Skip to content

chithrodayamflashnews.com

November 30, 2026 2:50 am

സായാഹ്ന വാർത്തകൾ

2023 | ജനുവരി 30| തിങ്കൾ |

ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

മലപ്പുറം കൊട്ഞ്ഞി വെള്ളിയാമ്പുറം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് താനൂർ സ്വദേശീയായ ബൈക്ക് യാത്രക്കാരനും മറ്റൊരാൾക്കും പരിക്ക്. പരിക്കേറ്റ അബ്ദുറഹ്മാൻ 42വയസ്സ് എന്ന ആളെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ ഹോസ്പിറ്റലിലേക്ക് മാറ്റി

പോളണ്ടില്‍ ഒല്ലൂര്‍ സ്വദേശി സൂരജ് കൊല്ലപ്പെട്ടത് ഫ്ളാറ്റില്‍ സിഗരറ്റ് വലി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം.

സിഗരറ്റ് വലിച്ചതു ചോദ്യം ചെയ്തതോടെ ജോര്‍ജിയക്കാര്‍ ആക്രമിക്കുകയായിരുന്നു. സൂരജിനൊപ്പം പരിക്കേറ്റ തൃശൂര്‍ മുളയം സ്വദേശി പ്രജിലിന്റെ നില മെച്ചപ്പെട്ടു. പ്രജിലിന്റെ കുടുംബം പോളണ്ടിലെത്തി. നാലു ജോര്‍ജിയക്കാര്‍ കസ്റ്റഡിയിലുണ്ട്. കൊല്ലപ്പെട്ട സൂരജിന്റെ ഒല്ലൂരിലെ വസതിയില്‍ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു.

കൊച്ചിയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു.

കളമശേരി സ്വദേശിനി ലക്ഷ്മി (43)യാണ് മരിച്ചത്. ലിസി ജംങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു മുന്നിലൂടെ ബസിനോടു ചേര്‍ന്ന് മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ബസിനു തൊട്ടുമുന്നില്‍ ആളുണ്ടെന്നു കാണാനാകാതെ ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്.

തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണെന്നും ഭാരത്ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ ഖാര്‍ഗെ പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി നേരത്തെ ദേശീയപതാക വിടര്‍ത്തി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് മൗനം ആചരിച്ചാണ് സമാപന ചടങ്ങ് തുടങ്ങിയത്. ഖാര്‍ഗെ രാഹുല്‍ ഗാന്ധിയെ ഷോള്‍ അണിയിച്ച് ആദരിച്ചു. ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും കത്തിജ്വലിക്കുന്ന ആവശത്തോടെ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനം.

തിരൂരിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ സജീവം


തിരൂർ: ലോഡ്ജുകൾ കേന്ദ്രീകരിച്ച് തിരൂർ നഗരഹൃദയത്തിൽ പെൺവാണിഭ സംഘങ്ങൾ സജീവം. തിരൂർ താഴെപാലത്തെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് മുകളിലെ ലോഡ്ജ്, പൂങ്ങോട്ടുകുളത്തെ ഖയാം തിയറ്റർ റോഡിലെ ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നത്. പൊലീസുകാർ ഉൾപ്പെടെയുള്ള ഉന്നതരുടെ അറിവോടെയാണ് ഇതെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുൾപ്പെടെയുള്ളവരെ ലോഡ്ജിലെത്തിക്കാൻ ഏജന്റുമാരും സജീവമാണ്. പെൺകുട്ടികൾക്കു പുറമെ ആൺകുട്ടികളെയും ലോഡ്ജിലെത്തിക്കുന്ന സംഘത്തിന്റെ പിൻബലത്തിലാണ് പ്രവർത്തനം. കഴിഞ്ഞ വർഷം ഹൈസ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതിന് മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ലോഡ്ജിനെതിരെ നടപടിയെടുത്തിരുന്നില്ല.

ജില്ലയിലെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞാണ് പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനങ്ങൾ. പൊലീസ് റെയ്ഡുണ്ടാവില്ലെന്നും ലോഡ്ജ് ഉടമകൾക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും നടത്തിപ്പുകാർ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. താഴെപ്പാലത്ത് ധനകാര്യ സ്ഥാപനങ്ങളും ബേക്കറിയടക്കം പ്രവർത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് ആയതിനാൽ വിദ്യാർഥികളെയടക്കം ഇവിടേക്ക് എത്തിക്കുന്നതും നാട്ടുകാർക്ക് സംശയത്തിനിടയാക്കാത്തതും ലോഡ്ജ് നടത്തിപ്പുകാർ അവസരമാക്കുന്നു.

