Skip to content

chithrodayamflashnews.com

November 30, 2026 3:13 am

MORNING NEWS

09JAN2023 MONDAY

കാസര്‍കോട് ഭക്ഷ്യവിഷ ബാധയേറ്റ് പത്തൊന്‍പതുകാരിയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്.

പെണ്‍കുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പെണ്‍കുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും പോസ്റ്റ്മോര്‍ട്ടം നടന്ന പരിയാരം മെഡിക്കല്‍ കോളേജില ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ച കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാല്‍ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നതെന്ന് തിരിച്ചറിയാന്‍ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങള്‍ നേരത്തെ രാസപരിശോധന നടത്താന്‍ അയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന നടത്തുന്നത്. കാസര്‍കോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബര്‍ 31 നാണ് അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓര്‍ഡര്‍ നല്‍കിയത്. ഭക്ഷണം കഴിച്ച്‌ പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. അടുത്ത ദിവസ രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ച കൂട്ടുകാര്‍ക്കും ആദ്യദിവസം സമാനമായ രീതിയില്‍ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ അല്‍ റൊമാന്‍സിയ ഹോട്ടലിന്റ ലൈസന്‍സ് റദ്ദാക്കിയിരുന്നു. അഞ്ജുശ്രീയുടെ മരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ്ഫക്ഷന്‍ സിന്‍ഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കൊടുങ്ങല്ലൂരില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു.

എറണാകുളം എടവനക്കാട് കുഴുപ്പിള്ളി സ്വദേശി ഷിഹില്‍ (30) ആണ് മരിച്ചത്.അപകടത്തില്‍ ഷിഹിലിന്റെ ഭാര്യ ജെസിലക്ക് (26) സാരമായി പരിക്കേറ്റു. ജെസിലെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് എടവിലങ്ങ് കുഞ്ഞയിനിയില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്നെ ബൈക്ക് ആദ്യം എതിരെ വന്ന ഓട്ടോ ടാക്സിയിലും പിന്നിട് മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടനെ ഷിഹിലിനെ ചന്തപ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യവീട്ടിലേക്ക് വരുന്ന വഴിയാണ് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്.

കൊല്ലം കണ്ണനല്ലൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു.

ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്. അയല്‍വാസിയാണ് സന്തോഷിനെ കുത്തിക്കൊന്നത്. മൂമൂന്ന് മണിയോടെയാണ് സംഭവം നടന്നത്.കൊലപാതകത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേരിക്കോണം സ്വദേശി പ്രകാശിനെ ആണ് കണ്ണനല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂര്‍ നരബലിയില്‍ പത്മ കൊലക്കേസിലെ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് സമര്‍പ്പിച്ചു

.ദൃക്സാക്ഷികളില്ലാത്ത കേസില്‍ 166 സാക്ഷികളുടെ മൊഴികളാണ് 1600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളും മനുഷ്യമാംസം കഴിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്.

നെയ്യാറ്റിന്‍കര ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് ഒപിയില്ലെന്ന ബോര്‍ഡ് വച്ചിരിക്കുകയാണ്.സംഭവത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിച്ചു. സ്ഥലത്ത് പ്രതിക്ഷേധവും സംഘര്‍ഷാവസ്ഥയും തുടരുന്നതിനിടയില്‍ ആരോഗ്യ കേന്ദ്രത്തില്‍ പൂവാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ഒരു ഡോക്ടറെ താല്‍ക്കാലികമായി ഒപിയില്‍ നിയമിച്ചു. ഡിഎംഒ ഇടപ്പെട്ടാണ് നിയമിച്ചത്. ഇതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു.

അനര്‍ഹര്‍ക്കുള്ള ആനുകൂല്യം ഒഴിവാക്കുന്നതിന്‍റെ പേരില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പെന്‍ഷനിലും സര്‍ക്കാരിന്‍റെ കടും വെട്ട്.സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തുമെന്നാണ് ഉത്തരവ്

. കേന്ദ്രനിയമപ്രകാരം 18വയസ്സിന് മുകളിലുള്ളവര്‍ക്കെ സ്ഥിര ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെ ആണ് ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികളോട് സര്‍ക്കാരിന്‍റെ ഈ നയം.ബിപിഎല്‍ കാര്‍ഡ് ഉള്ളവര്‍ക്കും,ഒരു ലക്ഷത്തില്‍ താഴെ വരുമാനം ഉള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുമാണ് പ്രതിമാസം 1600 രൂപ ഭിന്നശേഷി പെന്‍ഷന്‍. 40 ശതമാനം ഭിന്നശേഷിയാണ് മാനദണ്ഡം. എന്നാല്‍ ഈ രീതിയില്‍ പെന്‍ഷന്‍ വിതരണം ഇനി വേണ്ടെന്നാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. പെന്‍ഷന് വേണ്ടി സ്ഥിര ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോ, UDID കാര്‍ഡോ ഹാജരാക്കണം. എന്നാല്‍ കേന്ദ്രനിയമപ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. 5 വയസ്സ് വരെ, 5 മുതല്‍ 10 വയസ്സ് വരെ,10 മുതല്‍ 18 വയസ്സ് വരെയും താത്കാലികമായാണ് സര്‍ട്ടിഫിക്കറ്റ്. 18 വയസ്സിന് കഴിഞ്ഞാല്‍ മാത്രമെ സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് കിട്ടൂ. അതും കഴിഞ്ഞ് രണ്ട് വര്‍ഷം വേണം കേന്ദ്രസര്‍ക്കാരിന്‍റെ UDID കാര്‍ഡ് കൈയ്യില്‍ കിട്ടാന്‍.സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയതോടെ പല പഞ്ചായത്തുകളും പെന്‍ഷന്‍ തുടരാനാകില്ലെന്ന് അറിയിച്ച്‌ ഭിന്നശേഷി കുട്ടികള്‍ക്ക് കത്തയച്ച്‌ തുടങ്ങി. കുട്ടികളെ പരിപാലിക്കുന്നതിന് ജോലി വരെ ഉപേക്ഷിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ മുന്നിലേക്കാണ് ഇടിത്തീ പോലെ ഈ തീരുമാനമെത്തുന്നത്.

ശശി തരൂരിന്‍റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്‌എസില്‍ തര്‍ക്കം.

രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു.സുരേഷിനെ പിന്‍ഗാമിയാക്കാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം എതിര്‍ചേരി ഉന്നയിച്ചിരുന്നു. തരൂരിന്‍റെ സന്ദര്‍ശനത്തിനും ചുക്കാന്‍ പിടിച്ചത് സുരേഷാണെന്ന രീതിയിലും പ്രചാരണം ഉയര്‍ന്നിരുന്നു. തരൂരും സുകുമാരന്‍ നായരും സുരേഷും ചടങ്ങില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. വിമര്‍ശനങ്ങളെ നേരിടാന്‍ സുകുമാരന്‍ നായര്‍ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് സൂചന. രജിസ്ട്രാറുടെ ചുമതല നിലവില്‍ ജനറല്‍ സെക്രട്ടറി തന്നെ വഹിക്കും.അതിനിടെ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷമായ കടന്നാക്രമണം നടത്തിയും ,ശശി തരൂരിനെ പ്രശംസയാല്‍ മൂടിയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. പ്രധാനമന്ത്രിയാകാന്‍ വരെ യോഗ്യനായ വ്യക്തിയാണ് ശശി തരൂര്‍ എന്ന് സുകുമാരന്‍ നായരെന്ന് ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.ചെന്നിത്തലയെ ഉയര്‍ത്തി കാണിച്ചതാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചക്ക് കാരണം. സമുദായത്തെ തള്ളിപ്പറഞ്ഞ നേതാവാണ് വി ഡി സതീശന്‍. തരൂരിനെ എന്‍ എസ് എസ് പരിപാടിക്ക് വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ട്. അത് അവരുടെ അല്‍പ്പത്തരം ആണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ വില്‍ക്കുന്നവരെ പൊലീസ് പിടികൂടി.

ഹോട്ടലിന്‍റെ മറവിലായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ കച്ചവടം നടത്തിയിരുന്നത്. വര്‍ക്കല സ്വദേശിയും ഷാജൂസ് ഹോട്ടലിന്റെ ഉടമയുമായ ഷാജു, വര്‍ക്കല സ്വദേശിയായ സജീവ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഒളിവില്‍ പോയ ഹോട്ടലുടമയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു.

ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.

പരാതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും എ കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറ‍ഞ്ഞു.ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുളള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ സര്‍ക്കാരിന് മുന്നിലെത്തിയത് 63500 പരാതികളാണ്. ഇതില്‍ 24528 പരാതികള്‍ തീര്‍പ്പാക്കി. മറ്റുളളവ പരിശോധിച്ച്‌ തീര്‍പ്പാക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. നാളെ ചേരുന്ന വിദഗ്ധ സമിതി ഇതുവരെയുളള നടപടികളുടെ പുരോഗതി വിലയിരുത്തും. ഒരു വട്ടം സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഇനിയും പരാതി നല്‍കുന്നതിന് സമയം നല്‍കേണ്ടതില്ല. ഇതുവരെ കിട്ടിയ പരാതികള്‍ പലതും അനാവശ്യ പരാതികളെന്നും പരിശോധനയില്‍ ബോധ്യമായി. സമയപരിധി നീട്ടി നല്‍കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും എ കെ ശശീന്ദ്രന്‍ പറ‍ഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതി വരുന്ന ബുധനാഴ്ച പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കേസില്‍ കക്ഷി ചേരാനുളള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍, ബഫര്‍സോണ്‍ മേഖലകളില്‍ നടത്തിയ ഉപഗ്രഹ സര്‍വേ എന്നിവയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കാനാണ് നീക്കം. ബഫര്‍ സോണ്‍ മേഖലകളില്‍ നേരിട്ടുളള പരിശോധന പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യവും കേരളം ഉന്നയിക്കും.

കൊല്ലം കരുനാഗപ്പളളിയില്‍ രണ്ടു ലോറികളില്‍ കടത്തിയ ഒരു കോടി രൂപയുടെ നിരോധിത പാന്‍മസാല പൊലീസ് പിടികൂടി.

ലോറി ഡ്രൈവര്‍ കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി തൗസീഫ് പിടിയിലായി. സവാള ചാക്കുകള്‍ മുകളില്‍ അടുക്കിയ നിലയിലായിരുന്നു പാന്‍മസാല സൂക്ഷിച്ചിരുന്നത്. മറ്റൊരു ലോറി ഡ്രൈവര്‍ പൊലീസിനെ വെട്ടിച്ചുകടന്നുകളഞ്ഞു. ഒന്നേകാല്‍ ലക്ഷം പാന്‍മസാല പാക്കറ്റുകള്‍ ലോറിയില്‍ നിന്നും പിടിച്ചെടുത്തത്.കഴിഞ്ഞ ഒക്ടോബറില്‍ കാസര്‍കോട് പിക്കപ്പില്‍ കടത്തുകയായിരുന്നു 24 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂിയിരുന്നു. ഉള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ അറുപതിനായിരം പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസ് നടത്തിയ പരിശോധനയില്‍ മലപ്പുറം വളാഞ്ചേരി സ്വദേശി ഉദയചന്ദ്രന്‍, വളാംകുളം സ്വദേശി അബ്‍ദുള്‍ ലത്തീഫ് എന്നിവര്‍ പിടിയിലായിരുന്നു. മംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ട് വരികയായിരുന്നു പാന്‍ മസാല.

നോണ്‍ വെജ് വിവാദങ്ങള്‍ക്ക് പിന്നില്‍ ലോബിയിംഗ് നടക്കുന്നുണ്ടെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി.

വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു. ഊട്ടുപുരയില്‍ രാത്രിയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായിയെന്നും പഴയിടം പറയുന്നു. ലോബിയിംഗിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി, സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധക്ക് പിന്നില്‍ മാംസ ഭക്ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പിന്മാറുകയാണെന്നും ദേശീയ ശാസ്ത്രമേളയില്‍ നിന്ന് പിന്മാറിയെന്നും അദ്ദേഹം അറിയിച്ചു.സ്കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലാണ്. കലകള്‍ അവതരിപ്പിക്കാനെത്തിയ കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും ജാതിയുടെയും വര്‍ഗീയതയുടെയും വിഷം കുത്തിവയ്ക്കുകയാണ്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ഇത്രയും നാള്‍ അടുക്കളയിലുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമാകുകയും ചെയ്തുവെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞു. 26 മുതല്‍ തൃശൂരില്‍ തുടങ്ങുന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ നിന്നും പിന്മാറിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരാണ് പരിപാടിയുടെ സംഘാടകര്‍.അതേസമയം, സ്കൂള്‍ കലോത്സവത്തിലെ പാചകപ്പുരയുടെ ചുമതലക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. പഴയിടം ഏറ്റവും ഭംഗിയായി തന്‍റെ ചുമതല വഹിച്ചുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല.വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമര്‍ശനം അഴിച്ചു വിടുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരവരുടേത് മാത്രമാണ്. പങ്കെടുത്ത കുട്ടികള്‍ക്ക് പ്രശ്നങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

കൊല്ലം ചിതറയില്‍ സിഐടിയു പ്രവര്‍ത്തകര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ വ്യാപാര സംഘടനകള്‍

.നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ പൊലീസ് ജാമ്യത്തില്‍ വിട്ടത് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നാണ് ആരോപണം. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് മര്‍ദ്ദനമേറ്റ ഷാനും ആവശ്യപ്പെട്ടു.നിലമേലിലെ യൂണിയന്‍ കോര്‍പ്പ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഷാനിന് മര്‍ദ്ദനമേറ്റ വിഷയം വലിയ ചര്‍ച്ചയായതോടെയാണ് ഇന്നലെ വൈകിട്ട് അഞ്ച് സിഐടിയു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സിഐടിയു പ്രവര്‍ത്തകരായ പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനന്‍ പിള്ള എന്നിവരെയാണ് പിടികൂടിയത്. പക്ഷേ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉടന്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇത്ര വലിയ അതിക്രമം നടന്നിട്ടും, പൊലീസ് നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ ആരോപണം.അതേസമയം ഷാന്‍ നല്‍കിയ മൊഴി പ്രകാരമാണ് കേസെടുത്തതെന്നാണ് ചടയമംഗലം പൊലീസിന്റെ വിശദീകരണം. അന്യായമായി സംഘം ചേരല്‍, അതിക്രമിച്ചു കടന്ന് മര്‍ദ്ദിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ 13 പ്രതികളുണ്ടെങ്കിലും ഷാനിനെ മര്‍ദ്ദിച്ചത് 8 പേര്‍ മാത്രമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം.

