Skip to content

chithrodayamflashnews.com

November 30, 2026 3:02 am

പ്രഭാത വാർത്തകൾ

2023 | ജനുവരി 16 | തിങ്കൾ |

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ആര്‍ത്തവ അവധിയില്‍ എസ് എഫ് ഐ – കെ എസ് യു അവകാശവാദം.

കുസാറ്റിലെ ആര്‍ത്തവ അവധി തങ്ങളുടെ നേട്ടമെന്ന നിലയില്‍ എസ് എഫ് ഐ പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുമ്പോഴാണ് അവകാശവാദമുന്നയിച്ച്‌ കെ എസ് യു നേതാക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.കുസാറ്റിലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നോട്ടു വെച്ച കെ എസ് യു മാനിഫെസ്റ്റോയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആര്‍ത്തവ അവധി ആയിരുന്നു എന്ന് ചൂണ്ടികാട്ടി കുസാറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ പ്രതിനിധി കൂടിയായ കെ എസ് യു നേതാവ് ആന്‍ സെബാസ്റ്റ്യന്‍ രംഗത്തെത്തിയതോടെ ചര്‍ച്ചയും ചൂടുപിടിച്ചിട്ടുണ്ട്. മാനിഫെസ്റ്റോയില്‍ പറഞ്ഞ ആര്‍ത്തവ അവധി നടപ്പിലാക്കി എടുക്കാനായി കെ എസ് യു ചെയ്ത കാര്യങ്ങളുടെ തെളിവുകളടക്കം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ആന്‍ സെബാസ്റ്റ്യന്‍ രംഗത്തെത്തിയിരിക്കുന്നത്. കെ എസ് യു കുസാറ്റില്‍ തുടങ്ങിവെച്ച മാറ്റം കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികളിലും കെ എസ് യു ഉന്നയിക്കുകയാണെന്നും ആന്‍ വ്യക്തമാക്കി. മറ്റ് സര്‍വകലാശാലകളിലും ആര്‍ത്തവ അവധി എന്ന ആവശ്യം ഉയര്‍ത്തി നമ്മള്‍ മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ആന്‍ സെബാസ്റ്റ്യന്‍റെ പോസ്റ്റിന് താഴെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ എതിര്‍വാദവും ശക്തമാണ്. എസ് എഫ് ഐ ആണ് കുസാറ്റിലെ ആര്‍ത്തവ അവധി യാഥാര്‍ത്ഥ്യമാക്കിയതെന്നാണ് അവരുടെ അവകാശവാദം.

ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിന് നേരെ തൃശൂരില്‍ ആക്രമണം.

രണ്ടു ബൈക്കുകളില്‍ വന്ന നാലു പേര്‍ തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് നടന്‍റെ കാറിന് നേരെ ആക്രമണം നടത്തിയത്. സുനില്‍ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍.

കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ബെംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് ഒളിവിലായിരുന്ന ലത്തീഫിനെ പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ശബരിമല പാതയില്‍ വീണ്ടും തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു.

പത്തനംതിട്ട മണ്ണാറകുളഞ്ഞിയില്‍ വച്ച്‌ തീര്‍ത്ഥടകാരുടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

തന്‍റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നെന്ന് ശശി തരൂര്‍ എംപി

. പിന്നാലെ മറ്റ് വിഭാഗക്കാരെ തെരഞ്ഞു പിടിച്ച്‌ നിയമിക്കുകയായിരുന്നെന്നും നിയമസഭ പുസ്തകോത്സവത്തില്‍ തരൂര്‍ വെളിപ്പെടുത്തി.

എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ച്‌ മൂടിയ കേസില്‍ പ്രതിയായ സജീവനില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ തേടാനൊരുങ്ങി പൊലീസ്.

രമ്യയുടെ വസ്ത്രങ്ങളും ഫോണും കത്തിച്ച്‌ കളഞ്ഞെന്നാണ് സജീവന്‍റെ മൊഴി എങ്കിലും ഇത് പൂര്‍ണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സജീവന്‍ ഒറ്റക്ക് കൊലപാതകം നടത്തിയെന്നാണ് നിലവിലെ വിലയിരുത്തലെങ്കിലും ഇതിലും സ്ഥിരീകരണം ആവശ്യമാണ്.

വയനാട് അമ്പലവയലില്‍ വീട്ടമ്മ ക്വാറി കുളത്തില്‍ വീണ് മരിച്ചു

. അമ്പലവയല്‍ വികാസ് കോളനിയിലെ യശോദയാണ് മരിച്ചത്.വസ്ത്രം അലക്കുന്നതിനിടെ കാല്‍ തെന്നി ക്വാറി കുളത്തില്‍ വീഴുകയായിരുന്നു. നാട്ടുകള്‍ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

മണ്ണാര്‍ക്കാട് മധ്യവസ്ക്കനെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

ചന്തപ്പടി പള്ളിക്കുന്നിലെ കോര്‍ട്ടേഴ്സില്‍ വാടകക്കു താമസിക്കുന്ന കുന്തിപ്പുഴ കൊളക്കാടന്‍ ഹംസയുടെ മകള്‍ മറിയയുടെ ഭര്‍ത്താവ് അബ്ദുല്ല (60) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അബ്ദുല്ല തമിഴ്നാട് വേലൂര്‍ കാട്ട്പാഡി സ്വദേശിയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് കോര്‍ട്ടേഴ്സിന്റെ പുറത്തെ ഷെഡില്‍ അബ്ദുല്ലയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സമീപത്തു നിന്ന് കണ്ടെത്തി. രാവിലെ എട്ട് മണിക്കും 12 മണിക്കും ഇടയ്ക്കാണ് സംഭവം. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്വയം കഴുത്തറുത്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സ്കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്‍റെ പരാക്രമം

