കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ കാർ തടഞ്ഞു സ്കൂട്ടർ യാത്രക്കാരൻ വടിവാൾ കൊണ്ടു കാറിൽ വെട്ടി.
കോഴിക്കോട്: പട്ടാപ്പകൽ തൊണ്ടയാട് ബൈപാസിൽ കാർ തടഞ്ഞു സ്കൂട്ടർ യാത്രക്കാരൻ വടിവാൾ കൊണ്ടു കാറിൽ വെട്ടി. സംഭവം സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് വാഹനം കണ്ടെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. തൊണ്ടയാട് കുടിൽതോടിനു സമീപം കഴിഞ്ഞ ദിവസം പകൽ 12 മണിയോടെ യുവാവ് കാറിനു മുന്നിൽ സ്കൂട്ടർ നിർത്തി ഇറങ്ങി സ്കൂട്ടറിൽ സൂക്ഷിച്ച വടിവാൾ കൊണ്ടു വെട്ടുന്നതാണു പ്രചരിച്ചത്.
തുടർന്നു മെഡിക്കൽ കോളജ് പൊലീസ് വിഡിയോ പരിശോധിച്ചു വാഹനം കണ്ടെത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തതിൽ ബൈപാസിൽ കാർ ഹോൺ പ്രവർത്തിപ്പിച്ചതിൽ പ്രകോപിതനായി കാർ തടഞ്ഞു കാറിൽ വെട്ടുകയായിരുന്നെന്നു യുവാവ് പറഞ്ഞു. പിന്നിൽ സഞ്ചരിച്ച മറ്റൊരു വാഹനത്തിലെ യാത്രക്കാരാണു വിഡിയോ പ്രചരിപ്പിച്ചത്. കാർ ഉടമയ്ക്കു പരാതിയില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ യുവാവിനെതിരെ പൊലീസ് മുൻകരുതൽ നടപടിയെടുത്തു.
No Comment.