അടിവസ്ത്രം കാണണം; സംവിധായകനിൽ നിന്നുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്ര
സിനിമയിൽ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. തന്റെ പത്തൊൻപതാമത്തെ വയസിൽ സംവിധായകൻ ആവശ്യപ്പെട്ട കാര്യത്തെ കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അടിവസ്ത്രം കാണുന്ന നിലയിൽ അഭിനയിക്കണമെന്നും അതിനനുസരിച്ചുള്ള വസ്ത്രം ചെറുതായിരിക്കണം എന്നുമായിരുന്നു സംവിധായകന്റെ ആവശ്യം. തന്റെ സ്റ്റൈലിസ്റ്റിനോടാണ് സംവിധായകൻ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും താരം വ്യക്തമാക്കുന്നു.
ഫോർബ്സ് പവർ വിമൻസ് സമ്മിറ്റിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് തന്റെ സ്റ്റൈലിസ്റ്റിനോട് വിശദീകരിക്കണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നെന്ന് നടി പറഞ്ഞു. വസ്ത്രധാരണം കൃത്യമായിരിക്കാനാണ് സംവിധായകനോട് അങ്ങനെയൊരാവശ്യം പറഞ്ഞത്. തന്റെ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ സംവിധായകൻ സ്റ്റൈലിസ്റ്റുമായി ഫോണിൽ സംസാരിച്ചു. അപ്പോഴാണ് സംവിധായകനിൽ നിന്നും വിചിത്രമായ ആവശ്യമുയർന്നതെന്നും താരം പറയുന്നു.
” അവൾ അവളുടെ അടിവസ്ത്രം കാണിക്കുമ്പോൾ അവളെ കാണാനായി ആളുകൾ സിനിമ കാണാൻ വരും. അതിനാൽ വസ്ത്രം ചെറുതായിരിക്കണം. മുന്നിലിരിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമല്ലോ, അവർക്ക് അവളുടെ അടിവസ്ത്രം കാണാൻ കഴിയണം’ എന്നായിരുന്നു സംവിധായകൻ ഫോണിൽ പറഞ്ഞത്. ഇതേ രീതിയിൽ നാലുതവണ അയാൾ ഫോണിൽ സംസാരിച്ചെന്നും അത് അത്രയേറെ മോശം അനുഭവമായിരുന്നെന്നും പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി. ഈ സംഭവത്തിനു പിന്നാലെ താൻ വീട്ടിലെത്തി ഇക്കാര്യം അമ്മ മധു ചോപ്രയോട് പറഞ്ഞതായും പ്രിയങ്ക. അതോടെ ആ സിനിമ ഉപേക്ഷിച്ചെന്നും പിന്നീടൊരിക്കലും ആ സംവിധായകനൊപ്പം പ്രവർത്തിച്ചിട്ടില്ലെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.
പതിനെട്ടാം വയസിൽ ലോകസുന്ദരിപ്പട്ടം ചൂടിയതിനു പിന്നാലെയാണ് പ്രിയങ്ക ചോപ്ര അഭിനയരംഗത്ത് എത്തുന്നത്. 2002ൽ വിജയ് നായകനായ് എത്തിയ തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ സിനിമാ അരങ്ങേറ്റം. 2003ൽ ദ ഹീറോ : ലവ് സ്റ്റോറി ഒഫ് എ സ്പൈ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി.
No Comment.