10ലക്ഷത്തിലേറെ വിലയുള്ള ബൈക്ക്, ചീറിപ്പാഞ്ഞെത്തി ഇടിച്ചുതെറിപ്പിച്ചു; നിമിഷനേരത്തിൽ എല്ലാംഅവസാനിച്ചു

കോവളം: ബൈപ്പാസിൽ അമിതവേഗം ഞായറാഴ്ച കവർന്നത് രണ്ടു ജീവൻ. അമിതവേഗത്തിൽ പാഞ്ഞുവന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ച സ്ത്രീ തൽക്ഷണം മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് വൈകുന്നേരത്തോടെ ആശുപത്രിയിൽ മരിച്ചു. പനത്തുറ തുരുത്തിക്കോളനി വീട്ടിൽ എൽ.സന്ധ്യ(53), പട്ടം പൊട്ടക്കുഴിയിൽ പി.ഡബ്ല്യു.ഡി. റിട്ട. ഉദ്യോഗസ്ഥൻ ബിനുവിന്റെയും ഷൈനിന്റെയും ഏക മകൻ അരവിന്ദ്(23) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 7.45-ഓടെ കോവളം-തിരുവല്ലം ബൈപ്പാസിൽ പാച്ചല്ലൂർ തോപ്പടി ഭാഗത്തായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്. സന്ധ്യയുടെ ഇടതുകാൽ മുറിഞ്ഞുമാറി റോഡിൽ വീണു. തല പൊട്ടിയും കഴുത്തൊടിഞ്ഞുമാണ് ഡിവൈഡറിലെ കുറ്റിക്കാട്ടിൽ മൃതദേഹം കിടന്നിരുന്നത്. ഇടിച്ചശേഷം നിയന്ത്രണം തെറ്റിയ ബൈക്ക് മുക്കാൽ കിലോമീറ്റർ അകലെ റോഡിലൂടെ നിരങ്ങിനീങ്ങിയാണ് ഓടയിൽ വീണത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.

പത്തുലക്ഷത്തിലേറെ വിലയുള്ള ആയിരം സി.സി.യുടെ സ്പോർട്സ് ബൈക്കാണ് അരവിന്ദ് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാർെക്കാപ്പം കോവളം ബീച്ചിലെത്തി ഫോട്ടോയെടുത്ത ശേഷം തിരികെ വീട്ടിലേക്കു മടങ്ങവേയായിരുന്നു അപകടം. വീട്ടുജോലിക്കു പോകുന്നതിനാണ് സന്ധ്യ രാവിലെ വീട്ടിൽനിന്നിറങ്ങിയത്. തോപ്പടി ഭാഗത്തുവച്ച് ബൈപ്പാസ് റോഡ് മുറിച്ചുകടക്കവേ കോവളം ഭാഗത്തുനിന്നു വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരുവല്ലം പോലീസ് കേസെടുത്തു. അശോകനാണ് മരിച്ച സന്ധ്യയുടെ ഭർത്താവ്. മക്കൾ: അഞ്ചു, അഞ്ജിത.

നിയന്ത്രിക്കാനാവാതെ അമിതവേഗം, മത്സരയോട്ടം

കോവളം: ആഡംബര ബൈക്കുകളുടെ അമിതവേഗമുൾപ്പെടെയുള്ള കാരണങ്ങളാൽ കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ അപകടങ്ങൾ പതിവാകുന്നു. ഇത്തരം അപകടങ്ങളിൽ ജീവഹാനിയുണ്ടാകുന്നതു പതിവായിട്ടും ആളുകളെ ഭയപ്പെടുത്തിക്കൊണ്ട് ആഡംബര ബൈക്കുകൾ ബൈപ്പാസിലൂടെ ചീറിപ്പായുന്നതു തുടരുകയാണ്.

ഞായറാഴ്ച ഇത്തരത്തിൽ അമിതവേഗത്തിലെത്തിയ ബൈക്കാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന പനത്തുറ സ്വദേശിനിയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ രണ്ടുപേർ മരിച്ചു.