.തൃശൂർ ജില്ലയിലെ വരവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അക്രമികള്‍ വാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരാണ് വടിവാള്‍ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ചത്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി മറ്റൊരു വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണ് ഇവര്‍ വടിവാളുമായെത്തിയത്. അക്രമികളെ മറ്റുള്ളവര്‍ ഇടപെട്ട് സ്കൂളില്‍ നിന്നും പറഞ്ഞയക്കുകയും ചെയ്തു. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുസാറ്റ് മാതൃകയില്‍ മറ്റു സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിക്കണമെന്ന് കെഎസ്‍യു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് കത്ത് നല്‍കി. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആന്‍ സെബാസ്റ്റിയന്‍ ആണ് മന്ത്രിക്ക് കത്ത് നല്‍കിയത്. സെമെസ്റ്ററില്‍ പെണ്‍കുട്ടികള്‍ക്ക് 2 ശതമാനം അധിക അവധി പെണ്‍കുട്ടികള്‍ക്ക് അനുവദിച്ച്‌ കുസാറ്റ് ഉത്തരവ് ഇറക്കിയിരുന്നു.സര്‍വകലാശാലകളില്‍ സാധാരണ പരീക്ഷയെഴുതണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ വേണം. എന്നാല്‍ കുസാറ്റിലെ പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്ക് 73 ശതമാനം ഹാജര്‍ മതിയെന്നാണ് നിര്‍ണായക തീരുമാനം.

കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശം മൂലമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി ഡി സതീശന്‍റെ വിമര്‍ശനം. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരണ്ടെന്നായിരുന്നു കായികമന്ത്രിയുട പരാമര്‍ശം. ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണ്. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നായിരുന്നു സതീശന്‍റെ വിമര്‍ശനം.

കമ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധനിര്‍മ്മാണ കേന്ദ്രങ്ങളായെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കല്‍ വിദ്യാലയങ്ങളില്‍ ആയുധ നിര്‍മ്മാണം നടന്നെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പി. സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.കണ്ണൂരില്‍ സിപിഎമ്മും ബിജെപിയുമാണ് ബോംബും ആയുധനിര്‍മ്മാണവും കുടില്‍ വ്യവസായം പോലെ നടത്തിവരുന്നത്. അതിപ്പോള്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് അപകടകരമാണ്. പഠനത്തിന്‍റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും അറിഞ്ഞില്ലെന്നത് വിചിത്രമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. അധ്യാപകരുടെ പിന്തുണയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ലാബുകളില്‍ ആയുധ നിര്‍മ്മിക്കാന്‍ സാധിക്കില്ല.പിണറായി ഭരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആയുധനിര്‍മ്മാണ പരിശീലനം നല്‍കുന്ന നിലയിലേക്ക് വിദ്യാഭ്യാസ നിലവാരം അധപതിച്ചു. വര്‍ധിച്ച മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ലഭ്യതയും ഉപയോഗവും ആയുധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടോയെന്നും അതല്ലാ മറ്റേതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് അത്തോളിയില്‍ അമ്മയും മകനും മണിക്കൂറുകളുടെ ഇടവേളയില്‍ മരണപ്പെട്ടു.

ബാഡ്മിന്‍റണ്‍ കളിയ്ക്കിടെ കുഴഞ്ഞുവീണ് മകനാണ് ആദ്യം മരിച്ചത്.മകന്‍ മരിച്ച വിവരമറിഞ്ഞ് മാതാവ് നഫീസ തളര്‍ന്നുവീണാണ് മരിച്ചത്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയും മകനും മരിച്ചത് ഹൃദയാഘാതം മൂലമാണ് എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് കെ എം ഷാജി.

എല്‍ജിബിടിക്യൂ സമൂഹത്തെ കുറിച്ചുള്ള അഭിപ്രായത്തെ മറ്റുള്ളവര്‍ അവരുടെ മനോ വൈകൃതങ്ങള്‍ക്ക് അനുസരിച്ച്‌ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് കെ എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.നിലവില്‍ സമൂഹത്തിലുള്ള എതിര്‍ വര്‍ഗ്ഗ ലൈംഗിക സ്വാഭാവികതാ (heteronormative) പൊതുബോധം പൊളിച്ചെഴുതി വളരെ സ്വതന്ത്രമായ വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യഘടനയും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം’.എത്ര മാത്രം ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഭരണത്തിലുള്ളവര്‍ പോലും മനസ്സിലാക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ്. ‘അതിരുകളില്ലാത്ത ലോകം’ എന്ന കാമ്പയിനിലൂടെ SFI യും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്കൂളുകള്‍ മുഖേനയും ഈ ആശയം ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. ഇതേ കാര്യം പാഠപുസ്തകത്തിലും സ്ഥാനം പിടിക്കാന്‍ പോകുന്നു. ഇത് നിയമസഭയില്‍ വിവാദമായപ്പോള്‍ പോലും എഴുതി നല്‍കിയ മറുപടിയില്‍ ‘ജെന്‍ഡര്‍ ഒരു സാമൂഹ്യ നിര്‍മ്മിതിയാണ്’ എന്ന, ജന്‍ഡര്‍ പൊളിറ്റിക്സിന്റെ അടിസ്ഥാന ആശയത്തെ വീണ്ടും ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്യുന്നു! ധാര്‍മികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തില്‍ ഞാനുണ്ടാകും. എന്റെ പ്രസ്ഥാനവും. യാതൊരു സംശയവും ആര്‍ക്കും വേണ്ട. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടതുമില്ല.

നാദാപുരത്തിന് പുറമേ സമീപ പഞ്ചായത്തുകളിലേക്കും അഞ്ചാം പനി വ്യാപിക്കുന്നു.

