Skip to content

chithrodayamflashnews.com

November 30, 2026 3:01 am

സായാഹ്ന വാർത്തകൾ

2023 | ജനുവരി 19 | വ്യാഴം |

ബാങ്ക് അക്കൗണ്ടുകള്‍ വഴി കോഴിക്കോട് കോര്‍പറേഷനില്‍ വന്‍ തിരിമറിയെന്ന് കോണ്‍ഗ്രസ്

. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ബാങ്കുകളിലും ട്രഷറിയിലുമായി 60 അക്കൗണ്ടുകള്‍ കോര്‍പറേഷനുണ്ടെന്നാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. എന്നാല്‍ കണക്കില്‍ പെടാത്ത 13 ബാങ്ക് അക്കൗണ്ടുകള്‍ കൂടി കോര്‍പറേഷന്റെ പേരിലുണ്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. 20 കോടിയോളം രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഈ അക്കൗണ്ടുകളിലുള്ളത്.

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍.

പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് രാജീവ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് തെറ്റായി പെട്ടി നല്‍കിയതിലെ വീഴ്ചയ്ക്കാണു നടപടി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്.

കൂടത്തായ് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റി

കോഴിക്കോട് : കൂടത്തായ് കേസ് പരി​ഗണിക്കുന്നത് പ്രത്യേക കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബി എ ആളൂർ ബോധിപ്പിച്ചു.

നിരീക്ഷണക്യാമറ തുണയായി; ബൈക്ക് സഹിതം പ്രതിയെ പിടികൂടി

പെരിന്തൽമണ്ണ: ഒരു വർഷം മുൻപ് ബൈക്ക് കാണാതായ കേസിന്റെ അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും നിരീക്ഷണക്യാമറാക്കണ്ണ് തുറന്നിരിക്കുകയായിരുന്നു. ഒടുവിൽ കാണാതായ ബൈക്ക് സഹിതം പ്രതിയെ പോലീസ് പിടികൂടി. പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത് 2022 ജൂലായ് എട്ടിന് കോടതിയുടെ അനുമതിയോടെ അന്വേഷണം അവസാനിപ്പിച്ച കേസിലാണ് പ്രതിയെയും തൊണ്ടിമുതലും കണ്ടെത്തിയത്. പട്ടാമ്പി ഓങ്ങല്ലൂർ കുന്തക്കാട്ടിൽ അബൂബക്കർ സിദ്ദീഖ് (37) ആണ് ബൈക്ക് സഹിതം പിടിയിലായത്. 2021 ഡിസംബർ 26-ന് പുലർച്ചെയാണ് പരിയാപുരം തട്ടാരക്കാട് റോഡിലെ മുട്ടത്ത് ജോസഫിന്റെ കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് കാണാതായത്. പരാതിയിൽ കേസെടുത്ത് പെരിന്തൽമണ്ണ പോലീസ് പലവിധത്തിൽ അന്വേഷിച്ചെങ്കിലും ബൈക്കോ പ്രതിയെയോ കണ്ടെത്താനായില്ല. ആറു മാസം കഴിഞ്ഞാൽ ഇത്തരം കേസുകളിൽ കോടതിയുടെ അനുമതിയോടെ അന്വേഷണം താത്കാലികമായി അവസാനിപ്പിക്കാമെന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് കോടതിയെ സമീപിച്ചു. തുടർന്ന് തെളിയിക്കാൻ കഴിയാത്ത(യു.ഡി.) കേസുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസിന്റേതായ അന്വേഷണസംവിധാനങ്ങളിൽ വാഹനത്തിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകിയിരുന്നു. നിരീക്ഷണക്യാമറകളുടെ ഏകോപന സംവിധാനമായ എ.എൻ.പി.ആർ. കൺട്രോളിലും വിവരം നൽകിയിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് കടലുണ്ടി പാലത്തിന് സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ ബൈക്കിന്റെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് പാലത്തിനടുത്ത് നടത്തിയ പരിശോധനയിൽ ബൈക്ക് സഹിതം അബൂബക്കർ സിദ്ദീഖിനെ ബേപ്പൂർ പോലീസ് പിടികൂടുകയായിരുന്നു. പെരിന്തൽമണ്ണ എസ്.ഐ. എ.എം. യാസിർ ബേപ്പൂരിലെത്തി പ്രതിയെയും ബൈക്കും കസ്റ്റഡിയിൽ വാങ്ങി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പ്രഫ. കെ.വി തോമസിനെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കും.

