Skip to content

chithrodayamflashnews.com

November 30, 2026 3:01 am

പ്രഭാത വാർത്തകൾ

2023 | ജനുവരി 19|വ്യാഴം |

ലക്ഷദീപില്‍ തിരക്കിട്ട് തെരഞ്ഞെടുപ്പു നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍.

വധശ്രമക്കേസില്‍ മുന്‍ എംപി ജയിലില്‍ ആയതോടെയാണ് ലക്ഷദ്വീപില്‍ അപ്രതീക്ഷിത തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അംഗീകരിച്ചാല്‍ അയോഗ്യത ഇല്ലാതാകും. വിജ്ഞാപനം വരുംമുമ്പേ ഹൈക്കോടതി ഉത്തരവുണ്ടാകുമോയെന്നാണു കണ്ടറിയേണ്ടത്. ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാല്‍ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കാമെന്നാണ് ചട്ടം. 10 വര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനാലാണ് ലോകസഭ സെക്രട്ടറി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു


ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16 നും മേഘാലയയിലും നാഗാലാൻഡിലും 27 നുമാവും വോട്ടെടുപ്പ് നടക്കുക. മൂന്നു സംസ്ഥാനങ്ങളിലും മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.

കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി നല്‍കി.

കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. പരാതിയില്‍ രണ്ടു പേര്‍ക്കെതിരേ പരാമര്‍ശങ്ങളുണ്ട്. നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശപ്രകാരം പിന്‍വലിച്ചിരുന്നു.

കൊളീജിയം വിഷയത്തിൽ സുപ്രീംകോടതി – കേന്ദ്രസർക്കാർ ഏറ്റുമുട്ടൽ തുടരുന്നു


സുപ്രീംകോടതി ജഡ്‌ജിമാരുടെയും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാരുടെയും നിയമനം കൊളീജിയം വഴിയല്ല, സെർച്ച്‌ കമ്മിറ്റി വഴിയാണ്‌ നടത്തേണ്ടതെന്ന്‌ കേന്ദ്രസർക്കാർ. കൊളീജിയം വിഷയത്തിൽ സുപ്രീംകോടതിയുമായി കേന്ദ്രസർക്കാർ തുടരുന്ന ഏറ്റുമുട്ടലിന്റെ തുടർച്ചയായാണ്‌ നിയമമന്ത്രി കിരൺ റിജിജുവിന്റെ തുറന്നു പറച്ചിൽ. നിയമനത്തിന്‌ അർഹരായവരെ കണ്ടെത്താൻ സെർച്ച്‌ കം ഇവാല്യൂവേഷൻ കമ്മിറ്റി രൂപീകരിക്കണമെന്നാണ്‌ കേന്ദ്രം ആവശ്യപ്പെട്ടതെന്നും റിജിജു വിശദീകരിച്ചു. കൊളീജിയത്തിൽ കേന്ദ്രസർക്കാർ പ്രതിനിധിയെ എങ്ങനെ ഉൾപ്പെടുത്താൻ കഴിയും? ചിലർ വസ്‌തുത മനസ്സിലാക്കാതെ അഭിപ്രായം പറയുകയാണ്‌. കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്‌ കത്ത്‌ നൽകിയെന്ന വാർത്ത വന്നതിനു പുറകെയാണ് മന്ത്രിയുടെ പ്രതികരണം.

സിബിഐ അന്വേഷണവും ശരിയായ ദിശയില്‍ അല്ലെന്നു വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍.

അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണം. മക്കളുടെ മരണം കൊലപാതകമാണോയെന്നും പ്രതികളായ രണ്ടു പേരുടെ ദുരൂഹ മരണവും അശ്ലീലചിത്ര മാഫിയയുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം.

സർക്കാരിന്റെ അധീനതയിലുള്ള ജുഡീഷ്യറി സൃഷ്ടിച്ചെടുക്കാൻ നീക്കം


സുപ്രീംകോടതി ജഡ്‌ജിമാരുടെയും ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസുമാരുടെയും നിയമനത്തിന്‌ സർക്കാർ പ്രതിനിധി ഉൾപ്പെട്ട സെർച്ച്‌ കമ്മിറ്റി രൂപീകരിക്കണമെന്ന കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ കത്ത്‌ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന്‌ അഖിലേന്ത്യ ലോയേഴ്‌സ്‌ യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാരിന്റെ അധീനതയിലുള്ള ജുഡീഷ്യറി സൃഷ്ടിച്ചെടുക്കുകയാണ്‌ ലക്ഷ്യമെന്നും യൂണിയൻ ആരോപിച്ചു.

