Skip to content

chithrodayamflashnews.com

November 30, 2026 1:38 am

സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 21 ലക്ഷം തട്ടി; കമ്മീഷണർ ഓഫീസ് ജീവനക്കാരനടക്കം മൂന്നുപേർ അറസ്റ്റിൽ.

കോഴിക്കോട്: സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 21 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസിൽ കമ്മീഷണർ ഓഫീസ് ജീവനക്കാരനടക്കം മൂന്നുപേർ അറസ്റ്റിൽ. കമ്മീഷണർ ഓഫീസിൽ പ്യൂൺ ആയി ജോലിചെയ്യുന്ന കക്കോടി സ്വദേശി പുതുക്കുടി വീട്ടിൽ പി. ബിപിൻ, കക്കോടി സ്വദേശിയായ മീരാലയം വീട്ടിൽ മിഥുൻ, കക്കോടി സ്വദേശി മലയിൽ വീട്ടിൽ രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

സ്വർണപണയം ടേക്ക് ഓവർ ചെയ്യാനെന്ന വ്യാജേന ബിപിൻ പാളയത്തെ സ്വകാര്യ ബാങ്കിൽനിന്ന് പണം വാങ്ങി മുങ്ങുകയായിരുന്നു. ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് ആണ് ഇയാളെ പിടികൂടിയത്.

2023 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പാളയം ഭാഗത്തുള്ള ഒരു സ്വകാര്യ ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് സ്വർണപണയം ടേക്ക് ഓവർ ചെയ്യാനെന്ന വ്യാജേന അനുബന്ധ രേഖകൾ നൽകി 21 ലക്ഷത്തോളം രൂപ വാങ്ങി ബാങ്കിനെ കബളിപ്പിച്ചു മുങ്ങുകയായിരുന്നു.

പോലീസ് അന്വേഷണത്തിൽ ബിപിൻ അടക്കം മൂന്നുപേരടങ്ങുന്ന സംഘമാണ് തട്ടിപ്പിനു പിന്നിലെന്നും പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലടക്കം ഇവർക്കെതിരേ വഞ്ചനാ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും വ്യക്തമായി. ഒട്ടേറെ ആളുകളും ധനകാര്യ സ്ഥാപനങ്ങളും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. താൻ കമ്മിഷണർ ഓഫീസിലെ പോലീസുകാരനാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും പോലീസിന് മുന്നിൽ കീഴടങ്ങാൻ കോടതി ഉത്തരവിടുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6