ക്യാബിനറ്റ് പദവിയോടെയാണു നിയമനം. മന്ത്രിസഭയാണു തീരുമാനമെടുത്തത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിനു കോണ്‍ഗ്രസ് പുറത്താക്കിയതോടെ തോമസ് സിപിഎം സഹയാത്രികനാണ്. ആവശ്യപ്പെട്ടു വാങ്ങിയ പദവിയല്ലെന്നും ഡല്‍ഹിയിലെ ബന്ധങ്ങള്‍ കേരളത്തിനുവേണ്ടി പ്രയോജനപ്പെടുത്തുമെന്നും കെ.വി. തോമസ് പ്രതികരിച്ചു.

30,31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയപണിമുടക്ക് പ്രഖ്യാപിച്ചതോടെ ഈ മാസത്തെ അവസാന നാലുദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

28,29 തീയതികള്‍ നാലാംശനിയും ഞായറുമാണ്. ഇത് രാജ്യത്തുടനീളമുള്ള ബാങ്കിങ് സേവനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ബാങ്ക് ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് സന്ദര്‍ശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് പണിമുടക്ക്. സെറ്റില്‍മെന്റ്, ബാങ്കുകളിലെ അഞ്ച് പ്രവൃത്തിദിനങ്ങള്‍, പ്രമോഷനുകള്‍, ശമ്പള-പെന്‍ഷന്‍ ഫിക്സേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് സംസ്ഥാന കണ്‍വീനര്‍ മഹേഷ് മിശ്ര പറഞ്ഞു.

കഴിഞ്ഞ 28 മാസമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച മുംബൈയില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ആവശ്യങ്ങളില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎഫ്ബിയും പറഞ്ഞു. തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനത്തിലേക്ക് സംഘടനകള്‍ നീങ്ങിയത്

-ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുത്തു..


ക്രിസ്മസ്-പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം നറുക്കെടുത്തു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയായ 16 കോടിയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനമായ 16 കോടി രൂപ XD 236433 എന്ന നമ്പറിനാണ് . ഈ നമ്പറിലുള്ള മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും. നറുക്കെടുപ്പ് തുടരുകയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ

ജനങ്ങള്‍ക്ക് ജീവിതച്ചെലവേറും… ഇത്തവണ ബജറ്റില്‍ വിവിധ സേവന നിരക്കുകളും..?