കഴക്കൂട്ടം-കോവളം ബൈപ്പാസിലെ തിരുവല്ലം-കോവളം-മുക്കോല-കല്ലുവെട്ടാൻകുഴി റൂട്ടിൽ ഇത്തരത്തിലുള്ള അപകടങ്ങൾ വർധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. രാത്രി പത്തുമണിക്കുശേഷം ഇത്തരം ബൈക്കുകളിൽ മത്സരയോട്ടം നടത്തുന്നുണ്ടെന്ന് പരിസരവാസികളും പറഞ്ഞു. കാതടപ്പിക്കുന്ന ശബ്ദത്തിലാണ് ഇവ കടന്നുപോകുന്നത്. പലപ്പോഴും ഇത്തരം വാഹനങ്ങൾ പിന്തുടർന്നു പിടികൂടാൻ കഴിയാത്ത സ്ഥിതിയാണെന്ന് പോലീസ് സമ്മതിക്കുന്നു.

സർവീസ് റോഡിനു സമീപം താമസിക്കുന്നവർ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നതും അപകടത്തിനിടയാക്കുന്നു. കോവളം കല്ലുവെട്ടാൻകുഴി റോഡ് അടച്ചിട്ടിരുന്ന സമയത്ത് ഇടറോഡ് വഴി ബൈപ്പാസിലേക്കു കയറി ബൈക്ക് അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും ഇതു തുടർന്നു. ഒടുവിൽ ബൈക്ക് അഭ്യാസത്തിനിടെ നേർക്കുനേർ എത്തിയ ബൈക്കുകൾ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഈ സംഭവത്തെത്തുടർന്നും പോലീസിന്റെ കർശന ഇടപെടലും കോവളം-മുക്കോല ബൈപ്പാസ് റൂട്ട് തുറന്നുകൊടുത്തതും കാരണം മത്സരയോട്ടം താത്കാലികമായി നിലച്ചിരുന്നു.

ബൈക്കുകളിൽ മത്സരയോട്ടം നടത്തുന്നവരെ പിന്തുടരുമ്പോൾ ഇവർ വീണ്ടും വേഗംകൂട്ടി പോകുന്നത് പലപ്പോഴും അപകടത്തിനിടയാക്കാറുണ്ട്. ബൈപ്പാസിലൂടെ കടന്നുപോകുന്ന മത്സരയോട്ടക്കാരെ ടോൾപ്ലാസയിലെ എല്ലാ വഴികളും അടച്ചാണ് പിടികൂടുന്നത്. പുതുവത്സര രാത്രിയിൽ ആഡംബര ബൈക്കുകളിൽ അമിതവേഗത്തിലെത്തിയ 18 പേരെ പിടികൂടി പിഴയടക്കമുള്ള നടപടിയെടുത്തിരുന്നുവെന്ന് തിരുവല്ലം എസ്.എച്ച്.ഒ. രാഹുൽ രവീന്ദ്രൻ പറഞ്ഞു. പോലീസിനെ കണ്ട് പലപ്പോഴും ഈ ബൈക്ക് യാത്രികർ വന്ന റോഡിലൂടെ തിരിച്ചുപോകുന്നതും അപകടത്തിന്റെ എണ്ണം കൂട്ടുന്നതായി എസ്.എച്ച്.ഒ. പറഞ്ഞു.

കഴിഞ്ഞവർഷം തിരുവല്ലം സ്റ്റേഷൻ പരിധിയിൽ 65 വാഹനാപകടങ്ങളുണ്ടായി 11 പേരാണ് മരിച്ചത്. ഇവയിൽ ബൈപ്പാസിൽ മാത്രം 35 അപകടങ്ങളാണ് കഴിഞ്ഞവർഷമുണ്ടായത്. ഇതിൽ എട്ടുപേർ മരിച്ചു. 2023ൽ ജനുവരി എട്ടിന് ബൈക്കിൽ മീൻലോറിയിടിച്ചുണ്ടായ അപകടത്തിൽ വിഴിഞ്ഞം സ്വദേശിയായ യുവാവും ഞായറാഴ്ചയുണ്ടായ അപകടത്തിൽ പനത്തുറ സ്വദേശിനിയായ വീട്ടമ്മയും മരിച്ചു. തിരുവല്ലം-കോവളം ബൈപ്പാസ് റൂട്ടിൽ വാഴമുട്ടത്ത് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റ് കഴിഞ്ഞ രണ്ടാഴ്ചയായി പ്രവർത്തിക്കാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.