24 പേരാണ് അഞ്ചാം പനി ബാധിച്ച്‌ പ്രദേശത്ത് ചികിത്സയിലുള്ളത്. രോഗവ്യാപനം രൂക്ഷമായ നാദാപുരം പഞ്ചായത്തില്‍ ആളുകള്‍ വാക്സീനേഷന് മടിക്കുന്നത് പ്രതിസന്ധിയാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.നാദാപുരം പഞ്ചായത്തിനു പിന്നാലെ സമീപ പഞ്ചായത്തുകളായ കാവിലും പാറ,മരുതോങ്കര, പഞ്ചായത്തുകളിലാണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. ഏറ്റവുമധികം രോഗികളുള്ളത് നാദാപുരത്താണ്, 18 പേര്‍. പ്രതിരോധകുത്തിവെപ്പെടുക്കാന്‍ ആളുകള്‍ മടിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

കാര്യവട്ടം ഏകദിനം ,നികുതി നിരക്ക് വര്‍ദ്ധനയെ ന്യായീകരിച്ച്‌ മേയര്‍ ആര്യാ രാജേന്ദ്രന്‍.

കാര്യവട്ടം ഏകദിനത്തില്‍ വിനോദ നികുതി വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരുമായി ആലോചിച്ചെന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.വിവാദങ്ങള്‍ കാരണമല്ല കാണികള്‍ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങള്‍ക്ക് നല്‍കാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവര്‍ മല്‍സരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്ന് മേയര്‍ പറഞ്ഞു. 40000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.ശബരിമല സീസണ്‍, സിബിഎസ്‌ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചുവെന്ന് ഇന്നലെ കെസിഎ ജോയിന്‍റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നു.

ശ്രീകാര്യം കട്ടേലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്‍റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു.

ശ്രീകാര്യം കട്ടേലയില്‍ അമ്പാടി നഗര്‍ സ്വദേശി സാജുവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇന്ന് പുലര്‍ച്ചെയാണ് സാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ സാജുവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തല്ലി കൊല്ലുകയായിരുന്നുവെന്നാണ് വിവരം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സാജുവിന്റ സുഹൃത്തുക്കളാണ് രണ്ട് പേരും. തലയില്‍ കല്ലു കൊണ്ട് ഇടിച്ചാണ് സാജുവിനെ കൊന്നതെന്നാണ് കണ്ടെത്തല്‍.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് സൂചന. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാര്‍ഥികളുടെ ഭാഗം ശരിവച്ചുളള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലെത്തിയതെന്നാണ് വിവരം. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ക്യാമ്ബസ് അടച്ചിട്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനുളള സര്‍ക്കാര്‍ നടപടി ഈ ആഴ്ച തന്നെ ഉണ്ടായേക്കും

ആലപ്പുഴ ചെട്ടികുളങ്ങരയില്‍ 55 വര്‍ഷം മുമ്പ് എസ് എസ് എല്‍ സി കഴിഞ്ഞിറങ്ങിയവരുടെ ഒത്തുചേരല്‍ അവിസ്മരണീയമായി

.അന്ന് പഠിപ്പിച്ച അധ്യാപകരെ പീഠത്തിലിരുത്തി കാല്‍ കഴുകി ഗുരുവന്ദനം ചെയ്താണ് ഇവര്‍ ആദരിച്ചത്. ഇവര്‍ ഈ സ്കൂളില്‍ നിന്ന് പടിയിറങ്ങുന്നത് 1968ലാണ്. അതായത് 55 വര്‍ഷങ്ങള്‍ക്ക് മുമ്ബ്. അവര്‍ വീണ്ടും ഒത്തു കൂടി ഓര്‍മ്മകള്‍ പുതുക്കുകയാണ്. പലരുമെത്തിയത് മക്കളും പേരക്കുട്ടികളുമായി. ഹെഡ്മാസ്റ്റര്‍ സി ചന്ദ്രശേഖരന്‍ പിള്ളയടക്കം അന്ന് പഠിപ്പിച്ച എട്ട് അധ്യാപകരും ചടങ്ങിനെത്തി. അധ്യാപകരെ പീഠത്തിലിരുത്തി കാല്‍ കഴുകിയാണ് ഗുരുവന്ദനം നടത്തിയത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി ആയിരുന്നു മുഖ്യ അതിഥി. ടിടിസി വിദ്യാര്‍ത്ഥികളും ഇപ്പോഴത്തെ അധ്യാപകരും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു.

നിയമസഭ സന്ദര്‍ശിച്ച്‌ ഓട്ടിസം തെറാപ്പി സെന്‍ററിലെ കുട്ടികള്‍.

സമഗ്ര ശിക്ഷാ കേരളം നോര്‍ത്ത് യു.ആര്‍.സി.യില്‍ പ്രവര്‍ത്തിച്ചു വരുന്ന ഓട്ടിസം തെറാപ്പി സെന്ററിലെ തെറാപ്പി സേവനങ്ങള്‍ ലഭിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണ് നിയമസഭ കാണാനെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സന്ദര്‍ശനം. ഗ്രൂപ്പ് തെറാപ്പിയുടെ ഭാഗമായായിരുന്നു സന്ദര്‍ശനം. സെന്ററിലെ 20 കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ 46 പേരാണ് ഈ സന്ദര്‍ശനത്തില്‍ പങ്കാളികളായത്.കുട്ടികള്‍ക്ക് വളരെ ഉല്ലാസകരമായ ഈ സന്ദര്‍ശനത്തിലൂടെ നേരെ അനുഭവം സാധ്യമാക്കുവാന്‍ സാധിച്ചുവെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍.

കാസര്‍കോട് കുണ്ടംകുഴിയില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ ജിബിജി നിധി ലിമിറ്റഡ് ചിട്ടി തട്ടിപ്പ് നടത്തിയതായും പരാതി.