ജനങ്ങള്‍ക്ക് ജീവിതച്ചെലവേറും….. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാനായി ഇത്തവണ (ഫെബ്രുവരി 3ന്) ബജറ്റില്‍ വിവിധ സേവന നിരക്കുകളും ജി.എസ്.ടിയില്‍ പെടാത്ത ചില മേഖലകളിലെ നികുതിയും വര്‍ദ്ധിപ്പിച്ചേക്കും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാനായി ഇത്തവണ ബജറ്റില്‍ വിവിധ സേവന നിരക്കുകളും ജി.എസ്.ടിയില്‍ പെടാത്ത ചില മേഖലകളിലെ നികുതിയും വര്‍ദ്ധിപ്പിച്ചേക്കും, വില്ലേജ്, താലൂക്ക്, തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവന സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍, സ്റ്റാമ്പ് ഡ്യൂട്ടി, പ്രൊഫഷണല്‍ ടാക്‌സ്, ഭൂമിയുടെ ന്യായവില, പോക്കുവരവ് ഫീസ് തുടങ്ങിയവയിലെല്ലാം വര്‍ദ്ധന വന്നേക്കും. ജനങ്ങള്‍ക്ക് അധികഭാരം നല്‍കുന്നതാണ് ഇതെല്ലാം. ബജറ്റ് അല്പം കടുത്തതാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സൂചിപ്പിച്ചു. നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടിയുണ്ടാകും. 30 വര്‍ഷം മുമ്പ് പരിഷ്‌കരിച്ച പ്രൊഫഷണല്‍ ടാക്‌സ് നിരക്കിലും സ്ലാബിലും കാലാനുസൃത മാറ്റം വരുത്താനാണ് നീക്കമുള്ളത്.
ഇത് വര്‍ദ്ധിപ്പിക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി വിജയാനന്ദ് അദ്ധ്യക്ഷനായ ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാന സ്രോതസാണിത്. 12,000 രൂപയ്ക്കുമേല്‍ മാസവരുമാനമുള്ളവര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ ഒരു ശതമാനമാണ് ടാക്‌സ്. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാനായാല്‍ അവയ്ക്ക് നല്‍കുന്ന ഗ്രാന്റും പദ്ധതി വിഹിതവും സര്‍ക്കാര്‍ ചെലവില്‍ നിന്ന് കുറയ്ക്കാനാകുമെന്നതാണ് നേട്ടം. അതേസമയം അടുത്ത വര്‍ഷം മുതല്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍ ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള നികുതി വര്‍ദ്ധനകള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് വര്‍ഷങ്ങളാണ്.

കോവിഡ് കുറഞ്ഞു ; ജനങ്ങൾ ചോദിക്കുന്നു, എന്തിന് മാസ്ക് നിര്‍ബന്ധമാക്കി..?

ചൈന, അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കാന്‍ കേരളം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്ക്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി എന്ന വാര്‍ത്തയാണ് അതിന് പിന്നാലെ പുറത്ത് വന്നത്. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് ധരിച്ചിരിക്കണം. പൊതുസ്ഥലത്തും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധന ഇല്ലാഞ്ഞിട്ടും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത് എന്തിനുവേണ്ടി എന്ന ചോദ്യമാണ് ഇപ്പോള്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. വാഹനങ്ങളിലും പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലുമാണ് കേരളത്തില്‍ ഒരു മാസത്തേക്ക് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത്. എന്നാല്‍ സംസ്ഥാനത്തടക്കം 50ല്‍ താഴെ കേസുകള്‍ മാത്രമാണ് ദിനം പ്രതി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതു ജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരുകളിലും മാസ്ക് ധരിക്കണം. വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്കോ മുഖാവരണമോ ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. അപ്പോള്‍ വരാനിരിക്കുന്ന ഒരു വലിയ വിപത്തിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്. നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രാലയം കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.

