പ്രമുഖ അമേരിക്കൻ കമ്ബനിയായ ജോണ്സണ് ആൻഡ് ജോണ്സണിന് (Johnson & Johnson) കാലിഫോർണിയ കോടതി വൻ തുക പിഴയിട്ടു
കമ്ബനിയുടെ ബേബി പൗഡർ ഉപയോഗം അണ്ഡാശയ അർബുദത്തിന് (Ovarian Cancer) കാരണമായെന്ന് കാണിച്ച് രണ്ട് സ്ത്രീകള് നല്കിയ കേസിലാണ് നിർണ്ണായക വിധി. ഈ സ്ത്രീകള്ക്ക് 40 മില്യണ് ഡോളർ, അതായത് ഏകദേശം 362 കോടി രൂപ നഷ്ടപരിഹാരം നല്കാനാണ് കോടതി ഉത്തരവിട്ടത്.
കാലിഫോർണിയയില് താമസിക്കുന്ന കെന്റ്, ഷുട്സ് എന്നിവരാണ് കമ്ബനിക്കെതിരെ കേസ് നല്കിയത്. കെന്റിന് 2014-ലും ഷുള്ട്സിന് 2018-ലുമാണ് അണ്ഡാശയ അർബുദം സ്ഥിരീകരിച്ചത്. ഇരുവരും കഴിഞ്ഞ 40 വർഷമായി കുളികഴിഞ്ഞ് ജോണ്സണ് ആൻഡ് ജോണ്സണ് ബേബി പൗഡർ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കോടതിയില് മൊഴി നല്കി. ശസ്ത്രക്രിയകളും നിരവധി കീമോതെറാപ്പി ചികിത്സകളും നടത്തിയതിൻ്റെ തെളിവുകളും ഇവർ കോടതിയില് ഹാജരാക്കിയിരുന്നു
കമ്ബനിക്ക് ഉല്പ്പന്നത്തിൻ്റെ അപകടസാധ്യതകളെക്കുറിച്ച് തീർച്ചയായും അറിവുണ്ടായിരുന്നുവെന്നും, അവർ അത് മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് സ്ത്രീകളുടെ അഭിഭാഷകനായ ആൻഡി ബിർച്ച്ഫീല്ഡ് കോടതിയില് വാദിച്ചത്. എന്നാല്, കേസില് തെളിവുകളില്ലെന്നും, ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന പൗഡർ പ്രത്യുത്പാദന അവയവങ്ങളിലേക്ക് ബാധിക്കുന്ന രീതിയില് ഒരു പഠനവും സ്ഥിരീകരിക്കുന്നില്ലെന്നും ജോണ്സണ് ആൻഡ് ജോണ്സണിന്റെ അഭിഭാഷകയായ അലിസണ് ബ്രൗണ് പ്രതിരോധിച്ചു. ഈ വിധിക്കെതിരെ ഉടൻ തന്നെ അപ്പീല് നല്കുമെന്നും കമ്ബനി അറിയിച്ചു.
ജോണ്സണ് ആൻഡ് ജോണ്സണ് പൗഡർ ഉല്പ്പന്നങ്ങള് ഉപയോഗിച്ചതിന് ശേഷം കാൻസർ ബാധിച്ചു എന്ന് അവകാശപ്പെടുന്ന 67,000-ത്തിലധികം ആളുകളില് നിന്ന് കമ്ബനി നിലവില് കേസുകള് നേരിടുന്നുണ്ട്. തങ്ങളുടെ ഉല്പ്പന്നങ്ങള് സുരക്ഷിതവും, ആസ്ബറ്റോസ് രഹിതവും, കാൻസറിന് കാരണമാകുന്നില്ല എന്ന നിലപാടില് കമ്ബനി ഉറച്ചുനില്ക്കുകയാണ്.
മിക്ക കേസുകളിലും അണ്ഡാശയ കാൻസറാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്, ചിലർക്ക് അപൂർവവും മാരകവുമായ മെസോതെലിയോമ (Mesothelioma) എന്ന കാൻസർ ബാധിച്ചതായും കേസുകളുണ്ട്.
No Comment.