കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതി പൂര്‍ണ്ണമായും നിലച്ചു. ഡിസംബര്‍ 31ന് കാലാവധി കഴിഞ്ഞ പദ്ധതി പുതുക്കി ഉത്തരവിറക്കാൻ ധനവകുപ്പ് തയ്യാറാകാത്തതാണ് ചികിത്സാ പദ്ധതി നിര്‍ത്താൻ കാരണം.
ഇതോടെ ഡയാലിസിസ്, ചെലവേറിയ ശസ്ത്രക്രിയകള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ എന്നിവയ്ക്കൊക്കെയായി സര്‍ക്കാര്‍ സഹായം തേടിയെത്തുന്ന രോഗികളുടെ ചികിത്സയും മുടങ്ങി.
കാരുണ്യ ബെനവലന്റ് ഫണ്ട് അഥവാ കെബിഎഫ് ചികിത്സാ പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31ന് തീരുകയാണെന്നും അടിയന്തരമായി പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ ആദ്യവാരം തന്നെ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഫയല്‍ ഇപ്പോഴും ധനവകുപ്പില്‍ ചുവപ്പുനാടയില്‍ തന്നെയാണ്. പലവട്ടം ഓര്‍മ്മിപ്പിച്ചിട്ടും പുതുക്കി ഇറക്കാൻ നടപടിയായില്ല. ധനവകുപ്പിന്റെ നടപടിയില്‍ വെട്ടില്‍ ആയത് പാവപ്പെട്ട രോഗികള്‍. ചെലവേറിയ ശസ്ത്രക്രിയകള്‍, തുടര്‍ച്ചയായി ചെയ്യേണ്ട ഡയാലിസിസ്, വൻ തുക ചെലവാകുന്ന ശസ്ത്രക്രിയകള്‍ എന്നിവയ്ക്കൊക്കെ രോഗികള്‍ പണത്തിനായി നെട്ടോട്ടമോടുകയാണ്. പലര്‍ക്കും ചികിത്സ മുടങ്ങുകയും ചെയ്തു. ചിലര്‍ കടം വാങ്ങി ചികിത്സ തുടരുന്നുണ്ട്.
ഒരു ദിവസം കുറഞ്ഞത് 10 പേരെങ്കിലും സഹായം തേടി ആശുപത്രികളിലെ കൗണ്ടറുകളില്‍ എത്തുമ്ബോള്‍ കൈ മലര്‍ത്തുകയാണ് ജീവനക്കാര്‍. കെബിഎഫ് വഴി നല്കുന്ന മരുന്നുകളുടെ വിതരണവും നിലച്ചു. പൂര്‍ണമായും കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള പണം ഉപയോഗിച്ച് ആയിരുന്നു പദ്ധതി നടത്തിപ്പ്. എന്നാല്‍ ഈ പണം മറ്റുകാര്യങ്ങള്‍ക്ക് കൂടി ചെലവാക്കി തുടങ്ങിയതോടെ കുടിശിക ഏറി. സ്വാകാര്യ ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കെബിഎഫ് വഴി ചികിത്സ നല്കിയ വകയില്‍ നല്‍കാനുള്ളത് 100 കോടിയിലധികം രൂപയാണ്.
No Comment.