ബസ് തടഞ്ഞുനിര്‍ത്തി ചില്ലടിച്ചു തകര്‍ത്തു.ഡ്രൈവര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. കൊടുവള്ളി – സിഎം മഖാം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹിറ ബസിനു നേരെ ആണ് ആക്രമണം നടത്തിയിരിക്കുന്നത്. സമാന്തര സര്‍വീസ് ചോദ്യം ചെയ്തതിനാണ് ആക്രമണം എന്ന് ബസ്സ് ഡ്രൈവര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന ആളുകള്‍ ആണ് ആക്രമിച്ചത് എന്ന് ഡ്രൈവര്‍ അജയ് വ്യക്തമാക്കി.

ഇടുക്കിയില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധന.

നെടുംകണ്ടം ക്യാമല്‍ റെസ്റ്റോ ഹോട്ടലിലാണ് പരിശോധന നടത്തിയത്. ക്യാമല്‍ റെസ്റ്റോ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെയാണെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. രജിസ്ട്രേഷന്‍ മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തല്‍. ഷവര്‍മ വില്പന നടത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. നെടുംകണ്ടം ക്യാമല്‍ റെസ്റ്റോ ഹോട്ടലിലെ ജീവനക്കാരില്‍ ആറ് പേറുടെ ഹെല്‍ത്ത്‌ കാര്‍ഡ് കാലാവധി അവസാനിച്ചതാണെന്നും ക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. പോരായ്മകള്‍ പരിഹരിച്ച ശേഷം ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തും. അതിന് ശേഷമേ ഹോട്ടല്‍ തുറക്കാവൂ എന്ന് നിര്‍ദേശം നല്‍കി. ഹോട്ടല്‍ ആരോഗ്യ വിഭാഗം ഇന്നലെ തന്നെ അടപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴ് വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടര്‍ന്ന് മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ.

പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയില്‍ സ്കൂളില്‍ ആണ് ഭക്ഷ്യ വിഷബാധ.13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചിക്കന്‍ ബിരിയാണി കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.

ഭക്ഷ്യസുരക്ഷ പരിശോധനക്ക് പിന്നാലെ പത്തനംതിട്ടയില്‍ രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടി

. അടൂര്‍ ബൈപ്പാസിലെ അല്‍ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്.അഞ്ച് ഹോട്ടലുകള്‍ക്ക് പിഴച്ചുമത്തി. ജില്ലയില്‍ ഇന്ന് 16 ഇടങ്ങളിലാണ് സ്പെഷ്യല്‍ സ്ക്വാര്‍ഡിന്റെ പരിശോധന നടന്നത്.

സാങ്കേതിക വിദ്യാഭ്യാസ വിദഗ്ദന്‍ പ്രൊഫ. കെ.കെ.അബ്ദുല്‍ ഗഫാറിന്‍റെ ആത്മകഥ ‘ഞാന്‍ സാക്ഷി’ പ്രകാശനം ചെയ്തു

.ബേക്കല്‍ താജിന്‍റെ പുല്‍തകിടിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, ദുബായ് ഹെല്‍ത്ത് അതോറിറ്റി സിഇഒ ഡോ. മര്‍വാന്‍ അല്‍ മുല്ലയ്ക്ക് ആദ്യ കോപ്പി നല്‍കി. ചടങ്ങിനെത്തിയ നടന്‍ ടൊവിനോ തോമസ് അടക്കമുള്ള മറ്റ് പ്രമുഖര്‍ക്കും ധോണി തന്നെ ‘ഞാന്‍ സാക്ഷിയുടെ’ കോപ്പികള്‍ സമ്മാനിച്ചു.ആത്മസുഹൃത്ത് ഡോ. ഷാജിര്‍ ഗഫാറിന്‍റെ പിതാവിന്‍റെ ആത്മകഥയുടെ പ്രകാശനത്തിന് സ്വദേശമായ റാഞ്ചിയില്‍ നിന്നാണ് ധോണി എത്തിയത്. റാഞ്ചിയില്‍ നിന്ന് മുംബൈ വഴി മംഗലാപുരത്തെത്തിയ ധോണി അവിടെ നിന്ന് റോഡ് മാര്‍ഗമാണ് കാസര്‍കോട് എത്തിയത്. ആത്മകഥ പ്രകാശനത്തിനായി മാത്രം കേരളത്തില്‍ എത്തിയ ധോണി ഞായറാഴ്ച മടങ്ങും.

അധ്യാപകരെയും അധ്യാപനവൃത്തിയേയും വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി.

പ്രൊഫസര്‍ കെ.കെ. അബ്ദുല്‍ ഗഫാറിന്‍റെ ആത്മകഥ ‘ഞാന്‍ സാക്ഷി’ പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ അധ്യാപകരുടെ വിലമതിക്കാനാവാത്ത പങ്കിനെപ്പറ്റി ധോണി ഓര്‍മ്മിപ്പിച്ചത്.
അധ്യാപകനായിരുന്ന പ്രൊഫ. അബ്ദുല്‍ ഗഫാര്‍ പിന്നിട്ട യാത്രയെ കുറിച്ച്‌ ഈ ആത്മകഥ ഉള്‍ക്കാഴ്ച പകരും. വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളും എങ്ങനെ മാറിയിരിക്കുന്നുവെന്നും അത് വ്യക്തമാക്കും. അധ്യാപനം ഒരു കലയാണെന്ന അഭിപ്രായമാണ് എനിക്ക്. ഒരു അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്ര ലളിതമായാണ് പാഠങ്ങള്‍ പകരുക. ഒരു ക്ലാസ്സിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും ബുദ്ധിനിലവാരം വ്യത്യസ്തമായതുകൊണ്ട് അധ്യാപകര്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയിലേക്കും പോകേണ്ടി വരും.വിദ്യാര്‍ത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതോടൊപ്പം അവരുടെ കഴിവുകളും ബലഹീനതകളും പറഞ്ഞുകൊടുക്കുകയും ചെയ്യുന്നവരാണ് അധ്യാപകര്‍. അതുകൊണ്ട് തന്നെ ഒരു തൊഴില്‍ മേഖലയെന്നതിനേക്കാള്‍ ഒരു കലയാണ് അധ്യാപനം-ധോണി പറഞ്ഞു. സ്കൂള്‍ വിദ്യാഭ്യാസത്തിലുടനീളം ലഭിച്ച അധ്യാപകരുടെ വലിയ ആരാധകനാണ് താനെന്നും ധോണി വെളിപ്പെടുത്തി. “ഞാന്‍ ഒരിക്കലും ഒരു കോളേജില്‍ പോയിട്ടില്ല, എങ്കിലും നന്നായി കാര്യങ്ങള്‍ ചെയ്തുവെന്ന് കരുതുന്നു.