മികച്ച ആരോഗ്യമന്ത്രി; സ്വന്തമായി 70 കാറുകള്‍, മന്ത്രിസഭയിലെ അതിസമ്പന്നന്‍; ഒഡിഷയെ ഞെട്ടിച്ച കൊലപാതകം


ഭുവനേശ്വർ: കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയിൽ പ്രതിരോധപ്രവർത്തനം നടത്തിയ ആരോഗ്യമന്ത്രിയായിരുന്നു കൊല്ലപ്പെട്ട നബ കിഷോർ ദാസ്. കോൺഗ്രസിൽ നിന്ന് രാജിവെച്ച് 2019ലാണ് കിഷോർ ദാസ് ബി.ജെ.ഡിയിൽ എത്തുന്നത്.

മന്ത്രിസഭയിലെ അതിസമ്പന്നരിലൊരാളും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമാണ് ഇദ്ദേഹം. കൽക്കരി ഖനികളുടെ കേന്ദ്രമായ ഝർസഗുഡയിൽ മന്ത്രിക്ക് വ്യാപാരതാത്‌പര്യങ്ങളുള്ളതായി നേരത്തേ ആരോപണങ്ങൾ ഉണ്ടായിരുന്നു. അതെസമയം ഒഡീഷയിൽ മാസ് കോവിഡ് വാക്സിൻ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് ഏറെ പ്രശംസകൾ നേടിയ മന്ത്രി കൂടിയാണ് നബ കിഷോർ ദാസ്.

ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവ് കൂടിയായ ഇദ്ദേഹം മൂന്ന് തവണ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019ൽ കോൺഗ്രസ് വിട്ട് അദ്ദേഹം ബി.ജെ.ഡിയിൽ ചേരുകയായിരുന്നു. ഝർസുഗുഡ മണ്ഡലത്തിൽനിന്ന് 2009, 2014 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിലാണ് ജയിച്ചത്. 2019-ൽ ബി.ജെ.ഡി.യിലേക്കുമാറി. ഒഡിഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന ദാസിന്റെ രാജി വാർത്തകളിൽ ഏറെ ഇടംനേടിയിരുന്നു.

2019ൽ ആരോഗ്യവകുപ്പ് മന്ത്രിയായി അധികാരമേറിയ അദ്ദേഹം ഒഡിഷ മന്ത്രിസഭയിലെ ഏറ്റവും സമ്പന്നനായ മന്ത്രികൂടിയാണ്. കാറുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് സ്വന്തമായി 70ഓളം കാറുകളാണ് ഉണ്ടായിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വ്യവസായി കൂടിയായ മന്ത്രിയ്ക്ക് സ്വന്തമായി ഹോട്ടൽ ശൃംഖലകളും ട്രാൻസ്പോർട്ട് ബിസിനസും ഉണ്ട്. കഴിഞ്ഞ വർഷം സർക്കാരിന് സമർപ്പിച്ച രേഖകൾ പ്രകാരം 34 കോടിയുടെ ആസ്തി ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 1.14 കോടിയുടെ ബെൻസ് ഉൾപ്പെടെ 15 കോടിയോളം രൂപ വിലമതിക്കുന്ന 70 ഓളം കാറുകളാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 1.75 ലക്ഷം രൂപയുടെ ഡബിൾ ബാരൽ ഗൺ, 1.25 ലക്ഷം വിലവരുന്ന റൈഫിൾ, 55,000 വിലവരുന്ന റിവോൾവർ ഉൾപ്പെടെ മൂന്ന് ആയുധങ്ങളും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഭുവനേശ്വർ, ഡൽഹി, കൊൽക്കത്ത, ഒഡീഷയിൽ തുടങ്ങിയ വിവധയിടങ്ങളിലായി നിരവധി ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മകനാണ് കുടുംബ ബിസിനസ് നോക്കി നടത്തുന്നത്. ദാസിന്റെ രാഷ്ട്രീയകാര്യങ്ങൾ നോക്കിയിരുന്നത് മകൾ ദിപാലി ദാസ് ആയിരുന്നു.

ഈ അടുത്തായി, ഇദ്ദേഹം ഒരുകോടിയിലേറെ വിലമതിക്കുന്ന 1.75 കിലോ സ്വർണം കൊണ്ട് നിർമ്മിച്ച പാത്രം മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തിന് നൽകിയത് വാർത്തയായിരുന്നു.

ഝർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗർ ഗാന്ധിചൗക്കിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാർ തുറന്ന് പുറത്തുവരവേ, സമീപത്തുനിന്ന എ.എസ്.ഐ. ഗോപാൽ ദാസാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ഉടൻ എയർ ആംബുലൻസിൽ ഭുവനേശ്വറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിക്കുകയായിരുന്നു. ഗോപാൽ ദാസിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. അക്രമിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് കരുതുന്നു. രണ്ടുതവണ വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിയുണ്ട ശരീരം തുളച്ച് കടന്നുപോയി. നെഞ്ചിലും ശ്വാസകോശത്തിലുമാണ് വെടിയേറ്റത്.

വളാഞ്ചേരിയിൽ 20 പേരെ തെരുവുനായ കടിച്ചു;

അതിഥി തൊഴിലാളികൾക്കും കടിയേറ്റു; നഗരസഭയ്ക്ക് അധികാരമില്ല- ചെയർമാൻ..!
വളാഞ്ചേരിയിലും പരിസരങ്ങളിലുമായി തെരുവുനായയുടെ കടിയേറ്റ് 20 പേർക്ക് പരിക്ക്. വളാഞ്ചേരി, കാവുംപുറം, മൂച്ചിക്കൽ, മൂച്ചിക്കൽ ദ്വീപ്, കൊട്ടാരം, ആലിൻചുവട് എന്നിവിടങ്ങളിലുള്ളവർക്കാണ് നായയുടെ കടിയേറ്റത്.

വളാഞ്ചേരി ദുർഗാക്ഷേത്രത്തിലെ കഴകവൃത്തി ചെയ്യുന്ന വൈക്കത്തൂർ വാരിയത്ത് സേതുമാധവ വാരിയർ(73), ഓട്ടോ ഡ്രൈവർ മൂച്ചിക്കൽ കളപ്പാട്ടിൽ അബ്ദുറഹീം(40), കാവുംപുറം വെള്ളാട്ട് ദിവാകരൻ(68), വെള്ളാട്ട് ബിജു(37)തുടങ്ങിയ ഇരുപതോളം പേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ഇവരിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റവരിൽ ആറുപേർ അതിഥി തൊഴിലാളികളാണ്. കടിയേറ്റവർക്കെല്ലാം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽനിന്ന് പ്രഥമശുശ്രൂഷ നൽകി.

രാവിലെ എഴിനും എട്ടിനുമിടയിലാണ് സംഭവം. കാലിനും കൈക്കുമാണ് എല്ലാവർക്കും പരിക്ക്. തെരുവുനായയുടെ ആക്രമണത്തിൽ നാട്ടുകാർ ഭീതിയിലാണ്.

നഗരസഭയ്ക്ക് അധികാരമില്ല- ചെയർമാൻ..
തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് നഗരസഭയ്ക്ക് നേരിട്ട് അധികാരമില്ല. നായ്ക്കളെ എ.ബി.സി. ചെയ്ത് ഏഴ് ദിവസം സെല്ലിൽ പാർപ്പിച്ച് എവിടെനിന്നാണോ പിടികൂടിയത് അവിടെതന്നെ കൊണ്ടുപോയി വിട്ടയയ്ക്കണമെന്നാണ് സർക്കാർ ഉത്തരവ്.

ഓരോ തവണവീതം ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഇതിനായി പണം കെട്ടിവെച്ചതാണ്. ഒന്നും നടന്നില്ല. എന്നാൽ വളർത്തുനായ്ക്കൾക്ക് കാവുംപുറത്തെ മൃഗാശുപത്രിയിൽവെച്ച് മൂന്ന് തവണ വാക്‌സിനേഷൻ ക്യാമ്പ് നടത്തിയിട്ടുണ്ട്. കുത്തിവെപ്പ് എടുക്കാത്തവയ്ക്കായി ഇനിയും സൗകര്യം ചെയ്യുമെന്നും ചെയർമാൻ.

ബിബിസി ഡോക്യുമെൻ്ററി നിരോധിച്ചതിനെതിരെ സുപ്രിം കോടതിയിൽ ഹർജി.


ദില്ലി: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെയുംകുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യൻ സോഷ്യൽ മീഡിയകകളിൽ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് പൊതുതാല്പര്യ ഹര്‍ജി നൽകിയത്.

