2023 | ജനുവരി 29 | ഞായർ |

ഫെബ്രുവരി ഒന്ന് മുതല്‍ ഡി.ടി.എച്ച്, കേബിള്‍ ടി.വി നിരക്കുകള്‍ വര്‍ധിക്കും
ടി.വി ചാനലുകളുടെ പുതിയ നിരക്കുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (Trai) ഉത്തരവ് ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡിറ്റിഎച്ച്, കേബിള്‍ ടി.വി നിരക്കുകള്‍ 30 ശതമാനം വര്‍ധിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നിരക്ക് വര്‍ധന ഉത്തരവ് നടപ്പാക്കുന്നത് വരിക്കാരെ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഇത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഫെബ്രുവരി 8ന് കേരള ഹൈക്കോടതിയില്‍ അന്തിമ വാദം നടക്കും. നിലവില്‍ ഉപഭോക്തൃ സൗഹൃദ പരിഹാരം കാണുന്നതുവരെ നിരക്ക് വര്‍ധന ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ വീണ്ടും ട്രായിയെ സമീപിച്ചിട്ടുണ്ട്. നവംബറില്‍ ട്രായ് പുതിയ നിരക്ക് ഉത്തരവ് 2.0 ഭേദഗതി ചെയ്തു. ഇതോടെ ഒരു ടി.വി ചാനലിന്റെ വില 12 രൂപയില്‍ നിന്ന് 19 രൂപയായി വര്‍ധിച്ചു. കേബിള്‍ ടെലിവിഷന്‍ വ്യവസായം പ്രതിമാസം 2.5 ശതമാനം വരിക്കാരുടെ കുറവ് നേരിടുന്നുവെന്നും ഇത് പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതോടെ ഇനിയും വര്‍ധിക്കുമെന്ന് ഓള് ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന് (AIDCF) മുമ്പ് പറഞ്ഞിരുന്നു. കൂടാതെ തുടര്‍ച്ചയായ ബിസിനസ് നഷ്ടം മൂലം കേബിള്‍ ടി.വി വ്യവസായത്തില്‍ ഏകദേശം 150,000 പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്കായി ചാനലുകളുടെ വില വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും ഇത്തരത്തില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ റെഗുലേറ്റര്‍ അനാവശ്യ തിടുക്കം കാണിക്കുകയാണെന്ന് ട്രായിക്ക് അയച്ച കത്തില്‍ കേബിള്‍ ഫെഡറേഷന് പറഞ്ഞു. കൂടാതെ സര്‍വേകള്‍ നടത്താനും അതിനനുസരിച്ച് ചാനലുകളുടെ വിലയും രൂപപ്പെടുത്താനും വിതരണക്കാര്‍ക്ക് ആവശ്യമായ സമയം നല്‍കുന്നില്ലെന്നും പരാതിയുണ്ട്.
ഇപിഎഫ്ഒ ഉത്തരവിൽ പിഎഫ് പെൻഷൻകാർക്ക് ആശങ്ക
ഉയർന്ന ഓപ്ഷൻ നൽകാതെതന്നെ കൂടിയ പെൻഷൻ വാങ്ങുന്നവരിൽനിന്ന് അധിക തുക ഈടാക്കാനും ജനുവരിമുതൽ കുറഞ്ഞ പെൻഷനിലേക്ക് താഴ്ത്താനുമുള്ള ഇപിഎഫ്ഒ ഉത്തരവിൽ പിഎഫ് പെൻഷൻകാർക്ക് ആശങ്ക. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകുന്നത് ശരിവച്ചുള്ള സുപ്രീംകോടതി വിധി ഏതുവിധേനയും അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണിത്. പെൻഷൻ വിഷയം വീണ്ടും കോടതിയിലെത്താൻ വഴിയൊരുക്കുന്നതുകൂടിയാണ് നിർദേശം. കാൽലക്ഷത്തോളം പെൻഷൻകാരെ ഉത്തരവ് ബാധിക്കും. താൽപ്പര്യപ്പെടുന്നവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിച്ചുള്ളതായിരുന്നു കഴിഞ്ഞ നവംബറിലെ സുപ്രീംകോടതി വിധി. വിവിധ ഹൈക്കോടതികളുടെ വിധി ഭാഗികമായി സുപ്രീം കോടതി ശരിവയ്ക്കുകയാണുണ്ടായത്. ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകാതെ 2014 സെപ്തംബർ ഒന്നിനുമുമ്പായി വിരമിച്ചവർക്കും 2014 സെപ്തംബർ ഒന്നിനുശേഷം ജോലിയിൽ പ്രവേശിച്ചവർക്കും വിധിപ്രകാരം ഉയർന്ന പെൻഷന് സാധ്യത ഇല്ലാതാകും.
മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചു.
റഷ്യന്‍ നിര്‍മിത സുഖോയ് 30, ഫ്രഞ്ച് നിര്‍മിത മിറാഷ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. മിറാഷ് പറത്തിയിരുന്ന വിംഗ് കമാന്‍ഡര്‍ ഹനുമന്ത്ര് റാവുവാണു മരിച്ചത്. സുഖേയ് പറത്തിയിരുന്ന രണ്ടു പേര് രക്ഷപ്പെട്ടു. അപകടത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നൂറു കിലോമീറ്ററോളം അകലെ രാജസ്ഥാനിലെ ഭരത്പൂരിലും പതിച്ചു. ഭരത്പൂരില്‍ മറ്റൊരു വിമാന അപകടമുണ്ടായെന്നാണ് ആദ്യം കരുതിയത്.
4 മാസത്തേക്ക് വൈദ്യുതി നിരക്ക് കൂട്ടി
സംസ്ഥാനത്ത് 4 മാസത്തേക്ക് വൈദ്യുതി നിരക്ക് കൂട്ടി. ഫെബ്രുവരി 1 മുതൽ മേയ് 31 വരെ നിരക്ക് യൂണിറ്റിന് 9 പൈസയാണ് കൂടിയത്. മാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. നാലു മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂണ്‍ 30 വരെ പുറത്തുനിന്ന് വാങ്ങിയതിന് വൈദ്യുതി ബോർഡിന് അധിക ചിലവായി വന്ന 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. കറന്റ് ബില്ലിൽ പ്രത്യകം സർചാർജ് തുക രേഖപ്പെടുത്തും.
ഓട്ടോറിക്ഷയില്‍ പതിച്ച തുപ്പല് അഞ്ചു വയസുള്ള കുട്ടിയുടെ വസ്ത്രം അഴിപ്പിച്ചു തുടപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസ്.
കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ വിചിത്രനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം. കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് കുട്ടിയുടെ ഉമ്മ പോലീസിനോടു പറഞ്ഞു. വസ്ത്രം അഴിപ്പിച്ചു തുടപ്പിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലവകാശ കമ്മീഷന് പൊലീസിനോട് റിപ്പോര്‍ട്ട് തേടി.
ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതിയുടെ അസാധാരണ നടപടി
അഡ്യക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ചത്. പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെയാണ് അസാധാരണ നടപടി. റാന്നി പൊലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നിവർക്ക് ജാമ്യം നൽകിയത് ഇരയായ തന്റെ വാദം കേൾക്കാതെ ആണെന്നായിരുന്നു പരാതി. പ്രതികൾക്കായി ഹാജരായത് അഡ്യക്കേറ്റ് സൈബി ജോസാണെന്നും നോട്ടീസ് ലഭിക്കാത്തതിൽ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബാബു കോടതിയെ സമീപിച്ചത്.
എം ശിവശങ്കറിന് ഇ.ഡി നോട്ടീസ്
ലൈഫ് മിഷൻ കോഴ ഇടപാടിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ എം ശിവശങ്കറിന് നോട്ടീസ് നൽകി ഇ.ഡി. ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. അതേസമയം ജനുവരി 31 ന് താൻ സർവ്വീസിൽ നിന്ന് വിരമിക്കുകയാണെന്നും തീയതി മാറ്റി നൽകണമെന്നും ശിവശങ്കർ ഇഡിയോട് ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 6 കോടിയുടെ കള്ളപണമിടപാട് നടത്തിയെന്നാണ് കേസ്. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.
മലപ്പുറത്തു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍.
ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനക്കിടെ നിലമ്പൂര്‍ ജില്ലാശുപത്രിയില്നിന്ന് ഓടി രക്ഷപ്പെട്ടത്.
