
മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു.
അപകടത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി വ്യോമസേന. അപകടകാരണം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണോ എന്നതാണ് അന്വേഷിക്കുക. അപകടത്തില്‍ രണ്ട് വിമാനങളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം.
പദയാത്ര ഇന്നോടെ അവസാനിക്കും. പന്താചൗക്കില്‍ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിക്കും.തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവിടെ പതാക ഉയര്‍ത്തുന്നതോടെ പദയാത്രക്ക് സമാപനമാകും.വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയടക്കുള്ള യാത്രികര്‍ക്ക് അത്താഴ വിരുന്ന് നല്‍കും. നാളെ ജമ്മു കശ്മീര്‍ പിസിസി ഓഫീസിലും രാഹുല്‍ ഗാന്ധി പതാകയുയര്‍ത്തും.തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ യാത്ര അവസാനിക്കും. ക്ഷണിച്ച 23 കക്ഷികളില്‍ 13 കക്ഷികള്‍ പങ്കെടുക്കും.ജെഡിയു ,ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്,സി പി എം തുടങ്ങിയ കക്ഷികളാണ് വിട്ടു നില്‍ക്കുന്നത്
ഇടതുമുന്നണിക്കെതിരെ ഗണേഷ്കുമാറിന്റെ പരസ്യവിമര്‍ശനം
ഇടതുമുന്നണിക്കെതിരെ പരസ്യ വിമര്‍ശനവുമായി കെ.ബി.ഗണേഷ്കുമാര് എംഎല്‍എ. കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഗണേഷ്കുമാര് ഇടതുമുന്നണിക്കെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇടതുമുന്നണിയില്‍ കൂടിയാലോചനകള്‍ കുറവാണെന്നും ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഗണേഷ് കുമാര്‍ പറഞ്ഞു. വികസന മേഖലയില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ല. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ തിരക്കാകാം കാരണം.അജണ്ട നിശ്ചയിച്ച് ചര്‍ച്ചകള്‍ നടത്തുന്നതു നല്ലതാണ്. അതിന് പുറത്തുള്ള കാര്യങ്ങള്‍ ആരെങ്കിലും ഉന്നയിച്ചാല്‍ അത് ചര്‍ച്ച ചെയ്യപ്പെടണം. അതേസമയം, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചമാണെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സ്ഥാനങ്ങള്‍ ലഭിക്കുമെന്ന് കരുതി ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാതിരിക്കില്ലെന്നും പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗണേഷ്കുമാര് പറഞ്ഞു. കസേര കിട്ടുമെന്ന് പറഞ്ഞോ സമ്മാനം കിട്ടുമെന്ന് പറഞ്ഞോ മിണ്ടാതിരിക്കില്ല. പാര്‍ട്ടിയിലെ നേതാക്കന്മാരെയും ജനങ്ങളെയും വഞ്ചിച്ച് ഒരിക്കലും പ്രവര്‍ത്തിക്കില്ല. എനിക്ക് ശേഷം പ്രളയം എന്ന ചിന്തയില്ല. പാര്‍ട്ടിയില്‍ പുതിയ നിര ഉയര്‍ന്ന് വരുന്നതായും അദ്ദേഹം പറഞ്ഞു.
പശ്ചാത്തല വികസന രംഗത്ത് കേരളത്തെ മികച്ച ഹബ്ബാക്കി മാറ്റും ; മുഖ്യമന്ത്രി
പശ്ചാത്തല വികസനരംഗത്ത് കേരളത്തെ മികച്ച ഹബ്ബായി മാറ്റാന്‍ ശക്തമായ നടപടികളും ഇടപെടലുമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഗുണഫലം എത്തുന്ന വിധത്തില്‍ സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാനം മുന്നേറുകയാണ്. പ്രളയക്കെടുതികളെ അതിജീവിച്ച് സംസ്ഥാനം പുതിയ കേരളം നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ്. ഒരു വിഭവവും പാഴാക്കാത്ത തരത്തിലുള്ള രൂപകല്പനകള് ഏത് പദ്ധതിയുടെ കാര്യത്തിലും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പദ്ധതിയുടെയോ സ്കീമിന്റെയോ രൂപകല്‍പ്പനയുടെ തുടക്കം മുതല്‍ ഇക്കാര്യം ഉറപ്പാക്കും. പൊതുജനസേവനം ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ വിവിധ ഭാഗത്തുള്ള അതിന്റെ ഉപയോക്താക്കള്‍ക്ക് ഗുണകരമായ വിധത്തിലാണ് അതെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആര്‍ക്കിടെക്ട്, അര്‍ബന്‍ ഡിസൈനര്‍മാര്‍ തുടങ്ങി ഡിസൈന്‍ രംഗത്തുള്ള എല്ലാവരുടെയും ഏകോപിതമായ പ്രവര്‍ത്തനം അനിവാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
രാഷ്ട്രപതി ഭവനിലെ ചരിത്ര പ്രസിദ്ധമായ മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റി.