കേന്ദ്രത്തിന്റെ നടപടി ദുരുദ്ദേശ്യപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ്. ബിബിസി ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും പരിശോധിക്കണമെന്നും 2002ലെ ഗുജറാത്ത് കലാപത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഭരണഘടനയുടെ വകുപ്പുകളായ 19 (1), (2) എന്നിവ പ്രകാരം കലാപത്തെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട് എന്നും ഹർജിയിൽ പറയുന്നു.

ബിബിസി ഡോക്യുമെന്ററി നിരോധിച്ചുകൊണ്ടുള്ള വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഭരണഘടനയിലെ 352ആം വകുപ്പ് പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയില്ലാതെ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാറിനാകുമോ എന്നും ഹര്‍ജിയിൽ ചോദിക്കുന്നു.

ദുരന്തപ്രതികരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു ; ആശങ്കയില്‍ സി.പി.ഐ മന്ത്രിമാര്‍

റവന്യൂ മന്ത്രിമാരുടെ ചുമതലയിലായിരുന്ന ദുരന്ത പ്രതികരണ വകുപ്പ് പൂര്‍ണമായി മുഖ്യമന്ത്രിയുടെ കൈകളിലേക്ക് മാറുമ്പോള്‍ മൂന്ന് മന്ത്രിമാരുടെ അധികാരം ചുരുങ്ങുമോ എന്ന ആശങ്കയില്‍ സിപിഐ. റവന്യൂ വകുപ്പിനെ കൂടാതെ കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാലിത് പരസ്യ പ്രതികരണമായി പുറത്തുവന്നിട്ടില്ല. റവന്യൂമന്ത്രി കെ.രാജന്‍ വിദേശത്തുനിന്ന് ഇന്ന് എത്തിയ ശേഷം ഇക്കാര്യത്തില്‍ വിശദ ചര്‍ച്ചകള്‍ നടക്കും. സി.പി.ഐയുടെ തുടര്‍നടപടികള്‍ ഇതിന് ശേഷമാകും. ദുരന്ത പ്രതികരണ വകുപ്പ് മുന്നറിയിപ്പില്ലാതെ മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ട്. 2018ലെ പ്രളയ കാലത്ത് ദുരന്ത പ്രതികരണ വകുപ്പിന്റെ ഭാഗമായ രക്ഷാപ്രവര്‍ത്തനവും മറ്റും നിര്‍വഹിച്ചത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും നഷ്ടപരിഹാര വിതരണവും പുനര്‍നിര്‍മാണവും റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലുമാണ് നടന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യഘട്ടത്തില്‍ വകുപ്പ് പൂര്‍ണമായി മുഖ്യമന്ത്രി ഏറ്റെടുക്കാനായിരുന്നു തീരുമാനം. നഷ്ടപരിഹാരം, റോഡ് പുനര്‍നിര്‍മാണം, ദുരന്ത പ്രതികരണ ജില്ല തല സമിതികള്‍ എന്നിവ റവന്യൂ വകുപ്പില്‍ നിലനിര്‍ത്തണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം.

ഇത് സി.പി.എം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വകുപ്പ് വിഭജനം നടന്നില്ല. വീതിച്ചു നല്‍കാത്ത വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, വി.അബ്ദുറഹ്മാന് കായികം ഒഴികെ പ്രധാന വകുപ്പുകള്‍ നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പക്കലുണ്ടായിരുന്ന ന്യൂനപക്ഷക്ഷേമ വകുപ്പ് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഒരു വകുപ്പ് നഷ്ടമായപ്പോള്‍, ചുമതല നല്‍കാതിരുന്ന ദുരന്ത പ്രതികരണ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് വിജ്ഞാപനമിറക്കി. ഇനി വകുപ്പിലെ നടപടി ചട്ടങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവരുമ്പോള്‍ മാത്രമേ അധികാരം പൂര്‍ണമായി നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തത വരുള്ളൂ. എന്നാല്‍, ദുരന്ത പ്രതികരണ വകുപ്പ് ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ റവന്യൂ മന്ത്രിയുമായതിനാല്‍ മറ്റ് ആശങ്കകള്‍ക്ക് വകയില്ലെന്നാണ് സി.പി.ഐ അസി: സെക്രട്ടറിയും മുന്‍ റവന്യൂ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശഖരന്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടത് റവന്യൂ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6