പുതുവര്‍ഷം മുതല്‍ 40 ദിവസം എന്നത് ഇന്ത്ത്യയെ സംബന്ധിച്ച്‌ ഏറെ ജാഗ്രത പുലര്‍ത്തേണ്ട ദിവസങ്ങളാണ് സമ്മാനിക്കാനിരിക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങളെ ഒട്ടും നിസാരവത്കരിച്ച്‌ കാണരുത്. രാജ്യത്ത് തന്നെ 89 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.05% വും പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.09%വുമാണ്. നിലവില്‍ ഇന്ത്യയെമ്പാടും 2,035 പേരാണു കോവിഡ് ചികിത്സയിലുള്ളത്. ആകെ രോഗ ബാധിതരുടെ 0.01% പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. നിലവിലെ രോഗമുക്തി നിരക്ക് 98.8% വുമാണ്. വളറെ മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇപ്പോള്‍ ഇന്ത്യയില്‍. ചൈനയിലും മറ്റും ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. അതിനിടയിലാണ് പ്രതീക്ഷ ഉയര്‍ത്തി ഇന്ത്യ ആരോഗ്യ മേഖലയില്‍ കരുത്താര്‍ജ്ജിക്കുന്നത്. രാജ്യത്ത് ഇതിനകം ആകെ 4,41,48,472 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. രാജ്യ വ്യാപകമായി ഇതുവരെ 220.17 കോടി വാക്‌സിന്‍ ഡോസ് നല്‍കിയിട്ടുണ്ട്. 95.14 കോടി രണ്ടാം ഡോസും 22.46 കോടി മുന്‍കരുതല്‍ ഡോസുമാണ് ഉള്‍ക്കൊള്ളുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി മാസ്‌ക് നിര്‍ബന്ധമാക്കേണ്ട സാഹചര്യമുണ്ടായിരുന്നോ എന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്. സാനിറ്റൈസറും നിരബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവടങ്ങളില്‍ കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസറോ സോപ്പോ നല്‍കണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു. മാസ്‌ക് അടക്കം ശീലമാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്‌കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്നും നിര്‍ദേശിച്ചത്.

കോവിഡിന്റെ പുതിയ വകഭേദമ കണ്ടെത്തിയതിന് പിന്നാലെ ദേശീയ തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ പുതുക്കിയാണ് കേരളം ഇപ്പോള്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറിയാണ് നിര്‍ണായക ഉത്തരവ് പുറത്തിറക്കിയത്. ജനുവരി 12 മുതല്‍ 30 ദിവസത്തേക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ടായിരിക്കും. ഒമിക്രോണ്‍ ഉപവകഭേദം ബിഎഫ്.7 ആണ് നിലവില്‍ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ക്ക് പിന്നിലുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ ഗസറ്റ് വിജ്ഞാപനം യുക്തിഹീനമാണെന്നും ഈ സമയത്ത് ഇത്തരത്തിലൊരു നിര്‍ദ്ദേശം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും ആരോഗ്യവിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. മാസ്‌ക് ഉപയോഗിച്ചിരുന്ന ഘട്ടങ്ങളില്‍ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളിലടക്കം വന്‍ കുറവുണ്ടായിരുന്നുവെന്നും മാസ്‌ക് ശീലമാക്കുന്നത് നല്ലതാണെന്നും ആരോഗ്യവിദ്ഗധര്‍ പറയുന്നു. ഇപ്പോള്‍ ഗുരുതരമായ പനിയും ചുമയും ജലദോഷവും ഒക്കെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് മാസ്ക് ഉപയോഗിക്കുന്നത് ഒരു പരിധി വരെ നന്നായിരിക്കും എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. സംസ്ഥാനത്തേക്ക് തീര്‍ഥാടകരും വിനോദ സഞ്ചാരികളുമടക്കം നിരവധി പേര്‍ എത്തുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം രോഗ പ്രതിരോധത്തിന് നല്ലതാണെന്നും പറയുന്നുണ്ട്. അതേസമയം പകല്‍ സമയത്ത് സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ മാസ്‌ക് നിര്‍ബന്ധമായി ഉപേയോഗിക്കുന്നത് ബുദ്ധിമുട്ടാണെന്നും പൊതുജനം പരാതിപ്പെടുന്നുണ്ട്. കേരളത്തില്‍ 80 മുതല്‍ 90 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചിട്ടുണ്ട്. നല്ലൊരു ശതമാനം പേര്‍ക്കും സംസ്ഥാനത്ത് ഹൈബ്രിഡ് പ്രതിരോധ ശേഷിയുണ്ട്. പുതിയ കോവിഡ് തരംഗം ഉണ്ടായാലും ലഘുവായ തോതില്‍ ജലദോഷവും പനിയുമായി മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളൂ എന്നതാണ് വസ്തുത.

