യു.എസും വീറ്റോചെയ്യുകയായിരുന്നു. റഷ്യ കൊണ്ടുവന്ന രണ്ടുപ്രമേയങ്ങള് വേണ്ടത്ര വോട്ടുലഭിക്കാത്തതിനാല് തള്ളിപ്പോയി.
ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് പ്രതിരോധസേന
അല്‍ശിഫ ആശുപത്രിയില്‍ ഹമാസിന്റെ താവളങ്ങള്‍ കണ്ടത്താന്‍ ഇസ്രയേല്സൈന്യത്തിനായില്ല. എന്നാല്‍, നിലവറകളില്‍ നടത്തിയ തിരച്ചിലില്‍ തോക്കുകളടക്കമുള്ള ആയുധങ്ങള്‍ ലഭിച്ചെന്ന് പ്രതിരോധസേന അറിയിച്ചു. എം.ആര്.ഐ. സ്കാനിങ് കേന്ദ്രത്തില്‍നിന്ന് മൂന്നുബാഗുകള് കണ്ടെടുത്തു. ഇതില്‍ റൈഫിളുകളും ഗ്രനേഡുകളും ഹമാസുകാരുടെ യൂണിഫോമുമുണ്ടായിരുന്നെന്നാണ് വിവരം. സ്ഫോടകവസ്തുക്കളും സാങ്കേതികോപകരണങ്ങളും കണ്ടെത്തി. ഇത് അല്‍ശിഫ ഹമാസ് ഉപയോഗിച്ചിരുന്നുവെന്നതിനുള്ള തെളിവാണെന്നും സൈന്യം കുറ്റപ്പെടുത്തി. ഇവിടത്തെ ടെക്നീഷ്യന്മാരെ സൈന്യം തടവിലാക്കി
No Comment.