Skip to content

chithrodayamflashnews.com

Asnap 1409

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ പൊതു അവധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി. നാലു നിയമവിദ്യാർത്ഥികളാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. എംഎൻഎൽയു, മുംബൈ, ജിഎൽസി, എൻഐആർഎംഎ ലോ സ്‌കൂൾ എന്നിവിടങ്ങളിൽനിന്നുള്ള ശിവാംഗി അഗർവാൾ, സത്യജീത് സിദ്ധാർഥ് സാൽവെ, വേദാന്ത് ഗൗരവ് അഗർവാൾ, ഖുഷി സന്ദീപ് ബാംഗി എന്നീ വിദ്യാർത്ഥികളാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

മതപരമായ ചടങ്ങ് ആഘോഷിക്കാൻ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. ജസ്റ്റിസുമാരായ ജിഎസ് കുൽക്കർണി, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പൊതുതാൽപര്യ ഹർജി ഇന്നു രാവിലെ 10.30ന് കോടതി പരിഗണിക്കും.

അതേസമയം, അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിസർവ് ബാങ്കിനും ഓഹരി വിപണികൾക്കും അവധിയാണ്. കൂടാതെ, എൻഡിഎ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അന്നേദിവസം മഹാരാഷ്ട്രയിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. 22-ന് സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടുമെന്നും യു.പി. സര്‍ക്കാര്‍ അറിയിച്ചു. സമാനമായി ഹരിയാനയിലും മധ്യപ്രദേശിലും സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഗുജറാത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ടര വരെ അടഞ്ഞുകിടക്കും. രാജസ്ഥാന്‍, ത്രിപുര, ഛത്തീസ്ഗഢ്, അസം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ഉച്ചവരെ അവധിയാണ്. കൂടാതെ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ജനുവരി 22ന് ഉച്ച വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഇതിനോടൊപ്പം മറ്റ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി നൽകിയിട്ടുണ്ട്. കേരളത്തിലും ബംഗാളിലും അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളിലെ ബി.ജെ.പി. അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരുകള്‍ അത് പരിഗണിച്ചിട്ടില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6