Skip to content

chithrodayamflashnews.com

November 29, 2026 10:38 pm

പ്രഭാത വാർത്തകൾ

2023 | ഫെബ്രുവരി 5 | ഞായർ |

2025 ആകുമ്പോഴേക്കും കേരളം മാലിന്യമുക്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാലിന്യപ്രശ്നം തടയാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുഖ്യപങ്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. മുഖ്യമന്ത്രി പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ മാലിന്യ സംസ്‌കരണ രംഗത്തെ നവീന ആശയങ്ങള്‍, സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ സംബന്ധിച്ചു ശുചിത്വ മിഷന്‍ സംഘടിപ്പിച്ച ജെക്സ് കേരള 2023 അന്താരാഷ്ട്ര എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്മഭൂഷൻ ബഹുമതിയും ഏറ്റുവാങ്ങി വാണി ജയറാം നിത്യതയിലേക്ക്


പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീണായിരുന്നു മരണം. മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്ക്കാരം 3 തവണ സ്വന്തമാക്കിയിട്ടുണ്ട്. 1975 ൽ ഏഴു സ്വരങ്ങൾ (അപൂർവ്വരാഗങ്ങൾ), 1980 ൽ ശങ്കരാഭരണം, 1991ൽ സ്വാതികിരണം എന്നീ ചിത്രത്തിലെ ഗാനങ്ങൾക്കാണ് ദേശിയ പുരസ്ക്കാരങ്ങൾ ലഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ 19 ഭാഷകളിലായി പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന സിനിമയിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി ആലപിച്ചത്. ‘1983’ എന്ന ചിത്രത്തിലെ ഓലഞ്ഞാലി കുരുവി എന്ന ഗാനമാണ് അവസാനമായി മലയാളത്തിൽ പാടിയത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.

എറണാകുളം മുണ്ടംപാലത്ത് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു പരിക്കേറ്റ ബൈക്കു യാത്രക്കാരന്‍ മരിച്ചു.

മുണ്ടം പാലം സ്വദേശി ശ്യാമിലാണ് മരിച്ചത്. പണി കഴിഞ്ഞു പത്ത് ദിവസമായിട്ടും കരാറുകാരന്‍ കുഴി മൂടിയിരുന്നില്ല.

ഹർത്താൽ ഇല്ല, ശക്തമായ സമരം വരും


താൻ കെപിസിസി അധ്യക്ഷനായിരിക്കുന്ന കാലത്തോളം കോൺഗ്രസ് ഒരു വിഷയത്തിലും ഹർത്താൽ നടത്തില്ലെന്ന് കെ സുധാകരൻ. നയപരമായി കോൺഗ്രസ് ഹർത്താലിന് എതിരാണെന്നും സുധാകരൻ പറഞ്ഞു. ഹർത്താൽ നടത്തിയില്ലെങ്കിലും ബജറ്റിനെതിരെ തീപാറുന്ന സമരത്തിലേക്കാണ് കോൺഗ്രസ് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച ഗായിക വാണി ജയറാമിനു നെറ്റിയില്‍ മുറിവ്.

ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലുള്ള വസതിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. കിടപ്പുമുറിയില്‍ കുഴഞ്ഞുവീണപ്പോള്‍ നെറ്റി ടീപ്പോയിയില്‍ ഇടിച്ചതാകാം പരിക്കിനു കാരണം. മുറിവു കണ്ടതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. രാവിലെ 11 നു വീട്ടുജോലിക്കാരി മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതായപ്പോഴാണ് ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിച്ച് വാതില്‍ പൊളിച്ച് അകത്തു കടന്നത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ചെന്നൈയില്‍.

നഴ്സിങ് വിദ്യാർഥിക്ക് നോറോ വൈറസ്


പെരിന്തൽമണ്ണയിൽ നഴ്സിങ് വിദ്യാർഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. അൽശിഫ പാരാമെഡിക്കൽ കോളെജിലെ വിദ്യാർഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വിദ്യാർഥിയുമായി സമ്പർ‌ക്കം പുലർത്തിയിരുന്ന ഹോസ്റ്റലിലെ 55 ഓളം വിദ്യാർഥികൾ നീരിക്ഷണത്തിലായി. കഴിഞ്ഞ ദിവസം വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊച്ചി കാക്കനാട്ടെ സ്കൂളിലെ വിദ്യാർഥികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

തിക്കിലും തിരക്കിലുംപെട്ട് നാലു സ്ത്രീകള്‍ മരിച്ചു


തമിഴ്‌നാട്ടില്‍ സൗജന്യസാരി വിതരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപമായിരുന്നു സംഭവം.

ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നതിനു മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്.

അപേക്ഷകനെ ഡോക്ടര്‍ നേരിട്ടു പരിശോധിക്കണം. രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന വേണം. ക്ഷയ രോഗ ലക്ഷണമുണ്ടെങ്കില്‍ കഫ പരിശോധന വേണം. ഫലങ്ങള്‍ പരിശോധിച്ചു ബോധ്യപ്പെട്ടശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വിരശല്യത്തിനെതിരെയും ടൈഫോയ്ഡിനെതിരെയുമുള്ള വാക്സിന്‍ എടുക്കണമെന്നും നിര്‍ദേശം.

വിദേശ വിപണികളിലും അദാനി ഗ്രൂപ്പിന്‌ കാലിടറി


ഹിൻഡൻബർഗ്‌ റിപ്പോർട്ടിനെ തുടർന്ന്‌ വിദേശ വിപണികളിലും അദാനി ഗ്രൂപ്പിന്‌ കാലിടറി. സുസ്ഥിരതാ സൂചികകളിൽനിന്ന്‌ അദാനി എന്റർപ്രൈസസിനെ ഒഴിവാക്കിയതായി യുഎസ്‌ വിപണിയായ എസ്‌ആൻഡ്‌പി ഡൗജോൺസ്‌ അറിയിച്ചു. ഇന്ത്യ വിപണിയിൽ അദാനി ഗ്രൂപ്പ്‌ കമ്പനികളുടെ ഓഹരി വെള്ളിയാഴ്‌ചയും കുത്തനെ ഇടിഞ്ഞു. ഏഴ്‌ വ്യാപാരദിനങ്ങളിലായി അദാനി ഗ്രൂപ്പ്‌ ഓഹരി 50 ശതമാനത്തോളം ഇടിഞ്ഞു. നിക്ഷേപത്തിനായി എടുക്കുന്ന വായ്‌പകൾക്ക്‌ (മാർജിൻ ലോൺസ്‌) ഈടായി അദാനി ഗ്രൂപ്പ്‌ ബോണ്ടുകൾ സ്വീകരിക്കുന്നത്‌ ക്രെഡിറ്റ്‌ സുയിസും സിറ്റി ഗ്രൂപ്പും കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വിപണിമൂല്യം 19.2 ലക്ഷം കോടിയില്‍നിന്ന് 10 ലക്ഷം കോടിയായി താണു.

താനൂർ തിരൂർ റോഡിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം ഒരാൾക്ക് പരിക്ക്

രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിന്‌ സുപ്രീംകോടതി നിർദേശം


ഗുജറാത്ത്‌ വംശഹത്യയില്‍ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററി വിലക്കിയ നടപടിയില്‍ രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിന്‌ സുപ്രീംകോടതി നിർദേശം. ഏപ്രിലിൽ കേസ്‌ വീണ്ടും പരിഗണിക്കുമ്പോൾ രേഖകൾ ഹാജരാക്കാൻ ജസ്റ്റിസുമാരായ സഞ്‌ജീവ്‌ ഖന്ന, എം എം സുന്ദരേഷ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഡ്വ. പ്രശാന്ത്‌ഭൂഷൺ, മൊഹുവാമൊയിത്ര എംപി എന്നിവർ നൽകിയ ഹർജിയിലാണ്‌ ഇടപെടൽ.

