Skip to content

chithrodayamflashnews.com

November 30, 2026 2:50 am

പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് ഗവര്‍ണറുടെ റിപ്പബ്ളിക് ദിന പ്രസംഗം

പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് ഗവര്‍ണറുടെ റിപ്പബ്ളിക് ദിന പ്രസംഗം. തിരുവനന്തപുരത്ത് പതാക ഉയര്‍ത്തിയശേഷമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് റിപ്പബ്ളിക് ദിനാശംസകള്‍ എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. നവകേരളം പദ്ധതികള്‍ അടിസ്ഥാനസൗകര്യ മേഖലയെ മെച്ചപ്പെടുത്തി. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു. ലൈഫ് പദ്ധതിയേയും ഗവര്‍ണര്‍ പുകഴ്ത്തി.

സൈനിക ശക്തി വിളംബരം ചെയ്ത പരേഡോടെ രാജ്യത്തിന്റെ 74 ാം റിപ്പബ്ളിക് ദിനാഘോഷം

. ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് എന്ന പഴയ രാജ്പഥില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിച്ചു. റിപ്പബ്ളിക് ദിന പരേഡില്‍ ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസിയാണ് മുഖ്യാതിഥി. ഈജിപ്തില്‍നിന്ന് എത്തിയ സേനയും പരേഡില്‍ പങ്കെടുത്തു. മനോഹരമായ 23 ഫ്ളോട്ടുകളും ദൃശ്യവിരുന്നേകി.

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതുമൂലം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യമേഖലകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കാനാകുന്നില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു ധനമന്ത്രി. രാജ്യത്തെ ജനാധിപത്യവും ഫെഡറല്‍ സംവിധാനവും അട്ടിമറിക്കാന്‍ നിരന്തരം ശ്രമം നടക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.

ഭരണഘടന അട്ടിമറിക്കാന്‍ പല തലത്തിലും ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഭരണഘടനയുടെ കാവലാളായി മാറണമെന്നും മന്ത്രി സജി ചെറിയാന്‍.

ഭരണഘടനയെ ‘കുന്തം കുടച്ചക്രം’ പ്രയോഗത്തിലൂടെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ചശേഷം മന്ത്രിയായി തിരിച്ചെത്തിയ സജി ചെറിയാന്‍ ആലപ്പുഴയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷമാണ് ഇങ്ങനെ പ്രസംഗിച്ചത്.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വൈവിധ്യപൂര്‍ണമായ സാംസ്‌കാരികതകളെ കോര്‍ത്തിണക്കി ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാക്കുന്നത് ഭരണഘടനയാണ്. അദ്ദേഹം ഓര്‍മിപ്പിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗാന്ധിയനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ഗവര്‍ണറുടെ എല്ലാ പ്രവര്‍ത്തികളും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പങ്കെടുത്ത ദേശീയ ബാലതരംഗത്തിന്റെ വേദിയിലാണ് ഇങ്ങനെ പറഞ്ഞത്.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കഥ/നോവല്‍ വിഭാഗത്തില്‍ ഇ എന്‍ ഷീജയുടെ ‘അമ്മമണമുള്ള കനിവുകള്‍’, കവിതാ വിഭാഗത്തില്‍ മനോജ് മണിയൂരിന്റെ ചിമ്മിനിവെട്ടവും പുരസ്‌കാരം നേടി. വൈജ്ഞാനികം- ഡോ. വി രാമന്‍കുട്ടി (എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്രം – ഡോ. മുഹമ്മദ് ജാഫര്‍ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാല്‍), ജീവചരിത്രം/ആത്മകഥ – സുധീര്‍ പൂച്ചാലി (മാര്‍ക്കോണി), വിവര്‍ത്തനം/പുനരാഖ്യാനം – ഡോ. അനില്‍കുമാര്‍ വടവാതൂര്‍ (ഓസിലെ മഹാമാന്ത്രികന്‍), ചിത്രീകരണം- പി.വൈ. സുധീര്‍ (ഖസാക്കിലെ തുമ്പികള്‍), നാടകം- ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ (കായലമ്മ) എന്നിവരാണ് പുരസ്‌കാരങ്ങള്‍ നേടിയത്.

മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.

കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി മുഹമ്മദ് ബഷീറിനെ(55)യാണ് മലപ്പുറം പിടികൂടിയത്. 2019 മുതല്‍ അയല്‍വാസിയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി; ‘ബൈക്ക് സ്റ്റണ്ട് തടയാന്‍ സൈബര്‍ പെട്രോളിംഗ് ശക്തിപ്പെടുത്തും’

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം. ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളില്‍ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം. നിശ്ചിത കാലയളവുകളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.ബൈക്ക് സ്റ്റണ്ട് തടയുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബര്‍ പെട്രോളിംഗ് ശക്തിപ്പെടുത്തണം. ഒന്നിലധികം തവണ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടിയെടുക്കണം. വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കണം. നിര്‍ദ്ദേശാനുസരണമുള്ള വേഗതയിലാണ് വാഹനങ്ങള്‍ ഓടിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തം. ക്യാമറ സ്ഥാപിക്കുന്നതോടൊപ്പം പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാന്‍ സഹായിക്കുന്നതിന് വികസിപ്പിച്ച ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്‌നേഷന്‍ (എ.എന്‍.പി.ആര്‍) ക്യാമറകള്‍ ഇ-ചലാന്‍ സംവിധാനവുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഹെവി വെഹിക്കിളുകളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണം. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. റോഡ് സുരക്ഷയ്ക്ക് മുഖ്യപരിഗണന നല്‍കി ട്രാഫിക്ക് ഇഞ്ചിനിയറിംഗ് ഡിസൈന്‍സ് വികസിപ്പിക്കണം. റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിവിളക്ക് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കണം.

ഗുഡ്‌സ് വാഹനങ്ങള്‍ അമിത ഭാരവുമായി വരുന്നത് നിയന്ത്രിക്കാന്‍ റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി, ലീഗല്‍ മെട്രോളജി, മോട്ടോര്‍വാഹന വകുപ്പ്, പോലീസ് എന്നിവര്‍ ഏകോപിതമായി ഇടപെടണം. ഏറ്റവും പുതിയ റിയല്‍ ടൈം ആക്‌സിഡന്റ് ഡാറ്റ നാറ്റ്പാക്ക് ലഭ്യമാക്കണം. കോമ്പൗണ്ടബിള്‍ ഒഫന്‍സെസ് പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട കുറ്റകൃത്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കില്‍ നടപടികള്‍ കൈക്കൊള്ളണം. സ്‌കൂള്‍ കുട്ടികളുടെ വിനോദ സഞ്ചാരത്തിന് തയ്യാറാക്കിയ മാര്‍ഗ്ഗരേഖ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. റോഡ് സുരക്ഷ സംബന്ധിച്ച പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. സ്‌കൂളുകള്‍, കോളേജുകള്‍, പൊതു സ്ഥാപനങ്ങള്‍ മുതലായവയിലൂടെ ക്യാമ്പയിന്‍ പ്രവര്‍ത്തനം സാധ്യമാക്കണം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികളുടെ സിലബസ്സില്‍ റോഡ് സുരക്ഷ സംബന്ധിച്ച് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു, പൊലീസ് മേധാവി അനില്‍ കാന്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, കമ്മീഷണര്‍ എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ചു മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു

. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയുന്നതിന്റെ ഭാഗമായി ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍നിന്നു പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചില്ല. എസ്എഫ്ഐ , എന്‍എസ് യുഐ സംഘടനകളിലെ പത്തിലധികം വിദ്യാര്‍ത്ഥികളെ ഫത്തേപൂര്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ടിരിക്കുകയാണ്.

ഇന്ത്യ ഉള്‍പെടെ ലോകമെങ്ങും ആവിഷ്‌കാര, മാധ്യമ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്ത്വങ്ങള്‍ക്കു പ്രസക്തിയുണ്ടെന്ന് അമേരിക്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി വിവാദമായിരിക്കേയാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ടുമെന്റ് നിലപാടു വ്യക്തമാക്കിയത്.

ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെടുത്തരുത് ; കാന്തപുരം

മറ്റൊരു രാജ്യത്തുമില്ലാത്ത വിധം വിപുലമായ സാംസ്‌കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ ഒരുമിപ്പിക്കുന്നത് ഭരണഘടനയാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. അതിവിശാലവും വൈവിധ്യപൂര്‍ണവുമായ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഭരണഘടനക്ക് സാധിച്ചിട്ടുണ്ട്. സമഗ്രമായ ഭരണഘടനയുടെ പേരില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറെ കീര്‍ത്തി നേടി. എന്നാല്‍, അതിന്റെ അന്തഃസത്ത തകര്‍ക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ബോധപൂര്‍വ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ആശങ്കപ്പെടേണ്ട കാലമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദേശിക ആധിപത്യത്തില്‍ നിന്ന് പൊരുതി നേടിയ പരമാധികാരം ആരുടെ മുന്നിലും പണയം വെക്കാതെയും മുന്‍ഗാമികളായ രാഷ്ട്ര തന്ത്രജ്ഞര്‍ വിശാലമായ കാഴ്ചപ്പാടുകളിലൂടെ രൂപവൽകരിച്ച ഭരണഘടനാ മൂല്യങ്ങള്‍ അവഗണിക്കാതെയും മുന്നോട്ടുപോയാല്‍ രാജ്യത്തിന്റെ യശസ്സ് ഇനിയുമുയരും. ഭരണഘടനയുടെ അന്തഃസത്തയും രാജ്യത്തിന്റെ പെരുമയും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും കാന്തപുരം റിപബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