സ്ഥിതി മോശമെന്ന് യുഡിഎഫ് ധവളപത്രം
കേരളം അപകടകരമായ സ്ഥിതിയിലെന്നു യുഡിഎഫ് ധവളപത്രം. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടു യുഡിഎഫ് ധവളപത്രം പുറത്തിറക്കിയത്. കേരളത്തിന്റെ മൊത്തം കടബാധ്യത നാല് ലക്ഷം കോടി രൂപ കവിയുകയാണ്. കിഫ്ബിയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ ഇനിയും കടമെടുക്കേണ്ട അവസ്ഥയിലാണ്. കേരളത്തിലെ നികുതിപിരിവ് പരാജയപ്പെട്ട അവസ്ഥയിലാണ്. എഴുപതിനായിരം കോടി രൂപയാണ് നികുതിപിരിവിലെ അനാസ്ഥ മൂലം നഷ്ടപ്പെട്ടത്. വ്യാപകമായ അഴിമതിയും ധൂര്‍ത്തും ദുര്‍ച്ചെലവും വര്‍ധിക്കുകയാണ്. കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയിലെ എല്ലാ ഉല്പന്നങ്ങള്ക്കും വിലയിടിവ് സംഭവിച്ചിരിക്കുന്നു. ജനങ്ങളുടെ മേലുള്ള ഭാരം വര്‍ധിക്കുകയാണ്. വൈദ്യുതി ബോര്‍ഡ് ലാഭത്തിലായിട്ടും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നു. വെള്ളക്കരം കൂട്ടുന്നു. എല്ലാ ബാധ്യതയും ജനങ്ങളുടെ പുറത്താണ് അടിച്ചേല്‍പ്പിക്കുന്നതെന്നും ധവളപത്രം വ്യക്തമാക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ത്രിപുരയില്‍ നാടകീയ വിശേഷങ്ങള്‍.
അറുപതംഗ നിയമസഭയിലേക്കു ബിജെപി 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 12 സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. തിപ്രമോത പാര്‍ട്ടിയിലെ നേതാക്കളെ ബിജെപി ‘ഓപറേഷന് താമര’യിലൂടെ വിലയ്ക്കെടുക്കുകയാണെന്ന് തിപ്രമോത നേതാവ് പ്രത്യുദ് ദേബ് ബര്മന് ആരോപിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ബിജെപിയിലും കോണ്‍ഗ്രസിലും കലഹം. സീറ്റു കിട്ടാത്തവര്‍ അണികളുമായി എത്തി ബിജെപി, കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തു. സിപിഎമ്മുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന്റെ 13 സീറ്റിനു പകരം 17 സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ഉള്‍പെടുന്നു.
മോദിയുടേയും അദാനിയുടേയും വളർച്ച ഒന്നിച്ച്
രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയും വ്യവസായത്തിൽ ഗൗതം അദാനിയും ഒന്നിച്ചാണ് വളർന്നത്. ഗുജറാത്ത് വംശഹത്യാവേളയിലും തുടർന്നും മോദിക്കൊപ്പം അടിയുറച്ചുനിന്ന ചരിത്രമാണ് അദാനിക്കുള്ളത്. സംഘപരിവാർ ആസൂത്രണം ചെയ്ത 2002ലെ വംശഹത്യ ഗുജറാത്തിന് മങ്ങലേൽപ്പിച്ചപ്പോൾ പ്രാദേശിക വ്യവസായികളുടേതായ ലോബി രൂപീകരിച്ച് മോദിയെ സഹായിക്കാൻ മുന്നിട്ടിറങ്ങി. 2003ൽ അദാനിയും സംഘവും മുൻകൈയെടുത്ത് സംഘടിപ്പിച്ച ആഗോള നിക്ഷേപക സമ്മേളനം മോദിയുടെ ‘റീലോഞ്ചിങ്’ വേദികൂടിയായി. അതുവരെ ഗുജറാത്തിൽ മുന്ദ്ര തുറമുഖം മാത്രമായിരുന്നു അദാനിയുടെ പ്രധാന നേട്ടമെങ്കിൽ പിന്നീട് കുതിച്ചു ചാട്ടമായിരുന്നു.
