Skip to content

chithrodayamflashnews.com

November 30, 2026 3:13 am

MORNING NEWS

മൂന്നുനാള്‍ നാടിനെ വിറപ്പിച്ച യുവാവിനെ സാഹസികമായി കീഴടക്കി

കടയ്ക്കൽ : വടിവാളും വിദേശ വളര്‍ത്തുനായകളുമായി ദിവസങ്ങള്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവാവിനെ സാഹസികമായി കീഴടക്കി.

ചിതറ മാങ്കോട് ജലജ മന്ദിരത്തില്‍ സജീവിനെ (40)യാണ് പൊലീസും അഗ്നിരക്ഷാസേനയും മൃഗസംരക്ഷണ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന്‌ തന്ത്രപരമായി കീഴടക്കിയത്.
ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ റോട്ട്‌വീലര്‍, ജെര്‍മന്‍ ഷെപ്പേര്‍ഡ് നായകളെ അഴിച്ചുവിട്ടശേഷം വീട്ടിലേക്ക് ആരെയും കയറാന്‍ അനുവദിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കിഴക്കുംഭാഗം ജങ്ഷനു സമീപം താമസിക്കുന്ന സുപ്രഭ (70)യുടെ വീടിനുമുന്നില്‍ വ്യാഴാഴ്ച രാവിലെ കാറില്‍ നായകളും വടിവാളുമായി എത്തിയ ഇയാള്‍ ഭീഷണി മുഴക്കി. ഈ സമയം സുപ്രഭയുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തന്റെ അച്ഛന്റെ സ്ഥലവും വീടുമാണെന്നും താമസക്കാര്‍ ഇറങ്ങണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, അതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ്‌ എത്തിയ നാട്ടുകാരെയും പൊലീസിനെയും അഗ്നിരക്ഷാ സേനാംഗങ്ങളെയും വടിവാളുകാട്ടി ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി. പൊലീസിന്റെ അനുനയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ഒടുവില്‍ സ്വന്തം കാറില്‍ സ്റ്റേഷനില്‍ എത്താമെന്ന ഉറപ്പില്‍ പൊലീസ്‌ പിന്‍വാങ്ങി. എന്നാല്‍, നായകളുമായി കാറില്‍ കയറിയ ഇയാള്‍ പൊലീസിനെ വെട്ടിച്ച്‌ മാങ്കോടുള്ള സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തി ഗേറ്റ്‌ അകത്തുനിന്ന്‌ പൂട്ടിയശേഷം നായകളെ തുറന്നുവിട്ടു. അന്നു മുതല്‍ ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ശനിയാഴ്ച രാവിലെ വന്‍ പൊലീസ് സന്നാഹവും അഗ്നിരക്ഷാ സേനയും ഡോഗ്‌ സ്‌ക്വാഡും ആന പരിശീലകരും ഉള്‍പ്പെടെ സ്ഥലത്തെത്തി. വളര്‍ത്തുനായകളെ തുറന്നുവിട്ടതിനാല്‍ ആര്‍ക്കും അടുക്കാനായില്ല. വീടിനുള്ളില്‍ വടിവാളുമായി പൊലീസിനെ അസഭ്യം പറഞ്ഞും ഭീഷണി മുഴക്കിയും നിന്ന ഇയാളെ അനുനയിപ്പിക്കാന്‍ ചിതറ സിഐ രാജേഷിന്റെ നേതൃത്വത്തില്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പകല്‍ മൂന്നിന് പ്രത്യേക പരിശീലനം നേടിയ പൊലീസുകാരും അഗ്നിരക്ഷാ സേനയും വീട്ടുവളപ്പില്‍ കയറി. ഇത്‌ മനസ്സിലാക്കിയ ഇയാള്‍ ജനാലകളില്ലാത്ത മുറിയില്‍ കയറി കതകടച്ചു. ഇതിനിടെ വയോധികയായ അമ്മയുടെ കഴുത്തില്‍ വടിവാള്‍വച്ച്‌ ഭീഷണി മുഴക്കി. അടുത്തുവന്നാല്‍ അമ്മയെ കൊന്ന്‌ ആത്മഹത്യചെയ്യുമെന്നായിരുന്നു ഭീഷണി. മുറിക്കുള്ളില്‍ നിന്ന ഇയാളുമായി പൊലീസ്‌ അനുനയ സംഭാഷണം നടത്തുന്നതിനിടെ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന പൊലീസും നായപരിശീലകരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കീഴടക്കി. ക്ഷീണിതനായ പ്രതിയെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി. പൊലീസിനും അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കും പുറമെ വെറ്ററിനറി ഓഫീസര്‍ റിജു, അഞ്ചല്‍ ഏരൂര്‍ സ്വദേശികളുമായ ഹേമന്ദ്, സജുരാജ് എന്നിവരും ഉദ്യമത്തിന് നേതൃത്വം നല്‍കി.