തലാഖ്‌ ചൊല്ലിയ സ്ത്രീക്ക് ജീവനാംശത്തിന് അർഹത


തലാഖ്‌ ചൊല്ലിയ സമയത്ത്‌ ജീവനാംശം നൽകേണ്ടതില്ലെന്ന്‌ ദമ്പതികൾ കരാറുണ്ടാക്കിയാലും നിയമപരമായ ജീവനാംശം നൽകുന്നതിൽനിന്ന്‌ ഭർത്താവിന്‌ ഒഴിഞ്ഞു മാറാനാകില്ലെന്ന്‌ ഹൈക്കോടതി. ജീവനാംശം നൽകാനുള്ള കുടുംബകോടതി ഉത്തരവിനെതിരെ ഭർത്താവ്‌ നൽകിയ പുനഃപരിശോധനാ ഹർജി ജസ്‌റ്റിസ്‌ എ ബദറുദ്ദീൻ തള്ളി. ജീവനാംശം നൽകില്ലെന്ന്‌ കരാർ ഉണ്ടാക്കിയതിനാൽ തലാഖ്‌ ചൊല്ലിയ ഭാര്യക്ക്‌ അഞ്ചുപവൻ ആഭരണങ്ങളും 2500 രൂപയും നൽകിയിരുന്നുവെന്നും അതിനാൽ നിയമപരമായ ജീവനാംശത്തിന്‌ ഭാര്യക്ക്‌ അവകാശമില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഗൾഫിൽ സൂപ്പർമാർക്കറ്റ്‌ നടത്തുന്ന ഭർത്താവിന്‌ മാസംതോറും 90,000 രൂപ വരുമാനമുണ്ടെന്നും അതിൽനിന്ന്‌ എല്ലാ മാസവും 7500 രൂപ ജീവനാംശം വേണമെന്നും ആവശ്യപ്പെട്ട്‌ ഭാര്യ തിരൂർ കോടതിയെ സമീപിച്ചു. കോടതി 4500 രൂപ അനുവദിച്ചു. അതിനെതിരെയാണ്‌ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്‌.

ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ല


ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്ന് ബിജെപി ബംഗാള്‍ നേതാക്കള്‍ക്ക് കേന്ദ്രനേതൃത്വത്തിന്‍റെ അന്ത്യശാസനം. രാജ്‌ഭവനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി. ഗവര്‍ണര്‍ മമത സര്‍ക്കാരിനെ പരിധിവിട്ട് സഹായിക്കുന്നു എന്ന് സംസ്ഥാന നേതാക്കള്‍ ആരോപിച്ചിരുന്നു.

അവിശ്വാസം പാസായി


പാലക്കാട് മുതലമട പഞ്ചായത്തിൽ ഭരണ സമിതിക്കെതിരെ സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസം പാസായി. കോൺഗ്രസ് പിന്തുണയോടെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം എട്ടിനെതിരെ പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് പാസായത്. മൂന്ന് ബിജെപി അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ, ഉപാധ്യക്ഷൻ ആർ അലൈരാജൻ എന്നിവർക്കെതിരെയാണ് അവിശ്വസ പ്രമേയം അവതരിപ്പിച്ചത്.

ചീഫ്‌ ജസ്‌റ്റിസ്‌ മുഖ്യമന്ത്രിയെ കണ്ടത് മകളുടെ വിവാഹം ക്ഷണിക്കാൻ


ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ മണികുമാർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതിന് പിന്നാലെ വന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് വിശദീകരണം. ശനി രാവിലെ എറണാകുളം ഗസ്‌റ്റ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. മകളുടെ വിവാഹം ക്ഷണിക്കാനാണ്‌ ചീഫ്‌ ജസ്‌‌റ്റിസ്‌ എത്തിയത്‌. എന്നാൽ, ജഡ്‌ജിക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസ്‌ കിടങ്ങൂരിനെതിരായ കേസുമായി ബന്ധപ്പെട്ടാണ്‌ കൂടിക്കാഴ്‌ചയെന്ന്‌ ചില ദൃശ്യമാധ്യമങ്ങൾ സംപ്രേഷണം ചെയ്‌തിരുന്നു. തുടർന്ന്‌ വസ്‌തുത വ്യക്തമാക്കി ഹൈക്കോടതി വാർത്താക്കുറിപ്പ്‌ ഇറക്കി.

സുപ്രീംകോടതിയിൽ 5 പുതിയ ജഡ്‌‌ജിമാർ


വിവിധ ഹൈക്കോടതികളിൽ നിന്നുള്ള 5 ജഡ്‌‌ജിമാരെ സുപ്രീംകോടതി ജഡ്‌ജിമാരാക്കി കൊണ്ടുള്ള കൊളീജിയം ശുപാർശയ്ക്ക് കേന്ദ്രം അനുമതി നൽകി. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിവി സഞ്ജയ് കുമാർ, പാറ്റ്ന ഹൈക്കോടതി ജസ്റ്റിസ് അഹ്സാനുദ്ധീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജഡ്‌ജിമാരാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയത്.