കാലാവധി പൂര്‍ത്തിയാകാതെ പെട്ടെന്ന് ചിട്ടി നിര്‍ത്തിയതായും കാശ് നല്‍കിയില്ലെന്നുമാണ് പരാതി. വ്യത്യസ്ത തുകകളുടെ ചിട്ടികളാണ് ജിബിജി നിധി ലിമിറ്റഡിന്‍റെ കീഴില്‍ നടത്തിയിരുന്നത്. രണ്ടായിരം മുതല്‍ 25,000 രൂപ വരെ മാസ അടവുകളുള്ള ചിട്ടികളായിരുന്നു ഇവ.ചാലക്കുടിയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് ചിട്ടി നടത്തുന്നതെന്ന് പറഞ്ഞാണ് കാശ് വാങ്ങിയിരുന്നത്. 2022 ഫെബ്രുവരിയില്‍ തുടങ്ങിയ ചിട്ടി എട്ട് മാസം മാത്രമാണ് നീണ്ടുനിന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ ചിട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. സൂം മീറ്റിംഗ് മുഖേനയാണ് നറുക്ക് എടുത്തിരുന്നത്.

ആലപ്പുഴയിലെ വിവാദങ്ങളില്‍ പ്രതികരിച്ച്‌ എം എ ബേബി.

ഉപ്പുതിന്നവര്‍ ആരായാലും വെളളം കുടിക്കുമെന്നും ഇപ്പോഴതേത് പ്രാരംഭ നടപടിയാണെന്നും എം എ ബേബി പറഞ്ഞു.പാര്‍ട്ടിക്ക് നിരക്കാത്ത ജീവിത ശൈലിയുമായി ആര് പോയാലും ശക്തമായ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുപാട് വൈകല്ല്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്. വൈകല്ല്യങ്ങള്‍ പാര്‍ട്ടിയേും ബാധിച്ചുവെന്ന് വരാം. പാര്‍ട്ടിക്ക് നിരക്കാത്ത കുറ്റം ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും എം എ ബേബി പറഞ്ഞു. മാരാരിക്കുളത്ത് സിപിഎമ്മിന്റെ ഭവന സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു എം എ ബേബി.അതേസമയം, ലഹരിക്കടത്ത് കേസില്‍ ആരോപണം ഉയര്‍ന്ന സി പി എം കൗണ്‍സിലര്‍ ഷാനവാസിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണ്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അതിനിടെ, ആലപ്പുഴയില്‍ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചതിന് സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ സിപിഎം പുറത്താക്കി. രണ്ട് മാസം മുമ്പ് പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍ക്ക് തുടക്കം.വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകളുടെ അശ്ശീല ദ്യശ്യങ്ങള്‍ പകര്‍ത്തി സൂക്ഷച്ചതായി കണ്ടെത്തി. തുടര്‍ന്ന് പാര്‍ട്ടിക്ക് പരാതി നല്‍കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങായ ജി രാജമ്മ, എ മഹേന്ദ്രന്‍ എന്നിവരെ അന്വേഷണ കമീഷനായി നിയമിച്ചു. ആരോപണങ്ങള്‍ ശരിവെച്ച്‌ കമീഷന്‍ ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പേര്‍ട്ട് നല്‍കിയതോടെ സോനയെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍.

സിവില്‍ പോലീസ് ഓഫീസര്‍ സജീഫ് ഖാന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. പത്തനംതിട്ട വനിത പൊലീസാണ് സജീഫ് ഖാനെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നിതിന് പിന്നാലെ സജീഫ് ഖാനെ സസ്‌പെന്‍റ് ചെയ്തിരുന്നു. ഇതിനുശേഷം ഇയാള്‍ ഒളിവില്‍ ആയിരുന്നു.

സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഇറക്കി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

കുര്‍ബാന ഏകീകരണം നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ആലഞ്ചേരി സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.ആരാധനാ വിഷയങ്ങളിലെ അന്തിമ തീരുമാനം സിനഡും മാര്‍പ്പാപ്പയും എടുക്കുന്നതാണ്. ഇതിന് വിരുദ്ധമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ആലഞ്ചേരി സര്‍ക്കുലറില്‍ പറയുന്നു. ഐക്യത്തിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സിനഡ് അറിയിച്ചു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീര്‍പ്പ് സാധ്യമല്ല. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനത്തിനെതിരെ സമരം ചെയ്യുന്നത് മാര്‍പാപ്പയെ ധിക്കരിക്കുന്നതിന് സമമാണെന്നും ആലഞ്ചേരി പറയുന്നു.പുതിയ വൈദികര്‍ക്ക് നല്‍കുന്നത് ഏകീകൃത കുര്‍ബാനിയര്‍പ്പണത്തിനുള്ള പരിശീലനമാ ആണ്. അക്കാരണത്താല്‍ ഏകീകൃത കുര്‍ബാന അപരിചിതം എന്ന് പറയാന്‍ ആകില്ല. ബസലിക്ക പള്ളിയില്‍ ഉണ്ടായ സംഭവം അപലപനീയമാണെന്നും കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ച വൈദികരുടെ നടപടിയും അതിനെ പ്രതിരോധിക്കാന്‍ എത്തിയവര്‍ ബലിപീഠത്തില്‍ കയറിയതും ഖേദകരമാണെന്നും ആലഞ്ചേരി പറഞ്ഞു. കുര്‍ബാന ഏകീകരണത്തില്‍ പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട ആലഞ്ചേരി, ബഫര്‍ സോണില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കാനുള്ള നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

ആലപ്പുഴയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.

