Skip to content

chithrodayamflashnews.com

November 30, 2026 3:01 am

സായാഹ്ന വാർത്തകൾ

2023 | ജനുവരി 16 | തിങ്കൾ |


ലഹരിക്കെതിരെ പ്രവര്‍ത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത് ; ജി.സുധാകരന്‍

രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ ലഹരി കടത്തിന്റെ ഭാഗമാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍ രംഗത്ത്. ലഹരിക്കെതിരെ പ്രവര്‍ത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിതെന്നും രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി.സുധാകരന്‍ ആരോപിച്ചു. സിപിഎം നേതാക്കള്‍ ലഹരി കടത്തില്‍ പ്രതി ആയതിനിടയിലാണ് വിമ‍ര്‍ശനമെന്നതില്‍ ഈ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. ജൂനിയര്‍ ചേംബര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ലഹരി കടത്ത് കേസില്‍ രണ്ട് പേര്‍ക്കെതിരെ സിപിഎം നടപടി സ്വീകരിച്ചു. കേസിലെ മുഖ്യപ്രതിയും സി വ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയ ഏരിയാ സെന്‍റര്‍ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്‌തു. രണ്ട് ദിവസമായി തുടരുന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്.

ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയ നോര്‍ത്ത് ഏരിയ സെന്‍റര്‍ അംഗം എ.ഷാനവാസിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് രണ്ട് കുറ്റങ്ങളാണ്. വാഹനം വാങ്ങിയപ്പോഴും വാടകയ്ക്ക് കൊടുത്തപ്പോഴും പാര്‍ട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തില്‍ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിനിടെ വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കര്‍, ബാബുജന്‍, ജി.വേണുഗോപാല്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും. ലഹരി ഉല്പന്നങ്ങള്‍ കടത്താനാവശ്യമായ പണം എവിടുന്ന് കിട്ടിയെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് പിടിയിലായവര്‍ മറുപടി നല്‍കിയിട്ടില്ല. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച്‌ ഇത് കണ്ടെത്താമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇതിനുപിന്നില്‍ വന്‍ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുള്ള സംശയവും പോലീസിന്റെ ഭാഗത്തുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മുൻ വൈരാഗ്യം; പാലക്കാട് യുവാവിനെ സുഹൃത്തുക്കൾ വെട്ടി പരുക്കേൽപ്പിച്ചു


പാലക്കാട്: മണ്ണാർക്കാട് യുവാവിനെ സുഹൃത്തുക്കൾ വെട്ടി പരുക്കേൽപ്പിച്ചു. മണ്ണാർക്കാട് സ്വദേശി നൗഷാദിനെയാണ് വെട്ടി പരുക്കേൽപ്പിച്ചത്. മുൻ വൈരാഗ്യത്തിന്റെ പേരിൽസുഹൃത്തുക്കളായ ഹംസ, ഷഫീക്ക്, ശിഹാബ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പരുക്കേറ്റ നൗഷാദിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. നൗഷാദിന്റെ വീട്ടിലെത്തിയ അക്രമികൾ മാരകായുധമുപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റ നൗഷാദ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ നേരത്തെയും നൗഷാദിന് നേരെ വധഭീഷണി മുഴക്കിയിരുന്നതായി ആരോപണമുണ്ട്.