കലാഭവൻ മണിയുടെ സ്മരണാർഥം നാടൻപാട്ട് മത്സരം


സംസ്ഥാന യുവജനക്ഷേമ ബോർഡ് കലാഭവൻ മണിയുടെ സ്മരണാർഥം ‘മണിനാദം 2023’ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. കോട്ടയം ജില്ലയിലെ യുവജന ക്ലബുകളുടെ പങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിനെ സംസ്ഥാനതല മത്സരത്തിന് നാമനിർദേശം ചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ക്ലബുകളുടെ ടീമുകൾക്ക് 25000,10,000,5000 രൂപ യഥാക്രമം സമ്മാനമായി ലഭിക്കും. മാർച്ച് 23ന് ചാലക്കുടിയിലാണ് മണിനാദം സംസ്ഥാനതല മത്സരം. 1,00,000, 75,000, 50,000 എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

കോഴഞ്ചേരി പാലം നിര്‍മാണം ഊരാളുങ്കല്‍ ഏറ്റെടുക്കും


പത്തനംതിട്ട കോഴഞ്ചേരി പാലം നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കും. ടെന്‍ഡറില്‍ പങ്കെടുത്ത മൂന്ന് പേരില്‍ നിന്ന് ഏറ്റവും കുറവ് തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ തിരഞ്ഞെടുക്കുകയായിരുന്നു.

കെ എം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി


കേരള ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യൂട്യൂബിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കെ എം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ക്രിമിനൽ കോടതിയലക്ഷ്യക്കേസാണ് ചുമത്തിയിരിക്കുന്നത്. അനുകൂലവിധി പറയാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കെ എം ഷാജഹാൻ യൂട്യൂബ് ചാനൽ വഴി ഹൈക്കോടതി ജഡ്ക്കെജിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഇ ഡി ചോദ്യം ചെയ്തു


കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ സഹായി അലങ്കാര്‍ സവായിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് വക്താവായിരുന്ന സാകേത് ഗോഖലയെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍, ബാങ്കിലുണ്ടായിരുന്ന പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അലങ്കാര്‍ സവായി നല്‍കിയതാണെന്നാണ് ഗോഖലെ ഇഡിയോട് വ്യക്തമാക്കിയത്. ഇതിനാലാണു സവായിയെ ഇഡി ചോദ്യം ചെയ്തത്.

നിമിഷ പ്രിയയുടെ മോചനം; ആശങ്ക വേണ്ടെന്ന് കേന്ദ്രം


യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ട ആളുടെ കുടുംബവുമായി മധ്യസ്ഥചർച്ച തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ ദുബായിൽ നേരിട്ട് ചർച്ച നടത്തും.

കേരളത്തിൽ 5 സീറ്റുകൾ നേടുമെന്ന് പ്രകാശ് ജാവദേക്കർ


അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ 5 സീറ്റുകൾ നേടുമെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്നും ജാവദേക്കർ കുറ്റപ്പെടുത്തി. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നും ജാവദേക്കർ പരിഹസിച്ചു.

പാകിസ്ഥാനില്‍ വിക്കിപീഡിയക്കു നിരോധനം


മതനിന്ദയുള്‍പ്പെടുന്ന പരാമര്‍ശം നീക്കം ചെയ്യാത്തതിനെതുടര്‍ന്നു പാകിസ്ഥാനില്‍ വിക്കിപീഡിയക്കു നിരോധനം. പരാമര്‍ശം നീക്കം ചെയ്യണമെന്ന് വിക്കിപീഡിയയോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം നീക്കം ചെയ്യാൻ വിക്കിപീഡിയ തയാറായില്ല. തുടർന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ 48 മണിക്കൂര്‍ നേരത്തേക്കു വിക്കിപീഡിയയുടെ സേവനം പാകിസ്ഥാന്‍ മരവിപ്പിച്ചിരുന്നു. പിന്നീടാണു സമ്പൂര്‍ണ വിലക്കിലേക്കു നീങ്ങിയത്. മതനിന്ദാപരമായ പരാമര്‍ശം നീക്കം ചെയ്താല്‍ വിക്കിപീഡിയയുടെ സേവനം പുന:സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയവയും പാകിസ്ഥാന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