പഞ്ചായത്ത് 21-ാം വാര്‍ഡ് പനക്കല്‍ മസ്ജിദിന് സമീപം കോഴിപ്പറമ്പില്‍ സിയാദ് – സഫീല ദമ്പതികളുടെ മകള്‍ സഫ്ന സിയാദ് (15) ആണ് മരിച്ചത്.ട്യൂഷന്‍ സെന്ററിലേക്ക് പോകാനായി റോഡ് മറികടക്കവേയാണ് അപകടം നടന്നത്. എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് സഫ്നയെ ഇടിച്ചിടുകയായിരുന്നു.ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആലപ്പുഴ – തണ്ണീര്‍മുക്കം റോഡില്‍ കോമളപുരത്തായിരുന്നു അപകടം. സ്വകാര്യ ബസിലെ യാത്ര കഴിഞ്ഞിറങ്ങി കോമളപുരത്തെ ട്യൂഷന്‍ ക്ലാസിലേക്ക് പോകുവാന്‍ റോഡ് മറികടക്കവേ ഈ ബസിനെ മറികടന്ന് വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി സഫ്ന സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

കാസര്‍ഗോഡ് കുമ്പളയില്‍ വീടിന്‍റെ വാതിലുകള്‍ തകര്‍ത്ത് വന്‍ കവര്‍ച്ച.

അടുത്തടുത്തുള്ള രണ്ട് വീടുകളില്‍ നിന്നായി 40 പവന്‍ സ്വര്‍ണാഭരണങ്ങളും 40,000 രൂപയുമാണ് ഒറ്റ രാത്രിയില്‍ മോഷണം പോയത്.കുമ്പള സ്വദേശി വാസുദേവന്‍റേയും അയല്‍വാസി മോഹന്‍ദാസിന്‍റേയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.കര്‍ണാടക ബാങ്ക് ഉദ്യോഗസ്ഥനായ വാസുദേവന്‍റെ വീട്ടിലാണ് വന്‍ കവര്‍ച്ച ഉണ്ടായത്. ഇവിടെ നിന്നു മാത്രം 35 പവനും 15,000 രൂപയും നഷ്ടമായി. വീടിന്റെ പിറകുവശത്തെ ജനലിന്‍റെ ഇരുമ്പ് പാളി ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ വാസുദേവന്‍റ വീട്ടിനകത്തു കടന്നത്. ബെംഗളൂരുവിലുള്ള ഭാര്യ വീട്ടിലായിരുന്നു മോഹന്‍ദാസ് കഴിഞ്ഞ ദിവസം. ഇവിടെനിന്ന് ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.തൊട്ടടുത്തുള്ള മോഹന്‍ദാസിന്‍റെ വീട്ടില്‍നിന്ന് കളവ് പോയത് മൂന്നര പവന്റെ സ്വര്‍ണാഭരണങ്ങളും 25,000 രൂപയുമാണ്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം കുളത്തൂപ്പുഴയില്‍ നാടന്‍ തോക്കുമായി നായാട്ടിനെത്തിയ എത്തിയ രണ്ട് പേര്‍ പിടിയില്‍

. ഭരതന്നൂര്‍ സ്വദേശികളായ യൂസഫ്, ഹസന്‍ അലി എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടിയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുളത്തൂപ്പുഴ മൈലമൂട് സെക്ഷനില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ നിന്നാണ് യൂസഫിനെയും ഹസന്‍ അലിയേയും വനം വകുപ്പ് പിടികൂടിയത്.ഡാലി വനഭാഗത്ത് മൃഗവേട്ടക്കാര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

വടക്കഞ്ചേരിയില്‍ സിമന്റ് തൊട്ടിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു.

കണ്ണൂര്‍ കാഞ്ഞിരം കൊല്ലി തുരുത്തിക്കാട് ജോജോ – റിന്‍സി ദമ്പതികളുടെ മകന്‍ ഡിബിന്‍ മാര്‍ട്ടിനാണ് മരിച്ചത്.ശനിയാഴ്ച രാത്രി ഏഴരയോടു കൂടിയാണ് സംഭവം. പാലക്കുഴി പുഷ്പഗിരി ആശ്രമത്തിലെ ജോലിക്കാരനാണ് ജോജോ. ആശ്രമത്തിന് സമീത്തെ സിമന്‍്റ് തൊട്ടിയില്‍ കുട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ടു മരണം.

പരിമണത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കൊല്ലം പാരിപ്പള്ളിയില്‍ വെച്ച്‌ ഉച്ചക്കുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര പഴയ ഉച്ചക്കട സ്വദേശി ജയലക്ഷ്മി (52) ആണ് മരിച്ചത്. മകളുടെ പരീക്ഷക്കായി എറണാകുളത്തേക്ക് പോയതായിരുന്നു ജയലക്ഷ്മിയും കുടുംബവും.ജയലക്ഷ്മിക്ക് പുറമെ ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമാണ് കാറിലുണ്ടായിരുന്നത്. പാരിപ്പള്ളിയില്‍ റോഡിന്‍റെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മക്കളിലൊരാള്‍ക്ക് സാരമായ പരിക്കുണ്ട്. ജയലക്ഷ്മിയുടെ ഭര്‍ത്താവ് അംബുജാക്ഷനും ഒരു മകള്‍ക്കും നേരിയ പരിക്ക് മാത്രമേയുള്ളൂ.

മുഖ്യമന്ത്രി പദത്തെ ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമാവുകയാണ്.