തിരുവനന്തപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് സ്വകാര്യ ഫാമില്‍, 2000 കോഴികളെയും താറാവിനെയും ഉടന്‍ കൊല്ലും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ പെരുങ്ങുഴി ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഇവിടെയുള്ള താറാവിലും കോഴിയിലുമാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. നൂറുകണക്കിന് താറാവും കോഴിയും ഇവിടെ ചാവുകയും ചെയ്തു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന താറാവ് കുഞ്ഞുങ്ങള്‍ക്കും ഹൈദരാബാദില്‍ നിന്ന് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങള്‍ക്കുമാണ് രോഗം പടര്‍ന്നുപിടിച്ചത്.
ഫാമിലെ താറാവിനും കോഴിക്കും അസുഖബാധയേറ്റപ്പോള്‍ ആദ്യം ആന്റിബയോട്ടിക്കുകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിശദപരിശോധനയ്ക്കായി സാമ്ബിള്‍ പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസസിലും കൂടുതല്‍ പരിശോധനയ്ക്കായി ഭോപ്പാലിലും (എന്‍.ഐ.എച്ച്‌.എസ്.എ.ഡി ലാബില്‍) അയച്ചു. അവിടെ നിന്ന് കിട്ടിയ റിസള്‍ട്ട് പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്ന തുക ഉപയോഗിച്ച്‌ ആധുനികസൗകര്യങ്ങളുള്ള പുതിയ കെട്ടിടം പെരുനാട് സിഎച്ച്‌സിക്കായി അടുത്തഘട്ടത്തില് ‍ നിര് ‍ മാണം പൂര് ‍ ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു.
പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പെരുനാട്ടിലെ ജനങ്ങളുടെ മൂന്ന് പതിറ്റാണ്ടായുള്ള സ്വപ്നമാണ് പെരുനാട് സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ വേണമെന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുനാട്ടിലെ ജനത അഡ്വ. പ്രമോദ് നാരായണന് നല്‍കിയ ഒരു വോട്ടും പാഴായില്ലെന്നതാണ് ഇത് സാധ്യമായതിലൂടെ മനസിലാക്കേണ്ടത്. ആരോഗ്യവകുപ്പിന്റെ ചുമതലയിലേക്ക് വരുമ്ബോള്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു. 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഒമിക്രോണിലൂടെ കോവിഡ് മൂന്നാംതരംഗം ശക്തമായി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനങ്ങള്‍ നടത്തി. കൃത്യമായ ഇടപെടലുകളിലൂടെ ഒറ്റക്കെട്ടായി നിന്ന് നാം അതിനെ നേരിട്ടു. ഈ അവസരങ്ങളിലൊക്കെയും പെരുനാട് സിഎച്ച്‌സിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ നിവേദനങ്ങളുമായി എത്തിയ ആളാണ് റാന്നി എംഎല്‍എ.


ശബരിമല ഉള്‍പ്പെട്ട പഞ്ചായത്തായതുകൊണ്ട് തന്നെ പെരുനാട് സിഎച്ച്‌സിയുടെ പ്രധാന്യം വളരെ വലുതാണ്. അപകടം എന്തെങ്കിലും സംഭവിച്ചാല്‍ തീര്‍ഥാടകര്‍ ആദ്യമെത്തുന്ന ആശുപത്രി പെരുനാട് സിഎച്ച്‌സിയാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരും പെരുനാട് സിഎച്ച്‌സിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തി.
ഐപി സംവിധാനം വളരെ പ്രധാനമാണ്. എംഎല്‍എ നിരന്തരമായി ആവശ്യമുന്നയിച്ചത് അനുസരിച്ച്‌ കിടത്തി ചികിത്സ സാധ്യമാക്കാനുള്ള തീരുമാനമെടുത്തു. മലയോര ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഇടപെടലുകള്‍ നടത്തി. എന്നാല്‍ ചിലയിടങ്ങളില്‍ നിന്ന് ഇതിനെ തളര്‍ത്താന്‍ ബോധപൂര്‍വമായ ചില സമീപനമുണ്ടായി. അതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് കിടത്തി ചികിത്സ സാധ്യമായത്.