2006ൽ ഇന്ത്യയിലെ 40 സമ്പന്നരുടെ ഫോബ്സ് പട്ടികയിൽ പതിമൂന്നാമനായി. ആകെ സ്വത്ത് 30,150 കോടി രൂപ. 2014ൽ മോദി പ്രധാനമന്ത്രിയാകുമ്പോൾ അദാനിയുടെ സ്വത്ത് 50,400 കോടിയായിരുന്നു. 2019ൽ 1.1 ലക്ഷം കോടിയായും 2022ൽ 11.44 ലക്ഷം കോടിയായും കുതിച്ചു. 2014 മുതൽ സ്വത്തിൽ 23 മടങ്ങിന്റെ വർധന.
രാജസ്ഥാനിലും മധ്യപ്രദേശിലും വിമാനാപകടം
രാജസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. ചാർട്ടേഡ് വിമാനമാണ് തകര്‍ന്നു വീണതെന്നാണ് പ്രാഥമിക വിവരം. ഭരത്പൂരിലാണ് അപകടമുണ്ടായത്. വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. അപകടവിവരം ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പരിശീലനത്തിനിടെ പറന്നുയർന്ന സുഖോയ്, മിറാഷ് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. മൊറേന മേഖലയിൽ വെച്ചാണ് അപകടമുണ്ടായത്. വിമാനങ്ങൾ തകർന്നു വീണതായാണ് വിവരം.
ഐടി മേഖലയിൽ പിരിച്ചു വിടലിനു സാധ്യതയെന്ന് റിപ്പോർട്ട്
ഐടി മേഖലയിലുള്ള ഇന്ത്യൻ സാങ്കേതിക സേവന സ്ഥാപനങ്ങൾ വരുനാളുകളിൽ 80,000 മുതൽ 1.20 ലക്ഷം വരെ ആളുകളെ പിരിച്ചുവിട്ടേക്കാമെന്ന് ഹ്യുമൻ റിസോഴ്സ് (എച്ച്ആർ) വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ റിപ്പോർട്ട്. ബി.എസ്. CXO റിക്രൂട്ട്മെന്റ് സ്ഥാപനമായ ലീഡർഷിപ്പ് ക്യാപിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് മൂർത്തിയുടേതാണ് വെളിപ്പെടുത്തൽ. കോവിഡ് സമയത്ത് ടെക് സ്ഥാപനങ്ങൾ ജോലിക്കെടുത്ത ജീവനക്കാരെ പിരിച്ചുവിടുന്നതിനായി അധികമുള്ള ജീവനക്കാരുടെ കണക്കുകൾ തയ്യാറാക്കുന്ന തിരക്കിലാണ് പല കമ്പനികളിലും എ ച്ച് ആർ മാനേജർമാരെന്ന് റിപ്പോർട്ടിൽ പറയുന്നു.
സര്‍ക്കുലര്‍ അസാധുവാക്കണം
കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് 25.01.2023 ലെ സര്‍ക്കുലറിനെതിരെയാണ് ജോണ്‍ ബ്രിട്ടാസ് മന്ത്രിക്ക് കത്ത് നല്‍കിയത്. സര്‍ക്കുലര്‍ അസാധുവാക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് നിലവിലുള്ള മെച്ചപ്പെടുത്തിയ പെന്ഷന് തുടര്‍ന്നും നല്‍കണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടു.
അന്വേഷണ സമിതിയെ നിയോഗിച്ച് ഡൽഹി സർവകലാശാല
ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്ക് വെളിവാക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം സംഘർഷത്തിൽ കലാശിച്ചത് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് ഡൽഹി സർവകലാശാല.
പ്രൊക്ടർ രജനി അബി ചെയർപേഴ്സണായി ഏഴംഗ സമിതിയെയാണ് വൈസ് ചാൻസലർ യോഗേഷ് സിംഗ് നിയമിച്ചത്.
വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
മദ്യലഹരിയില്‍ വിധവയായ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച അയല്‍വാസിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബുധനൂര്‍ പഞ്ചായത്ത് കിഴക്കുംമുറി വലിയ വീട്ടില്‍ പടിഞ്ഞാറേതില്‍ മണിക്കുട്ടന് (മനു -43) ആണ് മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കിഴക്കുംമുറി തൈതറയില്‍ മറിയത്തിനെ (65) ആണ് മണിക്കുട്ടന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തിന് മാരകമുറിവേറ്റ മറിയം പരുമല സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
സുരക്ഷാ വീഴ്ചയുണ്ടായില്ലെന്ന് ജമ്മുകാശ്മീർ പൊലീസ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര പുനരാരംഭിച്ചു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം യാത്ര നിർത്തിവെച്ചിരുന്നു. അതേസമയം സുരക്ഷ വീഴ്ചയുണ്ടായെന്ന കോൺഗ്രസിന്റെ ആരോപണം ജമ്മുകാശ്മീർ പൊലീസ് നിഷേധിച്ചു.