ഇനി മുതല്‍ അമൃത് ഉദ്യാന്‍ എന്നപേരിലായിരിക്കും അറിയപ്പെടുക.രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന വേളയിലാണ് മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റി രാഷ്ട്രപതി ഭവന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. ദില്ലിയിലെ പ്രശസ്തമായ രാജ്പഥിന്റെ പേര് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ‘കര്‍ത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. കൊളോണിയല്‍ ഓര്‍മകളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റിയതെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു.15 ഏക്കറോളം വ്യാപിച്ചുകിടക്കുന്നതാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങള്‍. ഹോളി ആഘോഷത്തിന്റെ ഭാഗമായി ജനുവരി 31 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. രാഷ്ട്രപതി ഭവന് വളപ്പിലെ മുന്‍ രാഷ്ട്രപതിമാരുടെ കാലത്തെ ഉദ്യാനങ്ങളായ ഹെര്‍ബല്‍ ഗാര്ഡന്, മ്യൂസിക്കല്‍ ഗാര്ഡന്, സ്പിരിച്വല്‍ ഗാര്ഡന് എന്നിവയുടെ പേരുകള്‍ നിലനിര്‍ത്തും. പേരുമാറ്റിയതില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസും സിപിഐയും വിമര്‍ശനവുമായി രംഗത്തെത്തി. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണെന്ന് സിപിഐ വിമര്‍ശിച്ചു.
ഒരു ഇടവേളക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായി.
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണമാണ് സ്ഥിതിഗതികള്‍ വീണ്ടും ഏറ്റുമുട്ടലില്‍ എത്തിച്ചത്.വെസ്റ്റ് ബാങ്കിലെ ജെനിന് അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഇസ്രയേല്‍ സേനയുടെ ആക്രമണം. 60 വയസുകാരിയടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ കണക്ക് അതിലുമേറെ. ഭീകരാക്രണത്തിന് പദ്ധതിയിട്ട സംഘത്തെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേല്‍ വാദിക്കുന്നു. എന്നാല്‍ നിരപരിധികളെയടക്കം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പലസ്തീന് സംഘടനകള്‍ പറയുന്നു.ജെറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെ ആക്രമണം നടത്തിയാണ് പലസ്തീന് തീവ്രവാദ ഗ്രൂപ്പുകള്‍ തിരിച്ചടിച്ചത്. സിനഗോഗില്‍ സന്ധ്യ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഏഴു നിരപരാധികള്‍ ആണ് പിടഞ്ഞുമരിച്ചത്. പത്ത് പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രായേല്‍ പൊലീസ് വെടിവെച്ചുകൊന്നു. തിരിച്ചടിയായി ഗാസയില്‍ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടങ്ങിക്കഴിഞ്ഞു.
അസംഘടിത മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ക്ഷേമനിധി അംഗത്വം ഉറപ്പാക്കണം ; മന്ത്രി
സംസ്ഥാനത്തെ അസംഘടിത മേഖലയിലുള്‍പ്പെടുന്ന മുഴുവന്‍ തൊഴിലാളികളും ക്ഷേമനിധി അംഗത്വം നേടണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം, ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് രജിസ്ട്രേഷന് എന്നിവ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്റ്റിന് കീഴില്‍ വരുന്ന തൊഴിലാളികളും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മറ്റ് തൊഴിലാളികൾ ഉള്‍പ്പടെയുള്ളവര്‍ക്ക് ക്ഷേമനിധി ആനുകൂല്യം ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ക്ഷേമനിധിയുടെ ഭാഗമാകാം. അപ്പോളോ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.രാജഗോപാല്‍ അധ്യക്ഷനായി. തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ആദ്യ ഘട്ടത്തില്‍ തന്നെ സോഫ്റ്റ്വെയര് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. സംവിധാനം നടപ്പിലായതോടെ അംഗങ്ങളുടെ അംശദായം അടയ്ക്കുന്നതിനും അംഗത്വ രജിസ്ട്രേഷന് നടത്തുന്നതും ഓണ്‍ലൈന്‍ വഴി സാധ്യമാകും.
ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു.
ജാര്‍സുഗുഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്.ഒഡിഷ പൊലീസ് എഎസ്ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത് എന്നാണ് വിവരം. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തുവെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.മന്ത്രിക്ക് നേരെ വെടിയുതിര്‍ത്ത എഎസ്ഐ ഗോപാല്‍ ദാസ് മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്.
പോളണ്ടില്‍ മലയാളി കുത്തേറ്റ് മരിച്ചു.
തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികള്‍ക്ക് പരിക്കേറ്റു.ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കു തര്‍ക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. ഒല്ലൂര്‍ ചെമ്പൂത്ത് അറക്കല്‍ വീട്ടില്‍ മുരളീധരന് – സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കള്‍ ബന്ധുക്കളെ വിളിച്ച് അറിയിച്ചു.
No Comment.