കേരള മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പറഞ്ഞ ശശി തരൂര്‍ എംപിക്കെതിരെ രമേശ് ചെന്നിത്തല നടത്തിയ രൂക്ഷ പ്രതികരണത്തിന് പിന്നാലെയാണ് നേതാക്കള്‍ പരസ്യ പോര് തുടങ്ങിയത്. തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ മുന്‍ എംഎല്‍‌എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെഎസ് ശബരീനാഥനും തരൂരിനെ പിന്തുണച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഈ കോട്ട് എന്തായാലും അദ്ദേഹത്തിന് ഇണങ്ങും’ എന്നാണ് തരൂരിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ ശബരി കുറിച്ചത്.ഒരു സ്വകാര്യ ചാനലിന്‍റെ വാര്‍ത്താ താരത്തിനുള്ള പുരസ്കാര ജേതാവായ ഡോ. ശശി തരൂരിനെ അഭിനന്ദിച്ചുള്ള പോസ്റ്റിലാണ് ശബരീനാഥന്‍ തരൂരിന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയത്. എഐസിസി അധ്യക്ഷ പദവിയിലേക്ക് തരൂര്‍ മത്സരിച്ചപ്പോഴും പരസ്യപിന്തുണയുമായി ശബരീനാഥന്‍ രംഗത്തെത്തിയിരുന്നു.

കട്ടപ്പന മേരികുളത്തിന് സമീപം എടപ്പുക്കളത്തിനും പുല്ലുമേടിനും മദ്ധ്യേ കെഎസ്‌ആര്‍ടിസി ബസ് 50 അടിതാഴ്ചയിലേക്ക് മറിഞ്ഞു.9 പേര‍്ക്ക് പരിക്കേറ്റു.

ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ ഗര്‍ഭിണിയായ യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളിയില്‍ നിന്നും ഉപ്പുതറക്ക് വരുകയായിരുന്നു ബസാണ് മറിഞ്ഞത്. 18 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

ദേശീയം

തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഡിഎംകെയില്‍ അച്ചടക്ക നടപടി.ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ സസ്പെന്‍ഡ് ചെയ്തു

. ജനറല്‍ സെക്രട്ടറി ദുരൈ മുരുകനാണ് നടപടി അറിയിച്ചത്. ശിവാജി കൃഷ്ണമൂര്‍ത്തി എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും താല്‍കാലികമായി നീക്കി.അംബേദ്കറുടെ പേര് ഉച്ചരിക്കാന്‍ ഗവര്‍ണര്‍ക്ക് മടിയാണെങ്കില്‍ അദ്ദേഹം കശ്മീരിന് പോകട്ടെ, അയാളെ വെടിവച്ചിടാന്‍ ഒരു തീവ്രവാദിയെ ഞങ്ങളയക്കാം എന്നായിരുന്നു എന്നായിരുന്നു ശിവാജി കൃഷ്ണമൂര്‍ത്തി ഒരു പ്രസംഗത്തിനിടെ പറഞ്ഞത്. ഗവര്‍ണര്‍ക്കെതിരായി യാതൊന്നും പറയരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നിയമസഭയിലെ പ്രസംഗം പൂര്‍ണമായി ഗവര്‍ണര്‍ വായിച്ചിരുന്നെങ്കില്‍ താന്‍ അദ്ദേഹത്തിന്‍റെ കാലില്‍ പൂക്കള്‍ വച്ചു തൊഴുമായിരുന്നു എന്നും പറഞ്ഞതിന് ശേഷമായിരുന്നു വിവാദ പരാമര്‍ശം.ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരെ ഗവര്‍ണറുടെ സെക്രട്ടറി പ്രസന്ന രാമസ്വാമി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഡിഎംകെ സര്‍ക്കാരിന് നട്ടെല്ലുണ്ടെങ്കില്‍ ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരെ ഗുണ്ടാ ആക്‌ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്റ്റാലിന്‍റെ അനുമതിയോടെയാണ് ഡിഎംകെ നേതാവിന്‍റെ പരാമര്‍ശമെന്നാണ് ബിജെപിയുടെ ആരോപണം.

രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി ബിജെപി.

അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.

ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരു വര്‍ഷം മാത്രമുള്ളപ്പോള്‍ ഉത്തര്‍പ്രദേശില്‍ മായാവതിയുടെ നിര്‍ണായക പ്രഖ്യാപനം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇനി ഒരു വിശാല സഖ്യത്തിനും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയില്ലെന്ന പ്രഖ്യാപനമാണ് യു പി മുന്‍ മുഖ്യമന്ത്രി നടത്തിയത്. 2019 ല്‍ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിക്കും രാഷ്ട്രീയ ലോക്ദളിനൊപ്പം ചേര്‍ന്ന് വിശാല സഖ്യം ഉണ്ടാക്കിയാണ് മായാവതിയുടെ പാര്‍ട്ടിയായ ബി എസ് പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ മരിച്ച പാര്‍ട്ടി എംപി സന്തോഖ് സിംഗ് ചൗധരിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ രാഹുല്‍ ഗാന്ധി

.’കോണ്‍ഗ്രസ് കുടുംബത്തിലെ ശക്തമായ സ്തംഭം’ എന്നാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ വിശഷിപ്പിച്ചത്. വിനീതനായ, കഠിനാധ്വാനിയായ നേതാവായിരുന്നു അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ഫില്ലൗറില്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ ചൗധരി പങ്കെടുത്തിരുന്നു, അതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തിരുന്നു.”സന്തോഖ് സിംഗ് ചൗധരിയുടെ പെട്ടെന്നുള്ള വിയോഗം ഞെട്ടിച്ചു. യൂത്ത് കോണ്‍ഗ്രസ് മുതല്‍ പാര്‍ലമെന്റ് അംഗം വരെ തന്റെ ജീവിതം പൊതുസേവനത്തിനായി സമര്‍പ്പിച്ച അദ്ദേഹം കഠിനാധ്വാനിയായ നേതാവും നല്ല വ്യക്തിയും കോണ്‍ഗ്രസ് കുടുംബത്തിന്റെ ശക്തമായ സ്തംഭവുമായിരുന്നു. മരിച്ചവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു.’ രാഹുല്‍ ട്വീറ്റ് ഗാന്ധി ചെയ്തു. യാത്ര നിര്‍ത്തി വെച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ചൗധരിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിര്‍ത്തിവെച്ച ഭാരത് ജോഡോ യാത്ര ഞായറാഴ്ച ഉച്ചക്ക് ശേഷം പുനരാരംഭിച്ചു