ചിന്താ ജെറോമിന്റെ പിഎച്ച്ഡി പുന:പരിശോധിക്കണമെന്ന് ആവശ്യം
സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തില്‍ ഗുരുതരപിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്. കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് നിവേദനം നല്കി. ചങ്ങമ്പുഴ കവിതയായ വാഴക്കുല രചിച്ചതു വൈലോപ്പിള്ളിയാണെന്നാണു പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി പിഴവുകള്‍ പ്രബന്ധത്തിലുണ്ടെന്നും പരാതി ഉയരുന്നുണ്ട്.
ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മഹേഷ് കുമാറാണ് ഭാര്യ തമിഴ്നാട് തെങ്കാശി സ്വദേശിയായ രത്നവല്ലിയെ (35) കൊലപ്പെടുത്തിയത്. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ കൊലപാതകം പുറത്തു വരികയായിരുന്നു. വീടിനടുത്തുള്ള ജാതിത്തോട്ടത്തിൽ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തി.
വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പൊലീസ് വെടിയുതിർത്തു
കൊല്ലത്ത് വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ വെടിയുതിർത്ത് പൊലീസ്. അടൂർ റെസ്റ്റ് ഹൗസ് മർദ്ദനക്കേസ് പ്രതികളെ പിടികൂടാൻ എത്തിയ പൊലീസിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. തുടർന്ന് പൊലീസ് വെടിയുതിർക്കുകയായിരുന്നു. മൂന്ന് പ്രതികളാണ് പൊലീസിനെ വട്ടം ചേർന്ന് ആക്രമിച്ചത്. പ്രതികളിൽ ഒരാളെ പിടികൂടാനായെങ്കിലും ബാക്കി 2 പേർ കായലിൽ ചാടി രക്ഷപ്പെട്ടു. ചെങ്ങന്നൂർ സ്വദേശി ലെവിൻ വർഗിസിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളായ ആന്റണിയും ലിജോയും കുണ്ടറയിലെ ഒളിത്താവളത്തിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തിയത്.
ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന് ഗവർണർ
വിവാദ പ്രസ്താവനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. തന്നെ ഹിന്ദു എന്ന് വിളിച്ചാൽ മതിയെന്ന് ഗവർണർ പറഞ്ഞു. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക കോൺക്ലേവിലാണ് ഗവർണറുടെ പരാമർശം.
5 വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത
വടകരയിൽ 5 വയസുള്ള കുട്ടിയോട് ക്രൂരത കാണിച്ച് ഓട്ടോ ഡ്രൈവർ. സ്കൂളിലേക്ക് പോകുന്ന വഴി ഓട്ടോയിൽ തുപ്പിയ 5 വയസ്സുകാരന്റെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചു. കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. പ്രകോപിതനായ ഡ്രൈവർ കുട്ടിയെ വണ്ടിയിൽ നിന്ന് പുറത്തിറക്കുകയും മറ്റു കുട്ടികളുടെ മുന്നിൽവെച്ച് വസ്ത്രമഴിപ്പിച്ച് തുടപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷൻ ഡ്രൈവർക്കെതിരെ കേസെടുത്തു.
2 പേർക്കെതിരെ കൂടി നടപടി സ്വീകരിച്ച് സിപിഎം
ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട ലഹരിക്കടത്ത് കേസിൽ 2 പേർക്കെതിരെകൂടി നടപടി സ്വീകരിച്ച് സിപിഎം. വലിയമരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് പാർട്ടിയുടെ തീരുമാനം. കേസിലെ പ്രതിയായ വിജയ കൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും സിനാഫിനെ ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുകയും ചെയ്തു. പ്രതിക്കായി ജാമ്യം നിന്നതിനാണ് സിനാഫിനെ സസ്പെഡ് ചെയ്തത്.
