തിരൂർ :ഏറെക്കാലമായി ജില്ല കാത്തിരിക്കുന്ന ട്രെയിൻ ഒടുവിൽ അനുവദിച്ചപ്പോൾ ജില്ലയിൽ സ്റ്റോപ്പില്ല. മംഗളൂരു രാമേശ്വരം ട്രെയിനാണ് റെയിൽവേ ബോർഡ് കഴിഞ്ഞ ദിവസം അനുവദിച്ചത്. 2015ലാണ് ഈ ട്രെയിൻ ഓടിക്കണമെന്ന ശുപാർശ വന്നത്. അന്നുതൊട്ട് പലതവണ ബോർഡിലേക്കു ശുപാർശകൾ പോയി. റെയിൽവേ യോഗങ്ങളിൽ എംപിമാരെല്ലാം ഒരേ സ്വരത്തിൽ ഈ ട്രെയിനിനായി ആവശ്യമുന്നയിച്ചിരുന്നു. വർഷങ്ങളോളം അവഗണിച്ച ആവശ്യം റെയിൽവേ കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു. പ്രതിവാര ട്രെയിനായാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ജില്ലയിൽ മാത്രം ഈ ട്രെയിനിനു സ്റ്റോപ്പില്ല. ട്രെയിൻ കടന്നുപോകുന്ന മറ്റു ജില്ലകളിലെല്ലാം സ്റ്റോപ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.പി.അബ്ദുസ്സമദ് സമദാനിയും ഈ ട്രെയിൻ അനുവദിക്കുകയാണെങ്കിൽ തിരൂരിലും കുറ്റിപ്പുറത്തും സ്റ്റോപ് നൽകണമെന്ന് കഴിഞ്ഞ പാലക്കാട് റെയിൽവേ ഡിവിഷൻ യോഗത്തിലും ആവശ്യപ്പെട്ടിരുന്നതാണ്. ഇതുപ്രകാരം പാലക്കാട് ഡിവിഷൻ ഈ ശുപാർശ ബോർഡിലേക്കു നൽകിയിട്ടുമുണ്ട്. എന്നാൽ ഇക്കാര്യം അവഗണിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടൻചത്രം, ഡിണ്ടിഗൽ, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ നൽകാനാണ് ഇപ്പോൾ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുള്ളത്.
തീർഥാടനമാണ് ഈ ട്രെയിൻ സർവീസിന്റെ പ്രധാന ലക്ഷ്യം. തിരുമാന്ധാംകുന്ന്, കാടാമ്പുഴ, തൃപ്രങ്ങോട്, തിരുനാവായ, ആലത്തിയൂർ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളുള്ള ജില്ലയിൽനിന്ന് രാമേശ്വരം, പഴനി എന്നിവിടങ്ങളിലേക്ക് ഒട്ടേറെപ്പേർ യാത്ര നടത്തുമെന്ന് ഉറപ്പാണ്. കൂടാതെ പൊള്ളാച്ചി പോലുള്ള സ്ഥലങ്ങളിലേക്കും യാത്രക്കാരുണ്ടാകും. എന്നിട്ടും ജില്ലയെ മാത്രം ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മംഗളൂരു രാമേശ്വരം ട്രെയിനിന് റയിൽവേ അനുമതി പക്ഷേ ജില്ലയിൽ സ്റ്റോപ്പില്ല
No Comment.