ബഫര്‍സോണ്‍ പ്രശ്നത്തില്‍ സമയപരിധി തീര്‍ന്നപ്പോള്‍ ആകെ ലഭിച്ച 63500 പരാതികളില്‍ 24528 പരാതികള്‍ തീര്‍പ്പാക്കി.

പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. അതേസമയം ലഭിച്ച പരാതികളില്‍ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികള്‍ ഗൗരവമുള്ളവയല്ലെന്നുമാണ് വനംവകുപ്പ് വിശദീകരണം. ബഫര്‍സോണ്‍ മേഖലയിലുള്ള ഒരുലക്ഷത്തില്‍പ്പരം കെട്ടിടങ്ങളെ ബഫര്‍സോണ്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാകും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുക.

അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവം സമാപിച്ചു. കൗമാര കലാകിരീടം ആതിഥേയരായ കോഴിക്കോടിന്.

945 പോയിന്റ് നേടി കോഴിക്കോട് ഒന്നാം സ്ഥാനത്തും 925 പോയിന്റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്തും 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തും എത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്‌കൂള്‍ 90 പോയിന്റോടെ ഒന്നാമതെത്തി. 71 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്ററിയിലെ ഒന്നാം സ്ഥാനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. അടുത്ത വര്‍ഷത്തെ കലോല്‍സവത്തിന്റെ ഭക്ഷണ മെനുവില്‍ മാംസാഹാരവും ഉണ്ടാകുമെന്ന പ്രഖ്യാപനവും കലോല്‍സവ മാനുവല്‍ പരിഷ്‌കരണവും സമാപന വേദിയിലും വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ചു.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് മുന്‍മന്ത്രി കെ കെ ശൈലജ.

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ശൈലജ ടീച്ചര്‍. രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകള്‍ ഉണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്റെ പേരില്‍ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയില്‍ പരാതി.

നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ജൂഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും പരിപാടികളില്‍ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ നല്‍കിയ പരാതി ലോകായുക്ത നാളെ പരിഗണിക്കും.

സ്‌പോര്‍ട്സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതില്‍ കൃത്രിമം കാട്ടിയ കൊല്ലം ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിലെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.

ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി അമല്‍ജിത്ത് കെ എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ എസ്, യു ഡി ക്ലര്‍ക്ക് നിതിന്‍ റോയ്, ഓഫീസ് അറ്റന്‍ഡന്റ് ഉമേഷ് പി എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. സമഗ്രമായ അന്വേഷണത്തിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സ്‌പോട്‌സ് കൗണ്‍സിലില്‍ പരിശോധന നടത്തിയത്.

മുഖ്യമന്ത്രിയെത്തുന്ന വേദിയില്‍ പ്രതിഷേധിക്കാന്‍ എത്തിയ നെയ്യാര്‍ഡാം സ്വദേശി അനില്‍കുമാറിനെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാര്‍ഡാം കിക്മ കോളേജില്‍ തുടങ്ങിയ കാലം മുതല്‍ ജോലി ചെയ്തിരുന്ന അനില്‍കുമാറിനെ അടുത്തിടെ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അപേക്ഷ നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെത്തുന്ന വേദിയില്‍ പ്രതിഷേധിക്കാന്‍ അനില്‍കുമാര്‍ എത്തിയതെന്ന് പോലിസ് പറഞ്ഞു.

കൊല്ലം ചിതറയില്‍ വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് നിന്നിരുന്ന പ്രതി അറസ്റ്റില്‍.

മാങ്കോട് സ്വദേശി സജീവനെയാണ് മല്‍പ്പിടുത്തത്തിനൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയതോടെ പൊലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയെല്ലാം പ്രതി ജനല്‍ ചില്ലുകള്‍ വലിച്ചെറിഞ്ഞു. വീടിന് പുറത്ത് അഴിച്ചു വിട്ടിരുന്ന നായയെ നായ്കളെ പരിശീലിപ്പിക്കുന്ന സംഘം ആദ്യം കെട്ടിയിട്ടു. ഇതിനു ശേഷമാണ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്.

