കോഴിക്കോട്: മോഷണക്കുറ്റത്തിന് ജയിലിലായ പ്രതികളായ മക്കളെ കാണാനെത്തിയ മധ്യവയസ്കനായ പിതാവിനെ പോലീസ് മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
ഉണ്ണിക്കുളം കുറുപ്പിന്റെ കണ്ടി അബ്ദുല്‍ ഖാദർ (54) എന്നയാളെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
പൂവാട്ടുപറമ്ബിലെ മുണ്ടയ്ക്കല്‍ റസാക്ക് എന്നയാള്‍ താമസം മാറ്റുന്നതിനിടെ സാധനങ്ങള്‍ മാറ്റുന്നതിനായി അബ്ദുല്‍ ഖാദറെയും സഹായത്തിനു വിളിച്ചിരുന്നു. എന്നാല്‍ സാധനങ്ങള്‍ മാറ്റുന്നതിനിടെ റസാഖിന്റെ വീട്ടില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപയും നാല് പവൻ സ്വർണ്ണവും നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തില്‍ അബ്ദുല്‍ ഖാദറാണ് തട്ടിയെടുത്തതെന്ന് പോലീസ് കണ്ടെത്തി.
എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതിയെ കണ്ടെത്താൻ പോലീസ് നന്നേ ബുദ്ധിമുട്ടി. അന്വേഷണത്തില്‍ താമരശേരി മോഷണ കേസ് പ്രതികളായ യുവാക്കളുടെ പിതാവാണ് അബ്ദുല്‍ ഖാദർ എന്ന് പോലീസ് കണ്ടെത്തി. ജയിലിലുള്ള യുവാക്കളെ കാണാൻ ഇയാള്‍ കോഴിക്കോട് സബ് ജയിലില്‍ എത്തുമെന്ന് വിവരം ലഭിച്ചതോടെ പോലീസ് കാത്ത് നിന്ന് പിടികൂടുകയായിരുന്നു.
കുന്നമംഗലം ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
No Comment.