കോണ്‍ഗ്രസ് നേതാവ് വി.പ്രതാപചന്ദ്രന്റെ മരണം ; സുധാകരനെതിരെ മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഡിജിപിക്ക് നല്‍കിയ പരാതി പിന്‍വലിച്ചത് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്. പോലീസ് കേസ് എടുത്താല്‍ അന്വേഷണ പരിധിയിലേക്ക് കെപിസിസി അദ്ധ്യക്ഷനും വരും. ചില കോണ്‍ഗ്രസ് നേതാക്കളുടെയും കെപിസിസിയിലെ സിയുസി സംഘത്തിന്റെയും മാനസിക പീഡനവും അഴിമതിക്കാരനാണെന്ന കുപ്രചരണവുമാണ് പ്രതാപചന്ദ്രന്റെ മരണത്തിന് കാരണമെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇത് വാര്‍ത്തയായതോടെ കുറ്റക്കാര്‍ക്കെതിര കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി സുധാകരന്‍ പരാതി പിന്‍വലിപ്പിക്കുകയായിരുന്നു. എന്നാല്‍ കുടുംബത്തിന് തൃപ്തികരമായ രീതിയില്‍ തുടര്‍നടപടികള്‍ കെപിസിസി അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. ഇതോടെ ഇ-മെയില്‍ മുഖേന മകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നേരത്തെ ഡിജിപിക്ക് നല്‍കിയ പരാതിയും ഇതോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ആദ്യ പരാതിയുടെ സമയത്ത് തന്നെ കോസ് എടുക്കാനാകുമോയെന്ന കാര്യത്തില്‍ നിയമോപദേശം തേടിയിരുന്നു. അതിനാല്‍ തന്നെ മുഖ്യമന്ത്രി ഇപ്പോഴത്തെ പരാതി കൈമാറിയാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത. ആദ്യ പരാതിയില്‍ കോണ്‍ഗ്രസിന്റെ യൂണിറ്റ് സംവിധാനത്തിന്റെ ചുമതലക്കാരായ പ്രമോദ് കോട്ടാപ്പള്ളി, രമേശന്‍ കാവില്‍ എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ പരാതിയില്‍ കെപിസിസി അദ്ധ്യക്ഷന്‍ ഇടപെട്ടാണ് പരാതി പിന്‍വലിച്ചതെന്ന പരാമര്‍ശമുള്ളതിനാല്‍ പോലീസ് അന്വേഷണമുണ്ടായാല്‍ കെ.സുധാരകന്റെ മൊഴി എടുക്കേണ്ടി വരും.

മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍; പിഎസ്ജി ഇന്ന് സൗദി ഓള്‍സ്റ്റാര്‍ ടീമിനെതിരെ

▪️റിയാദ്: ഇന്ന് വീണ്ടും ലിയോണല്‍ മെസി- ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേര്‍ക്കുനേര്‍ പോര്. പിഎസ്ജി സൗഹൃദ മത്സരത്തില്‍, സൗദി ഓള്‍സ്റ്റാര്‍ ടീമിനെ നേരിടും. രാത്രി പത്തരയ്ക്കാണ് മത്സരം. ലാ ലിഗയെയും ചാംപ്യന്‍സ് ലീഗിനെയും ചൂട് പിടിപ്പിച്ച എല്‍ ക്ലാസിക്കോ ദിനങ്ങളെ ഓര്‍മിപ്പിക്കാന്‍ ഒരിക്കല്‍ കൂടി സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍. പിഎസ്ജി കുപ്പായത്തില്‍ മെസി ഇറങ്ങുമ്പോള്‍ സൗദി അറേബ്യയുടെ അഭിമാനപ്പോരാട്ടത്തില്‍ അല്‍ നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്തടീമിന്റെ നായകനായാണ് റോണാള്‍ഡോ കളത്തിലെത്തുക.