ബഫർ സോൺ -പൊതുജനങ്ങളുടെ ആശങ്ക അകറ്റാൻ പരിശോധന ആരംഭിച്ചു


എടത്തനാട്ടുകര : ഉപ്പുകുളം സൈലൻറ് വാലി വനമേഖലക്ക് സമീപമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലുൾപ്പെട്ട സർവ്വേ നമ്പറുകൾ ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് പൊതുജനങ്ങളുടെ ആശങ്ക അകറ്റാൻ അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ഉപ്പുകുളം സൈലന്റ് വാലി ഡിവിഷന്റെയും നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്.ഉപ്പുകുളം സൈലന്റ് വാലി വനമേഖലയോട് ചേർന്ന ചകിടികുഴി, ചോലമണ്ണ്, ചൂരപ്പട്ട, മുണ്ടക്കുളം എന്നീ പ്രദേശങ്ങൾ ഇന്ന് പരിശോധന നടത്തി. കഴിഞ്ഞ ദിവസം കിളയപ്പാടം, ചൂളി , പൊൻപാറ, ഓലപ്പാറ, പ്രദേശങ്ങൾ പരിശോധന നടത്തി. അപേക്ഷ കിട്ടിയ 276 ൽ 245 വ്യക്തികളുടെ സ്ഥലങ്ങൾ പരിശോധിച്ചു. പരിശോധിച്ചതിൽ ഒന്നു പോലും ബഫർ സോൺ പരിധിയിൽ പെടുന്നില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പരിശോധനക്ക് പഞ്ചായത്തംഗങ്ങളായ നൈസി ബെന്നി, ബഷീർ പടുക്കുണ്ടിൽ ഉപ്പുകുളം സൈലന്റ് വാലിഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. റമീസ്,ശക്തിവേൽ മുരുകൻ , എ. പ്രതീഷ് ടെക്നിക്കൽ അസിസ്റ്റന്റ്മാരായ എ.റിസാന,കാവ്യാ വിശ്വംഭരൻ,ടി.കെ മുഹമ്മദ്,സി മുഹമ്മദാലി,അലി പടുക്കുണ്ടിൽ, കുഞ്ഞയമ്മു പടുകുണ്ടിൽ,ജോസഫ് അബ്രഹാം,ഹാരിസ് പടുകുണ്ടിൽ എന്നിവർ നേതൃത്വം നൽകി.

കള്ള് ചോദിച്ചു കൊടുത്തില്ല; ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചു, ചെത്ത് തൊഴിലാളിക്ക് പരുക്ക്


തൃശൂർ: കളള് ചോദിച്ചപ്പോൾ കൊടുക്കാത്ത ദേഷ്യത്തിന് യന്ത്രവാൾ ഉപയോ​ഗിച്ച് മധ്യവയസ്കൻ തെങ്ങ് മുറിച്ച് ചെത്ത് തൊഴിലാളിക്ക് പരുക്ക്. വെള്ളിക്കുളങ്ങര കൈലാൻ വീട്ടിൽ ജയൻ(43) ആണ് പരുക്കേറ്റത്. തെങ്ങിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ ജയന്റെ കാലിന് പരുക്കേൽക്കുകയായിരുന്നു. സംഭവത്തിൽ മരംവെട്ട് തൊഴിലാളിയായ മാങ്കൊമ്പിൽ വീട്ടിൽ ബിസ്മി(45) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം.

കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിൽ പ്രകോപിതനായ ചെയ്ത ബിസ്മി യന്ത്രവാൾക്കൊണ്ട് തെങ്ങ് മുറിക്കുകയായിരുന്നു. തെങ്ങ് ചെത്തിക്കൊണ്ടിരിക്കുകയായിരുന്ന ജയൻ താഴെ തെങ്ങ് മുറിക്കുന്നത് കണ്ടതിനെ തുടർന്ന് രക്ഷപ്പെടാനായി ചാടുകയായിരുന്നു. ജയന്റെ കാലൊടിഞ്ഞിട്ടുണ്ട്. അതേസമയം ജയന് പുറമെ തെങ്ങും നിലംപതിച്ചു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ കാണാതായ വോട്ടുപെട്ടി കണ്ടെത്തി


പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. തർക്കത്തെ തുടർന്ന് എണ്ണാതെ വെച്ച സ്പെഷ്യൽ തപാൽ വോട്ട് പെട്ടികളിൽ ഒന്നാണ് പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് കാണാതായത്. 
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും  38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന മുസ്തഫയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.  
തപാല്‍ വോട്ടുകള്‍ ഹൈക്കോടതിലേക്ക് മാറ്റുന്നതിനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പെട്ടി കാണാനില്ലെന്ന കാര്യം മനസിലായത്. പിന്നീട്, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് വോട്ടുപെട്ടി കണ്ടെത്തിയത്.

കൊളിജീയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി.

ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യത ഉണ്ടെന്ന് കൊളീജീയം ഓര്‍മ്മിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

കായിക മന്ത്രി അബ്ദുറഹ്‌മാന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനമുന്നയിച്ച് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും.

”പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട” എന്ന മന്ത്രിയുടെ പരാമര്‍ശം കാരണമാണ് ഒഴിഞ്ഞ ഗ്യാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യന്‍ കുറ്റപ്പെടുത്തി. അതേസമയം വിവരക്കേട് പറഞ്ഞ മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാര്‍ ബഹിഷ്‌കരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂര്‍. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടായിയെന്നും ഒരു മനുഷ്യന്‍ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനേയും സ്റ്റേഡിയത്തേയും ബഹിഷ്‌കരിക്കുന്ന അവസ്ഥ ഉണ്ടായതെന്നും തരൂര്‍ കുറ്റപ്പെടുത്തി.

പട്ടിണിക്കാരനും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. പട്ടിണി പാവങ്ങള്‍ കളി കാണേണ്ട എന്ന് പറയരുതെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ലഹരി കടത്തുന്ന കാലമാണിതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍.

സിപിഎം നേതാക്കള്‍ ലഹരി കടത്തില്‍ പ്രതി ആയതിനിടയിലാണ് രാഷ്ട്രീയം ദുഷിച്ചുപോയെന്ന ജി.സുധാകരന്റെ കുറ്റപ്പെടുത്തല്‍. ആലപ്പുഴയില്‍ ജൂനിയര്‍ ചേംബര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് സുധാകരന്റെ വിമര്‍ശനം.

തരൂര്‍ വിവാദത്തിന്റെ പേരില്‍ പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് എഐസിസി

. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. താരിഖ് അന്‍വറിനെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തി. കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചര്‍ച്ചകള്‍ നടത്തി വേണം മുന്‍പോട്ട് പോകാനെന്നും എഐസിസി നിര്‍ദേശമുണ്ട്

നരേന്ദ്രമോദിക്ക് കേരളത്തില്‍ 36 ശതമാനം ജനപിന്തുണയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം ലീഗിനോട് സിപിഎം കാട്ടുന്ന പ്രണയം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും പറഞ്ഞു.

ശബരിമല മാളികപ്പുറത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

ചെങ്ങന്നൂര്‍ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ ശബരിമല വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി.

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി സമരത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായ ശങ്കര്‍ മോഹനെ ന്യായീകരിച്ച് സ്ഥാപനത്തിന്റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍.


സ്ഥാപനത്തില്‍ ജാതി വിവേചനം എന്ന ആക്ഷേപം തള്ളിയ അടൂര്‍ ആഷിഖ് അബുവും രാജീവ് രവിയും പ്രശസ്തിക്ക് വേണ്ടിയാണ് തന്നെ വിമര്‍ശിക്കുന്നതെന്നും പറഞ്ഞു. ന്യൂ ജനറേഷന്‍ ഫിലിം മേക്കേര്‍സ് ആയ അവരില്‍ എന്താണ് പുതുതായി ഉള്ളതെന്നും അടൂര്‍ ചോദിച്ചു.

അശ്ലീല ദൃശ്യ വീഡിയോ വിവാദത്തിലുള്‍പ്പെട്ട സിപിഎം നേതാവ് എ പി സോണക്കെതിരെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ ഡിജിപി ക്ക് പരാതി നല്‍കി.

സോണക്കെതിരെ കേസ് എടുക്കണമെന്നും ചൂഷണം ചെയ്തതില്‍ ഒരു പെണ്‍കുട്ടിയുള്ളതിനാല്‍ പോക്സോ കേസും ചുമത്തണമെന്നാണ് ആവശ്യം. വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിന് ചികിത്സ നല്‍കുന്നതില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്ക് വിഴ്ചയെന്ന് പരാതി.

തോമസിന്റെ കുടുംബമാണ് ആരോപണവുമായി മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് മുന്നിലെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നല്ല ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

വനിതാ ടിക്കറ്റ് പരിശോധകയോട് അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തതിന് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്.

ഇന്നലെ രാത്രി ഗാന്ധി ദാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രയിനില്‍ ജനറല്‍ ടിക്കറ്റുമായി സ്ളീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ടിക്കറ്റ് പരിശോധകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതേസമയം സംഭവത്തില്‍ മറുവാദവുമായി സ്വര്‍ണ്ണകടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി രംഗത്തെത്തി. നാഗര്‍കോവില്‍ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് വനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി ആക്ഷേപിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി.

മഥുരയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും പുറത്ത് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

കൊവിഡ് മരണ കണക്കുകള്‍ പുറത്തുവിട്ട ചൈനയെ പ്രശംസിച്ച് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ്.

ചൈനയോട് കണക്കുകള്‍ പുറത്തുവിടണമെന്ന് തുടര്‍ച്ചയായി അഭ്യര്‍ഥിച്ചിരുന്നുവെന്നും വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടതിനെ പ്രശംസിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വനിതാ ഐപിഎല്ലിന്റെ സംപ്രേഷണവകാശം സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18.

അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്കാണ് വയാകോം 18 സംപ്രേഷണാവകാശം സ്വന്തമാക്കിയത്. വനിതാ ഐപിഎല്ലിലെ ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നല്‍കുക.

സംസ്ഥാനത്ത് പവന്‍ വില 42,000 ത്തിലേക്ക് അടുക്കുന്നു.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപ ഉയര്‍ന്നു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായുള്ള നാലാമത്തെ വര്‍ധനവില്‍ സംസ്ഥാനത്തെ സ്വര്‍ണവില 720 രൂപയാണ് ഉയര്‍ന്നത്. ശനിയാഴ്ച 320 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 41,760 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ശനിയാഴ്ച 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 15 രൂപയാണ് ഉയര്‍ന്നത്. ശനിയാഴ്ചയും 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4315 രൂപയാണ്. 2020 ആഗസ്ത് ഏഴിനായിരുന്നു സ്വര്‍ണത്തിന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 42,000 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്. ഗ്രാമിന് 5250 രൂപയും. ആ വിലക്ക് തൊട്ടടുത്താണ് ഇപ്പോള്‍ സ്വര്‍ണ നിരക്ക് എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നു. ഇതോടെ വിപണി വില 76 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഉപയോഗിച്ച 28.3 കോടി സ്മാര്‍ട് ഫോണുകള്‍ വിറ്റതായി റിപ്പോര്‍ട്ട്.

ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്മാര്‍ട് ഫോണുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഐഡിസിയുടെ കണക്കനുസരിച്ച് 2021 ല്‍ വിറ്റ 25.34 കോടി ഫോണുകളെ അപേക്ഷിച്ച് 11.5 ശതമാനം വര്‍ധനവാണ് 2022 ല്‍ രേഖപ്പെടുത്തിയത്. ഈ വിഭാഗത്തില്‍ 2021 മുതല്‍ 2026 വരെ 10.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഡിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 2026 ല്‍ 41.33 കോടി ഉപയോഗിച്ച ഫോണുകളുടെ വില്‍പന വഴി 9990 കോടി ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് പ്രവചനം. ഇത് പരിസ്ഥിതിക്കും വലിയ നേട്ടമാണ്. ഉപയോഗിച്ച ഫോണുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനാല്‍ ഇമാലിന്യം കുറയ്ക്കാന്‍ സാധിക്കും. ഉപയോഗിച്ച് ഫോണുകളുടെ വിപണിയില്‍ പ്രീമിയം ഹാന്‍ഡ്സെറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇതിനാലാണ് വില്‍പന വഴി ലഭിക്കുന്ന വരുമാനം കുത്തനെ കൂടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഉപയോഗിച്ച ഫോണ്‍ വിപണിയുടെ കുതിപ്പ് പുതിയ ബ്രാന്‍ഡുകള്‍ക്കും ഫോണുകള്‍ക്കും ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘കര്‍ട്ടന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.

പാവക്കുട്ടി ക്രിയേഷന്‍സിന്റ ബാനറിലൊരുങ്ങുന്ന ചിത്രം അമന്‍ റാഫിയാണ് സംവിധാനം ചെയ്യുന്നത്. മകള്‍ക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഹൊറര്‍ ഇമോഷണല്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ജിനു.ഇ തോമസ് ആണ് നായകന്‍. മെറീന മൈക്കിള്‍, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, വി.കെ ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ സൂര്യലാല്‍ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷിജ ജിനു ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുര്‍ഗ വിശ്വനാഥ് ആണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6