
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പകളുടെ മേൽ
ചുമത്തുന്ന പിഴപ്പലിശയ്ക്ക് കൃത്യമായ നയം കൊണ്ടുവരുമെന്ന് റിസർവ് ബാങ്ക്.
ചില കേസുകളിൽ പിഴപ്പലിശ വളരെ ഉയർന്ന നിലയിലാണെന്ന് കണ്ടെത്തിയ
സാഹചര്യത്തിലാണിത്. ബാങ്കിടപാടുകളിൽ സുതാര്യത കൊണ്ടുവരുന്നതിനും
ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിനുമുള്ള നടപടികളുടെ ഭാഗമാണിത്.
ബന്ധപ്പെട്ട കക്ഷികളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചശേഷമാകും ഇതു
നടപ്പാക്കുക.
അധിക
പണലഭ്യതയെന്ന ചക്രവ്യൂഹത്തിൽനിന്ന് രാജ്യത്തെ ബാങ്കിങ് സംവിധാനം
പുറത്തുകടക്കുന്നതായും റിസർവ് ബാങ്ക് വ്യക്തമാക്കി. ഇപ്പോഴും വിപണിയിൽ
പണലഭ്യത ആവശ്യത്തിലധികമുണ്ട്. എന്നാൽ 2022 ഏപ്രിലിലെ നിലവാരത്തെക്കാൾ വളരെ
കുറവാണിപ്പോൾ. ഏപ്രിലിൽ 7.8 ലക്ഷം കോടി രൂപയുടെ അധിക
പണലഭ്യതയാണുണ്ടായിരുന്നത്. നിലവിലിത് 1.6 ലക്ഷം കോടി രൂപയായി
കുറഞ്ഞിട്ടുണ്ടെന്ന് ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
സർക്കാരിന്റെ
അധിക മൂലധനച്ചെലവും വിദേശവിനിമയ വിപണിയിലേക്ക് വിദേശനിക്ഷേപമെത്തുന്നതും
വിപണിയിൽ പണലഭ്യത വേണ്ടരീതിയിൽ നിലനിർത്താൻ പര്യാപ്തമാണ്.
പണലഭ്യത സാധാരണ
നിലയിലേക്കു പോകുന്ന സാഹചര്യത്തിൽ വിപണി പ്രവർത്തനം കോവിഡിനു
മുമ്പുണ്ടായിരുന്ന രീതിയിൽ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാക്കാൻ ആർ.ബി.ഐ.
തീരുമാനിച്ചു.ജനുവരി 27-ലെ കണക്കനുസരിച്ച് വായ്പാ വളർച്ച 16.7 ശതമാനമാണ്.
വാണിജ്യമേഖലയിലേക്കുള്ള വിഭവ ഒഴുക്ക് 20.8 ലക്ഷം കോടി രൂപയായി കൂടി.
ഒരുവർഷം മുമ്പിത് 12.5 ലക്ഷം കോടി രൂപമാത്രമായിരുന്നു.
ഒരു കമ്പനിക്കുണ്ടാകുന്ന തിരിച്ചടി കൊണ്ട് തകരുന്നതല്ല ബാങ്കിങ് മേഖല
മുംബൈ : ഏതെങ്കിലും ഒരു
കമ്പനിക്കുണ്ടാകുന്ന തിരിച്ചടികൊണ്ട് തകരുന്നതല്ല ഇന്ത്യയിലെ ബാങ്കിങ്
സംവിധാനമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.
ഇന്ത്യയിലെ ബാങ്കിങ്‌രംഗം ഏതു
പ്രതിസന്ധിയും അതിജീവിക്കാൻതക്കവിധം സുശക്തമാണ്. ഏതെങ്കിലും വ്യക്തിഗത
‘ക്ലയന്റു’കൾക്കുണ്ടാകുന്ന പ്രശ്നം ബാങ്കുകളെ ബാധിക്കില്ലെന്ന്
അദാനിഗ്രൂപ്പിന്റെ പേരുപറയാതെ ഗവർണർ സൂചിപ്പിച്ചു. പണനയപ്രഖ്യാപനത്തിനുശേഷം
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു ഗവർണർ.
ഓഹരികളുടെ വിലയും
വിപണിമൂല്യവും നോക്കിയല്ല ബാങ്കുകൾ സ്ഥാപനങ്ങൾക്കു വായ്പനൽകുന്നത്.
കമ്പനികളുടെ അടിസ്ഥാനവും ആസ്തികളും പദ്ധതികളും പണമൊഴുക്കും എല്ലാം
വിലയിരുത്തിയാണ് വായ്പനൽകുക. വായ്പകൾക്ക് അംഗീകാരംനൽകുന്ന ബാങ്കുകളുടെ രീതി
മെച്ചപ്പെട്ടിട്ടുണ്ട്. വലിയ വായ്പകൾ നൽകുന്നതിലുള്ള നിയമങ്ങളിൽ
രണ്ടുവർഷംമുമ്പ് ആർ.ബി.ഐ. മാറ്റംവരുത്തിയിരുന്നു. ഇത്തരം വായ്പകൾ ആർ.ബി.ഐ.
നിരീക്ഷിക്കുന്നുമുണ്ട്.
കമ്പനിയുടെ ആസ്തികളും
പദ്ധതികളും മറ്റു ബാങ്കുകളിലുള്ള വായ്പകളും എല്ലാം വിലയിരുത്തിയാണ് ഇപ്പോൾ
വലിയവായ്പകൾക്ക് ബാങ്കുകൾ അനുമതി നൽകുന്നതെന്ന് ആർ.ബി.ഐ. ഡെപ്യൂട്ടി ഗവർണർ
എം.കെ. ജെയിനും വ്യക്തമാക്കി. ഇക്കാര്യത്തിൽ കമ്പനികളുടെ ഓഹരിവില
അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
No Comment.