തൃണമൂലിലൂടെ യുഡിഎഫിലേക്കെന്ന പി വി അൻവറിന്റെ മോഹം നടക്കുമോ? തണുപ്പൻ പ്രതികരണവുമായി യുഡിഎഫ് നേതൃത്വം
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിലൂടെ യുഡിഎഫിലേക്കെന്ന പി വി അൻവറിന്റെ മോഹം സഫലമാകുമോ എന്നുറ്റുനോക്കി രാഷ്ട്രീയ കേരളം. നിയമസഭാംഗത്വം രാജിവെക്കുകയും നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷവും യുഡിഎഫ് നേതൃത്വം അൻവറിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറായിട്ടില്ല. പി വി അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ തിടുക്കപ്പെട്ട് ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. ലീഗ് നേതൃത്വത്തിനും അൻവറിന്റെ മുന്നണി പ്രവേശനത്തോട് താത്പര്യമില്ലെന്നാണ് സൂചന.
അൻവർ സി.പി.എമ്മിൽനിന്ന് തെറ്റിപ്പിരിഞ്ഞതോടെ നിലമ്പൂർ നിയമസഭാ മണ്ഡലം പിടിക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. അതേസമയം, അൻവറിനെ കൂടെകൂട്ടിയാൽ അൻവർ മുമ്പ് യുഡിഎഫ് നേതാക്കൾക്കെതിരെ നടത്തിയിട്ടുള്ള ആരോപണങ്ങൾ തിരിച്ചടിയായേക്കാമെന്നും നേതാക്കൾ ഭയക്കുന്നുണ്ട്. അൻവറിന്റെ കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന തന്ത്രപരമായ നിലപാടാണ് മുസ്ലിംലീഗിന്റേത്. അൻവർ യു.ഡി.എഫിലെത്തിയാൽ സീറ്റ് കണ്ടെത്തേണ്ട ചുമതലയും കോൺഗ്രസിനാണെന്ന നിലപാടും ലീഗിനുണ്ട്.
അതേസമയം, വ്യക്തമായ ലക്ഷ്യത്തോടെയാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സിപിഎമ്മിനെതിരെ നേരിട്ട് പൊരുതുന്ന പാർട്ടിയാണ് തൃണമൂൽ. പശ്ചിമ ബംഗാളിൽ സിപിഎമ്മിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചത് തൃണമൂൽ കോൺഗ്രസാണ്. ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗം കൂടിയാണ് തൃണമൂൽ. അതിനാൽ കേരളത്തിൽ യുഡിഎഫിന്റെ ഭാഗമാകാൻ മറ്റു തടസ്സങ്ങളില്ലെന്നും അൻവർ കണക്കുകൂട്ടുന്നു.
No Comment.