നീ എത്ര പഠിച്ചിട്ടും കാര്യമില്ല,നിന്നെ പാസാക്കില്ല’; അനാമികയുടെ മരണത്തിൽ കോളേജിനെതിരേ ആരോപണം.
ബംഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ കോളേജ് മാനേജ്മെന്റിനും പ്രിൻസിപ്പാളിനുമെതിരേ പെണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും.
പ്രിൻസിപ്പാളിന്റെയും കോളേജ് മാനേജ്മെന്റിന്റെയും നിരന്തര മാനസികപീഡനംമൂലമാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക ആത്മഹത്യചെയ്തതെന്ന് സഹപാഠികളും ബന്ധുക്കളും ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ അനാമികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കനക്പുരയിലെ ദയാനന്ദ് സാഗർ നഴ്സിങ് കോളേജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു. അനാമിക കോളേജില്‍ പ്രവേശിച്ചിട്ട് വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ. ഇതിനിടയില്‍തന്നെ അധ്യാപകരുടെയും മാനേജ്മെന്റിന്റെയും ഭാഗത്തുനിന്ന് കടുത്ത സമ്മർദം അനാമിക നേരിട്ടുവെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.
‘ഭയങ്കരമായി ടോർച്ചർ ചെയ്തു. പിന്നെ ഓഫീസ് റൂമില്‍ പ്രിൻസിപ്പാള്‍ മേഡത്തിന്റെ ക്യാബിനില്‍ വിളിച്ചുകൊണ്ടുപോയി അവിടെവെച്ച് കുറേക്കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് പറയുന്നത്. അനാമിക എന്നോടുവന്ന് സംസാരിച്ചിരുന്നു. നീ പഠിച്ചിട്ടും കാര്യമില്ല. എത്ര പഠിച്ചാലും പാസാക്കാതെ ഫെയില്‍ ആക്കി അവിടെ ഇരുത്തുമെന്ന് പറഞ്ഞെന്നാണ് പറഞ്ഞത്’, അനാമികയുടെ സുഹൃത്തുക്കളിലൊരാള്‍ പ്രതികരിച്ചു.
ഹോസ്റ്റല്‍ മുറിയില്‍ രണ്ട് ആത്മഹത്യക്കുറിപ്പുകള്‍ അനാമിക എഴുതിവെച്ചിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍, ഇതിലൊന്ന് മനേജ്മെന്റ് മാറ്റിയെന്നും സഹപാഠികള്‍ ആരോപിക്കുന്നു. അനാമികയുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോളേജില്‍ നടന്നത്.
ഇന്റേണല്‍ പരീക്ഷയ്ക്കിടെ അനാമികയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടെന്നും അത് കോപ്പിയടിക്കാൻ കൊണ്ടുവന്നതാണെന്ന് ഡീൻ പറഞ്ഞുവെന്നും സഹപാഠികള്‍ ആരോപിക്കുന്നു. ഇതിനെത്തുടർന്ന് കോളേജില്‍ വരേണ്ടെന്ന് അനാമികയോടു പറഞ്ഞെന്നും സഹപാഠികള്‍ കൂട്ടിച്ചേർത്തു. അതേസമയം, ആരോപണങ്ങള്‍ കോളേജ് അധികൃതർ നിഷേധിച്ചു.
No Comment.