Skip to content

chithrodayamflashnews.com

Asnap 1409

മോദി ഭരണത്തിൽ ദിവസവും ശരാശരി 30 കർഷക ആത്മഹത്യയെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ

ന്യൂഡൽഹി : നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം രാജ്യത്ത് കാർഷിക മേഖലയിലുണ്ടായത്‌ ഒരു ലക്ഷത്തിൽപ്പരം ആത്മഹത്യ. ബിജെപി ഭരണത്തിൽ കഴിഞ്ഞ ഒമ്പതു വർഷം ദിനം തോറും ശരാശരി 30 പേരാണ്‌ കാർഷികമേഖലയിൽ സ്വയം ജീവനൊടുക്കിയതെന്ന്‌ ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദി സർക്കാരിന്റെ വാഗ്‌ദാനം ജലരേഖയായി മാറിയ സാഹചര്യത്തിലാണ്‌ ആത്മഹത്യകൾ പെരുകുന്നത്‌. മോദിയുടെ രണ്ടാം സർക്കാരിന്റെ കാലത്ത്‌ മൊത്തം ബജറ്റ്‌ അടങ്കലിനെ അപേക്ഷിച്ച്‌ കാർഷികമേഖല വിഹിതം കുറഞ്ഞുവരികയുമാണ്‌.
രാജ്യത്ത്‌ നവഉദാരനയങ്ങൾ നടപ്പാക്കിയശേഷം, മൂന്ന്‌ ദശകത്തിൽ 3.5 ലക്ഷം കർഷകരും കർഷകത്തൊഴിലാളികളുമാണ്‌ ആത്മഹത്യ ചെയ്‌തത്‌. മോദി സർക്കാരിന്റെ കാലത്ത്‌ സ്ഥിതി കൂടുതൽ വഷളായി. 2019ൽ 10,281 പേരാണ്‌ ആത്മഹത്യ ചെയ്‌തതെങ്കിൽ -2023ൽ 11,290 ആയി ഉയർന്നു. കടക്കെണിയും തൊഴിലില്ലായ്‌മയുമാണ്‌ ആത്മഹത്യയുടെ പ്രധാന കാരണം. 2013ൽ രാജ്യത്ത്‌ 9.02 കോടി കർഷകർ കടക്കെണിയിൽ ആയിരുന്നെങ്കിൽ 2019ൽ 9.30 കോടിയായി. കർഷകരുടെ മൊത്തം കടം 2019ൽ 2013നെ അപേക്ഷിച്ച്‌ 1.6 മടങ്ങായി.
കർഷകത്തൊഴിലാളികൾക്ക്‌ സഹായഹസ്‌തമായ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി മോദി സർക്കാരിന്റെ കാലത്ത്‌ ചുരുങ്ങിവരികയാണ്‌. 2014–- 15ൽ ബജറ്റിന്റെ 1.85 ശതമാനം തുക തൊഴിലുറപ്പ്‌ പദ്ധതിക്കായി നീക്കിവച്ചെങ്കിൽ ഇക്കൊല്ലം വകയിരുത്തിയ 60,000 കോടി രൂപ ജിഡിപിയുടെ 0.198 ശതമാനം മാത്രമാണ്‌. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ നേട്ടം സമ്പന്ന കർഷകർക്കാണ്‌. പാട്ട കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ഗുണമൊന്നുമില്ല. വിള ഇൻഷുറൻസ്‌ പദ്ധതിക്ക്‌ വിഹിതം കൂട്ടിയെങ്കിലും സ്വകാര്യ ഇൻഷുറൻസ്‌ കമ്പനികളാണ്‌ ഇതിന്റെ മുഖ്യ ഗുണഭോക്താക്കൾ. 2022–-23ൽ 15,500 കോടി രൂപ നീക്കിവച്ചു. റാബി സീസണിൽ കർഷകർക്ക്‌ ലഭിച്ചത്‌ 3878 കോടി രൂപമാത്രം.
രാജ്യത്ത് 2022ൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഏറ്റവും കൂടുതൽ ആത്മഹത്യ നടന്നത്‌ മഹാരാഷ്‌ട്രയിൽ – 4248 പേർ. എന്നാൽ, 2021നെ അപേക്ഷിച്ച്‌ ഈ മേഖലയിലെ ആത്മഹത്യകളിൽ ഏറ്റവും കൂടുതൽ വർധന ഉണ്ടായത്‌ ഉത്തർപ്രദേശിലാണ്‌ – 42.13 ശതമാനം. കേരളത്തിൽ 2021നെ അപേക്ഷിച്ച്‌ 2022ൽ 30 ശതമാനം കുറഞ്ഞെന്നും ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ പുറത്തുവിട്ട സ്ഥിതി വിവര കണക്കിൽ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6