ആത്മമിത്രവും സംരംഭകനുമായ ഡോ. ഷാജിര്‍ ഗഫാറിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പിതാവിന്റെ പുസ്തക പ്രകാശന ചടങ്ങിനായി കാസര്‍കോട് എത്തിയ ധോണി ഗൗരവം വെടിഞ്ഞു തമാശകള്‍ക്കും സമയം കണ്ടെത്തി. ഡോക്ടര്‍ ആണെങ്കിലും മുതിര്‍ന്ന മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ. ഷാജിറിനെ ആദ്യം കണ്ടപ്പോഴുള്ള സംഭാഷണം പങ്കുവച്ചായിരുന്നു ധോണി ചിരി പടര്‍ത്തിയത്.
“ആദ്യം കണ്ടപ്പോള്‍ ഡോക്ടര്‍ ഷാജിര്‍ എന്നോട് പറഞ്ഞു, ഞാന്‍ ഒരു ഡോക്ടറാണ്, പക്ഷേ പ്രാക്ടീസ് ചെയ്യുന്നില്ലെന്ന്. എനിക്കും ഡോക്ടറേറ്റ് ഉണ്ടെന്നും ഞാനും പ്രാക്ടീസ് ചെയ്യുന്നില്ലെന്നുമായിരുന്നു എന്റെ മറുപടി. അതുകൊണ്ട് നമ്മള്‍ രണ്ടും ഒരേ നിലയിലാണെന്നും ഞാന്‍ പറഞ്ഞു,” ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കപ്പെട്ട ധോണി ഇത്രയും പറഞ്ഞപ്പോഴേക്കും ഡോ. ഷാജിര്‍ അടക്കം വേദിയിലും സദസിലുമുണ്ടായിരുന്നവര്‍ക്ക് ചിരിയടക്കാനായില്ല.

വിവാഹത്തില്‍ നിന്നും പിന്‍മാറിയ യുവാവിനേയും അമ്മയേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വീടുകയറി ആക്രമിച്ചു

.വര്‍ക്കല അയിരൂര്‍ സ്വദേശികളായ ശാലിനിക്കും മകന്‍ നന്ദുവിനുമാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ അയിരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമിസംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ മധ്യവയസ്കന്‍റെ കാഴ്ച പോയ സംഭവത്തിലെ പ്രതിയെ പിടികൂടി.

പൊതുസ്ഥലത്തിരുന്നള്ള മദ്യപാനം ചോദ്യം ചെയ്തതിന് പിന്നാലെ നടന്ന അക്രമത്തിലാണ് പനയറവിളാകം സജി ഭവനില്‍ സജി (44)ക്ക് പരിക്കേറ്റത്. കഴിഞ്ഞവര്‍ഷം ക്രിസ്മസ് ദിനം രാത്രി 9.30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. മാറനല്ലൂര്‍ പൊങ്ങുമ്മൂട് കൂവളശ്ശേരി നവോദയ ലൈനില്‍ വിഷ്ണു എന്ന് വിളിക്കുന്ന ജോണി (26) ആണ് അറസ്റ്റിലായത്. കാട്ടുവിള റോഡിന്‍റെ വശത്തിരുന്ന് സംഘം ചേര്‍ന്ന് മദ്യപിക്കരുത് എന്ന് പറഞ്ഞതിനുള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണമായത്. ജോണിയുടെ ആക്രമണം തടയുന്നതിനിടെ സജിയുടെ കണ്ണിന് പരിക്കേല്‍ക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു കാട്ടാക്കട ഡിവൈഎസ്പി എസ്. അനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം വിളപ്പില്‍ശാല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.വി.ജയപാലന്‍ ആത്മഹത്യ ചെയ്തു.

പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുഹൃത്തുകള്‍ക്ക് കുറിപ്പ് എഴുതി അയച്ച ശേഷമാണ് ആത്മഹത്യ.കൊഴിഞ്ഞാമ്പറ സ്വദേശിയാണ് കെ.വി ജയപാലന്‍. ആറാം തീയതിയാണ് ഇദ്ദേഹം ഈ കുറിപ്പ് സുഹൃത്തുകള്‍ക്ക് അയച്ചത്. പിന്നീട് ഏഴാം തീയതിയാണ് ഇദ്ദേഹത്തെ സ്വന്തം വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ബാലവേലയെന്നാരോപിച്ച്‌ എറണാകുളം ശിശുക്ഷേമ സമിതി സംരക്ഷണത്തില്‍ പാര്‍പ്പിച്ച കുട്ടികളെ ഹൈക്കോടതി രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

.ഒരു മാസത്തിനു ശേഷം അച്ഛനമ്മമാരുടെ അടുത്തേക്കെത്തിയതിന്‍റെ സന്തോഷത്തിലാണ് വിഷ്ണുവും വികാസുമുള്ളത്. കഴിഞ്ഞ നവംബര്‍ 29 നാണ് രാജസ്ഥാന്‍ സ്വദേശികളായ മുകേഷ് ബാവറിയ സഹോദരന്‍ പാപ്പു ബാവറിയ എന്നിവരുടെ ആറും ഏഴും വയസുള്ള വിഷ്ണു, വികാസ് എന്നീ കുട്ടികളെ ശിശുക്ഷേമ സമിതി എറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയത്.രാജസ്ഥാനില്‍ നിന്ന് എത്തി പേനയും വളയും പൊട്ടും ബലൂണുകളുമൊക്കെ തെരുവില്‍ വിറ്റായിരുന്നു ഇവരുടെ ഉപജീവനം. കച്ചവട സമയത്ത് കുട്ടികളും മാതാപിതാക്കളോടൊപ്പമുണ്ടാകും. ഇത് ബാലവേലയാണെന്നാരോപിച്ചാണ് കുട്ടികളെ ശിശുക്ഷേമ സമിതി മാതാപിതാക്കളുടെ സമ്മതമില്ലാതെ ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയത്.പല തവണ ആവശ്യപെട്ടിട്ടും കുട്ടികളെ വിട്ടുകിട്ടാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഭക്ഷ്യവിഷബാധ തടയാന്‍ വിചിത്ര നിര്‍ദ്ദേശവുമായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍

.ഹോട്ടലുകളില്‍ നിന്ന് ഷവര്‍മ പോലുള്ള ഭക്ഷണ സാധനങ്ങള്‍ പാഴ്സല്‍ കൊടുക്കുന്നത് നിര്‍ത്തണം. ഹോട്ടലില്‍ വച്ച്‌ തന്നെ ഭക്ഷണം കഴിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിയമനടപടികള്‍ വൈകുന്നത് ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാനിടയാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.