ചികിത്സിക്കുന്ന ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ അടക്കം റദ്ദായ സ്ഥിതി


ക്ലിനിക്കൽ പരിശീലനം ലഭിക്കാതെ വിദേശ മെഡിക്കൽ ബിരുദം നേടിയവർക്ക്‌ രണ്ട്‌ വർഷത്തെ നിർബന്ധിത ഇന്റേൺഷിപ് വ്യവസ്ഥയ്‌ക്ക്‌ മുൻകാല പ്രാബല്യം നൽകിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെയും ദേശീയ മെഡിക്കൽ കമീഷന്റെയും നിലപാട്‌ തേടി. കോവിഡ്‌, റഷ്യ–-ഉക്രയ്‌ൻ യുദ്ധം എന്നീ കാരണങ്ങളാൽ ചൈന, ഉക്രയ്‌ൻ, ഫിലിപ്പീൻസ്‌ രാജ്യങ്ങളിൽനിന്ന്‌ മടങ്ങിവന്ന മെഡിക്കൽ ബിരുദധാരികൾ നൽകിയ ഹർജിയോടൊപ്പം ഇതും പരിഗണിക്കാൻ ഡിവിഷൻബെഞ്ച്‌ ഉത്തരവിട്ടു. മാസങ്ങളായി ചികിത്സിക്കുന്ന ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ അടക്കം റദ്ദായ സ്ഥിതിയാണ്‌ മെഡിക്കൽ കമീഷൻ തീരുമാനം വഴി ഉണ്ടായതെന്ന്‌ ഹർജിക്കാരുടെ അഭിഭാഷകൻ ശിവംസിങ്‌ പറഞ്ഞു.

ഭൂമിയിടപാട് ഹര്‍ജികള്‍ വിധി പറയാൻ മാറ്റി


സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ വിചാരണക്കോടതിയില്‍ ഹാജരാകാത്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നടപടിക്ക് സുപ്രീംകോടതി വിമര്‍ശനം. രാജ്യത്തിന്റെ നിയമവാഴ്ച്ച എല്ലാവര്‍ക്കും ബാധകമാണെന്നും, കര്‍ദ്ദിനാള്‍ ഹാജരാകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹാജരാകുന്നതില്‍ നിന്നും ഇളവ് വേണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. അസൗകര്യങ്ങള്‍ ഉള്ളതിനാലാണ് വിചാരണക്കോടതിയില്‍ ഹാജരാകാതെയിരുന്നതെന്ന് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ സുപ്രീം കോടതിയെ അറിയിച്ചു. ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജികള്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റി.

പ്രവീണ്‍ റാണയെ നായകനാക്കി സിനിമ; എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍


സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്‌ഐ സാന്‍റോ തട്ടിലിന് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. പ്രവീണ്‍ നായകനായ ചോരന്‍ എന്ന സിനിമ സംവിധാനം ചെയ്തതു സാന്‍റോ തട്ടിലാണ്. അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനാണു നടപടിയെന്നാണു വിശദീകരണം.

മദ്യം കടത്താൻ ശ്രമിച്ച പ്രവാസി കുവൈറ്റിൽ പിടിയിൽ


കണ്ടെയ്‌നറിൽ രഹസ്യമായി മദ്യം ഒളിപ്പിച്ച് കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ. ഏഷ്യൻ പൗരനായ വ്യക്തിയാണ് പിടിയിലായത്. 427 കുപ്പി വിദേശമദ്യമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

താലിബാൻ നേതാക്കൾക്കും ട്വിറ്ററിലെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ


ട്വിറ്ററിലെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ പണം മുടക്കി വാങ്ങിയവരിൽ താലിബാൻ നേതാക്കളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ. രണ്ട് താലിബാൻ നേതാക്കളും നാല് പ്രവർത്തകരും ബ്ലൂ ടിക്ക് വാങ്ങിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഈ ഹാൻഡിലുകളുടെ വെരിഫിക്കേഷനിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ട്വിറ്ററോ ഇലോൺ മസ്കോ പ്രതികരിച്ചിട്ടില്ല. താലിബാന്‍റെ വിവരാവകാശ വിഭാഗം തലവൻ ഹിദായത്തുള്ള ഹിദായത്ത്, അഫ്ഗാൻ മാധ്യമ നിരീക്ഷണ വിഭാഗം തലവൻ അബ്ദുൽ ഹഖ് ഹമ്മാദ് തുടങ്ങിയവർ ബ്ലു ടിക്ക് വാങ്ങിയതായാണ് റിപ്പോർട്ടുകൾ. ഹിദായത്തുള്ളയ്ക്ക് 1,87,000 ഫോളോവർമാരും അബ്ദുൽ ഹഖിന് 1,70,000 ഫോളോവർ മാരുമാണ് നിലവിലുള്ളത്. ഈ റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

കെസിആറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി


കേരളവും ഇവിടുത്തെ ജനങ്ങളും കെസിആറിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു(കെസിആർ) വിനെ അഭിനന്ദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്. കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്കരായ സംസ്ഥാന മുഖ്യമന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചതിലുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. തെലങ്കാനയിൽ ബിആർഎസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രസവത്തിനിടെ ഇരട്ട കുട്ടികൾ മരിച്ചു


ആലപ്പുഴ മെഡിക്കൽ കോളെജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. ആശുപത്രിയിൽ എത്തിയത് 4 ദിവസം മുമ്പാണ്. ഇന്നലെയായിരുന്നു ശസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ വേദന കൂടിയതോടെ തലേന്ന് വൈകിട്ട് തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുത്തപ്പോൾ കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളെജ് സൂപ്രണ്ട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.

ഹാഷിഷ് ഓയിലുമായി പിടിയിൽ


40 ഗ്രാം ഹാഷിഷ് ഓയിലുമായി പത്തനംതിട്ട പുല്ലാട് കാഞ്ഞിരപ്പാറ വട്ടമല പുത്തൻ വീട്ടിൽ സന്തോഷ് (43) നെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. 18 ചെറിയ ബോട്ടിലുകളിലായി സൂക്ഷിച്ച 40 ഗ്രാം ഹാഷിഷ് ഓയിൽ ആണ് പിടിച്ചെടുത്തത്.

മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം


പടയപ്പ എന്ന കാട്ടാനയെ പ്രകോപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനം വകുപ്പ്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളിലേക്കും ടാക്‌സികളിലേക്കും ആകർഷിക്കുന്നത് പതിവായിട്ടുണ്ട്. മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. രണ്ടുമാസം മുമ്പുവരെ ഈ ആന പ്രശ്നക്കാരനായിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ആളുകള്‍ പെരുമാറി തുടങ്ങിയതോടെ ആനയും അക്രമാസക്തമാകാൻ തുടങ്ങിയിട്ടുണ്ട്.

യുക്രെയ്നിൽ ഹെലികോപ്റ്റർ തകർന്നു 16 മരണം


യുക്രെയ്നിലെ കീവിൽ ആഭ്യന്തരമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ് ആഭ്യന്തരമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ 16 പേർ മരിച്ചു.
ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി യെവൻ യെനിൻ, ആഭ്യന്തര മന്ത്രാലയം സ്റ്റേറ്റ് സെക്രട്ടറി യൂറി ലുബ്‌കോവിച്ച് എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ഉക്രെയ്‌നിന്റെ ദേശീയ പൊലീസ് മേധാവി അറിയിച്ചു.

യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം


സെക്രട്ടറിയേറ്റിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പി കെ കുഞ്ഞാലിക്കുട്ടിയുടെയും പി കെ ഫിറോസിന്‍റെയും പ്രസംഗം തീർന്നതിനു പിന്നാലെയാണ് പ്രവർത്തകർ അക്രമാസക്തമായത്. പൊലീസിന് നേരെ കല്ലും, ചെരിപ്പും, കസേരകളും വലിച്ചെറിഞ്ഞു. ഇതോടെ പൊലീസ് ലാത്തി വീശി. സംഘർഷം രൂക്ഷമായതോടെ കണ്ണീർ വാതക ഷെല്ലുകളും, ഗ്രനേഡും പ്രയോഗിച്ചു.

ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം


പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണങ്ങളിൽ പൊതു മുതൽ നശിപ്പിച്ചെന്ന ഹർജിയിൽ ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപ്പോർട്ട് നൽകണമെന്നും, ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ജപ്തി നടപടികൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയത്. ജനുവരി 15നു മുൻപ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.

ഭാര്യയെ ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു


കൊച്ചി എളമക്കരയിൽ ഭാര്യയെ ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ച് ഭർത്താവ്. വാടകയ്ക്ക് താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിക്കാണ് വെട്ടേറ്റത്. യുവതിയുടെ ശരീരത്തിൽ‌ 12 ഓളം മുറിവുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ കളമശേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേശ്വരി അപകടനില തരണം ചെയ്തിട്ടില്ല. ഭർത്താവ് മണികണ്ഠനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പരസ്യമായി കൈ വെട്ടി മാറ്റി


മോഷണക്കുറ്റം ചുമത്തപ്പെട്ട 4 പേരുടെ കൈ പരസ്യമായി വെട്ടി മാറ്റി താലിബാൻ സർക്കാർ. കാണ്ഡഹാറിലെ അഹമ്മദ് ഷാഫി സ്റ്റേഡിയത്തിൽ വൻ ജനക്കൂട്ടത്തിനു മുന്നിലാണ് ശിക്ഷ നടപ്പാക്കിയത്. മോഷണക്കുറ്റവും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചതായും ഗവർണറുടെ ഓഫീസ് വ്യക്തമാക്കി. താലിബാന്‍റെ ഇത്തരം പ്രാകൃത നടപടികളിൽ രാജ്യാന്തര തലത്തിൽ വൻ പ്രതിക്ഷേധം ഉയരുന്നതിനിടെയാണ് പുതിയ ശിക്ഷ നടപ്പാക്കൽ.

പരാതി പരിഗണിക്കണമെന്ന്‌ പ്രതാപചന്ദ്രന്റെ മക്കൾ


കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രന്റെ മരണം പാർട്ടിയിലെ ചിലരുടെ മാനസിക പീഡനം മൂലമാണെന്ന തങ്ങളുടെ പരാതി വീണ്ടും പരിഗണിക്കണമെന്ന്‌ മക്കളായ പ്രജിത്തും പ്രീതിയും മുഖ്യമന്ത്രി പിണറായി വിജയനോട്‌ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതാപചന്ദ്രന്റെ മക്കൾക്ക്‌ നൽകിയ വാഗ്ദാനത്തെ തുടർന്നാണ്‌ ആദ്യപരാതി പിൻവലിച്ചത്‌. അതോടെ സുധാകരൻ കൈമലർത്തി. ചില കോൺഗ്രസ്‌ നേതാക്കളുടെ മാനസിക പീഡനവും അഴിമതിക്കാരനാണെന്ന കുപ്രചാരണവുമാണ്‌ പ്രതാപചന്ദ്രന്റെ അപ്രതീക്ഷിത വേർപാടിന്‌ കാരണമെന്ന്‌ ഡിജിപി ക്ക്‌ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്‌ വാർത്തയായതോടെ കുറ്റക്കാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന്‌ ഉറപ്പുനൽകി സുധാകരൻ പരാതി പിൻവലിപ്പിക്കുകയുമായിരുന്നു.

