മന്ത്രി കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയതോടെ മന്ത്രിസഭയിലെ ഒഴിവില്‍ ആരെത്തും എന്നതില്‍ ആകാംക്ഷ. മന്ത്രിസഭയിലെ ഏക ദളിത് മുഖമായിരുന്നു കെ. രാധാകൃഷ്ണന്‍. അതുകൊണ്ട് തന്നെ അടുത്തമന്ത്രിയും ദളിത് വിഭാഗത്തില്‍ നിന്നാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഒരു പുതുമുഖം മന്ത്രിയായി എത്തും. ഭരണഘടനാപരമായി അത്തരമൊരു ബാധ്യതയില്ലെങ്കിലും കാലാകാലങ്ങളായി ഒരു ദളിത് പ്രതിനിധി മന്ത്രിസഭയിൽ ഉണ്ടാകാറുണ്ട്.
കുന്നത്തുനാട്ടിൽ നിന്നുള്ള എംഎൽഎ പി.വി. ശ്രീനിജിന്‍, കോങ്ങാട്ടുനിന്നുള്ള എംഎൽഎ ശാന്തകുമാരി, ബാലുശേരിയുടെ പ്രതിനിധി സച്ചിന്‍ദേവ്, തരൂരിൽനിന്നുള്ള പി.പി. സുമോദ്, ദേവികുളത്തെ എ. രാജ, മാവേലിക്കരയിലെ എം.എസ്. അരുണ്‍കുമാര്‍, ആറ്റിങ്ങലിലെ ഒ.എസ്. അംബിക എന്നിവരാണ് നിയമസഭയിലെ സിപിഎമ്മിന്‍റെ മറ്റു ദളിത് അംഗങ്ങൾ. ഇവരില്‍ ആരെ പരിഗണിക്കാം എന്നതിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

പി.വി. ശ്രീനിജിന്‍ പരിഗണിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്നാണ് ലഭിക്കുന്ന വിവരം.
എറണാകുളത്ത് നിന്നുള്ള എംഎല്‍എ എന്നതിനൊപ്പം, ട്വന്‍റി 20 അടക്കമുളള പാര്‍ട്ടികളുമായി കട്ടയ്ക്ക് പോരാടുന്നതും പിണറായിയോടുളള അടുപ്പവുമാണ് ശ്രീനിജിന്‍റെ സാധ്യത വർധിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നെത്തിയ ശ്രീനിജിന്‍ സിപിഎം ചിഹ്നത്തില്‍ തന്നെയാണ് 2021ൽ മത്സരിച്ച് വിജയിച്ചത്. പാര്‍ട്ടിയിലും ശ്രീനിജിന്‍ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. ട്വന്‍റി 20 യുടെ തട്ടകത്തിൽ അവരെ ശക്തമായി വെല്ലുവിളിച്ച് നിൽക്കുന്ന ജനപ്രതിനിധിയാണ് ശ്രീനിജിൻ.
No Comment.