11 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലിസ് മെഡല്‍

11 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലിസ് മെഡല്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച പുരസ്കാരങ്ങളില്‍ സ്പെഷല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് എസ്.പി ആമോസ് മാമ്മനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്. സ്ത്യുത്യര്‍ഹ സേവനത്തിനുളള പുരസ്കാരത്തിന് 10 പേരും അര്‍ഹരായി. പി.പ്രകാശ് (ഐ.ജി, ഇന്‍റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍, കാബിനറ്റ് സെക്രട്ടേറിയറ്റ്, ഡല്‍ഹി), കെ.കെ.മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈം ബ്രാഞ്ച് കോഴിക്കോട്, വയനാട്), എസ്. ഷംസുദ്ദീന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എല്‍.അജിത് കുമാര്‍ (ഡിവൈഎസ്പി, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്‌മെന്‍റ്), കെ.വി.പ്രമോദന്‍ (ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആര്‍.രാജേന്ദ്രന്‍ (എസ്.ഐ, കേരള പോലീസ് അക്കാദമി), സി.പി.കെ.ബിജുലാല്‍ (ഗ്രേഡ് എസ്.ഐ, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ.മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്.ഐ, വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു – 2), അപര്‍ണ ലവകുമാര്‍ (ഗ്രേഡ് എ.എസ്.ഐ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലിസ് മെഡല്‍ ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പോലിസ് മെഡലുകളില്‍ ധീരതക്കുള്ള 140 മെഡലും, വിശിഷ്ട സേവനത്തിനുള്ള 93 മെഡലും, സ്തുത്യര്‍ഹ സേവനത്തിനുള്ള 668 മെഡലുകളുമുണ്ട്.

ഫോൺ സംഭാഷണം: നടൻ ഉണ്ണി മുകുന്ദൻ വിവാദത്തിൽ

മാളികപ്പുറം സിനിമ വിജയകരമായി മുന്നേറുന്നതിനിടെ നടൻ ഉണ്ണി മുകുന്ദൻ വിവാദത്തിൽ. സിനിമയുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബറുമായുള്ള ഉണ്ണി മുകുന്ദന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് താരം വിവാദത്തിലായത്.

നവ വധു വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായി, ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു പൊലീസിലേല്‍പ്പിച്ചു


വിവാഹത്തിന് മുമ്പേ നവ വധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്തു പൊലീസില്‍ എല്‍പ്പിച്ചു ആലപ്പുഴയിലാണ് സംഭവം. കരൂര്‍ മാളിയേക്കല്‍ നൈസാമാണ് (47) പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി അമ്പലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി നൈസാം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.

നൈസാമിന്റെ വ്യാപാര സ്ഥാപനത്തിലാണ് പെണ്‍കുട്ടി ജോലി ചെയ്തുവന്നിരുന്നത്. ഡിസംബര്‍ 18 യുവതി വിവാഹിതയായ യുവതി ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് അ്ഞ്ചുവര്‍ഷം നീണ്ട പീഡന വിവരം പുറത്തായത.

നൈസാം മുന്‍കൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. 16 വയസു മുതല്‍ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതി പൊലീസിന് മൊഴി നല്‍കി.

യുവതിയുടെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം. ഇതേ തുടര്‍ന്ന് നൈസമിനെ ആളുകള്‍ തടഞ്ഞുവച്ചു കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കോഴിക്കോട് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ ആളുടെ അയൽവാസിയും മരിച്ച നിലയിൽ; ദൂരുഹതയേറുന്നു

കോഴിക്കോട്: മധ്യവയസ്‌കനെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്പത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

നേരത്തെ, രാജീവന്റെ അയല്‍വാസി ബാബുവിനെ (50) കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന്‍ ഓട്ടോ റിക്ഷാ തൊഴിലാളിയുമാണ്.

ടോയ്ലറ്റിലെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം:മെഡിക്കൽകോളേജ് ടോയ്ലറ്റിലെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത പൊലീസുകാരൻ അറസ്റ്റിൽ. ചെങ്കൽ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം.

രോഗിയായ ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇയാൾ ജെറിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് എടുത്തത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.

ഇന്ന് പവന് 320 രൂപ കൂടി 42,480 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 24ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. 42,160 രൂപയായിരുന്നു പവന്‍ വില. ഈ വില 25നും തുടര്‍ന്നു. ജനുവരിയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഏറ്റവും കുറഞ്ഞ വിലയായ 40,360 ജനുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വര്‍ധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. 2020 ആഗസ്റ്റിലെ സര്‍വകാല റെക്കോഡായ 42,000 രൂപ മറികടന്നാണ് സ്വര്‍ണവില 42,160ല്‍ എത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില. 50 വര്‍ഷത്തെ സ്വര്‍ണ വില പരിശോധിക്കുമ്പോള്‍ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണിത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6