ബലാത്സംഗ കേസിൽ അറസ്റ്റ്


വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്‌ത കേസിൽ മുസ്ലിംലീഗ് പ്രവർത്തകന്‍ അറസ്റ്റില്‍. പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി ഏന്തിവീട്ടിൽ ജംഷീറിനെ (37)യാണ് അറസ്റ്റ് ചെയ്‌തത്. രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ വിവാഹം കഴിക്കാമെന്നും കട്ടികളെ സംരക്ഷിക്കാമെന്നും പറഞ്ഞ് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ കഴിഞ്ഞ ദിവസം തിരൂരിൽവച്ച് പിടികൂടി. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

എംഡിഎംഎയുമായി നാലുപേർ പിടിയിൽ


എക്‌സൈസും പൊലീസും വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി നാലുപേർ പിടിയിൽ. കാക്കനാട്, എൻജിഒ ക്വാർട്ടേഴ്‌സ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കാക്കനാട് ടിവി സെന്റർ ഇടനക്കചാലിൽ വീട്ടിൽ അഷ്‌കർ നസീർ(21), കൊടുങ്ങല്ലൂർ എടത്തുരുത്തി തണ്ടാശേരി വീട്ടിൽ ടി എ ജാക്ക് (22) എന്നിവരാണ്‌ എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. ഇടപ്പള്ളിയിലെ ലോഡ്‌ജിൽനിന്ന്‌ കാസർകോട്‌ ഉപ്പള മടക്ക് ഹൗസിൽ മുഹമ്മദ്‌ അർഷാദ്‌ (47), തൃക്കാക്കര മരോട്ടിച്ചുവടിലെ ചായക്കടയിൽനിന്ന്‌ കരുനാഗപ്പിള്ളി സ്വദേശി യാസിമി (25)നെയും പൊലീസ്‌ പിടികൂടി.

കാൽനട യാത്രക്കാരിയെ ഇടിച്ചുവീഴ്‌ത്തി കാർ നിർത്താതെ പോയി


വിമുക്തഭടനായ ബാങ്ക്‌ ഉദ്യോഗസ്ഥൻ ഓടിച്ച കാർ കാൽനട യാത്രക്കാരിയെ ഇടിച്ചുവീഴ്‌ത്തി നിർത്താതെ പോയി. പരിക്കേറ്റ യുവതിയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ വിവിരങ്ങൾ ശേഖരിച്ച പൊലീസ്‌ കാർ കസ്‌റ്റഡിയിൽ എടുത്ത്‌ ഡ്രൈവറെ അറസ്‌റ്റ്‌ ചെയ്‌തു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി ഈരാറ്റുപേട്ട എസ്‌ബിഐ ജീവനക്കാരനായ വിമുക്തഭടൻ നോബർട്ട്‌ ജോർജ്‌ വർക്കിയെയാണ് പാലാ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാൾ ഓടിച്ച കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്‌.

ഹോട്ടൽ ജീവനക്കാർക്ക്‌ ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാക്കി


സംസ്ഥാനത്തെ ഭക്ഷണവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ ഫെബ്രുവരി ഒന്നുമുതൽ ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണ ജോർജ്‌. കാർഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഹെൽത്ത്‌ കാർഡ്‌ എടുക്കാൻ ജീവനക്കാർക്ക്‌ രണ്ടാഴ്ചയോളം സമയം ഇനിയുമുണ്ട്‌. ഇവർക്ക്‌ വ്യാജ സർട്ടിഫിക്കറ്റ്‌ നൽകാൻ ഏതെങ്കിലും ഡോക്ടർമാർ തയാറായാൽ അവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധികൾ അടക്കമുള്ള രോഗങ്ങൾ ജീവനക്കാർക്കില്ല എന്ന്‌ ഉറപ്പിക്കുന്നതിനാണ്‌ ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാക്കുന്നത്‌. സ്ഥാപനങ്ങളിലെ ശുചിത്വം ഉറപ്പാക്കുകയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രധാന ലക്ഷ്യമാണ്‌. പരിശോധനയിൽ പൂട്ടുന്ന സ്ഥാപനങ്ങളുടെ പേരുവിവരം അടക്കം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹർജി തള്ളി


മന്ത്രി സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹെെക്കോടതി തള്ളി. മല്ലപ്പിള്ളി പ്രസംഗത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി പറഞ്ഞു. അന്വേഷണസംഘത്തിന്റെ റഫർ റിപ്പോർട്ടിനെതിരെ തടസഹർജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ നിരീക്ഷിച്ചു.