ബത്തേരിയില്‍ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയെകൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സംസ്ഥാന സര്‍ക്കാര്‍

. ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തല്‍. ആനയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വനം വകുപ്പ് ഓഫീസ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് .

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി.

ഹോട്ടലില്‍ വൃത്തിഹീനമായ ഫ്രീസറുകള്‍ കണ്ടെത്തി.അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബത്തിന്റെ പരാതി.

തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തിലെ പക്ഷിപ്പനി സ്ഥിരീകരിച്ചു.

നാളെ മുതല്‍ പക്ഷികളെ കൊന്നു തുടങ്ങും. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ പെരുങ്ങുഴി ജംഗ്ഷന്‍ വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളിലെ പക്ഷികളെ കൊല്ലും.

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച കൊല്ലാന്‍ ശ്രമം.

തിരുവല്ല കോട്ടത്തോട് സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നീ യുവാക്കളെ റിമാന്‍ഡ് ചെയ്തു. ജോലികഴിഞ്ഞ് വരും വഴി യുവതിയെ സുഹൃത്തായിരുന്ന വിഷ്ണു അടുത്തേക്ക് വിളിച്ചു. ഇയാളോട് പ്രതികരിക്കാതെ മറ്റൊരു വഴിയിലുടെ മാറി നടന്നതോടെ എതിര്‍വശത്തുകൂടി കാറോടിച്ച് വന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ യുവതിയുടെ കയ്യൊടിഞ്ഞു. തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്.

കേരളത്തില്‍ നിന്ന് എം പിമാരായ എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍ എന്നിവര്‍ നിരീക്ഷകരാകും. എ പി അനില്‍കുമാര്‍, വി എസ് ശിവകുമാര്‍ എന്നിവരും പട്ടികയിലുണ്ട്.

മൈസൂരു ബിഷപ്പിനെതിരേ ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ചുമതലയില്‍ നിന്ന് നീക്കി

. മൈസുരു ബിഷപ്പ് കനികദാസ് എ വില്യംസിനെതിരെയാണ് വത്തിക്കാന്‍ നടപടിയെടുത്തത്. 2019-ല്‍ മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കിയത്. ബെംഗളുരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസിനാണ് പകരം ചുമതല.

അഴിമതി ആരോപിതനു പകരം അതിക്രമ കേസിലെ പ്രതി പഞ്ചാബില്‍ മന്ത്രിയാകും.

അഴിമതിയാരോപണത്തെ തുടര്‍ന്ന് രാജിവച്ച പഞ്ചാബ് മന്ത്രി ഫൗജ സിംഗ് സരാരിക്ക് പകരമാണ് അതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ട എംഎല്‍എ ഡോക്ടര്‍ ബല്‍ബിര്‍ സിംഗിനെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മന്ത്രിസഭയിലുള്‍പ്പെടുത്തിയത്. അതിക്രമ കേസില്‍ ബല്‍ബിര്‍ സിംഗിനെ കോടതി 8 മാസം മുന്‍പ് 3 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

റിയാദ് പ്രവിശ്യയിലെ അഫീഫില്‍ 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.

ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാരെ ബസില്‍നിന്ന് ഇറക്കി.

മക്കയില്‍ വീണ്ടും കനത്ത മഴ.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹറമിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തത്. ഒരാഴ്ചക്കിടയില്‍ പലപ്പോഴായി മക്ക നഗരത്തില്‍ ശക്തമായ മഴപെയ്തിരുന്നു. മുന്‍കരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഖോര്‍ഫക്കാനിലെ നിരവധി റോഡുകള്‍ അടച്ചു. ഷാര്‍ജയിലെ കുട്ടികളുടെ പാര്‍ക്കുകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് റഷ്യന്‍ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു.

ഗോവയില്‍ നിന്നും മുംബൈയിലേക്കുള്ള ഗോ എയര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസുമാരോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം. മറ്റു യാത്രക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും വിമാനത്തില്‍ നിന്ന് പുറത്താക്കി.

വിവാദങ്ങള്‍ക്ക് തിരി കൊളുത്തി ഹാരി രാജകുമാരന്റെ ആത്മകഥ.