വിവരങ്ങള്‍ കൃത്യസമയത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ലെന്നാണ് കണ്ടെത്തല്‍. അഞ്ജുശ്രീ മരിച്ചത് സംബന്ധിച്ച്‌ വ്യക്തത വരുത്താനായി കെമിക്കല്‍ അനാലിസിസ് പരിശോധന നടത്തും.പെണ്‍കുട്ടി രണ്ട് പ്രാവശ്യം ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധ സംശയിച്ചാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെ അറിയിക്കണമെന്നാണ് ചട്ടം. ജനുവരി ഒന്നിനും അഞ്ചിനും പെണ്‍കുട്ടി ചികിത്സ തേടിയിട്ടും ഭക്ഷ്യവിഷബാധ സംശയിക്കുന്നത് സംബന്ധിച്ച്‌ ആരോഗ്യ വിഭാഗത്തിന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സ്വന്തം വീട്ടുകാരെ പേടിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കാണിച്ച അതിബുദ്ധി കാരണം വിഴിഞ്ഞം, നെയ്യാറ്റിന്‍കര പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പൊലീസും ഒരു ദിവസം മുഴുവനും വെള്ളം കുടിച്ചു

.രാത്രിയില്‍ ബൈക്കിലെത്തി ആഴിമല കടല്‍ത്തീരത്തേക്ക് ഇറങ്ങിപ്പോയ യുവാവിനെ കാണാതായതായി സംശയം പടര്‍ന്നിരുന്നു. കടല്‍ക്കരയില്‍ നിന്ന് പൊലീസുകാരനായ യുവാവിന്‍റെ ബൈക്ക് ചാവി ഉള്‍പ്പെടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതും സംശയം ബലപ്പെടുത്തി. ഇതോടെയാണ് അധികൃതര്‍ കടലും കരയും അരിച്ച്‌ പെറുക്കിയത്.ഇതിനിടയിലാണ് ആഴിമലയില്‍ നിന്ന് മുങ്ങിയ പൊലീസുകാരനെ പാലക്കാട് നിന്ന് കണ്ടെത്തിയെന്ന വാര്‍ത്ത എത്തുന്നത്. വിവരം വലിയ ആശ്വാസത്തിനാണ് വഴി തെളിച്ചത്. വെണ്‍പകല്‍ സ്വദേശിയും പൂജപ്പുരയില്‍ വിജിലന്‍സ് ഓഫീസ് ഡ്രൈവറുമായ ഗിരീഷ് രാജ് (36) ആണ് വീട്ടുകാരെയും അധികൃതരെയും വട്ടം കറക്കിയത്. വീട്ടുകാരോടുള്ള അഭിപ്രായ വ്യത്യാസത്തില്‍ പിണങ്ങിയ ഇയാള്‍ വീട്ടില്‍ ആത്മഹത്യക്കുറിപ്പും എഴുതി വച്ചശേഷം ബൈക്കുമായി ഇറങ്ങിപ്പോവുകയായിരുന്നു. സ്വന്തം നിലയിലെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ബണ്ഡുക്കള്‍ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇടുക്കി അടിമാലിയില്‍ മദ്യപിച്ച മൂന്ന് യുവാക്കള്‍ക്ക് ശാരീരിക അസ്വസ്ഥത.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മൂന്ന് യുവാക്കളെയും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടര്‍ന്നാണ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

തൊഴുത്തിന്റെ തൂണ്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു

. മാന്നാര്‍ കുരട്ടിശേരി കോലടത്ത് വീട്ടില്‍ ഗൗരിശങ്കറാണ് മരിച്ചത്.വീടിന് സമീപം ഉപയോഗിക്കാതെ കിടന്ന തൊഴുത്തിന്റെ തൂണില്‍ കെട്ടിയിരുന്ന അയയില്‍ വലിച്ചു കളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു. തൂണിനടിയില്‍ പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗവണ്മെന്റ് ജെ ബി സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് ഗൗരിശങ്ക‍ര്‍. അച്ഛന്‍ :സുരേഷ് നായര്‍ അമ്മ :ശ്രീവിദ്യ

കണ്ണൂര്‍ ധര്‍മടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.

ആയിഷ ഹൗസില്‍ ആഷിഫിനെയാണ് അനുജന്‍ അഫ്സല്‍ കുത്തി കൊന്നത്.ധര്‍മ്മടം ചിറക്കുനിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ആഷിഫ് മരിച്ചത്. അഫ്സലിനെ ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മടം ചിറക്കുനിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടില്‍ മദ്യപിച്ചെത്തിയ ആഷിഫ് വീട്ടിലെ സാധനകള്‍ തകര്‍ക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കത്തിയെടുത്ത് അനുജന്‍ അഫ്സലിന്റെ കൈക്ക് കുത്തുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മില്‍ മല്‍പ്പിടുത്തം നടന്നു. പിന്നീടാണ് അഫ്സല്‍ ജേഷ്ഠനെ കുത്തി പരിക്കേല്‍പ്പിച്ചത്. വയറിനാണ് കുത്തേറ്റത്.

അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ദേശീയ നേതാക്കളാവര്‍ത്തിക്കുമ്ബോഴും, കേരളാ ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ക്ക് അവസാനമായില്ലെന്ന് സൂചന

.നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെ, ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന വാര്‍ത്ത പാര്‍ട്ടി പത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ചില്ല. വിഷയം ചര്‍ച്ചയായതോടെ പരിശോധിക്കുമെന്ന് ജന്മഭൂമി എംഡി പ്രതികരിച്ചു. കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ ബിജെപിയില്‍ അഭിപ്രായ വ്യത്യാസമെന്ന നിലയില്‍ വിലയിരുത്തലുകള്‍ പ്രചരിക്കുന്നതിനിടെയാണ് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിക്കാതിരുന്നത്. ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ നടപടി സുരേന്ദ്രനോടുള്ള എതിര്‍പ്പിന്‍റെ സൂചനയായാണ് വിലയിരുത്തല്‍.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍

.കമ്മറ്റിയിലെ പോരായ്മ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ ആരും മൂക്കുകയര്‍ ഇട്ടിട്ടില്ല. അതിന് ശ്രമിച്ചാല്‍ നില്‍ക്കുകയും ഇല്ല. തന്റെ യൂത്ത് കോണ്‍ഗ്രസ് പ്രായപരിധി കഴിഞ്ഞു. അടുത്ത ടേമില്‍ ചുമതലയില്‍ ഉണ്ടാവില്ലെവന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം ചേ‍ര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന യോഗത്തില്‍ വച്ച്‌ ഷാഫ് പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം.