വ്യാജ പ്രചരണങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് പരാതി നൽകി


ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികയ്‌ക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് ഡയറക്ടർ പോലീസിന് പരാതി നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് പരാതി നൽകിയത്. പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

കേസെടുത്തു


സംഘടനാ നേതാവിനെ സംഘം ചേർന്ന് മർദിച്ച വിമത വിഭാഗത്തിലെ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. സെക്രട്ടറിയേറ്റ്‌ അസോസിയേഷൻ ട്രഷറർ കെ എസ്‌ ഹാരിസിനെയാണ്‌ ഗ്രൂപ്പ്‌ പോരിൽ വിമതവിഭാഗം മർദിച്ചത്. നെയ്യാറ്റിൻകര ഡി അനിൽകുമാർ , ജസീർ , റെജി എൻ , സുധീർ എ , ജയകുമാർ , ഗോവിന്ദ് , രഞ്ചിഷ്കുമാർ , അനിൽകുമാർ കെ.എം., രാമചന്ദ്രൻ നായർ. രമേശൻ , സതീഷ് കുമാർ എന്നിവർക്കെതിരെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.

പി വി സിന്ധു ഇന്ത്യ ഓപ്പൺ ബാഡ്‌മിന്റണിൽ നിന്ന്‌ പുറത്ത്


മുൻ ലോകചാമ്പ്യൻ പി വി സിന്ധു ഇന്ത്യ ഓപ്പൺ ബാഡ്‌മിന്റണിൽ നിന്ന്‌ പുറത്തായി. ഒന്നാംറൗണ്ടിലാണ്‌ ഇരുപത്തേഴുകാരിയുടെ മടക്കം. വനിതാ സിംഗിൾസിൽ തായ്‌ലൻഡിന്റെ ശുഭനിദ കെയ്‌റ്റ്‌തോങ്ങിനോട്‌ 14–21, 20–22ന്‌ തോൽവി സമ്മതിച്ചു. ഈ വർഷം തുടർച്ചയായ രണ്ടാം ടൂർണമെന്റിലാണ്‌ സിന്ധു ആദ്യ റൗണ്ടിൽ പുറത്താകുന്നത്‌. മലേഷ്യൻ ഓപ്പണിലും സമാനപ്രകടനമായിരുന്നു.
പുരുഷൻമാരിൽ നിലവിലെ ചാമ്പ്യൻ ലക്ഷ്യ സെൻ മലയാളിതാരം എച്ച്‌ എസ്‌ പ്രണോയിയെ മറികടന്ന്‌ രണ്ടാംറൗണ്ടിലെത്തി (21-14, 21-15). വനിതാ ഡബിൾസിൽ മലയാളിതാരം ട്രീസ ജോളിയും കൂട്ടുകാരി ഗായത്രി ഗോപീചന്ദും മുന്നേറി. ഫ്രാൻസിന്റെ മാർഗരറ്റ്‌ ലാംബെർട്ട്‌–അന്ന ട്രാൻ സഖ്യത്തെ തോൽപ്പിച്ചു (22–20, 17-21, 21–18).

ഇന്ത്യയ്‌ക്ക്‌ 12 റൺസിന്റെ ജയം


അവസാന ഓവർ വരെ ഇന്ത്യയെ വിറപ്പിച്ച്‌ ന്യൂസിലൻഡ്‌ കീഴടങ്ങി. ഒരുഘട്ടത്തിൽ ശുഭ്‌മാൻ ഗില്ലിന്റെ ഇരട്ടസെഞ്ചുറി പാഴാകുമോ എന്ന്‌ തോന്നിച്ച മത്സരത്തിൽ ഇന്ത്യയ്‌ക്ക്‌ 12 റൺസിന്റെ ജയം. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ 350 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും 78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേ‌സ്‌വെല്ലിന്‍റെ മുന്നില്‍ അവസാന നിമിഷം വരെ വിറച്ച ഇന്ത്യ നാല് പന്ത് ബാക്കിനില്‍ക്കേ 12 റണ്‍സിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ-349/8 (50), ന്യൂസിലന്‍ഡ്-337 (49.2). ഇന്ത്യക്കായി ശുഭ്‌മാന്‍ ഗില്‍ ഇരട്ട സെഞ്ചുറി നേടിയപ്പോള്‍ മുഹമ്മദ് സിറാജ് നാല് വിക്കറ്റ് സ്വന്തമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6