പുറത്തുവന്നത് ഗൗരവമായ തട്ടിപ്പാണെന്നു ഡോ. ടി. എം. തോമസ് ഐസക്ക്
ഹിന്‍ഡൻബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും (സെബി), ഇന്ത്യാ സര്‍ക്കാരിനും മിണ്ടാട്ടമില്ല. 88 ചോദ്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. എല്ലാവരും അദാനിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നു തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഓഹരി തിരിമറികളും തട്ടിപ്പുകളും എണ്ണമിട്ടു നിരത്തിയാണ് തോമസ് ഐസക്കിന്റെ കുറിപ്പ്.
മുഗൾ ഗാർഡൻ്റെ പേര് മാറ്റി
രാഷ്ട്രപതി ഭവന് മുന്നിലെ മുഗൾ ഗാർഡൻ്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ‘അമൃത് ഉദ്യാൻ’ എന്നാണ് പുതുതായി നാമകരണം ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം നിർവഹിക്കും. നവീകരിച്ച ഉദ്യാനം ജനുവരി 31 മുതൽ മാർച്ച് 26 വരെ പൊതുജനങ്ങൾക്കായി തുറന്നു നൽകും.
വ്യൂ പോയിൻ്റിൽ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു
താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു. ഒൻപതാം വളവിലെ വ്യൂ പോയിൻ്റിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശി അയമുവാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രഞ്ജി ട്രോഫിയിൽ കേരളം പുറത്ത്
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ക്വാർട്ടറിലെത്താതെ പുറത്തായി. അവസാന മത്സരത്തിൽ പുതുച്ചേരിയോട് സമനില വഴങ്ങി. പുതുച്ചേരിക്ക് ഒന്നാം ഇന്നിങ്സ് ലീഡും ലഭിച്ചു. സ്കോർ: പുതുച്ചേരി 371, 5–279 കേരളം 286. എലൈറ്റ് ഗ്രൂപ്പ് ‘സി’യിൽ കേരളം ഏഴു കളിയിൽ 21 പോയിന്റോടെ മൂന്നാമതായി. മൂന്നുവീതം ജയവും സമനിലയും.
ഇന്ത്യ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ
ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് മടക്കി ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ. പന്തിലും ബാറ്റിലും പൂർണാധിപത്യത്തോടെയാണ് ഇന്ത്യൻ പെൺകുട്ടികൾ മുന്നേറിയത്. മൂന്ന് വിക്കറ്റ് നേടിയ സ്പിന്നർ പാർഷവി ചോപ്രയും 45 പന്തിൽ പുറത്താകാതെ 61 റണ്ണടിച്ച ഓപ്പണർ ശ്വേത സെഹറാവത്തുമാണ് വിജയശിൽപ്പികൾ. സ്കോർ: ന്യൂസിലൻഡ് 9–107, ഇന്ത്യ 2-110 (14.2). ഇന്ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് എതിരാളി. വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ലോകകിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സീനിയർ ടീം ഏകദിനത്തിൽ രണ്ടുവട്ടവും ട്വന്റി 20യിൽ ഒരുതവണയും ഫൈനലിൽ തോറ്റിരുന്നു.
സാനിയ മിർസയുടെ വൈകാരികമായ വിടവാങ്ങൽ
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വേദിയായ റോഡ് ലേവർ അരീനയിൽ ഇന്ത്യൻ താരം സാനിയ മിർസയുടെ വൈകാരികമായ വിടവാങ്ങൽ. മിക്സഡ് ഡബിൾസ് ഫൈനലിൽ ബ്രസീലിയൻ ജോടിയായ ലൂയിസ സ്റ്റെഫാനി–റാഫേൽ മറ്റോസിനോട് 6–7, 2–6ന് തോറ്റു. അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ കിരീടത്തോടെ വിടവാങ്ങാനുള്ള മോഹം സാധിച്ചില്ല. സാനിയ പറഞ്ഞു: ‘ഇത് സന്തോഷത്തിന്റെ കണ്ണീരാണ്. മെൽബണിലെ ഈ വേദിയിലാണ് 2005ൽ 18-ാംവയസ്സിൽ അരങ്ങേറിയത്. കളിജീവിതം അവസാനിപ്പിക്കാൻ ഇതുപോലെ വേറെ ഏത് വേദിയുണ്ട്. അതിനാൽ സന്തോഷംകൊണ്ട് കരഞ്ഞുപോകുന്നു.’

No Comment.