ഭക്തിയുടെ നിറം ചോരച്ചുവപ്പാണെന്ന് വീണ്ടും വീണ്ടും പള്ളി വാളാൽ എഴുതിച്ചേർത്ത അശ്വതി നാളിൽ കുരുംബക്കാവ് വീണ്ടും യുദ്ധക്കളമായി.മനസ്സിലെ മുറിവുണക്കുന്ന വിശ്വാസം കണക്കെ
തിരുനെറ്റിയിലെ ചുടുചോരയില്‍ അനുഗ്രഹമായി വന്നു ചൊരിയുന്ന മഞ്ഞള്‍പ്പൊടിയുടെ ഗന്ധം.
കലിയുടെ മൂര്‍ദ്ധന്യത്തില്‍ സ്വയം സമര്പ്പിച്ച്അമ്മയുടെ മടിത്തട്ടില്‍ അഭയം തേടി കോമരങ്ങള്‍.
പാടിയിട്ടും പാടിയിട്ടും തീരാത്ത ആവേശ താളവുമായി ഭക്ത സഹസ്രങ്ങള്‍.ഐതിഹ്യങ്ങൾ,
ആചാരങ്ങള്‍, അലകടലിളകും കണക്കെ ഇരമ്പിയുണർന്നു കുരുംബക്കാവ്.കാലമെത്ര കഴിഞ്ഞാലും
കുറയാത്ത ആവേശത്തിന്റെചിലമ്പൊലിയുയര്ത്തി കാവ്തീണ്ടാന് എത്തിയവർ ഒന്നല്ല,ഒരായിരമല്ല.
കോട്ടയില്‍ കോവിലകത്ത്നിന്നും വലിയ തമ്പുരാന് രാമവര്‍മ രാജ പല്ലക്കിലെഴുന്ന
ള്ളിയതോടെ കാവുതീണ്ടൽ ചടങ്ങുകള്‍ക്ക് തുടക്കമായി.മുഴുവന്‍ പതിവ് പൂജാകര്‍മ്മങ്ങളും പൂര്‍ത്തിയാക്കി
ശാന്തിമാര്‍ ശ്രീകോവിലൊഴിഞ്ഞതോടെ വലിയ തമ്പുരാന്റെ അനുമതിയോടെ അടികൾമാർ തൃച്ചന്ദനച്ചാർന്ന് പൂജ തുടങ്ങി.
കുന്നത്ത് മഠം, നീലത്ത് മഠം, മoത്തിൽ മഠം എന്നീ മൂന്ന് കുടുംബങ്ങളിലെ പ്രതിനിധികൾ ചേർന്നാണ് ശാക്തേയ വിധിപ്രകാരമുള്ള പൂജ നിർവ്വഹിച്ചത്.
ദാരികനിഗ്രഹത്തിനിടയില് മുറിവേറ്റ ദേവിക്ക് വൈദ്യനായ പാലക്കവേലന്റെ വിധി പ്രകാരം നടത്തുന്ന ചികിത്സയാണ് തൃച്ചന്ദന ചാർത്ത്എന്നാണ് വിശാസം.
ഏഴര നാഴിക നീണ്ടു നിന്ന പൂജയിൽകരിക്കിൻ നീരും മഞ്ഞള്‍പൊടിയും ചേര്‍ത്തുണ്ടാക്കിയ
മിശ്രിതം കടുകിട തെറ്റാത്തകര്മ്മങ്ങളിലൂടെ ദേവിക്ക് ചാര്‍ത്തിയതോടെ തൃച്ചന്ദന ചാർത്ത് പൂര്‍ത്തിയായി .
ഇതോടെ വലിയ തമ്പുരാന് നിലപാട് തറയില്‍ ഉപവിഷ്ഠനായി.ഈ സമയമത്രയും ക്ഷേത്രാങ്കണത്തിലെ അവകാശത്തറകളിൽ ആയിരങ്ങൾ അടക്കിപ്പിടിച്ച ആവേശവുമായി കാത്തു നിൽപ്പായിരുന്നു.
സൂചി കുത്താനിടമില്ലാത്ത വിധം കാവും പരിസരവും തിങ്ങിനിറഞ്ഞ ഭക്തസഹസ്രങ്ങൾ അലയടിക്കാൻ വെമ്പുന്ന ആഴിയെ ഓർമ്മപ്പെടുത്തി.
ഒരു നിമിഷം കുരുംബക്കാവിലെ ആരവത്തിനു മീതെ നിശബ്ദത പെയ്തിറങ്ങി.ആ നിമിഷത്തിൽ വലിയ തമ്പുരാന്റെ അനുമതിയറിയിച്ചു കൊണ്ട് കോയ്മ പട്ടു കുടയുയർത്തി.
അതേ നിമിഷത്തിൽ തന്നെ പാലക്കവേലൻ ദേവി ദാസൻ ആദ്യം കാവുതീണ്ടി.
നിമിഷാർദ്ധത്തിന്റെ വ്യത്യാസത്തിൽ ആയിരങ്ങൾ അണ പൊട്ടിയ കണക്കെ കുരുംബക്കാവിനെ വലം വെച്ചു.
മൂന്ന് വട്ടം പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം തമ്പുരാനെ വണങ്ങി ഭക്തർ മടക്കയാത്രയാരംഭിച്ചു.
അഞ്ച് മണിയോടെ ചടങ്ങുകൾ പൂർത്തിയായി.
ഭരണി നാളായ തിങ്കളാഴ്ച്ച ക്ഷേത്രത്തിലെ വാതിൽമാടത്തിൽ നെറ്റിപ്പട്ടം വിരിച്ച് കിണ്ടിയും കണ്ണാടിയും വെച്ച് ദേവിയെ സങ്കൽപ്പിച്ചിരുത്തും. തുടർന്ന് വടക്കെ നടയിൽ കുമ്പളങ്ങ ബലിയർപ്പിച്ച് വെന്നിക്കൊടി നാട്ടുന്നതോടെ ഭരണിയാഘോഷം സമാപിക്കും.
No Comment.