രാജ്യസുരക്ഷയില്‍ ഇന്ത്യന്‍ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്തിന്‍റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പ്രധാനമന്ത്രി കരസേനയുടെ സേവനത്തെ പുകഴ്ത്തിയത്.രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കരസേനാ ദിനം, സൈന്യം ഇന്ന് ദില്ലിക്ക്‌ പുറത്താണ് ആഘോഷിച്ചത്. ബംഗളുരു മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പിന്റെ പരേഡ് ഗ്രൗണ്ടില്‍ കരസേനയുടെ വിവിധ റെജിമെന്റുകള്‍ അണിനിരന്ന ഗംഭീരപ്രകടനങ്ങള്‍ അരങ്ങേറി. 1949-ല്‍ ബ്രിട്ടീഷ് കമാന്‍ഡര്‍ ജനറല്‍ സര്‍ ഫ്രാന്‍സിസ് റോബര്‍ട്ട് റോയ് ബുച്ചറില്‍ നിന്ന് ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ ചുമതല ഏറ്റെടുത്ത ദിനമാണ് കരസേനാ ദിനമായി ആഘോഷിക്കുന്നത്. 1949 മുതല്‍ രാജ്യതലസ്ഥാനത്താണ് കരസേനാഘോഷങ്ങള്‍ നടന്നിട്ടുള്ളത്.

മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്ക് വധഭീഷണി ഫോണ്‍ കോള്‍ വന്നത് കര്‍ണാടക ജയിലില്‍നിന്ന്.

ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. 100 കോടി രൂപ നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ഫോണിലൂടെ രണ്ട് തവണ അജ്ഞാതന്റെ ഭീഷണി. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലെ ജീവനക്കാരാണ് ഫോണ്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി. അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് പൊലീസ് അറിയിച്ചു. ബെലഗാവി ജയിലില്‍ കഴിയുന്ന ജയേഷ് കാന്ത എന്ന ഗുണ്ടാ നേതാവാണ് അനധികൃത ഫോണ്‍ ഉപയോഗിച്ച്‌ ഗഡ്കരിക്ക് ഭീഷണി സന്ദേശമയച്ചത്. ഇയാളെ വിട്ടുകിട്ടാന്‍ നാഗ്പൂര്‍ പൊലീസ് കര്‍ണാടകയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.

ജമ്മു കശ്മീരില്‍ സമാധാനം പുലരാതിരിക്കാന്‍ ശ്രമിക്കുന്ന ചില ദുഷ്‌ട ശക്തികളുണ്ടെന്ന് കരസേനമേധാവി ജനറല്‍ മനോജ്‌ പാണ്ഡെ

.ഇന്ത്യന്‍ സൈന്യം അത്തരം എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ സജ്ജമാണ്. അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന സംഘങ്ങളെ നേരിടാന്‍ സൈന്യം ജാഗ്രതയോടെ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജമ്മു കാശ്മീരില്‍ ശ്രദ്ധ നേടാനായി മാത്രം ഒരു വിഭാഗം ആളുകളെ തെരഞ്ഞുപിടിച്ച്‌ വധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘങ്ങള്‍ ഉണ്ട്. അത്തരം ഒരു നീക്കവും സൈന്യം വച്ച്‌ പൊറുപ്പിക്കില്ല. സൈന്യത്തിന്റെ ഇടപെടലിലൂടെയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുന:സ്ഥാപിച്ചത്. ചരിത്രത്തിലാദ്യമായി കരസേനാദിനം ദില്ലിക്ക്‌ പുറത്ത് ആഘോഷിക്കാന്‍ തീരുമാനിച്ചത് വിവിധ ജന സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണെന്നും ഇത് കരസേനക്ക് സുവര്‍ണവസരമാണെന്നും ജനറല്‍ മനോജ്‌ പാണ്ഡെ പറഞ്ഞു.

ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം വീണ്ടും ശക്തമാകുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞും ഉണ്ട്.രാജസ്ഥാനിലെ ചുരുവില്‍ മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനില രേഖപ്പെടുത്തി. ദില്ലിയില്‍ ഇന്ന് 3.2 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പലയിടത്തും മൂടല്‍മഞ്ഞ് കനത്തതോടെ കാഴ്ചാപരിധി 200 മീറ്റര്‍ വരെയായി ചുരുങ്ങി.ഹിമാചല്‍ പ്രദേശില്‍ കാഴ്ചാപരിധി 25 മീറ്റര്‍ വരെയായി കുറഞ്ഞു. ദില്ലി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനിരുന്ന ആറ് വിമാനങ്ങള്‍ വൈകി. ഉത്തരേന്ത്യയില്‍ 20 തീവണ്ടികള്‍ വൈകിയോടുന്നതായാണ് വിവരം. ദില്ലി കൂടാതെ പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍ മഞ്ഞുണ്ട്. വരും ദിവസങ്ങളില്‍ ശൈത്യ തരംഗം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

വിമാനയാത്രക്കിടെ രക്തസ്രാവത്തെ തുടര്‍ന്ന് 60കാരന്‍ മരിച്ചു.

