കോട്ടയം : വോട്ട് ചെയ്യാൻ ബംഗളുരുവിൽ നിന്ന് നാട്ടിലെത്തിയ നേഴ്‌സിങ് വിദ്യാർഥിയുടെ അപകട മരണം നാടിനെ നടുക്കി. നട്ടാശ്ശേരി മാവേലിപ്പടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന തൃപ്പാക്കൽ ടി എസ് അക്ഷയ്‌കുമാർ (22) ആണ് മരിച്ചത്.
കോട്ടയം ദേശാഭിമാനി മുൻ ജീവനക്കാരൻ സുഷീർകുമാറിന്റെയും എംജി സർവകലാശാല ജീവനക്കാരി ജയശ്രീയുടെയും മകനാണ് അക്ഷയ്‌കുമാർ. വോട്ട് ചെയ്യാൻ വേണ്ടി മാത്രമായി നാട്ടിലെത്തിയതായിരുന്നു അക്ഷയ്. ശനി രാത്രി എട്ടിന് ബംഗളുരുവിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് അപകടം. പകൽ 4.30ന് വെള്ളൂപ്പറമ്പ് പാലത്തിന് സമീപം അക്ഷയ്‌യും സുഹൃത്തും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അക്ഷയ്‌യെയും സുഹൃത്ത് റോസ് മോഹനെയും നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയ്‌യുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ റോസ് മോഹനെ വെന്റിലേറ്ററിലേക്ക് മാറ്റി.
അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. അപകടത്തിന്റെ തീവ്രതയും വിദ്യാർഥിയുടെ മരണവും സൃഷ്ടിച്ച ഞെട്ടലിലാണ് നാട്ടുകാർ. അക്ഷയ്‌യുടെ സംസ്‌കാരം ഞായറാഴ്‌ച നടക്കും.
No Comment.