1700 കോടിയിലേറെ രൂപയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍ നസ്‌റിലെത്തിയ റോണോ ആദ്യമായാണ് സൗദിയില്‍ കളിക്കാനിറങ്ങുന്നത്. ഔദ്യോഗികമായി 22നാണ് അല്‍ നസ്‌റിനായി കളിക്കുക. അതിന് മുമ്പ് സഹതാരങ്ങള്‍ക്കൊപ്പം ആരാധകര്‍ക്ക് മുന്നില്‍ പന്തുതട്ടാനുള്ള അവസരം. ഫ്രഞ്ച് ലീഗില്‍ റെന്നസിനോട് തോറ്റാണ് പിഎസ്ജിയുടെ വമ്പന്‍ താരനിര റിയാദിലെത്തിയിരിക്കുന്നത്. എംബപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ്, മാര്‍ക്വീഞ്ഞോസ് തുടങ്ങി പിഎസ്ജിയുടെ മിന്നുംതാരങ്ങളെല്ലാം മെസിക്കൊപ്പമുണ്ട്.

ഖത്തറില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കിരീടമുയര്‍ത്തിയ മെസി ഒരിക്കല്‍ കൂടി അറബ് മണ്ണില്‍ കളിക്കാനെത്തുന്നുവെന്നതും ശ്രദ്ധേയം. 2020 ചാംപ്യന്‍സ് ലീഗിലാണ് അവസാനമായി മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്നത്. അന്ന് റൊണാള്‍ഡോയുടെ യുവന്റസ്, മെസിയുടെ ബാഴ്‌സലോണയെ 3-0ന് തോല്‍പ്പിച്ചിരുന്നു. ആകെ മത്സരങ്ങളില്‍ 16 ജയവുമായി മെസിയാണ് മുന്നില്‍. 11 കളികളില്‍ റൊണാള്‍ഡോയുടെ ടീമും ജയിച്ചു.

ചാരിറ്റി മത്സരമായതിനാല്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അവസരം നല്‍കുന്ന പ്രത്യേക ടിക്കറ്റ് ഒരു ആരാധകന്‍ ലേലത്തില്‍ സ്വന്തമാക്കിയത് 21 കോടി രൂപയ്ക്കാണ്. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനല്‍ വേദിയായതിനൊപ്പം റൊണാള്‍ഡോയുടെ വരവും സൗദിയെ ഫുട്‌ബോള്‍ ലോകത്ത് സജീവചര്‍ച്ചയാക്കുന്നുണ്ട്. പ്രീമിയര്‍ ലീഗിലും ക്ലബ്ബ് ഏറ്റെടുത്ത സൗദി 2030 ലോകകപ്പ് ആതിഥേയത്വമാണ് ലക്ഷ്യമിടുന്നത്

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കശ്മീരിലെത്തും,കനത്ത സുരക്ഷ


ദില്ലി : സുരക്ഷ മുന്നറിയിപ്പുകള്‍ക്കിടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക്.വൈകീട്ട് ആറ് മണിയോടെ കശ്മീര്‍ അതിര്‍ത്തിയായ ലഖന്‍പൂരില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും.

23 ന് പൊതു റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.റിപ്പബ്ളിക് ദിനത്തില്‍ ബനി ഹാളില്‍ രാഹുല്‍ പതാകയുയര്‍ത്തും. 30 ന് ശ്രീനഗര്‍ ഷെര്‍ ഇ കശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള ,എം.കെ സ്റ്റാലിന്‍, ഉദ്ദവ് താക്കറെ യടക്കമുള്ള നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.ഇടത് പാര്‍ട്ടികളില്‍ സിപിഐയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കശ്മീരിലേക്ക് കയറുന്നതിന് തൊട്ടു മുന്‍പ് പാര്‍ട്ടി വക്താവും കത്വ കേസിലെ അഭിഭാഷകയുമായ ദീപിക രജാവത്ത് രാജിവച്ചത് ക്ഷീണമായി.കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആക്ഷേപം നേരിട്ടുന്ന മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6