പത്തനംതിട്ട അടൂർ പട്ടാഴിമുക്കിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടമുണ്ടാകുന്നത് കണ്ട ദൃക്സാക്ഷിയാണ് നിർണായക വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ശങ്കർ പറഞ്ഞു. ആലയിൽപ്പടിയിൽ നിൽക്കുമ്പോൾ കാർ കടന്നു പോകുന്നത് കണ്ടിരുന്നു. ഓട്ടത്തിനിടയിൽ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന തോന്നലുണ്ടായിരുന്നു. കാലുകൾ ഡോറിന് പുറത്തേക്ക് ഇട്ട നിലയിൽ കണ്ടിരുന്നുവെന്നും അകത്ത് മൽപ്പിടുത്തം നടന്നതായി സംശയിക്കുന്നുവെന്നും ശങ്കർ പറഞ്ഞു.
സുഹൃത്തും താനും കൂടി കൊല്ലത്ത് പോയി തിരിച്ചുവരുകയായിരുന്നു. രാത്രി പത്തോടെ ഞങ്ങൾ കാറിൽ പോകുന്നതിനിടെ മുന്നിൽ പോയ കാർ ശ്രദ്ധിച്ചിരുന്നു. സ്കൂളിന് സമീപത്തെ ഡോർ തുറന്നുകൊണ്ട് കാർ നിർത്തിയതും കണ്ടിരുന്നു. അമിത വേഗതയിൽ പോയ കാർ രണ്ടു തവണ എതിർ ദിശയിലേക്ക് പോയിരുന്നു.
ഇതോടൊപ്പമാണ് മുന്നിലെ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നത്. മദ്യപിച്ച് വാഹനമോടിച്ചതോ മറ്റോ ആയിരിക്കാമെന്നാണ് അപ്പോൾ കരുതിയത്. അതിനാലാണ് പൊലീസിനെ അറിയിക്കാതിരുന്നത്. ഡ്രൈവർ ചെയ്യുന്നയാളുടെ നിയന്ത്രണത്തിലായിരുന്നില്ല വാഹനമെന്ന് വ്യക്തമായിരുന്നു. രാവിലെ അപകടത്തിൽ പെട്ട കാറിൻറെ ദൃശ്യം കണ്ടാണ് രാത്രിയിൽ കണ്ട കാറാണെന്ന് തിരിച്ചറിഞ്ഞതെന്നും ശങ്കർ പറഞ്ഞു.
അപകടത്തിൽ ദുരൂഹത ഏറുകയാണ്. സംഭവം കണ്ട ദൃക്സാക്ഷികളും വിനോദ യാത്രാ സംഘത്തിലുണ്ടായിരുന്ന അധ്യാപകരും ഉൾപ്പെടെ പറഞ്ഞ കാര്യങ്ങൾ പുറത്തുവന്നതോടെയാണ് ദുരൂഹത ഏറിയത്. കാർ അമിത വേഗത്തിൽ വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറുടെ മകൻ ഷാരൂഖ് പ്രതികരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ഒരു ടീച്ചർ അനുജയുടെ അച്ഛനെ വിളിച്ചിരുന്നുവെന്നാണ് വാർഡ് മെമ്പർ അജയ് ഷോഷ് പ്രതികരിച്ചത്.
അനുജയെ ഒരാൾ ബസിൽ നിന്ന് ഇറക്കി കൊണ്ടുപോയെന്നാണ് ടീച്ചർ വീട്ടുകാരോട് പറഞ്ഞതെന്ന് അജയ് ഘോൽ് പറഞ്ഞു. വീട്ടിൽ എത്തിയോ എന്ന് ചോദിച്ചപ്പോൾ എത്തിയില്ലെന്നാണ് പറഞ്ഞത്. അവർക്കു ചില ആശങ്ക ഉണ്ടെന്നും ഫോണിൽ വീട്ടുകാരെ അറിയിച്ചു. തുടർന്ന് അച്ഛനും സഹോദരനുമൊപ്പം അന്വേഷിച്ചിറങ്ങുകയായിരുന്നുവെന്നും പോകുന്ന വഴിക്ക് അടൂർ പൊലീസ് വിളിച്ചു അപകട കാര്യം അറിയിക്കുകയായിരുന്നുവെന്നും വാർഡ് മെമ്പർ അജയ് ഘോഷ് പറഞ്ഞു.
വിനോദ യാത്ര കഴിഞ്ഞ മടങ്ങുന്നതിനിടെ അനുജയെ വാഹനത്തിൻറെ വാതിൽ വലിച്ചു തുറന്ന് ഹാഷിം കൂട്ടിക്കൊണ്ട് പോയെന്നാണ് അനുജയുടെ കൂടെ ജോലി ചെയ്യുന്ന അധ്യാപകർ പറഞ്ഞത്. തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപിക യോട് അനുജ പറഞ്ഞിരുന്നതായി സൂചനയുണ്ട്. എന്നാൽ, കാറിൻറെ ഡോർ തുറന്നുവെന്ന ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ ഉൾപ്പെടെ പുറത്തുവന്നതോടെ ഇക്കാര്യത്തിലും അവ്യക്തത ഏറുകയാണ്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികളുടെ മൊഴി. അനുജയും ഹാഷിമും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്നാണ് സൂചന. ഹാഷിമും അനുജയുമായുള്ള പരിചയത്തെക്കുറിച്ച് ഇരുവീട്ടുകാർക്കും അറിവുണ്ടായിരുന്നില്ല. മരണത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
അടൂർ പട്ടാഴിമുക്കിൽ ഇന്നലെ രാത്രി 11.30നാണ് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35) എന്നിവർ മരിച്ചത്. നൂറനാട് സുശീലത്തിൽ റിട്ട സ്കൂൾ ഹെഡ്മാസ്റ്റർ രവീന്ദ്രൻറെ മകളാണ് അനുജ. സഹോദരൻ: അനൂപ്. ബിസിനസുകാരാനായ കായംകുളം സ്വദേശി ആഞ്ചിയാണ് അനുജയുടെ ഭർത്താവ്. അനുജയുടെ അച്ഛൻ രവീന്ദ്രൻ. താമരക്കുളം പേരൂർകാരായ്മ സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറാണ്. വിവാഹമോചിതനാണ്. ഹാഷിമിൻറെ അച്ഛൻ ഹക്കീം ബസ് ഡ്രൈവറാണ്.
സംഭവത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. അമിത വേഗതയിൽ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
No Comment.