തിരുവനന്തപുരം പാറശാല ഷാരോണ്‍ വധകേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയല്‍ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മയടക്കമുള്ള പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു.
കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനായ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തുകയായിരുന്നു. കേസിലെ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയല്‍ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്കേ അന്തിമ റിപ്പോർട്ട് ഫയല്‍ ചെയ്യാൻ കഴിയൂ എന്ന് പ്രതിഭാഗം ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ഗ്രീഷ്മ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഗ്രീഷ്മയ്ക്കായി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് ഹർജി സമർപ്പിച്ചത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായര്‍ എന്നിവരായിരുന്നു ഹർജിക്കാർ. പ്രണയ ബന്ധത്തില്‍നിന്ന് പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് 2022 ഒക്ടോബർ 14-ന് ഗ്രീഷ്മ കാമുകൻ ഷാരോണ്‍ രാജിനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലർത്തി നല്‍കിയെന്നാണു കേസ്.
കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. നിലവില്‍ ഇടപെടാൻ ഇല്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. കഴിഞ്ഞവർഷം സെപ്റ്റംബര്‍ അവസാനത്തോടെ ജാമ്യം ലഭിച്ച് ഗ്രീഷ്മ ജയില്‍ മോചിതയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് മറ്റൊരു കേസും ഗ്രീഷ്മക്കെതിരെ ഉണ്ട്.
No Comment.