നടന്‍ ബാബുരാജ് അറസ്റ്റില്‍


ഭൂമി പാട്ടത്തിനു നല്‍കി കബളിപ്പിച്ചെന്ന കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ബാബുരാജ് അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നാര്‍ കല്ലാറില്‍ റവന്യൂ വകുപ്പിന്‍റെ നടപടി നേരിടുന്ന ഭൂമി, അക്കാര്യം മറച്ചുവച്ച് പാട്ടത്തിനു നല്‍കി എന്നാണ് കേസ്. ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്കാണു പാട്ടത്തിനു നല്‍കിയത്. എന്നാല്‍ സ്ഥാപന ലൈസന്‍സിനായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ഭൂമിയുടെ പട്ടയം സാധുവല്ലെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്നു കേസ് നല്‍കുകയായിരുന്നു.

കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നും അപകടകാരി


ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നും അപകടകാരിയാണെന്ന് ആരോപണം. ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായി ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഒരാളുടെ കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തു. സംഭവം യു എസിലാണ്. ഇതിനു പിന്നാലെ ചെന്നൈ ആസ്ഥാനമായുള്ള മരുന്നു കമ്പനിയെ യുഎസ് നിരോധിച്ചു. ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു നേരെയാണ് ആരോപണം.

കാണാതായ മലയാളി മരിച്ച നിലയിൽ


മുംബൈ ഐരോളിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ജോണി ഈ പി (81)നെയാണ് ഐരോളി റയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. പ്രഭാത സവാരിക്ക് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്ന ജോണി തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപിന്നി സ്വദേശിയാണ്. ട്രാക്ക് ക്രോസ്സ് ചെയ്യുന്നതിനിടെ അപകടം നടന്നുവെന്നാണ് വിലയിരുത്തൽ.

മേഴ്സിക്കുട്ടൻ സ്ഥാനമൊഴിയും


മേഴ്സിക്കുട്ടൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനമൊഴിയും. സർക്കാർ നിർദേശത്തെത്തുടർന്നാണ് തീരുമാനം. മാത്രമല്ല വൈസ് പ്രസിഡിന്‍റിനോടും 6 സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കായിക മന്ത്രി അബ്ദുറഹിമാനുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് രാജി ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ


സോഷ്യൽ മീഡിയയിലൂടെ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഐടി ജീവനക്കാരനായ ദിലീപ് പ്രസാദ് (28) ആണ് അറസ്റ്റിലായത്. മോണിക്ക, മാനേജർ എന്നീ അപരനാമങ്ങൾ ഉപയോഗിച്ചാണ് സ്ത്രീകളെ കബളിപ്പിച്ചിരുന്നത്. ഐടി മേഖലയിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതികളെ ഹോട്ടൽ മുറികളിൽ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വീഡിയോ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു.13 യുവതികളാണ് ഇയാളുടെ കെണിയിൽ അകപ്പെട്ടത്.

മുഖ്യമന്ത്രി അനുശോചിച്ചു


പ്രശസ്ത ഗായിക വാണി ജയറാമിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസില്‍ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

യൂത്ത് ഗെയിംസ് മെഡൽ പട്ടികയിൽ കേരളം ഏഴാംസ്ഥാനത്ത്


ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളം രണ്ട് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഏഴാംസ്ഥാനത്താണ്. ആകെ മൂന്നുവീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവും. അത്‌ലറ്റിക്‌സിലെ ആദ്യദിനം ഒരു സ്വർണവും രണ്ട് വെള്ളിയും നേടി. ആൺകുട്ടികളുടെ 400 മീറ്ററിൽ പി അഭിരാം സ്വർണം നേടി. പെൺകുട്ടികളുടെ 100 മീറ്ററിൽ എസ് മേഘയും ഷോട്ട്പുട്ടിൽ വി എസ് അനുപ്രിയയും വെള്ളി കരസ്ഥമാക്കി. കനോയിങ് ആൻഡ്‌ കയാക്കിങ്ങിൽ 200 മീറ്ററിൽ മേഘ പ്രദീപ് സ്വർണം സ്വന്തമാക്കി. മേഘയുടെ രണ്ടാംസ്വർണമാണ്. ബാഡ്മിന്റൺ പെൺകുട്ടികളുടെ സിംഗിൾസിൽ പവിത്ര നവീനിന് വെങ്കലം ലഭിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6