Skip to content

chithrodayamflashnews.com

November 30, 2026 2:50 am

അവൾക്കായ് …. ( ചെറുകഥ)

മാഷേ …. ഇപ്പോൾ എന്താണ് ഒന്നും എഴുതാത്തത്…? എന്തു രസമായിരുന്നു മാഷുടെ എഴുത്തുകൾ . മഞ്ഞും, മഴയും, രാത്രിയും എല്ലാം അതിനേക്കാളും ഭംഗിയായി നിങ്ങൾ എഴുതി വയ്ക്കുമായിരുന്നല്ലോ …? ചിലപ്പോഴെല്ലാം അത് വായിച്ച് ഞാൻ ശബ്ദമില്ലാതെ കരഞ്ഞിട്ടുണ്ട്. ചിലപ്പോൾ നിശബ്ദമായി ചിരിക്കാറുണ്ട്. ഇപ്പോഴും ഉണ്ടല്ലോ മഞ്ഞും, മഴയും, രാത്രിയും എല്ലാം . പിന്നെന്താ എഴുതാത്തേ…?”

ഇരുണ്ട ആകാശത്തെ സ്പർശിക്കാനെന്നവണ്ണം ഉയർന്നു നിൽക്കുന്ന ആ … കുന്നിൽ ചെറിയ റാന്തൽ പരത്തുന്ന അരണ്ട വെളിച്ചത്തിലേക്ക് മിഴികൾ നട്ടിരിക്കുകയായിരുന്നൂ … അയാളപ്പോഴും . അയാളുടെ കർണ്ണ പടങ്ങളിൽ വീണ്ടും ആ…ചോദ്യം ഒരു തിരമാല കണക്കെ വന്നലച്ചു കൊണ്ടിരുന്നു.

” മഴയ്ക്കും, മഞ്ഞിനും, രാത്രിയ്ക്കും ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പറഞ്ഞ് തീരാത്ത അത്രയും കഥകളും, കവിതകളും മനസ്സിലുണ്ട് പക്ഷേ… പലപ്പോഴും അവ അക്ഷരങ്ങളാകുവാൻ മടി കാണിക്കുന്നു. നിനക്കറിയാമല്ലോ നിനക്കു വേണ്ടിയാണ് ഞാനെഴുതിയിരുന്നത്. നിനക്കു വേണ്ടി മാത്രം. നീയില്ലായ്മയിൽ അവയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്….? “

തന്റെ തോൾസഞ്ചിയിൽ നിന്നും കടലാസ്സ് പരതിയെടുത്ത് ധൃതിയിൽ അയാൾ എഴുതാൻ തുടങ്ങി. പിന്നെ ആ കാലാസ്സു കഷണം ഒരു ചെറിയ കല്ല് കയറ്റി അവിടെ അയാളുടെ വലതു ഭാഗത്ത് പാറയിൽ വച്ചു. കിഴക്ക് നിന്നും നല്ല രീതിയിൽ തന്നെ കാറ്റ് വീശന്നുണ്ടായിരുന്നു. അയാളുടെ അക്ഷരങ്ങളുടെ ഭാരവും പേറി കടലാസ്സ് കാറ്റിൽ വിറ കൊള്ളാൻ തുടങ്ങിയിരുന്നു. അതിനെ പിടിച്ചു വയ്ക്കാൻ ആ .. കല്ലിന്റെ ഭാരത്തിന് സാധിച്ചില്ല. അൽപ്പനേരം സ്വതന്ത്രമായി അത് അവിടെ ഉയർന്നും, താഴ്ന്നും, പറന്നു . പൊടുന്നനെ കാറ്റ് നിലച്ചു ഒരു പക്ഷിയുടെ ചിറകിൽ നിന്നും ഉതിർന്നു വീഴുന്ന തൂവൽ പോലെ അത് പാറയ്ക്കപ്പുറം അയാൾ വീണ അഗാധമായ കൊക്കയിലേക്ക് സാവധാനം ഊർന്നിറങ്ങി.
പിറ്റേന്ന് പാറകളിലും, വൃക്ഷങ്ങളിലും, ചെന്നിടിച്ചു ചിന്നി ചിതറി വികൃതമായ അയാളുടെ ശരീരം പെറുക്കി കൂട്ടി കൈതോല പായിൽ കെട്ടി കൊണ്ടു പോയതിനു ശേഷം .
അയാളുടെ രക്തം പടർന്നു കട്ട പിടിച്ച പുൽ തലപ്പുകളേയും, പാറക്കൂട്ടങ്ങളേയും സ്പർശിച്ച് കറങ്ങി വീശിയ കാറ്റിൽ മണ്ണും , പൊടിയും , ഇലകളും പറന്നുപൊങ്ങി. കാറ്റിന് ശമനം വന്നു . എല്ലാം പഴയ പടിയായി. ഹുംകാരം മുഴക്കിയ ചുഴലിയിൽ പറന്നു പൊങ്ങിയ ഒരു കടലാസ്സ് മാത്രം അകാശത്തിന്റെ അനന്ത വിഹായസ്സിലേക്ക് പിന്നെയും പറന്നു കൊണ്ടിരുന്നു. ഒരു പക്ഷേ അതവൾക്കായെഴുതിയ അയാളുടെ അവസാനത്തെ കഥയാകാം, കവിതയാകാം, അല്ലെങ്കിൽ ഒരു പ്രണയ ലേഖനമാകാം. അതൊരിക്കൽ അവളിലേക്ക് എത്തുമെന്ന് അയാൾ സ്വപ്നം കണ്ടിരിക്കാം.

അജീഷ്.

1 Comments
Jimmy4190 April 29, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6