
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ കെ. സി.കേശവപിള്ള സ്മാരക പുരസ്കാരത്തിന് ഡോ. സജിത ജാസ്മിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, കേശവീയത്തിന്റെ രചയിതാവ് കൂടിയായ മലയാളത്തിലെ പ്രശസ്ത കവിയായ കെ സി കേശവപിള്ളയുടെ പേരിൽ ഖണ്ഡകാവ്യത്തിന് നൽകിവരുന്ന ഈ അവാർഡ്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘അതിജീവിത’ എന്ന ഖണ്ഡകാവ്യത്തിനാണ് ഈ പുരസ്കാരം.
2024 മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ വെച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
ബഹ്റൈനിൽ ആതുരസേവനത്തിൽ ആയിരിക്കുന്ന ഡോ സജിത ജാസ്മിൻ എഴുത്തിനോടും പ്രതിപത്തിയുള്ള ആളാണ്. ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജിയിൽ ബിരുദാനന്തര ബിരുദവും, രണ്ടു ഫെല്ലോഷിപ്പുകളും, ലേസർ ഡെന്റിസ്ട്രിയിൽ പ്രത്യേക പരിശീലനവും നേടിയിടട്ടുണ്ട്. ദീർഘകാലം നിംസ് ഡെന്റൽ കോളേജിൽ അധ്യാപികയായും അക്കാദമിക് കോർഡിനേറ്റർ ആയും, വിവിധ ക്ലിനിക്കുകളിലെ കൺസൽട്ടന്റ് ആയും ജോലി ചെയ്തിട്ടുണ്ട്. ഡോ സജിത ജാസ്മിന്റെ ‘നിശാഗന്ധിയുടെ സുഗന്ധം’ എന്ന കവിതാ സമാഹാരവും ‘അതിജീവിത’ എന്ന ഖണ്ഡകാവ്യത്തോടൊപ്പം പ്രസിദ്ധീകരണത്തിനായി തയ്യാറെടുക്കുന്നു.
കൂടാതെ, ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും അനേകം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. 2023-ൽ ഡി വിനയചന്ദ്രൻ സ്മാരക കവിതാ പുരസ്കാരം, നിർമ്മാല്യം കലാസാംസ്കാരിക വേദിയുടെ കവിതാ പുരസ്കാരം, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ സുഗതകുമാരി സ്മാരക കവിതാ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്

No Comment.