

അഗ്നിച്ചിറകുകൾക്കടിയിലൊളിപ്പിച്ച
ദുഃഖബാഷ്പത്തിൻ ഉറവകളെ
ഞാനിന്നുറക്കെ വിളിച്ചു പറയുന്നു
ഈ ഭൂമി മണ്ഡല മാനവൻ ഞാൻ
ഓരോ ദിനങ്ങൾ വിടർന്നു കൊഴിയുമ്പോൾ യുഗദശാബ്ധങ്ങൾ അടർന്ന പോലെ
ഒരു നേർത്ത നൊമ്പരം വിങ്ങലായ് മാറുന്ന
ഇരുൾനിലാപ്പക്ഷി പോൽ അലയുന്നിതാ
നാവുബലത്തിൽ ചുറ്റുന്ന കൂട്ടർക്കു നഷ്ടക്കണക്കുകൾ അറിവതുണ്ടോ
പാഴ്ജന്മമായി പരാദങ്ങളായി
പകലിനെ ഇരുളാക്കി മാറ്റിടുന്നോർ
കൈകളിൽ കർമ്മ ബന്ധങ്ങളേ കൂട്ടിയും
പൊക്കിൾക്കൊടിബന്ധം ചേർത്തിടുന്നോർ
ദാഹജലത്തിനായ് അലറി ഉഴലുമ്പോൾ
നഞ്ചിന്റെ പാനം പകർന്നിടുവോർ
കണ്ടിട്ടും കണ്ണ് കെട്ടുന്നു ദിനകരൻ
കാർമേഘപാളി തിരഞ്ഞെടുത്ത്
ബാല്യത്തെ ചീന്തുന്ന രാക്ഷസഭാവങ്ങൾ
പുതിയ ലഹരി തൻ കൗതുകങ്ങൾ
വേണ്ടാത്ത വേഷങ്ങൾ മുറഭാവമാക്കുന്ന
മാതക വർഗ്ഗ വസന്തങ്ങളും
ഒരു നിഴൽ പോലെ മരണത്തെ തേടുന്ന
ആത്മഹൂതി തൻ പ്രതീകങ്ങളും
എരിയുന്ന വേനലോ കരിയുന്ന ഹൃദയമോ
താപ സാമീപ്യം പകർന്നിടുന്നു
ഒരു കാറ്റ് പോലും തഴുകുവാൻ ഇല്ലാതെ
മരസഞ്ചയത്തിൻ അടവികളും
ചിതയൂട്ടിയെരിയാതെ ചിന്തിയെറിയുന്ന
മാംസപിണ്ഡങ്ങളായ് മാനവനും
ബാല്യങ്ങൾ ബലിപിണ്ഡമൂട്ടുന്ന കാലമായ്
ശേഷിച്ചതെന്തെന്നറിക നിങ്ങൾ
ഒരു വ്യാഴവട്ടം കറങ്ങിലും ചിന്തയിൽ
പുതുമ തൻ പുലരൊളി വീശിടുമോ
ഒരു വാക്യബന്ധമായ് മാറുമോ നമ്മുടെ
ഗതി കെട്ട വർഗ്ഗം വഴി മാറുമോ
നെറികേട് നിഴലിട്ട നിമിഷങ്ങൾ അകലണം
ഒരു നവയുഗസന്ധ്യ പിറന്നിടേണം
അന്ധത തന്നുടെ അന്ധകാരത്തിലും
ഒരു പുതുതിരിനാളം തെളിഞ്ഞിടേണം
ഹരികുമാർ കെ പി വനാലിക
No Comment.