Skip to content

chithrodayamflashnews.com

Asnap 1409

നിശബ്ദ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ…

നെഞ്ച് വേദനയോ അസ്വസ്ഥതയോ പോലുള്ള സാധാരണ ലക്ഷണങ്ങളില്ലാതെ സംഭവിക്കുന്ന നിശബ്ദ ഹൃദയാഘാതം പലപ്പോഴും നമ്മുക്ക് തിരിച്ചറിയാന്‍ കഴിയാത്തതാണ്. കാരണം നിത്യേന നാം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളുമായി സാമ്യതയുള്ളതാണ് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങള്‍. അമിതമായ ക്ഷീണമാണ് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ഒരു ലക്ഷണം. പല രോഗങ്ങളുടെയും ലക്ഷണമാണിത്. നല്ലതുപോലെ വിശ്രമിച്ചിട്ടും അമിതമായ ക്ഷീണം അനുഭവപ്പെടുന്നത് നിശബ്ദ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനില്‍ക്കുന്ന പെട്ടെന്നുള്ളതും വിശദീകരിക്കാനാകാത്തതുമായ ക്ഷീണം ശ്രദ്ധിക്കാതെ പോകരുത്. സാധാരണ ഹൃദയാഘാതവുമായി ബന്ധപ്പെട്ട കഠിനമായ നെഞ്ചുവേദനയില്‍ നിന്ന് വ്യത്യസ്തമായി, നിശബ്ദ ഹൃദയാഘാതം മൂലം നെഞ്ചില്‍ നേരിയ അസ്വസ്ഥതയോ സമ്മര്‍ദ്ദമോ അനുഭവപ്പെടാം. ദഹനക്കേടോ പേശിവേദനയോ ആയി തെറ്റിദ്ധരിച്ചേക്കാവുന്ന നെഞ്ചില്‍ ഇടയ്ക്കിടെയുള്ള ഇറുകിയതോ ഞെരുക്കമോ ആയ നേരിയ വേദനയെ നിസാരമായി കാണേണ്ട. ശ്വാസം മുട്ടല്‍ ആണ് അടുത്ത ലക്ഷണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ, വിശ്രമത്തിലോ മറ്റോ ഉള്ളപ്പോള്‍ അനുഭവപ്പെടുന്ന ശ്വാസതടസ്സവും ഒരു സൂചനയാകാം. ഓക്കാനം, ദഹനക്കേട്, വയറുവേദന തുടങ്ങിയവയും ചിലരില്‍ സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണമാകാം. കൃത്യമായ കാരണങ്ങളില്ലാതെ വിയര്‍ക്കുന്നത്, പ്രത്യേകിച്ച്‌ തണുത്ത താപനിലയിലോ വിശ്രമവേളയിലോ, വിയര്‍ക്കുന്നത് നിശബ്ദ ഹൃദയാഘാതത്തിന്റെ സൂചനയാകാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാകുന്നതും നിശബ്‌ദ ഹൃദയാഘാതത്തിന്‍റെ സൂചനയാകാം. താടിയെല്ല്, കഴുത്ത്, കൈകള്‍, പുറം, വയറുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട. പെട്ടെന്നുള്ളതോ ആവര്‍ത്തിച്ചുള്ളതോ ആയ തലകറക്കവും ചിലപ്പോള്‍ ഇതുമായി ബന്ധപ്പെട്ടും വരാം. നിശബ്‌ദ ഹൃദയാഘാതം ഉറക്കത്തിന്റെ പാറ്റേണുകളെ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്യും. ഉറങ്ങാൻ ബുദ്ധിമുട്ട്, രാത്രിയില്‍ ഇടയ്ക്കിടെ ഉണരുക, അല്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ മാറ്റങ്ങള്‍ ശ്രദ്ധിക്കുക. ഉൽകണ്ഠയും സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ഭാഗമായി അനുഭവപ്പെടാം. നിങ്ങള്‍ക്ക് വിശദീകരിക്കാനാകാത്തതോ അമിതമായ ഉൽകണ്ഠയോ ഭയമോ അനുഭവപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. കൈകള്‍, തോളുകള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ മുകള്‍ ഭാഗത്ത് പൊതുവായ ബലഹീനതയോ വേദനയോ അനുഭവപ്പെടുന്നതും ചിലപ്പോള്‍ സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങള്‍ ആയിരിക്കാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6