പതിനെട്ടുവര്‍ഷം താന്‍ ആര്‍എസ്‌എസുകാരനായിരുന്നെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

എന്നാല്‍ നായര്‍ക്ക് ആര്‍എസ്‌എസിനെക്കാള്‍ നല്ല ഇടം എന്‍എസ്‌എസ് ആണെന്ന് മനസിലായി. എന്‍എസ്‌എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല. ഞങ്ങള്‍ എപ്പോഴും സമദൂരനയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ബിജെപിയുടെ ഭാവി സംബന്ധിച്ച ചോദ്യത്തിന് സുകുമാരന്‍ നായരുടെ മറുപടി ഇങ്ങനെ; ഒരു ദിവസം കൊണ്ട് രാഷ്ട്രീയം മാറാം. ഇന്ത്യയില്‍ ബിജെപി ഇത്രയും ശക്തമാകുമെന്ന് ആരെങ്കിലും കരുതിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.ആര്‍ക്കും വലിയ പ്രയോജനമില്ലെങ്കിലും കോണ്‍ഗ്രസിന് ഒരു സംസ്‌കാരവും പെരുമാറ്റവും ഉണ്ട്. ഇതുപറയുന്നത് കൊണ്ട് തന്നെ കോണ്‍ഗ്രസുകാരനെന്ന് വിളിക്കരുത്. ജനങ്ങളോടുള്ള സമീപനത്തില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാല്‍ക്കല്‍ ഒരിക്കല്‍ എന്‍എസ്‌എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ നിലവിലെ എന്‍എസ്‌എസ് നേതൃത്വത്തിന് ആര്‍എസ്‌എസ് നേതൃത്വവുമായി യാതൊരു സൗഹൃദവും ഇല്ല. രാജ്യത്തെ ഏക ഹിന്ദുപാര്‍ട്ടിയെന്നാണ് ബിജെപി സ്വയം അവകാശപ്പെടുന്നത്. എന്നാല്‍ ഹിന്ദുക്കളെ സംരക്ഷിക്കാനാണ് ബിജെപി നിലനില്‍ക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബിജെപിയുടെ നിലപാട് സത്യമായിരുന്നെങ്കില്‍ ശബരിമല സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ ഇപ്പോള്‍ ചരിത്രമായി മാറുമായിരുന്നോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.

റിയാസിന്‍റെ ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്..മന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു.മുസ്ലിം മുഖ്യമന്ത്രിയെ ഇടതുപക്ഷം സ്വപ്നം കാണുന്നു.ലീഗിന്‍റെ മെഗാഫോണായി റിയാസ് പ്രവര്‍ത്തിക്കുന്നു.കലോത്സവ സ്വാഗത ഗാനത്തില്‍ വര്‍ഗീയത അത് കേട്ടവര്‍ക്ക് തോന്നിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

മര്‍ദിച്ചെന്ന പരാതിക്ക് പിന്നാലെ തൊടുപുഴ ഡിവൈഎസ്‍പിക്ക് എതിരെ കൂടതല്‍ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരന്‍ മുരളീധരന്‍

.ഇടനിലക്കാരെ വിട്ട് കൊല്ലുമെന്ന് തൊടുപുഴ ഡിവൈഎസ്‍പി എം ആര്‍ മധുബാബു ഭീഷിണിപ്പെടുത്തിയെന്നാണ് മുരളീധരന്‍റെ പരാതി. ജീവന് ഭീഷണിയെന്ന് കാണിച്ച്‌ മുരളീധരന്‍ ഇടുക്കി എസ്‍പിക്ക് പരാതി നല്‍കി.തന്നെ മര്‍ദിച്ച കേസില്‍ ഡിവൈഎസ്‍പിക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ത്യപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ മുരളീധരന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടനിലക്കാര്‍ ഭീഷണിയുമായി തന്നെ സമീപിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്മാറിയാല്‍ പണം നല്‍കാമെന്നായിരുന്നു ഇടനിലക്കാരുടെ വാഗ്ദാനം.

കോഴിക്കോട് മുഖ്യ ഖാസിയായിരുന്ന കെ.വി. ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പില്‍ മൂസബറാമിന്‍റകത്ത് അന്തരിച്ചു.

കോഴിക്കോട് ഖാസി പള്ളിവീട്ടില്‍ മാമുക്കോയ ഖാസിയുടെ മകനാണ്. 50 വര്‍ഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരന്‍ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടര്‍ന്ന് 2009-ലാണ് ഇമ്പിച്ചമ്മദ് ഹാജി ഖാസിയായി ചുമതലയേറ്റത്.

ദേശീയം

ജോഷിമഠിലെ ദുരിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു.

ഭൂമി ഇടിഞ്ഞ് താഴുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.ഉത്തരാഖണ്ഡിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോഷിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കും.അതേസമയം, സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.ജോഷിമഠില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും, ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തില്‍.

സ്ത്രീകള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാലും പുരുഷന്‍മാരുടെ അശ്രദ്ധ മൂലവും സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രണത്തിലാകില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.ശനിയാഴ്ച നടന്ന സമാധാന യാത്രയ്ക്കിടയില്‍ വൈശാലിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം. “സ്ത്രീകള്‍ പഠിച്ചാല്‍ തന്നെ പ്രത്യുല്‍പാദന നിരക്ക് കുറയും. ഇതാണ് യാഥാര്‍ത്ഥ്യം. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരല്ല. എല്ലാ ദിവസവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ട കാര്യമില്ലെന്നത് പുരുഷന്‍മാര്‍ മനസ്സില്‍ സൂക്ഷിക്കുന്നില്ല” നിതീഷ് കുമാര്‍ പറഞ്ഞു

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ ബിജെപിയെ നേരിടാന്‍ പുതിയ സാധ്യതകള്‍ തേടി സമാജ്‍വാദി പാര്‍ട്ടി.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദുമായി അഖിലേഷ് യാദവ് ഇന്നലെ ചര്‍ച്ച നടത്തിയത് ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യസാധ്യത ശക്തിപ്പെടുത്തിയിട്ടുണ്ട്. പിന്നോക്ക വിഭാഗക്കാരെ ബിജെപി ഉപയോഗിക്കുകയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ചന്ദ്രശേഖര്‍ ആസാദ് വി‍മര്‍ശിച്ചു.സീറ്റ് വീതം വെപ്പില്‍ ധാരണയിലെത്താഞ്ഞതോടെയാണ് ഇക്കഴിഞ്ഞ നിയമസഭ തെര‍ഞ്ഞെടുപ്പില്‍ ഭീം ആര്‍മി – എസ്.പി സഖ്യ ചര്‍ച്ചകള്‍ പൊളിഞ്ഞത്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കെ സഖ്യ സാധ്യതകള്‍ വീണ്ടും തേടുകയാണ് അഖിലേഷ് യാദവ് . ഇന്നലെ ലക്നൗവില്‍ വച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയത്.

ഉത്തരേന്ത്യയില്‍ കൊടും ശൈത്യം തുടരുന്നു.