ബ്രിട്ടീഷ് രാജകുടുംബത്തിലെ തമ്മിലടികളാണ് പുസ്തകത്തെ കൂടുതല്‍ വിവാദമാക്കുന്നത്. മേഗന്‍ മാര്‍ക്കല്‍ ഡയാന രാജകുമാരിയേപ്പോലെ ആളുകളുടെ ശ്രദ്ധ നേടുമെന്ന ആശങ്കയാണ് തങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതില്‍ നിന്ന് ചാള്‍സ് രാജാവിനെ പിന്തിരിപ്പിച്ചതെന്നാണ് ഹാരി രാജകുമാരന്റെ ആരോപണം. സഹോദരന്‍ വില്യമുമായുള്ള ബന്ധത്തില്‍ സംഭവിച്ച ഉലച്ചിലുകളെ കുറിച്ചും പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.

രാജ് കോട്ടില്‍ ഇന്ത്യക്ക് രാജകീയ വിജയം.

ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യക്ക് 91 റണ്‍സിന്റെ വിജയം, ഒപ്പം പരമ്പര വിജയവും. 51 പന്തില്‍ 112 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ഇന്ത്യ മുന്നോട്ടുവെച്ച 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 16.4 ഓവറില്‍ 137 റണ്‍സില്‍ എല്ലാവരും പുറത്തായി. സൂര്യകുമാര്‍ യാദവ് കളിയിലെ താരമായപ്പോള്‍ അക്സര്‍ പട്ടേല്‍ പരമ്പരയിലെ മികച്ച താരമായി.

ഇന്ത്യന്‍ ഫുട്ബോളില്‍ വമ്പന്‍ മാറ്റത്തിനായ് വിഷന്‍ 2047.

ഇന്ത്യന്‍ ഫുട്ബോളിന്റെ സമഗ്ര വികസനത്തിനായി ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനാണ് വിഷന്‍ 2047 അവതരിപ്പിച്ചത്. 2047ല്‍ ഇന്ത്യന്‍ പുരുഷ വനിതാ ടീമുകളെ ഏഷ്യയിലെ ആദ്യ 4 ടീമുകളില്‍ ഒന്നാക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ എല്ലാ ജില്ലകളിലും 50 മൈതാനങ്ങള്‍ വീതം 65000 മൈതാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം എന്നും ഭാരവാഹികള്‍ അറിയിച്ചു.

ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘ഡിയര്‍ വാപ്പി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.

‘അസറിന്‍ വെയിലല പോലെ നീ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. കൈലാസ് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് അയ്റാന്‍ ആണ്. നിരഞ്ജ് മണിയന്‍പിള്ള രാജുവും അനഘ നാരായണനുമാണ് മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് നിര്‍മാണം. മണിയന്‍പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടി ലെന കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘വനിത’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു.

ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കഥ പറയുന്ന ചിത്രം ഫാമിലി ഇന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും. റഹിം ഖാദര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലെനയെ കൂടാതെ സീമ ജി നായര്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം ഒരു കൂട്ടം യഥാര്‍ത്ഥ പൊലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജനുവരി 20 ന് തിയറ്ററുകളില്‍ എത്തും.

ഗ്രാന്‍ഡ് വിറ്റാര എസ്യുവിയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി.

മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി ഡെല്‍റ്റ എംടി, സെറ്റ എംടി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 12.85 ലക്ഷം രൂപ, 14.84 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. ഇതോടെ മാരുതി സുസുക്കി ഇപ്പോള്‍ 14 സിഎന്‍ജി മോഡലുകളാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. ഹൈറൈഡറിന്റെ സിഎന്‍ജി പതിപ്പും ടൊയോട്ട അവതരിപ്പിക്കും. 25,000 രൂപയ്ക്ക് ഹൈറൈഡര്‍ സിഎന്‍ജിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റോടുകൂടിയ 1.5 ലിറ്റര്‍, ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി പതിപ്പിന് കരുത്തേകുന്നത്. സിഎന്‍ജി മോഡില്‍, എഞ്ചിന്‍ 5,500 ആര്‍പിഎമ്മില്‍ 87.83 പിഎസ് പവറും 4,200 ആര്‍പിഎമ്മില്‍ 121.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേനയാണ് മുന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6