ബംഗ്ലാദേശികൾ കൂട്ടത്തോടെ കേരളത്തിൽ; മുനമ്പത്തു നിന്നുമാത്രം ഇന്നലെ രാത്രിയിൽ പിടിയിലായത് 27 പേർ; സംഘത്തിൽ സ്ത്രീകളും
കൊച്ചി: കൊച്ചിയിൽ 27 ബംഗ്ലാദേശികൾ പിടിയിൽ. അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലസ് മുനമ്പത്ത് നിന്നാണ് ഉവരെ പിടികൂടിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ക്ലീൻ റൂറൽ എന്ന പേരിട്ട് കൊച്ചിയിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി 50 ഓളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ 23 പേരെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു.
ഇന്നലെ രാത്രി 12 മണിയോടെയാണ് പരിശോധന തുടങ്ങിയത്. പിടിയിലായവരിൽ ചിലർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, പെരുമ്പാവൂരിൽ രണ്ട് ബംഗ്ലാദേശി യുവതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശിനിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുൽസും അക്തർ (23) എന്നിവരാണ് അറസ്റ്റിലായത്. ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവതികൾ കോടനാട് പൊലീസിന്റെ വലയിലായത്. വ്യാജ ആധാർ കാർഡുകളുമായിട്ടായിരുന്നു യുവതികൾ കേരളത്തിൽ കഴിഞ്ഞിരുന്നത്. ഈ വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
റുബിനയും കുൽസും അക്തറും 2024 ഫെബ്രുവരി മുതൽ കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജന്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികൾക്ക് ഇവിടെ സഹായം ചെയ്തവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം ഈ മാസം ഏഴുപേരെ പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് മുനമ്പത്ത് നിന്നും ഇപ്പോൾ 27 പേർ കൂടി പിടിയിലായത്.
തസ്ലീമ ബീഗം എന്ന യുവതിയെയാണ് പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്നും ആദ്യം പിടികൂടിയത്. തുടർന്ന് അങ്കമാലിയിൽ നിന്ന് ഹൊസൈൻ ബെലോർ, എടത്തലയിൽ നിന്ന് മുഹമ്മദ് ലിട്ടൻ അലി, മുഹമ്മദ് ബപ്പി ഷോ, പെരുമ്പാവൂരിൽ നിന്ന് മുഹമ്മദ് അമീൻ ഉദ്ദീൻ എന്നിവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ആധാർ കാർഡ് ഉൾപ്പടെ നിരവധി രേഖകളും പിടിച്ചെടുത്തു. അനധികൃതമായി ബംഗ്ലാദേശികൾ താമസിക്കുന്നതായി വിവരം ലഭിച്ചാൽ 9995214561 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.
No Comment.