പല സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് കനത്തു.ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റി. മൂടല്‍മഞ്ഞ് കാരണം ദില്ലി ഇന്ന് വിമാനത്താവളത്തില്‍ 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ത്യയില്‍ 42 തീവണ്ടികളാണ് വൈകി ഓടുന്നത്. ദില്ലിയില്‍ തെരുവില്‍ കഴിയുന്നവരെ താല‍്‍കാലിക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി. രണ്ട് ദിവസം കൂടി ശൈത്യതരംഗം തുടരും.

ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് മൈസുരു ബിഷപ്പിനെതിരെ നടപടി.

ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കിയത്. ബെംഗളുരു മുന്‍ ആര്‍ച്ച്‌ ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസിനാണ് പകരം ചുമതല.2019-ല്‍ മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച്‌ വത്തിക്കാന് കത്ത് നല്‍കിയത്. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീയും പരാതി നല്‍കിയിരുന്നു. സഭാ ഫണ്ടില്‍ തിരിമറി നടത്തിയെന്നത് തൊട്ട്, വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങള്‍ വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ പരാതി നല്‍കിയ ഈ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റി. ഇതും വന്‍ വിവാദമായി.ഇതെല്ലാം പരിഗണിച്ചാണ് വിശദമായ അന്വേഷണം നടത്തി മൂന്നരക്കൊല്ലത്തിന് ശേഷം ബിഷപ്പ് വില്യംസിനെ വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കുന്നത്. ബിഷപ്പിനോട് അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പകരം ചുമതലയേല്‍ക്കുന്ന മുന്‍ ബെംഗളുരു ആര്‍ച്ച്‌ ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസ് മൈസുരു അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററാകും. ഇദ്ദേഹത്തിന് ഭരണപരമായും അജപാലപരവുമായ എല്ലാ ചുമതലകളും കൈമാറണമെന്നും വത്തിക്കാന്‍ സ്ഥാനപതി നി‍ര്‍ദേശിച്ചിട്ടുണ്ട്.

തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യയിലെ കുറച്ച്‌ സമ്പന്നരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രണ്ടോ മൂന്നോ സമ്ബന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ കാരണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ മികച്ച പ്രതികരണമാണ് വടക്കേ ഇന്ത്യയില്‍ നിന്ന് ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. മാധ്യമങ്ങള്‍ കാണുന്ന രാഹുല്‍ അല്ല താന്‍. ബിജെപി കാണുന്ന രാഹുലും അല്ല. താന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്വാമി നാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പരിഗണിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റിപ്പോര്‍ട്ട് വെറുതെ നടപ്പാക്കുമെന്ന് പറയാനില്ല. കമ്മീഷന്‍ നിര്‍ദേശങ്ങളുടെ സാമ്പത്തിക വശം അടക്കം പരിഗണിച്ച്‌ നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുമെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനല്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യാത്ര ഒരു വ്യക്തിക്ക് വേണ്ടിയല്ല. മറിച്ച്‌ ഒരാശയമാണ്. രാഹുല്‍ യാത്രയുടെ പ്രധാനമുഖമാണെന്ന് മാത്രമേയുള്ളൂവെന്നും ജയറാം രമേശ് വ്യക്തമാക്കി. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കമല്‍നാഥടക്കമുള്ള നേതാക്കളുടെ അവകാശവാദത്തെ തിരുത്തിയായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം.

ഉത്തര്‍പ്രദേശ് പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട് എസ്പി നേതാവും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ്.

സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ മനീഷ് ജഗന്‍ അഗര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അഖിലേഷ് യാദവ് ലഖ്‌നൗവിലെ പൊലീസ് ആസ്ഥാനത്തെത്തി. പൊലീസുകാര്‍ നല്‍കിയ ചായ കുടിയ്ക്കാന്‍ അഖിലേഷ് വിസ്സമ്മതിച്ചു. പൊലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും അവര്‍ നല്‍കിയ ചായയില്‍ വിഷം കലര്‍ത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പെന്നും അഖിലേഷ് വ്യക്തമാക്കി.മനീഷ് ജഗന്‍ അഗര്‍വാളിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ എസ്പി അപലപിച്ചു. സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ മനീഷ് ജഗന്‍ അഗര്‍വാളിനെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തത് അപലപനീയവും ലജ്ജാകരവുമാണ്!

തന്നെ ബലാത്സംഗം ചെയ്ത യുവാവിന്റെ അമ്മയെ പതിനാറുകാരി വെടിവച്ചു.

വടക്കുകിഴക്കന്‍ ദില്ലിയിലെ ഭജന്‍പുരയിലാണ് സംഭവം.നാടന്‍ തോക്കുപയോഗിച്ചാണ് പെണ്‍കുട്ടി നിറയൊഴിച്ചത്. പെണ്‍കുട്ടിയെ പിടികൂടി. വെടിയേറ്റ സ്ത്രീയെ ആശുപത്രിയില്‍പ് പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.വെടിയേറ്റ സ്ത്രീയുടെ മകന്‍ 2021ലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 25 വയസ്സുള്ള ഇയാള്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണുള്ളത്.

നിലവിലെ ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുമെന്നും, കൂടുതല്‍ വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്നും അറിയിച്ച്‌ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്.

പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് ട്വിറ്റര്‍ മേധാവി പറയുന്നത്. ഞായറാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് ഇലോണ്‍ മസ്ക് ഈ കാര്യം വ്യക്തമാക്കിയത്.ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്‍റ് ട്വീറ്റുകഴും വലത്തേക്ക്/ഇടത്തേക്ക് എളുപ്പത്തില്‍ സ്വൈപ്പ് ചെയ്യാന്‍ സാധിക്കും. യുഐ പരിഷ്കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം തന്നെ പുറത്തിറങ്ങും. ലോംഗ് ടൈപ്പ് കണ്ടന്‍റ് ട്വീറ്റുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഫെബ്രുവരി ആദ്യമായിരിക്കും എത്തുക.ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്ക് പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു ട്വീറ്റിന്‍റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വകരുന്നത്.

സുഡാന്‍ പ്രസിഡണ്ട് സല്‍വ കീര്‍ പൊതുപരിപാടിക്കിടെ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് സുഡാനില്‍ ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

.സൗത്ത് സുഡാന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനിലെ മാധ്യമപ്രവര്‍ത്തകരെയാണ് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ റൈറ്റ്സ് ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.ഡിസംബറിലാണ് വിവാദത്തിനാസ്പദമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു പൊതു പരിപാടിക്കിടെ പ്രസിഡനറിന് മൂത്രം പോവുകയായിരുന്നു. കിര്‍ തന്റെ ട്രേഡ്‌മാര്‍ക്ക് കറുത്ത തൊപ്പിയും ചാരനിറത്തിലുള്ള വസ്ത്രവും ധരിച്ച്‌ പങ്കെടുക്കുന്ന ചടങ്ങിനിടെ ഇടത് ട്രൗസറിന്റെ കാല് നനയുന്നതായാണ് വീഡിയോയിലുള്ളത്.