ഉത്തര്‍പ്രദേശിലെ മഥുരയില്‍നിന്ന് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് (ആര്‍ഈ -2088) 60കാരനായ അതുല്‍ ഗുപ്തക്ക് വായിലൂടെ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് മരിച്ചത്

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

.കേസിലെ ഒന്നാം പ്രതി നൂറുള്‍ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിരിച്ചുവിട്ടത്. അന്ത്രോത്ത് എംജിഎസ്‌എസ്‌എസ് സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഇദ്ദേഹം.അധ്യാപകന്‍ സമൂഹത്തിന് അഹിംസയുടെ സന്ദേശം നല്‍കേണ്ട വ്യക്തിയെന്നാണ് ഭരണകൂടം പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. നൂറുള്‍ അമീനിന്റെ പ്രവര്‍ത്തി ഇതിന് ചേര്‍ന്നതല്ല എന്നും അഡ്മിനിസ്ട്രേറ്റര്‍. കേസില്‍ ഒന്നാം പ്രതിയായ നൂറുള്‍ അമീനും രണ്ടാം പ്രതിയായ മുന്‍ എംപി മുഹമ്മദ് ഫൈസലും അടക്കമുള്ളവര്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ഫൈസല്‍, എംപി സ്ഥാനത്തു നിന്ന് അയോഗ്യനായിരുന്നു.

ഭാര്യയെയും കാമുകനെയും ഒരുമിച്ച്‌ കണ്ട യുവാവ് കാമുകനെ തലവെട്ടിക്കൊലപ്പെടുത്തി.

ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തിലാണ് സംഭവം.ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊല്ലപ്പെട്ടത്. വിശ്വനാഥ് സുന്ദി എന്നയാളാണ് കൊലനടത്തിയത്. ഭാര്യയെയും കാമുകനെയും ഒരുമിച്ച്‌ പിടികൂടിയ ശേഷം കാമുകനെ മരത്തില്‍കെട്ടിയിട്ട് കോടാലി കൊണ്ട് തല വെട്ടുകയായിരുന്നു. സംഭവത്തില്‍ സുന്ദിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെഗായിസായി ഗ്രാമത്തിലെ ശ്യാംലാല്‍ ഹെംബ്രാമുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് വിശ്വനാഥ് സുന്ദിക്ക് സംശയമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി, ഭാര്യയെയും ശ്യാംലാലിനെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന നിലയില്‍ പിടികൂടി. വിശ്വനാഥ് വീട്ടിലില്ലാത്ത സമയത്താണ് കാമുകന്‍ എത്തിയത്.

അന്താരാഷ്ട്രീയം

നേപ്പാളില്‍ വന്‍ വിമാന ദുരന്തം.

പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണു. വിമാനം പൂര്‍ണമായി കത്തിനശിച്ചു.പറന്നുയരാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ കാഠ്‌മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയില്‍ റണ്‍വേക്ക് മുന്‍പില്‍ തകര്‍ന്നുവീണുവെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്.68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ.

നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ 67 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തില്‍ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു.

പൊഖാറ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട മിക്കവരുടെയും മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തിട്ടുണ്ട്

. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. പലരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തില്‍ 53 നേപ്പാള്‍ സ്വദേശികളും, അഞ്ച് ഇന്ത്യാക്കാരും, നാല് റഷ്യന്‍ പൗരന്മാരും രണ്ട് കൊറിയക്കാരും അയര്‍ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആളുകളുമാണ് ഉണ്ടായിരുന്നു എന്നാണ് വ്യക്തമായത്. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരെല്ലാം മരിച്ചെന്നാണ് വിവരം.കാഠ്‌മണ്ഡുവില്‍ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റണ്‍വേക്ക് സമീപം തകര്‍ന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയര്‍ന്ന വിമാനം ലക്ഷ്യത്തിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയാണ് അപകടത്തില്‍പെട്ടത്. റണ്‍വേയിലെത്തുന്നതിന് മുന്‍പ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തി തീപിടിക്കുകയായിരുന്നു.

നേപ്പാളിൽ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത് അഞ്ച് ഇന്ത്യക്കാരെന്ന് വ്യക്തമായി

. നേപ്പാള്‍ വ്യോമയാന അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഭിഷേക് കുഷ്വാഹ, ബിശാല്‍ ശര്‍മ, അനില്‍ കുമാര്‍ രാജ്ബാര്‍, സോനു ജയ്സ്വാള്‍, സഞ്ജയ ജയ്സ്വാള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്ന ഇന്ത്യാക്കാര്‍. നേപ്പാളിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പതിന‌ഞ്ച് വിദേശകളാണ് അപകടസമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

നേപ്പാള്‍ പൊഖാറ വിമാനാപകടത്തില്‍ മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മരണപ്പെട്ടതില്‍ മൂന്ന് പേര്‍ കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെയാണ് വിമാന ദുരന്തം ഉണ്ടായതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.മൂന്ന് നേപ്പാള്‍ സ്വദേശികളാണ് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തില്‍ മരിച്ചതെന്നാണ് വ്യക്തമായത്. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് കേരളത്തില്‍ നിന്ന് മടങ്ങവെ അപകടത്തില്‍ മരിച്ചത്. ഇവര്‍ പത്തനംതിട്ടയിലാണ് എത്തിയത്. പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേപ്പാളില്‍ നിന്നെത്തിയത് 5 അംഗ സംഘമായിരുന്നു. നേപ്പാളില്‍ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോന്‍മാവ് സ്വാദേശി മാത്യു ഫിലിപ്പിന്‍റെ സംസ്കാര ചടങ്ങിനാണ് ഇവര്‍ എത്തിയത്. ഇക്കഴിഞ്ഞ വെളളിയാഴ്ച ആണ് സംഘം എത്തിയത്. സംസ്കാരം കഴിഞ്ഞ ശേഷം അന്ന് തന്നെ ഇവര്‍ നേപ്പാളിലേക്ക് മടങ്ങിയിരുന്നു.

1 Comments
Effie2083 April 20, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6