കൊല്ലം: ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ നാളെ വാദം നടക്കും. ആദ്യ രണ്ടു പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. കൊട്ടാരക്കര ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുക.
നവംബർ 27ന് ആയിരുന്നു കൊല്ലം ഓയൂർ ഒട്ടുമലയിൽ നിന്ന് ആറു വയസുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയത്.
മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഒന്നാം പ്രതി കെ ആർ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമഎന്നിവരെ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെ തന്റെ പഠനം തുടരാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമ കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ സർക്കാരിന്റെ റിപ്പോർട്ട് കോടതി തേടി. റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി എൻ വിനോദ് വാദം നാളത്തേക്ക് മാറ്റിയത്. കസ്റ്റഡി വിചാരണയ്ക്ക് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ആദ്യ രണ്ടു പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻജി മുണ്ടയ്ക്കലാണ് ഹാജരായത്. പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് സംഘം തുടർ അന്വേഷണം നടത്തി ഫെബ്രുവരി 8ന് കുറ്റപത്രം സമർപ്പിച്ചിരുന്നു.
No Comment.