കായികം, സിനിമ

തെന്നിന്ത്യ മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘വാരിസ്’. വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളില്‍ എത്തും.അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷണ്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളില്‍ എത്താന്‍ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രന്‍ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാര്‍, പ്രഭു ഉള്‍പ്പടെ ഉള്ളവരെ ഇതില്‍ കാണാനാകും. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി കഴിഞ്ഞു. അതേ സമയം ചിത്രത്തിന്‍റെ സെന്‍സര്‍ കഴിഞ്ഞു. യു സര്‍ട്ടിഫിക്കേറ്റാണ് പടത്തിന് ലഭിച്ചിരിക്കുന്നത്. പടം കുറച്ച്‌ ദൈര്‍ഘ്യമുണ്ടെന്നാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പറയുന്നത്. 2 മണിക്കൂര്‍ 50 മിനുട്ടാണ് (170 മിനുട്ടാണ്) പടം.

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന പഠാന്‍ ജനുവരി 25 ന് റിലീസ് ചെയ്യുന്നതിന് മുന്നോടിയായി വലിയ പ്രഖ്യാപനവുമായി നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ്

.ഏറെക്കാലം അഭ്യൂഹമായി നിലനിന്ന ‘സ്പൈ യൂണിവേഴ്സ്’ ഫ്രാഞ്ചൈസിയുടെ ലോഗോ കഴിഞ്ഞ ദിവസം യാഷ് രാജ് ഫിലിംസ് പുറത്തുവിട്ടു.ഇതോടെ സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന ടൈഗര്‍ സീരീസ്, ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷ്റോഫ് എന്നിവര്‍ ഒന്നിച്ച്‌ എത്തിയ വാര്‍ എന്നീ ചിത്രങ്ങള്‍ വൈആര്‍എഫ് ‘സ്പൈ യൂണിവേഴ്സിന്‍റെ’ ഭാഗമാണ് എന്ന് വ്യക്തമായി. ഇതോടെ ഭാവിയില്‍ സല്‍മാനും, ഷാരൂഖും, ഹൃത്വികും ഒന്നിക്കുന്ന വലിയ പദ്ധതികള്‍ക്കാണ് അരങ്ങ് ഒരുങ്ങുന്നത്.പഠാന്‍ ട്രെയിലറിനൊപ്പം ‘സ്പൈ യൂണിവേഴ്‌സ്’ ലോഗോ വൈആര്‍എഫ് പുറത്തുവിടും എന്നാണ് വിവരം. ജനുവരി 10നാണ് പഠാന്‍ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ഷാരൂഖ് ഒരു അതിഥി വേഷം ചെയ്യുന്നതായി വാര്‍ത്തയുള്ള ടൈഗര്‍ 3യിലും ഈ ലോഗോ ഉണ്ടാകും. അത സമയം പഠാനില്‍ സല്‍മാന്‍ ‘ടൈഗറായി’ അതിഥി വേഷത്തില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.യാഷ് രാജ് ഫിലിംസ് ഉടമ ആദിത്യചോപ്ര ഏറെക്കാലമായി പരിശ്രമിക്കുന്ന ഒരു പദ്ധതിയാണ് വൈആര്‍എഫ് ‘സ്പൈ യൂണിവേഴ്സ്’. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയാക്കാന്‍ ആദിത്യ ചോപ്ര വര്‍ഷങ്ങളുടെ തയ്യാറെടുപ്പിലായിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ടൈഗര്‍ ഷ്റോഫ്, വാണി കപൂര്‍ തുടങ്ങിയവരാണ് ഇതുവരെ സ്പൈ യൂണിവേഴ്സല്‍ ചിത്രങ്ങളില്‍ ഉള്ളത്.അതേ സമയം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത പഠാന്‍ എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ആകെ 10 കട്ടുകളാണ് സിബിഎഫ്സി നിര്‍ദേശിച്ചിരിക്കുന്നത്.

മഴയുടെ കനിവില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കി ദക്ഷിണാഫ്രിക്ക.

പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‍റെ രണ്ട് ദിവസം മഴയില്‍ കുതിര്‍ന്നപ്പോള്‍ സിഡ്നി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക സമനിലയുമായി രക്ഷപ്പെട്ടു. സ്കോര്‍ ഓസ്ട്രേലിയ 475, ദക്ഷിണാഫ്രിക്ക 255, 106-2.
ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച്‌ ഓസ്ട്രേലിയ 2-0ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇന്ത്യക്കെതിരെ അടുത്തമാസം നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇനി ഓസീസ് കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും കളിക്കും.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.’

വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ദേവന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായ്ക്കളുടെ കഥപറയുന്ന ചിത്രമാകും സിനിമ. ടൈറ്റില്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.’നമ്മുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് സംസാരിക്കാനായാലോ? വാലാട്ടിയുടെ മോഷന്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്യുന്നതില്‍ സന്തോഷവും ആവേശവും. മോളിവുഡില്‍ നിന്നുള്ള അത്ഭുത പരീക്ഷണം’, എന്നാണ് പോസ്റ്റര്‍ പങ്കുവച്ച്‌ വിജയ് ബാബു കുറിച്ചത്.

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കരുത്തരായ മിസോറമിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് കേരളത്തിന്‍റെ മുന്നേറ്റം.നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ടും ഗിഫ്റ്റി ഗ്രേഷ്യസും വിശാഖ് മോഹനനും ലക്ഷ്യം കണ്ടു. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ജേതാക്കളായാണ്(15 പോയിന്‍റ്) ഫൈനല്‍ റൗണ്ടിലേക്ക് കടന്നിരിക്കുന്നത്. ഇക്കുറി കളിച്ച അഞ്ച് മത്സരങ്ങളും കേരളം വിജയിച്ചു എന്ന പ്രത്യേകതയുണ്ട്. 12 പോയിന്‍റുമായി മിസോറമാണ് രണ്ടാം സ്ഥാനത്ത്.

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി.

വിയ്യാറയല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് റയലിനെ തോല്‍പിച്ചു. സീസണില്‍ റയലിന്‍റെ രണ്ടാം തോല്‍വിയാണിത്. 47ാം മിനിറ്റില്‍ യെറിമി പിനോയും അറുപത്തിമൂന്നാം മിനിറ്റില്‍ ജെറാര്‍‍ഡ് മൊറേനോയുമാണ് വിയ്യാറയലിന്‍റെ ഗോളുകള്‍ നേടിയത്. 60-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കരീം ബെന്‍സേമയായിരുന്നു റയലിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.16 കളിയില്‍ 38 പോയിന്‍റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ ഇപ്പോള്‍. 15 കളിയില്‍ 38 പോയിന്‍റുള്ള ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. ബാഴ്സലോണ ഇന്ന് രാത്രി ഒന്നരയ്ക്ക് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ മൈതാനത്താണ് മത്സരം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6